UPDATES

വിദേശം

വിജയം പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക്; പക്ഷേ, എല്ലാവരും ഉറ്റു നോക്കുന്നത് മുൻ പ്രസിഡന്റ് യമീനെയും; ആശങ്കയുടെ നിഴലില്‍ മാലിദ്വീപ്

ദുർബലമായ പ്രതിപക്ഷത്തിന്റെ സംയുക്ത ഒത്തുതീർപ്പ് സ്ഥാനാർത്ഥി ഇബ്രാഹിം മുഹമ്മദ് സോലിഹ്‌ 58.3% വോട്ടു നേടി വിജയം ഉറപ്പിച്ചു

ചൈനയോട് അടുപ്പം പുലർത്തുന്ന പ്രസിഡണ്ട് അബ്ദുല്ല യമീൻ തിങ്കളാഴ്ച്ച അപ്രതീക്ഷിതമായി പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ തോറ്റതോടെ ആഘോഷങ്ങൾക്കിടയിലും ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ മധുവിധു ദ്വീപിൽ ആശങ്കയുടെ കാര്‍മേഘം ഉരുണ്ടുകൂടിയിരിക്കുന്നു.

യമീൻ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെങ്കിലും തന്റെ മിക്ക രാഷ്ട്രീയ എതിരാളികളെയും തടവിലാക്കുകയോ അല്ലെങ്കിൽ പലായനം ചെയ്യിപ്പിക്കുകയോ ചെയ്ത ഈ 59 കാരൻ തോൽവി അത്രയെളുപ്പം അംഗീകരിക്കുമെന്ന് കരുതാനാകില്ല എന്ന് നിരീക്ഷകർ പറയുന്നു.

ദുർബലമായ പ്രതിപക്ഷത്തിന്റെ സംയുക്ത ഒത്തുതീർപ്പ് സ്ഥാനാർത്ഥി ഇബ്രാഹിം മുഹമ്മദ് സോലിഹ്‌ 58.3% വോട്ടു നേടി വിജയം ഉറപ്പിച്ചു. 2008-ൽ ജനാധിപത്യം സ്ഥാപിച്ചതിനു ശേഷം ഒരു തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിജയ ശതമാനമാണിത്. 2,62,000 വരുന്ന സമ്മതിദായകരിൽ 90%-വും വോട്ടു ചെയ്യാനെത്തിയിരുന്നു. സാങ്കേതിക തകരാറുകൾകൊണ്ട് വൈകിയ പലയിടത്തും അഞ്ചു മണിക്കൂറിലേറെ വരി നിന്നാണ് പലരും വോട്ടു ചെയ്തത്.

വിദേശ വിനോദ സഞ്ചാരികളുടെ കേന്ദ്രമായ 1200 ദ്വീപുകളുടെ ഈ ദ്വീപ് സമൂഹത്തിലെങ്ങും സോലിഹിന്റെ മാലിദ്വീപ് ജനാധിപത്യ കക്ഷിയുടെ മഞ്ഞക്കൊടികളുമായി ആളുകൾ ആഘോഷം തുടങ്ങി. എന്നാൽ, 2013-ലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള സംഭവവികാസങ്ങളുടെ അനുഭവം സൂചിപ്പിക്കുന്നത് 3,40,000 പേരുള്ള ഈ ദ്വീപ് സമൂഹത്തിൽ ഇനിയും ആശങ്കകൾക്ക് ഇടയുണ്ടെന്നാണ്.

ആ തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡണ്ട് മുഹമ്മദ് നഷീദ് ആദ്യ വട്ടത്തിൽ ഭൂരിപക്ഷം വോട്ടുകളും നേടിയെങ്കിലും സുപ്രീം കോടതി ഫലം അസാധുവാക്കി. തുടർന്നുള്ള രണ്ടാം വട്ട വോട്ടെടുപ്പ് രണ്ടുവട്ടം നീട്ടിവെച്ചു. ഇതാണ്, 2008 വരെ നീണ്ട 30 കൊല്ലം രാജ്യത്തിന്റെ ഏകാധിപതിയായിരുന്ന മൗമൂൻ അബ്ദുൽ ഗയൂമിന്റെ അർധസഹോദരനായ യമീന് സഖ്യം തട്ടിക്കൂട്ടാനും തർക്കമായ രണ്ടാംവട്ട വോട്ടെടുപ്പിൽ ചെറിയ ഭൂരിപക്ഷത്തിനു വിജയിക്കാനും സഹായിച്ചത്.

തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വവുമല്ലെങ്കിൽ ഉചിതമായ നടപടികൾ എടുക്കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്ന യു എസ് വിദേശകാര്യമന്ത്രാലയം ജനവിധി മാനിക്കാർ തിങ്കളാഴ്ച്ച യമീനോട് ആവശ്യപ്പെട്ടു. മേഖലയിലെ സ്വാധീനം നിലനിർത്താൻ ചൈനയുമായി മത്സരിക്കുന്ന ഇന്ത്യയാണ് സോലിഹിനെ ആദ്യം അഭിനന്ദിച്ചത്‍.

“ഈ തെരഞ്ഞെടുപ്പ് മാലിദ്വീപിലെ ജനാധിപത്യശക്തികളുടെ വിജയം മാത്രമല്ല, ജനാധിപത്യത്തോടും നിയമവാഴ്ച്ചയോടുമുള്ള ഉറച്ച പ്രതിബദ്ധത കൂടിയാണ് തെളിയിക്കുന്നതെന്ന്,” വിദേശകാര്യ മന്ത്രാലയം പറഞ്ഞു. “അയല്പക്കത്തെ ആദ്യം എന്ന ഞങ്ങളുടെ നയമനുസരിച്ച് പരസ്പര പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ മാലിദ്വീപുമായി അടുത്ത് പ്രവർത്തിക്കുന്നതിന് ഇന്ത്യ ഉത്സുകരാണ്.” മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

അതേസമയം അടിസ്ഥാനസൗകര്യ വികസന മാമാങ്കത്തിനായി യമീനിന്റെ സർക്കാരിന് നൂറുകണക്കിന് കോടി ഡോളർ വായ്പ നൽകിയ ചൈന ഗവണ്‍മെന്‍റിന് തുടര്‍ച്ചയും സ്ഥിരതയും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു.

മാധ്യമങ്ങൾ ഭയപ്പാടിൽ

പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായിരുന്നിട്ടും സർക്കാർ അടിച്ചമർത്തൽ ഭയപ്പെട്ട മാലിയിലെ മാധ്യമങ്ങൾ സോലിഹിനു വേണ്ട പ്രാധാന്യം നൽകിയില്ല. മിക്ക വിമതരും തടവിലാവുകയോ പലായനം ചെയ്യുകയോ ചെയ്തതിനാൽ ഞായറാഴ്ച്ചത്തെ തെരഞ്ഞെടുപ്പിൽ മറ്റു സ്ഥാനാർത്ഥികളൊന്നും ഉണ്ടായിരുന്നുമില്ല.

നേരത്തെ വിജയമുറപ്പായതോടെ സോലിഹ് യമീനോട് പരാജയം സമ്മതിക്കാൻ ആവശ്യപ്പെട്ടിരുന്നു. “ജനവിധി മാനിക്കാനും സമാധാനപരവും സുഗമവുമായ അധികാരക്കൈമാറ്റം ഉറപ്പാക്കാനും ഞാൻ യമീനിനോട് ആവശ്യപ്പെടുന്നു,” അദ്ദേഹം ടെലിവിഷനിൽ പറഞ്ഞു.

ഒരു അട്ടിമറി നടന്നേക്കും എന്നാ ഊഹാപോഹങ്ങൾ നിലനിൽക്കുന്നതിനിടെ മുൻ പ്രസിഡന്റ് ഗയൂമും മുൻ ചീഫ് ജസ്റ്റിസും മറ്റൊരു സുപ്രീം കോടതി ജസ്റ്റിസും അടക്കമുള്ള എല്ലാ രാഷ്ട്രീയ തടവുകാരെയും ഉടനടി മോചിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പിന്റെ തലേന്നും എം ഡി പിയുടെ കാര്യാലയത്തിൽ പോലീസ് മണിക്കൂറുകളോളം പരിശോധന നടത്തിയിരുന്നു. “നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാൻ എന്ന പേരിലായിരുന്നു അത്. ആരെയും തടവിലാക്കിയില്ല. തെരഞ്ഞെടുപ്പ് രാജ്യത്തെ വീണ്ടും ജനാധിപത്യ പാതയിലേക്ക് മടക്കിക്കൊണ്ടുവരുമെന്നും തോൽവി സമ്മതിക്കാതെ യമീന് വേറെ വഴിയില്ല” എന്നും മുൻ പ്രസിഡണ്ട് നഷീദ് പറഞ്ഞു.

“അയാളെ നിലനിർത്തുന്നതിനായി പോരാടാനുള്ള ആളുകൾ അയാൾക്ക് ചുറ്റുമില്ല,” നഷീദ് പറഞ്ഞു.

അന്താരാഷ്‌ട്ര സ്വതന്ത്ര നിരീക്ഷകരെ വിലക്കിയിരുന്നു തെരഞ്ഞെടുപ്പിൽ വളരെക്കുറച്ച് വിദേശ മാധ്യമങ്ങളെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. യമീന് അനുകൂലമായിട്ടായിരുന്നു തെരഞ്ഞെടുപ്പിന്റെ നടത്തിപ്പെന്നു മാലിയിൽ പ്രവേശനം നിഷേധിക്കപ്പെട്ട സ്വതന്ത്ര നിരീക്ഷ സംഘം The Asian Network for Free Elections പറഞ്ഞു.

“വളരെ അവ്യക്തമായ നിയമങ്ങൾ രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കാനും ഭീഷണിപ്പെടുത്താനും വിമർശകരെ തടവിലാക്കാനും” സർക്കാർ ഉപയോഗിച്ചു എന്നും ചിലരെ വധിക്കുക പോലും ചെയ്‌തെന്നും Human Rights Watch പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍