UPDATES

വിദേശം

ഐഎസില്‍ ചേര്‍ന്ന അമേരിക്കക്കാരിയെ ഇനി തിരിച്ച് രാജ്യത്ത് കയറ്റില്ലെന്ന് ട്രംപ്

ഇവര്‍ യുഎസ് പൗരയാണ് എന്ന് അംഗീകരിക്കാന്‍ ട്രംപ് വിസമ്മതിച്ചു. യുഎസില്‍ ജനിച്ച 24കാരി ഹോദ മുതാനയെ രാജ്യത്ത് പ്രവേശിപ്പിക്കരുത് എന്ന് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി ട്രംപ് ട്വീറ്റ് ചെയ്തു.

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ നാടുവിട്ട് പോയ യുഎസ് പൗരയായ യുവതിയെ തിരിച്ച് രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇവര്‍ യുഎസ് പൗരയാണ് എന്ന് അംഗീകരിക്കാന്‍ ട്രംപ് വിസമ്മതിച്ചു. യുഎസില്‍ ജനിച്ച 24കാരി ഹോദ മുതാനയെ രാജ്യത്ത് പ്രവേശിപ്പിക്കരുത് എന്ന് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി ട്രംപ് ട്വീറ്റ് ചെയ്തു.

സാധാരണ നിലയില്‍ വ്യക്തികളുടെ കുടിയേറ്റ പ്രശ്‌നങ്ങള്‍ യുഎസ് ഗവണ്‍മെന്റുമായി ബന്ധപ്പെട്ടവര്‍ പരസ്യമായി ചര്‍ച്ച ചെയ്യാറില്ല. ഈ പ്രോട്ടോകോള്‍ ലംഘിച്ചിരിക്കുകയാണ് ട്രംപ്. മുതാനയുടെ പിതാവ് യെമനില്‍ നയതന്ത്രപ്രതിനിധിയായിരുന്നു. അതേസമയം മുതാന 1994ല്‍ ന്യൂജഴ്‌സിയിലാണ് ജനിച്ചത് എന്നും അവര്‍ യുഎസ് സിറ്റിസണ്‍ ആണ് എന്നും അഭിഭാഷകന്‍ ഹസന്‍ ഷില്‍ബി പറയുന്നു. അവര്‍ക്ക് വാലിഡ് പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നു.

നേരത്തെ അമേരിക്കക്കാരെ കൊല്ലാന്‍ ആഹ്വാനം ചെയ്തും ഭീകതയെ ന്യായീകരിച്ചും മുതാന സോഷ്യല്‍ മീഡിയ വീഡിയോകളില്‍ രംഗത്തെത്തിയിരുന്നു. അതേസമയം പിന്നീട് താന്‍ ഭീകരപ്രവര്‍ത്തനം ഉപേക്ഷിച്ചതായും കൈക്കുഞ്ഞായ മകനോടൊപ്പം അമേരിക്കയിലേയ്ക്ക് മടങ്ങാന്‍ താല്‍പര്യപ്പെടുന്നതായും പറഞ്ഞിരുന്നു. ഐഎസ് ഭീകരരില്‍ ഒരാളാണ് മുതാനയുടെ ഭര്‍ത്താവ്. യുഎസില്‍ ജയില്‍ശിക്ഷ അനുഭവിക്കാന്‍ തയ്യാറാണ് എന്നാണ് ഇവര്‍ പറയുന്നത്.

യൂറോപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറച്ച് അമേരിക്കക്കാര്‍ മാത്രമാണ് ഐഎസില്‍ ചേരാനായി നാടുവിട്ടത്. ഇതുവരെ 64 യുഎസ് പൗരന്മാര്‍ ഇത്തരത്തില്‍ നാട് വിട്ടതായി ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ കൗണ്ടര്‍ എക്‌സ്ട്രിമിസം പ്രോജക്ട് പറയുന്നു. സിറിയയിലേയ്ക്കും ഇറാഖിലേയ്ക്കുമാണ് ഇവര്‍ പോയത്. തന്നെ സോഷ്യല്‍മീഡിയ സന്ദേശങ്ങള്‍ ഐഎസ് ബ്രെയിന്‍വാഷ് ചെയ്യുകയായിരുന്നു എന്നും മാതാപിതാക്കള്‍ അറിയാതെ 2014ല്‍ നാടുവിട്ടെന്നുമാണ് മുതാന പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍