UPDATES

വിപണി/സാമ്പത്തികം

ഐ ഫോണ്‍ ഉപയോഗിക്കുന്നവരെ പുറത്താക്കും: ചൈനീസ് കമ്പനികളുടെ ഭീഷണി; “ആപ്പിള്‍ വേണ്ട, ഹുവായ് മതി”

ആപ്പിള്‍ ഐ ഫോണ്‍ ഉപയോഗിക്കുന്നവരെ ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് ചൈനിസ് കമ്പനികളുടെ ഭീഷണി. ഹുവായിയെ പിന്തുണക്കുന്നതും ആപ്പിളിനെ ബഹിഷ്‌കരിക്കുന്നതുമായ നിലപാടിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പെന്ന് എന്‍ഡിടിവി പറയുന്നു. കാനഡയില്‍ ഹുവായ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മെങ് വാന്‍സു അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹുവായിയ്ക്കുള്ള പിന്തുണ ചൈനീസ് കമ്പനികള്‍ ശക്തമാക്കിയിരിക്കുന്നത്. യുഎസ് – ചൈന വ്യാപാര യുദ്ധത്തിനപ്പുറത്തേയ്ക്കാണ് കാര്യങ്ങള്‍. ഹുവായ് സിഎഫ്ഒയുടെ അറസ്റ്റിനെ ഒരു ദേശാഭിമാന പ്രശ്‌നമായാണ് ചൈന കാണുന്നത്.

ഹുവായ് ഉല്‍പ്പന്നങ്ങള്‍ക്ക് സബ്‌സിഡി നല്‍കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഹുവായ് ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് വിലയുടെ 10 മുതല്‍ 20 ശതമാനം വരെ നല്‍കാണെന്ന് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നു. ഫോണിന് ആവശ്യമായ മുഴുവന്‍ പണവും നല്‍കാമെന്ന് പറയുന്ന കമ്പനികളുമുണ്ട്. ചൈനയിലെ ഐടി കമ്പനികള്‍ മുതല്‍ ഭക്ഷ്യ കമ്പനികള്‍ വരെ ഹുവായിയെ ശക്തമായി പിന്തുണയ്ക്കുകയാണ്.

ചൈനീസ് ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളായ ഷാങ്ഹായ് യൂലൂക് ഇലക്ട്രോണിക് ആന്‍ഡ് ടെക്‌നോളജി എന്ന കമ്പനി, ഹുവായ് ഫോണുകള്‍ക്ക് സബ്‌സിഡി നല്‍കുന്നതായി നിക്കി ഏഷ്യന്‍ റിവ്യു റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ജീവനക്കാരന് രണ്ട് ഫോണുകള്‍ വാങ്ങുന്നതിന് വരെ സബ്‌സിഡി ഈ കമ്പനി വാഗ്ദാനം ചെയ്യുന്നു. മറ്റൊരു കമ്പനിയായ ഷെന്‍സെന്‍ യിദാഹെങ് ടെക്‌നോളജി എന്നിവയെല്ലാം ഫോണ്‍ വിലയുടെ 18 ശതമാനം റീ ഇംബേഴ്‌സ് ചെയ്യും. ഫോണിന്റെ മുപ്പത് ശതമാനം വിലയ്ക്കുള്ള മദ്യം നല്‍കുമെന്നാണ് ഹെനാന്‍ പ്രവിശ്യയിലെ കമ്പനിയുടെ ഓഫര്‍. ഐ ഫോണ്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ലെങ്കില്‍ പുറത്താക്കുമെന്ന് ഷെന്‍സെന്‍ കമ്പനി ജീവനക്കാര്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കി. ബോണസ് നല്‍കില്ലെന്നും ഐ ഫോണിന്റെ വിലയുടെ അത്രയും തുക ശമ്പളത്തില്‍ നിന്ന് പിടിക്കുമെന്നും ചില കമ്പനികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്വകാര്യ കമ്പനിയായ ഹുവായ്ക്ക് ചൈനീസ് ഗവണ്‍മെന്റിന്റേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ശക്തമായ പിന്തുണയുണ്ട്.

ഈ മാസം ആദ്യം കാനഡയിലെ വാന്‍കൂവറിലാണ് യുഎസിന്റെ അഭ്യര്‍ത്ഥന പ്രകാരം വഞ്ചനാ കേസില്‍ മെങ് വാന്‍സു അറസ്റ്റിലായത്. ഹുവായിയ്ക്ക് ഒരു ഹോങ് കോങ് കമ്പനിയുമായുള്ള ബന്ധമാണ് യുഎസിനെ പ്രകോപിപ്പിച്ചത്. യുഎസ് നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ ഉപരോധം മറികടന്ന് ഇറാന് ഈ കമ്പനി വില്‍ക്കുന്നതായാണ് ആരോപണം. മെങ് പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയെങ്കിലും യുഎസില്‍ വിചാരണയ്ക്കായി എക്‌സ്ട്രാഡിറ്റ് ചെയ്യാമെന്ന ഭീഷണി നേരിടുന്നുണ്ട്. മെങ് വാന്‍സുവിന്റെ അറസ്റ്റില്‍ ചൈന ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍