UPDATES

വിദേശം

വരാനിരിക്കുന്ന വലിയ യുദ്ധങ്ങള്‍ക്ക് തയ്യാറാകാന്‍ ഉന്നത യു എസ് സൈനിക ഉദ്യോഗസ്ഥന്‍

ആഗോള ശക്തിയാവുന്നതിന് ചൈനയും റഷ്യയും മത്സരിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ തന്നെ ആ രാജ്യങ്ങള്‍ യുഎസിന് ഭീഷണിയാണെന്നുമുള്ള അസാധാരണ പ്രസ്താവന കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ട്രംപ് നടത്തിയിരുന്നു

വരാനിരിക്കുന്ന വലിയ പോരാട്ടങ്ങള്‍ക്കായി തയ്യാറെടുക്കാന്‍ യുഎസ് മറീന്‍ കോര്‍പ്പസ് കമാന്റന്റ് നോര്‍വെയിലുള്ള ഏകദേശം മുന്നൂറോളം വരുന്ന സൈനികരോട് ആവശ്യപ്പെട്ടു. താന്‍ പ്രവചിക്കുന്നത് തെറ്റാവണമെന്നാണ് പ്രാര്‍ത്ഥനയെങ്കിലും ഒരു യുദ്ധം വരികയാണെന്നും അതിന് തയ്യാറെടുക്കണമെന്നും ജനറല്‍ റോബര്‍ട്ട് നെല്ലര്‍ ആഹ്വാനം ചെയ്തു. എന്നാല്‍ ഇത് ഏതെങ്കിലും പ്രത്യേക രാജ്യത്തെ ഉദ്ദേശിച്ചല്ലെന്നും സൈനികരെ പൊതുവില്‍ ഉത്തേജിപ്പിക്കാനുള്ള ആഹ്വാനമാണെന്നും അദ്ദേഹത്തിന്റെ വക്താവ് പിന്നീട് പ്രതികരിച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. നോര്‍വെ തലസ്ഥാനമായ ഓസ്ലോയില്‍ നിന്നും 300 മൈല്‍ വടക്കുള്ള ട്രോന്‍ഡെയ്മിലുള്ള മറീന്‍ റോട്ടേഷണല്‍ ഫോഴ്‌സ് സന്ദര്‍ശിക്കുന്നതിനിടയിലാണ് നെല്ലര്‍ ഈ ആഹ്വാനം നടത്തിയത്.

കഴിഞ്ഞ ജനുവരി മുതല്‍ ഈ സൈനികര്‍ ഇവിടെ തമ്പടിച്ചിരിക്കുകയാണ്. നാറ്റോയുടെയും യുഎസിന്റെയും നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് അവരുടെ ദൗത്യം. തണുത്ത കാലാവസ്ഥയിലും മലനിരകളിലെ സാഹചര്യങ്ങളിലും യുദ്ധം ചെയ്യുന്നതിനുള്ള പരിശീലനം നല്‍കുകയാണ് അവരുടെ പ്രഥമ ദൗത്യം. എന്നാല്‍, ആവശ്യം വരികയാണെങ്കില്‍ സമാധാനകാല ദൗത്യത്തില്‍ നിന്നുള്ള മാറ്റത്തിന് തയ്യാറെടുക്കണമെന്ന് നെല്ലറും കോര്‍പ്പിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സൈനികര്‍ക്ക് ആഹ്വാനം നല്‍കി. നിങ്ങള്‍ അവരെ വീക്ഷിക്കുന്നത് പോലെ അവര്‍ നിങ്ങളെയും വീക്ഷിക്കുന്നുണ്ടെന്നായിരുന്ന സെര്‍ജന്റ് മേജര്‍ റോണാള്‍ഡ് ഗ്രീനിന്റെ മുന്നറിയിപ്പ്. മുന്നൂറ് സൈനികരില്‍ നിന്നും മൂവായിരം സൈനികരിലേക്ക് സംഘബലം വര്‍ദ്ധിപ്പിക്കാന്‍ യുഎസിന് ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

മറീനുകളുടെ ഉന്നത ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍, അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്ന പെന്റഗണിലെ ഏറ്റവും മുതിര്‍ന്ന നേതൃത്വമായ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫിലെ അംഗമാണ് നെല്ലര്‍. എന്നാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ യഥാര്‍ത്ഥ യുദ്ധത്തിന്റെ സൂചനയാണോ അതോ ക്രിസ്തുമസിന് വീട്ടില്‍ നിന്നും വളരെ ദൂരെ ജോലി ചെയ്യുന്ന സൈനികരെ ഉത്തേജിപ്പിക്കുന്നതിനുള്ള സാധാരണ സംഭഷണമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഇതൊരു സാധാരണ പരാമര്‍ശം മാത്രമാണെന്ന് നെല്ലെറുടെ വക്താവ് ലഫ്റ്റനന്റ് കേണല്‍ എറിക് ഡെന്റ് പറയുന്നു. അദ്ദേഹം പരാമര്‍ശിച്ച റഷ്യ, ചൈന, ഇറാന്‍, ഉത്തരകൊറിയ എന്നീ രാജ്യങ്ങളും ഇപ്പോള്‍ യുദ്ധത്തിലേക്ക് പോകുന്നതില്‍ താല്‍പര്യമില്ലാത്തവരാണെന്നും ഡെന്റ് ചൂണ്ടിക്കാട്ടുന്നു. സൈനികരുടെ തങ്ങളുടെ പരിശീലനം കര്‍ശനമാക്കുന്നതിനാണ് യുദ്ധത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത്. സമാധാനം വേണമെങ്കില്‍ യുദ്ധത്തിന് വേണ്ടി പരിശീലിക്കാനാണ് നെല്ലറും മറ്റ് ഉദ്യോഗസ്ഥരും ആഹ്വാനം ചെയ്തതെന്നും ഡെന്റ് ചൂണ്ടിക്കാട്ടുന്നു.

ആഗോള ശക്തിയാവുന്നതിന് ചൈനയും റഷ്യയും മത്സരിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ തന്നെ ആ രാജ്യങ്ങള്‍ യുഎസിന് ഭീഷണിയാണെന്നുമുള്ള അസാധാരണ പ്രസ്താവന കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ട്രംപ് നടത്തിയ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ നെല്ലറുടെ പരാമര്‍ശങ്ങള്‍ പുറത്തുവരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍