UPDATES

വിദേശം

കാബുള്‍ തെരുവിലെ കുട്ടിയുടുപ്പിട്ട വനിതകള്‍; അഫ്ഗാന്‍ നയത്തില്‍ ട്രംപിന്റെ മലക്കം മറച്ചിലിനു പിന്നില്‍ ഈ ചിത്രമോ!

താലിബാന്‍ കാലത്തിന് മുമ്പ് അഫ്ഗാനിലെ സ്ത്രീകള്‍ എത്രമാത്രം സ്വതന്ത്രരായിരുന്നുവെന്നതിന്റെ ഉദാഹരണമാണ് ഈ ചിത്രം.

യുഎസിന്റെ അഫ്ഗാന്‍ നയത്തില്‍ പെട്ടെന്ന് മലക്കംമറിയാനും സൈനിക ഇടപെടലുകള്‍ വര്‍ദ്ധിപ്പിക്കാനും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തൊക്കെയാവാം? നിരവധി ഘടകങ്ങള്‍ ഉണ്ടെങ്കിലും 1972ല്‍ എടുക്കുകയും പരക്കെ പ്രചാരം നേടുകയും ചെയ്ത കുട്ടിക്കുപ്പായമിട്ട് കാബുള്‍ തെരുവുകളിലൂടെ നടക്കുന്ന സ്ത്രീകളുടെ ഈ ചിത്രമാണ് ട്രംപിന് സൈനിക ഇടപെടല്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും വിശ്വാസയോഗ്യമായ കാരണമായി തോന്നിയതെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അഫ്ഗാനില്‍ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കുകയും തുറന്ന യുദ്ധം പ്രഖ്യാപിക്കുകയും ചെയ്ത ഇപ്പോഴത്തെ നടപടി ട്രംപിന്റെ തന്നെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ നിന്നും വ്യതിചലനമാണ്. അഫ്ഗാനിസ്ഥാനിലെ യുഎസ് ഇടപെടല്‍ പാഴ്ച്ചിലവാണെന്ന് തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ട്രംപ് പറഞ്ഞിരുന്നു. ചരിത്രപരമായി സഹജാവബോധത്തിനനുസരിച്ച് തീരുമാനം എടുക്കുന്ന ആളാണ് താനെന്നും എന്നാല്‍ ഓവല്‍ ഓഫീസിലെ മേശയ്ക്ക് പിന്നില്‍ ഇരിക്കുമ്പോള്‍ തീരുമാനങ്ങള്‍ വളരെ വ്യത്യസ്തമാകാറുണ്ട് എന്നതാണ് സത്യമെന്നും ട്രംപ് പറയുന്നു. അഫ്ഗാനിസ്ഥാനെ കുറിച്ച് മനസിലാക്കാവുന്ന എല്ലാ കോണുകളില്‍ നിന്നും കൂടുതല്‍ പഠിച്ചതിനെ തുടര്‍ന്നാണ് മുന്‍നിലപാടില്‍ മാറ്റം വരുത്തിയതെന്ന് അദ്ദേഹം പറയുന്നു.

എന്നാല്‍ ട്രംപിന്റെ സൈനിക ഉപദേഷ്ടാക്കള്‍, പ്രത്യേകിച്ചും ദേശീയ സുരക്ഷ ഉപദേഷ്ടാവ് എച്ച് ആര്‍ മക്മാസ്റ്റര്‍ ആണ് നയമാറ്റത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ വാദിച്ചതെന്നാണ് റിപ്പോര്‍ട്ട്. 1972ല്‍ കാബൂളിലെ തെരുവിലൂടെ പാശ്ചാത്യ വസ്ത്രം ധരിച്ചു നീങ്ങുന്ന സ്ത്രീകളുടെ ഈ ചിത്രം കാണിച്ചുകൊണ്ട് ഒരു കാലത്ത് അഫ്ഗാനിസ്ഥാനില്‍ പാശ്ചാത്യസംസ്‌കാരം എത്രമാത്രം പുഷ്‌കലമായിരുന്നുവെന്നും അക്കാലം മടക്കിക്കൊണ്ടുവരാന്‍ സാധിക്കുമെന്നും ട്രംപിനെ ബോധ്യപ്പെടുത്താന്‍ മക്മാസ്റ്റര്‍ക്ക് സാധിച്ചുവെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

താലിബാന്‍ കാലത്തിന് മുമ്പ് അഫ്ഗാനിലെ സ്ത്രീകള്‍ എത്രമാത്രം സ്വതന്ത്രരായിരുന്നുവെന്ന് കാണിക്കുന്നതിനായി ചരിത്രകാരന്മാരും മനുഷ്യാവകാശ പ്രവര്‍ത്തകരും മിക്കപ്പോഴും ഉദാഹരിക്കുന്ന ഒരു ചിത്രം കൂടിയാണിത്. ഈ ചിത്രത്തെ കുറിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നതിങ്ങനെ: ‘1970കളില്‍ സംഘര്‍ഷം ഉണ്ടാവുന്നത് വരെ 20-ാം നൂറ്റാണ്ടില്‍ രാജ്യത്ത് സ്ത്രീകളുടെ അവകാശങ്ങളില്‍ താരതമ്യേന സുസ്ഥിരമായ പുരോഗതിയാണ് ഉണ്ടായത്. 1919ല്‍ തന്നെ അഫ്ഗാന്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചിരുന്നു. യുകെയില്‍ വനിതകള്‍ക്ക് വോട്ടവകാശം ലഭിച്ച് ഒരു വര്‍ഷത്തിന് ശേഷവും യുഎസില്‍ വനിതകള്‍ക്ക് വോട്ടവകാശം ലഭിക്കുന്നതിന് ഒരു വര്‍ഷം മുമ്പുമായിരുന്നു ഇത്. 1950കളില്‍ തന്നെ പര്‍ദ നിരോധിച്ചിരുന്നു; 1960കളില്‍ നടപ്പിലാക്കിയ പുതിയ ഭരണഘടനയില്‍ രാഷ്ട്രീയ പങ്കാളിത്തം ഉള്‍പ്പെടെയുള്ള ജീവിതത്തിലെ നിരവധി മേഖലകളില്‍ സമത്വം നടപ്പിലാക്കിയിരുന്നു.

എന്നാല്‍ പിന്നീട് നടന്ന അട്ടിമറികളും 1970കളിലെ സോവിയറ്റ് അധിനിവേശവും മുജാഹിദ്ദീന്‍ സംഘങ്ങളും സര്‍ക്കാര്‍ സേനകളും തമ്മിലുള്ള ആഭ്യന്തര സംഘര്‍ഷങ്ങളിലും പിന്നീട് താലിബാന്‍ ഭരണത്തിന് കീഴിലും അഫ്ഗാന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ വര്‍ദ്ധിമായ രീതിയില്‍ നിഷേധിക്കപ്പെടുകയായിരുന്നു.’എന്നാല്‍ ഈ ചിത്രം ആരെടുത്താതാണെന്നതിനെ കുറിച്ച് ഇനിയും വ്യക്തത ലഭിച്ചിട്ടില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍