UPDATES

വിദേശം

മാലദീപിലെ രാഷ്ട്രീയ പ്രതിസന്ധി; ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ട്; മൂന്നു കാരണങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കാന്‍ ബാക്കിയുള്ള ഏക സാര്‍ക് രാജ്യം കൂടിയാണ് മാലദ്വീപ്

മാലദ്വീപിലെ പ്രസിഡണ്ട് അബ്ദുള്ള യമീന്‍ ഞായറാഴ്ച്ച പ്രഖ്യാപിച്ച 15 ദിവസത്തെ അടിയന്തരാവസ്ഥ ഈ ഇന്ത്യന്‍ മഹാസമുദ്ര രാജ്യത്തിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ ആഴം ഒന്നുകൂടി കൂട്ടിരിക്കുന്നു. രാഷ്ട്രീയ തടവുകാരെ വിട്ടയക്കാനുള്ള സുപ്രീം കോടതി ഉത്തരവ് അനുസരിക്കാന്‍ വിസമ്മതിച്ച പ്രസിഡണ്ട്, വഴങ്ങിക്കൊടുക്കാത്ത സുപ്രീം കോടതിക്കും വിട്ടുവീഴ്ച്ചയില്ലാതെ ഒറ്റക്കെട്ടായ പ്രതിപക്ഷത്തിനും എതിരെ തന്റെ ഭരണസംവിധാനത്തെ ഉപയോഗിക്കുകയാണ്. കോടതി ഉത്തരവ് നടപ്പാക്കാണമെന്ന ഇന്ത്യയടക്കമുള്ള വിവിധ ലോകരാജ്യങ്ങളുടെ അഭ്യര്‍ത്ഥന അവഗണിച്ച യമീന്‍ വലിയ കുഴപ്പത്തിലേക്കാണ് ചാടിയിരിക്കുന്നത്.

ഏതാണ്ട് 22,000 ഇന്ത്യക്കാര്‍ മാലദ്വീപിലുണ്ട്. രാജ്യത്തെ 400 ഡോക്ടര്‍മാരില്‍ 125 പേര്‍ ഇന്ത്യക്കാരാണ്. അതുപോലെ, അദ്ധ്യാപകരില്‍, 25%-വും ഇന്ത്യക്കാരാണ്. ഇവരിലേറെയും ഉയര്‍ന്ന തലങ്ങളിലാണ്. ഭൂമിശാസ്ത്രപരമായ അതിന്റെ സ്ഥാനം മൂലവും മാലദ്വീപും ബീജിങ്ങും തമ്മില്‍ വളരുന്ന ബന്ധങ്ങള്‍ക്കൊണ്ടും മാലദ്വീപിലെ പ്രതിസന്ധിക്ക് വലിയ തന്ത്രപരമായ പ്രത്യാഘാതങ്ങളുണ്ട്. 1200-ഓളം ദ്വീപുകളുടെ (ഇവയില്‍ മിക്കതിലും ആള്‍പ്പാര്‍പ്പില്ല) ഈ ദ്വീപുസമൂഹത്തില്‍ ഇന്ത്യയുടെ താത്പര്യങ്ങള്‍ എന്തുകൊണ്ട് നിര്‍ണ്ണായകമാണ് എന്നതിന്റെ മൂന്നു കാരണങ്ങള്‍;

1. ഭൂമിശാസ്ത്രപരമായ അടുപ്പം

സാര്‍ക് (SAARC) അംഗമായ മാലദ്വീപ് ലക്ഷദ്വീപില്‍ നിന്നും 700 കിലോമീറ്ററും ഇന്ത്യയുടെ പ്രധാന ഭൂപ്രദേശത്തുനിന്നും 1200 കിലോമീറ്ററും മാത്രം ദൂരത്തിലാണ്. ദുര്‍ബലമായ മാലദ്വീപില്‍ മത യാഥാസ്ഥിതികത്വം, തീവ്രവാദം, കടല്‍ക്കൊള്ള, കള്ളക്കടത്ത്, മയക്കുമരുന്നുകടത്ത് എന്നിവ തഴച്ചുവളരുന്നത് ഇന്ത്യക്ക് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളാണ് സൃഷ്ടിക്കുക. 1965-ല്‍ സ്വതന്ത്രമായ മാലദ്വീപില്‍ ആദ്യമായി സ്വതന്ത്രമായ, ബഹുകക്ഷി തെരഞ്ഞെടുപ്പ് നടന്നത് 2009-ലാണ്. ഈ രാജ്യം നിരന്തരമായി രാഷ്ട്രീയ അസ്ഥിരതയിലേക്ക് വീഴുന്നത് ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നു.

2. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഭദ്രത

ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ 40-ലേറെ രാഷ്ട്രങ്ങളും ലോകത്തെ ഏതാണ്ട് 40%ത്തോളം ജനതയും അധിവസിക്കുന്നു. ആസ്ട്രേലിയ, തെക്കുകിഴക്കന്‍ ഏഷ്യ, തെക്കനേഷ്യ, പടിഞ്ഞാറന്‍ ഏഷ്യ, ആഫ്രിക്കയുടെ കിഴക്കന്‍ കടല്‍ വളവ് എന്നീ ഭൂമേഖലകളെ അത് തൊട്ടുകിടക്കുന്നു. തന്ത്രപരമായ പ്രാധാന്യത്തിലും വാണിജ്യത്തിലും മാലദ്വീപുകള്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഇന്ത്യക്ക് പ്രധാനപ്പെട്ട രാജ്യമാണ്. ഇന്ത്യയുടെ അന്താരാഷ്ട വ്യാപാരത്തില്‍, അളവില്‍ 97%-വും മൂല്യത്തില്‍ 75%-വും കടന്നുപോകുന്നത് ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയാണ്. വാര്‍ത്താവിനിമയത്തിന്റെ സമുദ്രപാതകള്‍ സുരക്ഷിതമാക്കേണ്ടത് ഇന്ത്യക്ക് നിര്‍ണായകമാണ്.

3. ചൈനയുടെ സ്വാധീനം വളരുന്നു

2011-ല്‍ മാലദ്വീപില്‍ ചൈന നയതന്ത്ര കാര്യാലയം തുറന്നതിന് ശേഷം രാജ്യത്തു ചൈനയുടെ സ്വാധീനം ദ്രുതഗതിയില്‍ വളരുകയാണ്. പാകിസ്ഥാനെ കൂടാതെ ചൈനയുമായി സ്വതന്ത്ര വ്യാപാര കരാറുള്ള സാര്‍ക് അംഗരാഷ്ട്രം മാലദ്വീപാണ്. പ്രസിഡണ്ട് ഷി ജിങ്ങ് പിങ്ങിന്റെ മാലദ്വീപ് സന്ദര്‍ശനം ബന്ധത്തിനു കൂടുതല്‍ കുതിപ്പ് നല്കി. രാജ്യത്തെ വിനോദസഞ്ചാര വരുമാനത്തിന്റെ പ്രധാന സ്രോതസ് ചൈനയാണ്. ഷിയുടെ ‘ഒരു മേഖല ഒരു പാത’ പദ്ധതിയിലെ സജീവ പങ്കാളിയാണ് മാലദ്വീപ്. മാലയെ ഹുല്‍ഹുലേ ദ്വീപുമായി ബന്ധിപ്പിക്കുന്നത് പോലുള്ള ചൈന പണം നല്‍കുന്ന വമ്പന്‍ അടിസ്ഥാന സൌകര്യ പദ്ധതികള്‍ ഈ ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. പാര്‍ലമെന്റില്‍ ചര്‍ച്ച കൂടാതെ സ്വതന്ത്ര വ്യാപാര കരാര്‍ അംഗീകരിച്ചെടുത്തത് ബീജിംഗുമായി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രസിഡണ്ട് യമീന്റെ താത്പര്യത്തെയാണ് കാണിക്കുന്നത്. ആഗസ്ത് 2017-ല്‍ ചൈനയുടെ യുദ്ധക്കപ്പലുകള്‍ക്ക് മാലിയില്‍ നങ്കൂരമിടാന്‍ അനുമതി നല്കി. പലവിധ അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ധിക്കുന്നതിനിടയില്‍, മാല വിദേശകാര്യ മന്ത്രി മൊഹമ്മദ് അസീം ഈയടുത്ത് ഇന്ത്യയില്‍ വരികയും പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍, സന്ദര്‍ശനം നടത്തുന്ന മാലദ്വീപ് വിദേശകാര്യം മന്ത്രി, “തന്റെ സര്‍ക്കാരിന്റെ ഇന്ത്യ ആദ്യം നയം ആവര്‍ത്തിക്കുകയും, ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ക്ക് മാലദ്വീപ് ഉയര്‍ന്ന പരിഗണന നല്‍കുന്നതായി ഉറപ്പിച്ചുപറയുകയും ചെയ്തു” എന്നു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കാന്‍ ബാക്കിയുള്ള ഏക സാര്‍ക് രാജ്യം കൂടിയാണ് മാലദ്വീപ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍