UPDATES

വിദേശം

ഇന്ത്യക്ക് ഒരു ‘സര്‍പ്രൈസ്’ ഉണ്ട്, ഉചിതമായ സമയത്ത് മറുപടിയെന്ന് പാകിസ്താന്റെ ഭീഷണി

ഇന്നലെ അടിയന്തരമായി ചേര്‍ന്ന നാഷണല്‍ സെക്യൂരിറ്റി കമ്മിറ്റി യോഗത്തില്‍ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ സായുധ സേനകള്‍ക്ക് ഇമ്രാന്‍ ഖാന്‍ നിര്‍ദ്ദേശം നല്‍കി.

നിയന്ത്രണരേഖ കടന്ന് പാക് അധീന കാശ്മീരില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയ സാഹചര്യത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ന് നാഷണല്‍ കമാന്റ് അതോറിറ്റി യോഗം വിളിച്ചിട്ടുണ്ട്. പാകിസ്താന്റെ ആണവായുധം സംബന്ധിച്ച കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് നാഷണല്‍ കമാന്റ് അതോറിറ്റിയാണ്. ഇന്നലെ അടിയന്തരമായി ചേര്‍ന്ന നാഷണല്‍ സെക്യൂരിറ്റി കമ്മിറ്റി യോഗത്തില്‍ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ സായുധ സേനകള്‍ക്ക് ഇമ്രാന്‍ ഖാന്‍ നിര്‍ദ്ദേശം നല്‍കി. ഇന്ന് പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനവും ഗവണ്‍മെന്റ് വിളിച്ചുചേര്‍ത്തിട്ടുണ്ട്.

അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ ആക്രമണം ഐക്യരാഷ്ട്ര സഭയിലും മറ്റ് അന്താരാഷ്ട്ര വേദികളിലും ഉന്നയിക്കുമെന്നും പാകിസ്താന്‍ വ്യക്തമാക്കി. പാകിസ്താന്റെ മറുപടി നയതന്ത്രപരമായും രാഷ്ട്രീയമായും സൈനികമായും ഉണ്ടാകാമെന്നും പാക് ആര്‍മി വക്താവ് അറിയിച്ചു. ഇന്ത്യക്ക് ഞങ്ങള്‍ ഒരു സര്‍പ്രൈസ് വച്ചിട്ടുണ്ട്. ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പാകിസ്താന്‍ മറുപടി നല്‍കുമെന്നും പാക് സൈനിക വക്താവ് (ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ആയ മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍) പറഞ്ഞു.

പാക് അധീന കാശ്മീരിലെ ജയ്ഷ് ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തയിബ, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയവയുടെ ക്യാമ്പുകളും ലോഞ്ച് പാഡുകളും ബോംബിട്ട് തകര്‍ത്തതായാണ് ഇന്ത്യന്‍ വ്യോമസേനയുടെ അവകാശവാദം. ജയ്ഷ് ഇ മുഹമ്മദിന്റെ മുതിര്‍ന്ന കമാന്റര്‍മാരടക്കമുള്ളവരെ വധിച്ചതായി ഇന്ത്യന്‍ സൈന്യം അവകാശപ്പെടുന്നു. അതേസമയം പാകിസ്താന്‍ പ്രദേശത്ത് ഭീകര ക്യാമ്പുകള്‍ക്ക് നേരെ വ്യോമാക്രമണം നടത്തി മുന്നൂറോളം ഭീകരരെ വധിച്ചെന്ന ഇന്ത്യയുടെ അവകാശവാദം പാകിസ്താന്‍ തള്ളിക്കളഞ്ഞു. പാകിസ്താന്റെ വ്യോമ മേഖലയില്‍ ഒരു 21 മിനുട്ട് ചിലവഴിക്കാന്‍ ഞങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയെ വെല്ലുവിളിക്കുകയാണ് എന്നും മേജര്‍ ഗഫൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരാള്‍ പോലും കൊല്ലപ്പെട്ടിട്ടില്ലെന്നും പാക് ആര്‍മി വക്താവ് ആവര്‍ത്തിച്ചു.

പാകിസ്താന്‍ അതിന്റെ ജനങ്ങളെ നിരാശപ്പെടുത്തില്ലെന്നും ആവശ്യമായ സമയത്ത് ശക്തമായി തിരിച്ചടിക്കുമെന്നുമാണ് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞത്. അതേസമയം മാധ്യമപ്രവര്‍ത്തകരുടെ പല ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ വിസമ്മതിച്ച് പാക് വിദേശകാര്യ മന്ത്രി വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. എന്തുകൊണ്ട് അതിര്‍ത്തി ലംഘിച്ച ഒരൊറ്റ ഇന്ത്യന്‍ വിമാനത്തേയും പരിക്കേല്‍പ്പിക്കാന്‍ പാക് വ്യോമസേനയ്ക്ക് കഴിഞ്ഞില്ല എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചിരുന്നു. നിങ്ങളൊരു പാകിസ്താനിയല്ലേ. പാക് വ്യോമസേനയുടെ കാര്യക്ഷമതയെ അംഗീകരിക്കണം എന്നായിരുന്നു ഖുറേഷിയുടെ മറുപടി. സംഘര്‍ഷമുണ്ടാക്കുക പാകിസ്താന്റെ ലക്ഷ്യമല്ലെന്നും ഖുറേഷി പറഞ്ഞു.

പോകാന്‍ മറ്റൊരിടമില്ല; വിണ്ടുകീറിയ ഭൂമിയില്‍ തന്നെ പേടിച്ചു ജീവിക്കുന്ന തച്ചിറക്കൊല്ലിക്കാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍