UPDATES

വിദേശം

പുടിന്റെ ‘ഇരുമ്പുമറ’യില്‍ തുള വീഴ്ത്തുന്ന സൈബീരിയയിലെ കമ്മ്യൂണിസ്റ്റ് പോരാളി

തിരഞ്ഞെടുപ്പ് ഫലം പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ യുണൈറ്റഡ് റഷ്യ പാര്‍ട്ടിക്ക് വലിയ ക്ഷീണവും നാണക്കേടുമായിരുന്നു.

‘കമ്മ്യൂണിസ്റ്റ് അദ്ഭുത ബാലന്‍’ എന്നാണ് സൈബീരിയയിലെ യുവ കമ്മ്യൂണിസ്റ്റ് നേതാവ് വാലന്റിന്‍ കോണോവാലോവ് അറിയപ്പെടുന്നത്. ഈയടുത്ത് സൈബീരിയയുടെ ഏറ്റവും ചെറുപ്പക്കാരനായ ഗവര്‍ണറായി 30കാരനായ കോണോവാലോവ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് റദ്ദാക്കപ്പെട്ടു. കഴിഞ്ഞ മാസം കിഴക്കന്‍ സൈബീരിയയിലെ ഖകാസിയയില്‍ ആദ്യ റൗണ്ട് തിരഞ്ഞെടുപ്പ് വാലിന്റീന്‍ കോണോവാലോവ് ജയിച്ച ശക്തമായ ജനകീയ പ്രതിഷേധമുയര്‍ത്തിയാണ്. തിരഞ്ഞെടുപ്പ് ഫലം പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ യുണൈറ്റഡ് റഷ്യ പാര്‍ട്ടിക്ക് വലിയ ക്ഷീണവും നാണക്കേടുമായിരുന്നു. രണ്ടാം ഘട്ട വോട്ടെടുപ്പായ റണ്‍ ഓഫിലേയ്ക്ക് പോകാതെ അധികൃതര്‍ തടഞ്ഞിരിക്കുകയാണ്.

ഇത് അസംബന്ധവും പരിഹാസ്യവുമാണ് – കോണോവാലോവ് ദ ഗാര്‍ഡിയനോട് പ്രതികരിച്ചു. രണ്ട് തവണയായി രണ്ടാഴ്ചയോളം തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. രണ്ട് എതിരാളികള്‍ പിന്മാറിയിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത് കോണോവാലോവ് രേഖകളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി എന്നാണ്. കോണോവാലോവ് ജയിക്കുന്നത് എന്ത് വില കൊടുത്തും തടയാന്‍ ലക്ഷ്യമിടുന്ന റഷ്യന്‍ അധികൃതര്‍ അദ്ദേഹത്തെ അയോഗ്യനാക്കാന്‍ ശ്രമിക്കുന്നതായാണ് ആരോപണം. യുണൈറ്റഡ് റഷ്യ പാര്‍ട്ടിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജന പിന്തുണ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ പ്രാദേശിക തലങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ടെന്നാണ് ഗാര്‍ഡിയന്‍ പറയുന്നത്. കിഴക്കന്‍ റഷ്യയില്‍ മറ്റൊരു കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയുടേയും തിരഞ്ഞെടുപ്പ് സമാനമായ വിധം അധികൃതര്‍ റദ്ദാക്കിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ അഭിപ്രായ സര്‍വേ പറയുന്നത്. പുടിന്റെ പാര്‍ട്ടിയുടെ ജനപിന്തുണ 31 ശതമാനമായി കുറഞ്ഞിരിക്കുന്നു എന്നാണ്. ഇത് യുണൈറ്റഡ് റഷ്യ പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയാണ്.

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വ്യാപകമായ അഴിമതിയും റഷ്യയില്‍ പുടിന്‍ ഗവണ്‍മെന്റിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. വന്‍ കൈക്കൂലിക്കാരനായ ഖസാക്കിയയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് പ്രദേശവാസികള്‍ ഇട്ടിരിക്കുന്ന പേര് ഹംഗ്രി (hungry) എന്നാണ്. പണത്തിനോടുള്ള ആര്‍ത്തി സൂചിപ്പിക്കാന്‍. പെന്‍ഷന്‍ പ്രായം 60ല്‍ നിന്ന് 65 ആക്കി ഉയര്‍ത്തിയ പുടിന്‍ ഗവണ്‍മെന്റിന്റെ തീരുമാനം വലിയ തോതില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് എന്നാണ് ഗവണ്‍മെന്റിന്റെ വിശദീകരണം. ഇത് തങ്ങളുടെ മുഖത്തേറ്റ അടിയാണ് എന്ന് പലരും പറയുന്നു. കമ്മ്യൂണിസ്റ്റ്കാരോട് യോജിപ്പില്ലാത്തതിനാല്‍ അവര്‍ പെന്‍ഷന്‍ പരിഷ്‌കരണത്തിനെതിരെ നടത്തിയ പ്രതിഷേധ പരിപാടിയില്‍ നിന്ന് വിട്ടുനിന്നവരും ഇതില്‍ ഉള്‍പ്പെടും. വരുമാന വര്‍ദ്ധനയില്ലാത്തതും തൊഴിലില്ലായ്മയും അടക്കമുള്ള പ്രശ്‌നങ്ങള്‍ക്കിടയിലാണ് പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം. ഖനികള്‍ അടക്കം സജീവമായ താരതമ്യേന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മേഖലയാണ് ഖകാസിയ. റഷ്യയുടെ യൂറോപ്യന്‍ പ്രദേശത്തുള്ളവരില്‍ വലിയൊരു വിഭാഗത്തിന് തങ്ങളുടെ രാജ്യത്തിന്റെ ഈ കിഴക്കനേഷ്യന്‍ പ്രദേശം ഏറെക്കുറെ അജ്ഞാതമാണ്. കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ജയവും റഷ്യന്‍ അധികൃതര്‍ തിരഞ്ഞെടുപ്പിനെ പ്രഹസനമാക്കി അത് റദ്ദാക്കിയതുമാണ് ഇപ്പോള്‍ ഈ പ്രദേശത്തെ മാധ്യമശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നിരിക്കുന്നത്.

READ ALSO: കൊടി കെട്ടാന്‍ ചെങ്കോട്ട വേണ്ട; റഷ്യന്‍ വിപ്ലവത്തിന് നൂറ്റാണ്ടിനിപ്പുറവും പറക്കുന്ന ചെങ്കൊടികളെക്കുറിച്ച്

കമ്മ്യൂണിസ്റ്റുകാര്‍ തോല്‍ക്കാന്‍ വേണ്ടി മത്സരിപ്പിക്കുന്ന സാങ്കേതിക സ്ഥാനാര്‍ത്ഥി എന്നാണ് വാലന്റീന്‍ കോണോവാലോവിനെ എതിരാളികള്‍ കണ്ടിരുന്നത്. പോക്കറ്റ് ഓപ്പോസിഷന്‍ എന്നാണ് പ്രതിപക്ഷത്തുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ യുആര്‍പി അടക്കമുള്ള പാര്‍ട്ടികള്‍ പരിഹാസപൂര്‍വം വിളിച്ചുപോരുന്നത്. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ കളി കാര്യമായി. ജനവികാരം ബാലറ്റില്‍ ശരിക്കും പ്രതിഫലിച്ചു. ഈ ജനവിധി അട്ടിമറിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുന്‍ ചീഫ് ഓഫ് സ്റ്റാഫ് ആയ വ്‌ളാദിസ്ലാവ് നികോനോവ് പറയുന്നു. പുടിന്റെ പാര്‍ട്ടിയെ വര്‍ഷങ്ങളായി പിന്തുണച്ച് പോരുന്നവര്‍ പോലും ഗവണ്‍മെന്റിനെതിരെ തിരിഞ്ഞിട്ടുണ്ട്.

ലെനിനെ ഏറ്റവുമധികം ബഹുമാനിക്കുന്ന കോണാവാലോവ്, വ്യവസായ നഗരമായ നോറില്‍സ്‌കില്‍ എഞ്ചിനിയര്‍മാരായ ദമ്പതികളുടെ മകനായാണ് ജനിച്ചത്. ജോസഫ് സ്റ്റാലിന്‍ നേതൃമികവും ഭരണപരമായ മികവുമുള്ള വ്യക്തിയുമായിരുന്നെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് നേതാവ് എന്ന നിലയില്‍ അദ്ദേഹം തെറ്റുകള്‍ ചെയ്തിട്ടുണ്ടെന്ന് വിമര്‍ശനാത്മകമായി വിലയിരുത്തുന്നു. എഞ്ചിനിയറിംഗ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെ കോണോവാലോവ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ (Communist Party of The Russian Federation) ചേര്‍ന്നു. വ്യത്യസ്ത ചിന്താഗതിക്കാരെ ഏകോപിപ്പിക്കാനുള്ള സ്വന്തം കഴിവിലും നേതൃപാടവത്തിലും വിശ്വാസമുള്ള കോണോവാലോവ് ഇത് രാജ്യത്ത് കമ്മ്യൂണിസ്റ്റ്കാര്‍ക്ക് നല്ലൊരു അവസരമാണ് എന്ന് കരുതുന്നു. നമുക്ക് ഇനി റഷ്യയില്‍ മാറ്റം കാണാം. യുണൈറ്റഡ് റഷ്യ പാര്‍ട്ടിയുടെ കോട്ടകള്‍ തകര്‍ന്നുവീഴുന്നത് കാണാം – കോണോവാലോവ് പറയുന്നു.

വായനയ്ക്ക്: https://goo.gl/ds3Wve

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍