UPDATES

വൈറല്‍

വെള്ളക്കാരായ വിദ്യാര്‍ഥികളെ കറുത്തവംശജരാക്കി പ്രചാരണം; ഫ്രഞ്ച് കോളേജ് മാപ്പ് പറഞ്ഞു

പ്രചാരണത്തിനായി ഏല്‍പ്പിച്ച അമേരിക്കന്‍ ഏജന്‍സിയാണ് കൃത്രിമം കാണിച്ചതെന്ന് ലയോണ്‍ ആര്‍ട്ട് സ്‌കൂള്‍.

വെള്ളക്കാരായ വിദ്യാര്‍ഥികളെ കറുത്തവംശജരാക്കി പ്രചാരണം വിവാദമായതിനെ തുടര്‍ന്ന് ഫ്രഞ്ച് കോളേജ് മാപ്പ് പറഞ്ഞു. അമേരിക്കയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്വീകാര്യത കൂട്ടാന്‍ ഒരു ഫ്രഞ്ച് ആര്‍ട്ട് കോളേജായ എമിലി കോല്‍ ആര്‍ട്ട് സ്‌കൂളാണ് വെള്ളക്കാരായ വിദ്യാര്‍ഥികള്‍ മാത്രമടങ്ങിയ ഫോട്ടോയില്‍ കറുത്ത വംശജരെക്കൂടി കൃത്രിമമായി ഉള്‍പ്പെടുത്തിയ സംഭവമാണ് വിവാദമായത്.

ഗാലറിയിലെ സന്ദര്‍ശന സമയത്ത് എടുത്ത ഫോട്ടോ കോളജിന്റെ അമേരിക്കന്‍ വെബ്‌സൈറ്റില്‍ ചില കൃത്രിമങ്ങളോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ലയോണിലെ എമിലി കോല്‍ ആര്‍ട് സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ഥികളാണ് സാമൂഹിക മാദ്ധ്യമങ്ങളില്‍ വാര്‍ത്തയാക്കിയത്. യഥാര്‍ഥ ചിത്രത്തില്‍ കറുത്തവംശജരായ ഒരു വിദ്യാര്‍ഥി പോലുമില്ല. പ്രചാരത്തിനായി വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയ ചിത്രത്തില്‍ മൂന്ന് വിദ്യാര്‍ഥികളുടെ മുഖം കറുപ്പിക്കുകയും കറുത്ത വംശജരായ രണ്ടു പേരെ ചിത്രത്തിലേക്ക് ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കലാലയത്തില്‍ കറുത്ത വംശജരായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് പകരം ചിത്രത്തില്‍ കൃത്രിമം കാട്ടുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നതോടെ ആര്‍ട്ട് സ്‌കൂള്‍ മാപ്പ് പറഞ്ഞു. തങ്ങള്‍ വിഷയത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും അമേരിക്കയിലെ ഒരു കമ്മ്യൂണിക്കേഷന്‍ ഏജന്‍സിയാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ചെയ്തതെന്നും ഭാരവാഹികള്‍ അറിയിച്ചു.

ചില വിദ്യാര്‍ഥികള്‍ തന്നെ സമീപിച്ചപ്പോള്‍ മാത്രമാണ് വിഷയത്തെക്കുറിച്ച് താന്‍ അറിഞ്ഞതെന്ന് കോളജ് ഡയറക്ടറായ ആന്റോണീ റിവേയ്‌റീ ദി ഗാര്‍ഡിയനോട് പറഞ്ഞു. കോളജിന്റെ പ്രചാരത്തിനായി ചില രേഖകള്‍ ഒരു അമേരിക്കന്‍ ഏജന്‍സിക്ക് കൈമാറിയിരുന്നതായും അതില്‍ കൃത്രിമം കാട്ടിയത് തങ്ങളുടെ അറിവോടെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവരം അറിഞ്ഞയുടന്‍ പേജ് നീക്കം ചെയ്യാനുള്ള നിര്‍ദേശം നല്‍കുകയും വിദ്യാര്‍ഥികളോടും മാതാപിതാക്കളോടും ക്ഷമാപണം നടത്തുകയുമാണ് ബന്ധപ്പെട്ട അധികാരികള്‍ ചെയ്തത്. എമിലി കോല്‍ ആര്‍ട് സ്‌കൂളിന് അമേരിക്കയില്‍ ഒരു പുതിയ ബ്രാഞ്ച് തുടങ്ങാനിരിക്കെയാണ് സ്‌കൂളിനെതിരെ ആരോപണം ഉണ്ടായിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍