UPDATES

വിദേശം

ഇറാനെ തീര്‍ക്കും: ഡൊണാള്‍ഡ് ട്രംപ്

സമീപകാലത്ത് ട്രംപ് ടെഹ്റാനെതിരെ മുഴക്കിയ ഏറ്റവും കടുത്ത ഭീഷണിയാണ് ഇത്

“ഇറാന്‍ യുദ്ധത്തിന് ഒരുങ്ങുകയാണെങ്കില്‍ അത് ഇറാന്റെ അന്ത്യമായിരിക്കും”, ഇറാനെതിരെ ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്. സമീപകാലത്ത് ട്രംപ് ടെഹ്റാനെതിരെ മുഴക്കിയ ഏറ്റവും കടുത്ത ഭീഷണിയാണ് ഇത്. ഗള്‍ഫ് മേഖലയില്‍ രൂപം കൊണ്ട പ്രതിസന്ധിയെ മൂര്‍ച്ഛിപ്പിക്കുന്നതായിരിക്കും വര്‍ജീനിയയിലെ സ്റ്റെര്‍ലിങ്ങിലെ ഗോള്‍ഫ് ക്ലബില്‍ നിന്നും ഇന്നലെ ട്രംപ് നടത്തിയ ട്വീറ്റ്.

“അമേരിക്കയെ ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ട” ട്രംപ് ഇന്നലെ എഴുതി. എന്തായാലും ട്രംപിന്റെ ട്വീറ്റ് വൈറ്റ് ഹൌസിന്റെ വാക്കുകളെ കൂടുതല്‍ കടുപ്പിക്കും എന്നു തന്നെ കരുതാം. ജോര്‍ജ്ജ് ബുഷിന്റെ കാലത്ത് ഇറാഖ് അധിനിവേശത്തിനു നേതൃത്വം കൊടുത്ത ജോണ്‍ ബോള്‍ട്ടനാണ് ട്രംപിന്റെ സൈനിക ഉപദേശകന്‍. അദ്ദേഹം ഇറാനെതിരെയുള്ള സൈനിക നടപടിക്ക് വേണ്ടി വൈറ്റ് ഹൌസിനെ പ്രേരിപ്പിക്കുന്നുണ്ട് എന്നതാണ് ദി ഗാര്‍ഡിയന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2015ല്‍ ന്യൂ യോര്‍ക് ടൈംസില്‍ ബോള്‍ട്ടന്‍ എഴുതിയത് “ഇറാനെ നിലയ്ക്ക് നിര്‍ത്തണമെങ്കില്‍, അവിടെ ബോംബ് ഇടണം” എന്നാണ്. കഴിഞ്ഞ വര്‍ഷം ഇറാന്‍ ആണവ കരാറില്‍ നിന്നും ട്രംപ് പിന്‍വാങ്ങിയിരുന്നു.

എന്നാല്‍ മുന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി മിറ്റ് റോംനി ഇറാനുമായി എന്തെങ്കിലും യുദ്ധമുണ്ടാകനുള്ള സാധ്യത തള്ളിക്കളഞ്ഞു. അതൊരിക്കലും സംഭവിക്കില്ല എന്നാണ് റോംനി പറഞ്ഞത്.

ഇറാനുമായി എതിരിട്ടു നില്‍ക്കാനുള്ള ശേഷി യുഎസ്സിനുണ്ടെന്ന മിഥ്യാധാരണ ആര്‍ക്കുമുണ്ടാകില്ലെന്നും യുദ്ധമുണ്ടാകുമെന്ന് കരുതുന്നില്ലെന്നുമാണ് ഇറാന്‍ വിദേശകാര്യമന്ത്രി മൊഹമ്മദ് ജവാദ് സരീഫ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ആആര്‍എന്‍എയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ ചൈനാ സന്ദര്‍ശനത്തിനൊടുവിലാണ് ഇറാന്‍ വിദേശകാര്യമന്ത്രി സരീഫിന്റെ പുതിയ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. ട്രംപിന് യുദ്ധത്തിന് താല്‍പര്യമില്ലെന്നും എന്നാല്‍ ഉപദേശകര്‍ അദ്ദേഹത്തെ ഇറാനുമായുള്ള യുദ്ധത്തിന് പ്രേരിപ്പിക്കുകയാണെന്നും സരിഫ് പറഞ്ഞു. അമേരിക്ക ഇറാനെതിരെ ശക്തമായി നിലകൊള്ളുന്നു എന്ന് വരുത്തിത്തീര്‍ക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.

ഇറാനുമായുള്ള ബന്ധം സങ്കീര്‍ണമാകുന്നതിനിടെ ഗള്‍ഫിലേക്കുളള സൈനിക നീക്കം അമേരിക്ക ശക്തമാക്കിയത് കഴിഞ്ഞ ആഴ്ചയാണ്. യുദ്ധവിമാനങ്ങളും പാട്രിയറ്റ് മിസൈലുകളുമായി അമേരിക്കയുടെ യുദ്ധക്കപ്പല്‍ യുഎസ്എസ് ആര്‍ലിംങ്ടണ്‍ ഗള്‍ഫിലേക്ക് നീങ്ങിയതായി പെന്റഗണ്‍ അറിയിക്കുകയായിരുന്നു.യു എസ് ബി 52 ബോംബര്‍ വിമാനങ്ങള്‍ ഖത്തറിലെ യു എസ് താവളത്തിലെത്തിയതായും പെന്റഗണ്‍ അറിയിച്ചു.

മേഖലയിലുള്ള യുഎസ് സൈനികര്‍ക്ക് നേരെ ആക്രമണം ഉണ്ടായേക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ് സൈനിക നീക്കം നടത്തുന്നതെന്നാണ് പെന്റഗണിന്റെ വിശദീകരണം. എന്നാല്‍ സൈനിക നീക്കത്തിനായി പറയുന്ന കാര്യങ്ങള്‍ വിഡ്ഢിത്തമാണെന്ന് ഇറാന്‍ പ്രതികരിച്ചു. രാജ്യത്തെ ഭീഷണിപെടുത്തി നിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് അമേരിക്ക സൈനിക നീക്കം നടത്തുന്നതെന്നും ഇറാന്‍ ആരോപിച്ചിരുന്നു.

അമേരിക്കന്‍ ഉപരോധത്തിന്റെയും സൈനിക നീക്കത്തിന്റെയും പശ്ചാത്തലത്തില്‍ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭിന്നതകള്‍ മറന്നു ഒന്നിച്ചു നില്‍ക്കണമെന്ന് പ്രസിഡണ്ട് ഹസ്സന്‍ റൂഹാനി പറഞ്ഞതും മേഖലയില്‍ യുദ്ധ സാധ്യത ഉരുത്തിരിഞ്ഞു വരുന്നതിന്റെ സൂചനയായാണ് ആഗോള സമൂഹം കണ്ടത്. “1980ലെ ഇറാഖുമായുള്ള യുദ്ധത്തെക്കാള്‍ കടുത്തതാണ് നിലവിലെ സാഹചര്യം. അതിജീവിക്കണമെങ്കില്‍ ഒന്നിച്ചു നിന്നെ പറ്റൂ” റൂഹാനി പറഞ്ഞതായി ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ ഇര്‍ന (IRNA) റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

ഇറാനോട് അമേരിക്ക ‘മനഃശാസ്ത്രയുദ്ധം’ പ്രഖ്യാപിച്ചിരിക്കുകയാണെന്നും, രാജ്യത്തെ അപായപ്പെടുത്താനുമുള്ള ശ്രമമാണ് അവര്‍ നടത്തുന്നതെന്നും ഇറാൻ റെവലൂഷണറി ഗാർഡ്സ് മേധാവി മേജർ ജനറൽ ഹുസൈൻ സലാമി പാർലമെന്‍റ് അംഗങ്ങളുമായുള്ള യോഗത്തില്‍ പറയുകയുണ്ടായി. ഇറാനെതിരെ യുദ്ധം ചെയ്യാന്‍ അമേരിക്കക്ക് കഴിയില്ലെന്നും അത്രയ്ക്ക് സൈനിക ശക്തിയൊന്നും അവര്‍ക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. റവല്യൂഷണറി ഗാര്‍ഡിനെ അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ആഴ്ചയാണ് ഹുസൈൻ സലാമി ഇങ്ങനെ പ്രഖ്യാപിച്ചത്.

അതേ സമയം ഇറാഖി സായുധ സംഘങ്ങളോട് ‘ഒരു നിഴല്‍ യുദ്ധത്തിന് തയ്യാറെടുക്കാന്‍’ ഇറാന്‍റെ ഏറ്റവും പ്രധാനപ്പെട്ട സൈനിക നേതാവ് മേജര്‍ ജനറല്‍ ഖാസിം സുലൈമാനി പറഞ്ഞതായി ‘ദ ഗാര്‍ഡിയന്‍’ പത്രം പുറത്തുവിട്ടിരുന്നു. മൂന്ന് ആഴ്ചകൾക്ക് മുന്‍പ് ബാഗ്ദാദിലെത്തി ഇറാനു സ്വാധീനമുള്ള സായുധ സംഘങ്ങളെ സുലൈമാനി നേരില്‍ കണ്ടു സംസാരിച്ചു എന്നാണ് റിപ്പോര്‍ട്ട്.

മധ്യേഷ്യയിലെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് കനത്ത തിരിച്ചടി ഉണ്ടായേക്കാം എന്ന് അമേരിക്ക ഭയപ്പെടുന്നു എന്ന സൂചനയായി വേണം സ്വരം കടുപ്പിച്ചുകൊണ്ടുള്ള ട്രംപിന്റെ ഇന്നലത്തെ ട്വീറ്റിനെ വിലയിരുത്താന്‍.

Read More: ട്രംപിനെ വരച്ച വരയില്‍ നിര്‍ത്തുന്ന യുദ്ധവെറിയന്‍; കഴിഞ്ഞ നാല് പതിറ്റാണ്ടായി അമേരിക്കയുടെ യുദ്ധങ്ങളുടെ പിന്നില്‍ ഈ മനുഷ്യനാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍