UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വന നിയമ ഭേദഗതി കേരളത്തിലെ കാടുകളെ കൊല്ലുന്ന വിധം

Avatar

സന്ദീപ് വെള്ളാരംകുന്ന് 

കോര്‍പ്പറേറ്റ് ആധിപത്യം സര്‍വ മേഖലയിലും വര്‍ദ്ധിക്കുന്ന തീവ്ര വികസന വാദ കാലത്ത് വനമെന്ന നിര്‍വചനത്തെ വേരോടെ പിഴുതു കളയുന്ന വിധത്തില്‍ വന നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം കാടും ഇനി ഓര്‍മയാകുമോയെന്ന സംശയം ഉയര്‍ത്തുന്നതാണ്. ടി എസ് ആര്‍ സുബ്രഹ്മണ്യന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം 1980-ല്‍ രൂപീകരിച്ച വന സംരക്ഷണ നിയമം (ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ ആക്ട്) തന്നെ അപ്രസക്തമാക്കി ഈ നിയമത്തെ പൊളിച്ചെഴുതാനുള്ള തീരുമാനം രാജ്യത്തെ വനഭൂമിയുടെ നല്ലൊരു ഭാഗവും വികസനത്തിന്റെ പേരില്‍ കോര്‍പ്പറേറ്റുകള്‍ക്കു തീറെഴുതാനുള്ള നീക്കത്തിന്റെ ഫലമാണെന്ന് വന സംരക്ഷണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

1980-ലെ കേന്ദ്ര വന സംരക്ഷണ നിയമ പ്രകാരം വനവുമായി ബന്ധപ്പെട്ട ഏതു തരം പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്. വനഭൂമി വനേതര ആവശ്യങ്ങള്‍ക്കായി വകമാറ്റുകയാണെങ്കില്‍ പകരം ഭൂമി വനമാക്കി മാറ്റുകയും പണം അടയ്ക്കുകയും ഉള്‍പ്പെടെയുള്ള കര്‍ശന വ്യവസ്ഥകള്‍ ഇതിലുണ്ട്. വനഭൂമി അടിയന്തര ആവശ്യങ്ങള്‍ക്കായല്ലാതെ വനേതര ആവശ്യങ്ങള്‍ക്കായി വിട്ടു നല്‍കാന്‍ പാടില്ലെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. ഇതോടൊപ്പം വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ അവകാശം ഉറപ്പിക്കുന്ന 2006-ലെ ആദിവാസി സംരക്ഷണ നിയമവും പൊളിച്ചെഴുതപ്പെട്ടേക്കും. വനേതര ആവശ്യത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനു മുമ്പ് വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസികളുെടയും തദ്ദേശവാസികളുടെയും സമ്മതം വാങ്ങണമെന്നതിലാണ് വെള്ളം ചേര്‍ക്കുന്നത്. 70 ശതമാനത്തില്‍ കൂടുതല്‍ വൃക്ഷ മേലാപ്പ് (ഫോറസ്റ്റ് കനോപ്പീസ്) ഉള്ള പ്രദേശം മാത്രം വനമെന്ന നിര്‍വചനത്തിലാക്കാനുള്ള  കേന്ദ്ര നീക്കം രാജ്യത്തെ വനഭൂമി വ്യാവസായിക ആവശ്യങ്ങള്‍ക്കായി വകമാറ്റാനുള്ള നീക്കമാണെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു. പശ്മചിമഘട്ടത്തിലൊഴികെ 70 ശമാനത്തിലധികം വൃക്ഷമേലാപ്പില്ലാത്ത പ്രദേശങ്ങള്‍ വനമെന്ന നിര്‍വചനത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടാല്‍ നാഷണല്‍ പാര്‍ക്കുകള്‍ പോലുള്ള സംരക്ഷിത പ്രദേശങ്ങള്‍ പോലും വനമെന്ന നിര്‍വചനത്തില്‍ നിന്നു മാറ്റപ്പെടും. വനത്തിന്റെ ഭാഗമായ പുല്‍മേടുകള്‍ക്കും ഭീഷണിയാകും. പുതിയ നിയമ നിര്‍മാണം രാജ്യത്തെ വനഭൂമിയുടെ സമ്പൂര്‍ണ നാശത്തിനേ വഴിയൊരുക്കുകയുള്ളുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ലോകം മുഴുവന്‍ അവബോധം ഉണ്ടായിക്കൊണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് ഇന്ത്യയില്‍ വന സംരക്ഷണ നിയമം 1980-ല്‍ രൂപീകൃതമായതെന്ന് റിട്ട അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ്  ഫോറസ്റ്റ് പി എന്‍ ഉണ്ണിക്കൃഷ്ണന്‍ പറയുന്നു. 1972-ല്‍ ന്യൂസിലന്‍ഡില്‍ നടന്ന ഉച്ചകോടി  പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ഒന്നായിരുന്നു. തുടര്‍ന്നാണ് 1976-ല്‍ പരിസ്ഥിതി സംരക്ഷണം സര്‍ക്കാരിന്റെയും ജനങ്ങളുടെയും  മുഖ്യ ഉത്തരവാദിത്വമാണെന്നു പറഞ്ഞ് സര്‍ക്കാര്‍ ഭരണഘടന ഭേദഗതി ചെയ്തത്. 1980-ല്‍ വന സംരക്ഷണ നിയമം (ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ട്) വരുന്നതു വരെ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വനം വെട്ടി വെളുപ്പിക്കുകയായിരുന്നു പതിവ്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ചു കൈകാര്യം ചെയ്യാനുള്ളതല്ല രാജ്യത്തിന്റെ വനഭൂമിയും പ്രകൃതി വിഭവങ്ങളുമെന്ന തിരിച്ചറിവില്‍ നിന്നായിരുന്നു സംസ്ഥാനങ്ങളുടെ അധികാരത്തിനു മുകളില്‍ കേന്ദ്രത്തിന്റെ അനുവാദം വേണം എന്ന നിലയിലേക്കു കാര്യങ്ങള്‍ മാറിയത്. അക്കാലത്ത് ഇതിനു ചുക്കാന്‍ പിടിച്ചത് ഇന്ദിരാഗാന്ധിയെപ്പോലുള്ളവരായിരുന്നു. ഒഴിച്ചു കൂടാനാവാത്ത സാഹചര്യങ്ങളില്‍ മാത്രം വനഭൂമി വനേതര ആവശ്യങ്ങള്‍ക്കായി വകമാറ്റാന്‍ അനുവാദം നല്‍കിയാല്‍ മതിയെന്നും നിയമം വ്യവസ്ഥ ചെയ്തു. ഒരു പ്രദേശത്ത് ഒരു  പദ്ധതി നടപ്പിലാക്കാന്‍ ആലോചിക്കുമ്പോള്‍ തന്നെ വിശദമായ പദ്ധതി തയാറാക്കി വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വാങ്ങണം. ഒരു പ്രദേശത്ത് ഒരു പദ്ധതി നടപ്പിലാക്കുമ്പോള്‍ ആ പ്രദേശത്തെ വന്യജീവികള്‍ക്ക് എന്തു സംഭവിക്കുന്നു, ഇതില്‍ അപൂര്‍വ ഇനത്തില്‍പ്പെട്ടവയുണ്ടോ അവയുടെ നിലനില്‍പ്പിന് എന്തെങ്കിലും കോട്ടം സംഭവിക്കുമോ തുടങ്ങിയ വിശദമായ പഠനങ്ങള്‍ നടത്തേണ്ടി വരും. പഠനത്തില്‍ മോശമായി ബാധിക്കുമെന്നു കണ്ടെത്തിയാല്‍ പദ്ധതി ഉപേക്ഷിക്കേണ്ടതായി പോലും വന്നേക്കാം, പി എന്‍ ഉണ്ണിക്കൃഷ്ണന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇത്തരത്തില്‍ നമ്മുടെ രാജ്യത്ത് ഇത്രയധികം വനങ്ങള്‍ നിലനില്‍ക്കാന്‍ കാരണം കര്‍ശനമായ നിയമങ്ങള്‍ ഉള്ളതിനാലാണെന്നും നിയമങ്ങള്‍ ലഘൂകരിക്കപ്പെട്ടാല്‍ വനഭൂമിയുടെ വിസ്തൃതി വന്‍ തോതില്‍ കുറയാന്‍ ഇത് ഇടയാക്കുമെന്നും കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ ഡോക്ടര്‍ ടി വി സജീവ് പറയുന്നു. ഒരു പ്രത്യേക ആവശ്യത്തിനായി ഏതു സ്ഥലവും എത്ര വേണമെങ്കിലും ഏറ്റെടുക്കുന്നതിന് പുതിയ നിയമം വരുന്നതോടെ വഴിയൊരുങ്ങും. റോഡുകളുമായും മറ്റും ബന്ധപ്പെട്ടു കിടക്കുന്ന വനഭൂമികള്‍ വന്‍ തോതില്‍ ഇല്ലാതാകാനും ഇടയാക്കും. ഇപ്പോള്‍ വനഭൂമി പദ്ധതികള്‍ക്കായി ഏറ്റെടുക്കണമെങ്കില്‍ പരിസ്ഥിതി ആഘാത പഠനം പോലെയുള്ള നിരവധി കടമ്പകള്‍ കടക്കേണ്ടി വരുന്നുണ്ട്. എന്നാല്‍ നിയമം ലഘൂകരിക്കപ്പെടുന്നതോടെ ഇത്തരം സാധ്യതകള്‍ ഒന്നും തന്നെ ഉണ്ടാവില്ല എന്നതാണ് വസ്തുത. വനഭൂമി ഏറ്റെടുക്കുന്നതിന് വനത്തെ ആശ്രയിച്ചു ജീവിക്കുന്നവരുടെ സമ്മതം വേണമെന്ന വനാവകാശ നിയമം എന്നത് ആദിവാസികളുെട അവകാശം സംരക്ഷിക്കാനുള്ള ഒന്നായാണ് ഏവരും വിലയിരുത്തിയിട്ടുള്ളത്. എന്നാല്‍ ഇതോടൊപ്പം ആദിവാസികള്‍ വനത്തിനുള്ളില്‍ താമസിക്കുന്നുണ്ടെങ്കിലും അവര്‍ വനത്തിന്റെ ആവാസ വ്യവസ്ഥയ്‌ക്കോ വനത്തിനോ കോട്ടം തട്ടാതെയുള്ള ജീവിതമാണു നയിക്കുന്നത്. ഒരു പ്രദേശത്ത് എന്തൊക്കെ വികസന പദ്ധതികളാണ് നടപ്പിലാക്കേണ്ടതെന്നതിനെക്കുറിച്ച് അറിയാന്‍ പൊതു ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഗുണകരമായ ചര്‍ച്ചകള്‍ ഉണ്ടാകുമായിരുന്നുവെങ്കില്‍ ഇനി അതുപോലും ഇല്ലാതാകുന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്. വടക്കന്‍ സംസ്ഥാനങ്ങളില്‍ ഗ്രാമസഭകളെന്ന പേരില്‍ വ്യാജമായി കമ്മിറ്റികള്‍ കൂടി തീരുമാനമെടുത്തിരുന്നുവെങ്കില്‍ ഇനി അതു തന്നെയാണ് നിയമം മാറ്റുന്നതോടെ ഇവിടെയും ഉണ്ടാകുന്നത് . ഓരോ പ്രദേശത്തെയും ത്രിതല ഗ്രാമസഭകള്‍ കൂടി ആ പ്രദേശത്ത് നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് ചര്‍ച്ചചെയ്തു തീരുമാനമെടുത്തു നടപ്പിലാക്കുന്ന വികസന പദ്ധതികള്‍ മാത്രമാണ് ആ പ്രദേശത്ത് നടപ്പിലാക്കേണ്ടതെന്നു നിര്‍ദേശിക്കുന്ന മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ ശുപാര്‍ശകളുടെ പ്രാധാന്യം കൂടി ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. ഡോക്ടര്‍ സജീവ് കൂട്ടിച്ചേര്‍ക്കുന്നു.

ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ എന്നു പറയുമ്പോള്‍ സംരക്ഷണം, പരിരക്ഷണം എന്ന വ്യത്യാസമുണ്ടെങ്കിലും ഇംഗ്ലീഷില്‍ ഇതിനു ദൂര വ്യാപകമായ പ്രത്യാഘാതമാണുള്ളതെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനുമായ അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ പറയുന്നു. നമുക്ക് കണ്‍സര്‍വേഷന്‍, പ്രിസര്‍വേഷന്‍, മാനേജ്മെന്റ് എന്നീ മൂന്നു തത്വങ്ങളാണുള്ളത്. സുസ്ഥിര വികസന തത്വങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നതാണിത്. കണ്‍സര്‍വേഷന്‍ എന്നതില്‍ നാം അതിന്റെ ഗുണഫലങ്ങള്‍ മാത്രം എടുത്ത ശേഷം അതിനെ നിലനില്‍ക്കുന്ന അവസ്ഥയില്‍ തന്നെ തുടരാന്‍ അനുവദിക്കും. വനത്തിന്റെ കാര്യത്തില്‍ നമുക്ക് ഈ സമീപനമാണു വേണ്ടത്. പ്രിസര്‍വേഷനാണ് മണലിന്റെ കാര്യത്തില്‍ നാം സ്വീകരിക്കുന്നത്. അതേസമയം ഇഷ്ടാനുസരണം ഉപയോഗിക്കുന്നതിനെയാണ് മാനേജ്മെന്റ് എന്നു പറയുന്നത്. പാറ പൊട്ടിക്കലിന്റെ കാര്യത്തില്‍ നാം ഇപ്പോള്‍ ഏതാണ്ട് മാനേജ്മെന്റ് തത്വമാണ് സ്വീകരിക്കുന്നത്. 1980-ല്‍ ല്‍ വന സംരക്ഷണ നിയമം കൊണ്ടു വരാന്‍ തന്നെ കാരണം സംസ്ഥാനങ്ങള്‍ വനഭൂമി മാനദണ്ഡങ്ങളില്ലാതെ തോന്നിയ രീതിയില്‍ ഉപയോഗിക്കുന്നതിനു തടയിടാനായാണ്. വന സംരക്ഷണ നിയമത്തിന്റെ സെക്ഷന്‍ രണ്ടില്‍ പറയുന്ന ഏതെങ്കിലും വനഭൂമി വനേതര ആവശ്യത്തിനല്ലാതെ വകമാറ്റി ഉത്തരവു പുറപ്പെടുവിക്കുന്നതിനു മുമ്പ് കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. ഈ നിയമമാണ് ഇപ്പോഴും നമ്മുടെ കാടുകളെ സംരക്ഷിച്ചു നിര്‍ത്തുന്നത്. ആദ്യം വനം മന്ത്രാലയമാണ് ഉണ്ടായത്. പിന്നീടാണ വനം പരിസ്ഥിതി മന്ത്രാലയം ഉണ്ടായത്. ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളിലല്ലാതെ വന ഭൂമി വിട്ടു നല്‍കുന്നതിനുള്ള ക്ലിയറന്‍സുകള്‍ കാര്യമായി നല്‍കേണ്ടതില്ലെന്നു തീരുമാനമെടുത്തതും സര്‍ക്കാരുകളാണ്. ഇതൊരിക്കലും പാര്‍ലമെന്റിന്റെ തീരുമാനമല്ലായിരുന്നുവെന്നു സാരം. പിന്നീട് വന നിയമങ്ങളില്‍ സുപ്രീം കോടതിയുടെ ഇടപെടലുണ്ടാവുന്നത് 1995-കളിലാണ്. 202/95 എന്ന ഗോദവര്‍മന്‍ തിരുമുല്‍പ്പാട് കേസിലെ പ്രശസ്തമായ സുപ്രീം കോടതി വിധിയില്‍ പറയുന്നത് കേന്ദ്ര സര്‍ക്കാരിന് വനഭൂമി സംരക്ഷിക്കാനും വര്‍ധിപ്പിക്കാനും ബാധ്യതയുണ്ടെന്നാണ്. ഇതോടൊപ്പം 1980-കളില്‍ ഏതെങ്കിലും ഭൂമി മനുഷ്യന്റെ ഇടപെടലില്ലാതെ നാച്ചുറല്‍ ഗ്രോത്ത് ഉണ്ടാവുകയാണങ്കില്‍ ഇതിനെയും വനത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താമെന്നായിരുന്നു ചരിത്ര പ്രസിദ്ധമായ ഈ വിധി. ഇതിനോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ബിജെപി നാളിതുവരെ ഭരണത്തിലിരുന്നപ്പോഴും അല്ലാത്തപ്പോഴും വനനിയമത്തിന്റെ നിര്‍വചനത്തിലെ അപര്യാപ്തതമൂലം എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെന്നു പറഞ്ഞിട്ടില്ല. ഇപ്പോഴത്തെ വന നിയമത്തിന്റെ നിര്‍വചനം തന്നെ മാറ്റി മറിക്കാനുള്ള അദാനി ഉള്‍പ്പടെയുള്ള കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടിയാണെന്നതു പകല്‍ പോലെ വ്യക്തമാണ്. വനഭൂമിയെ സംബന്ധിച്ചു പഠിക്കാന്‍ നിയോഗിച്ച സുബ്രഹ്മണ്യം  കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം 70 ശതമാനത്തിലധികം കനോപ്പിയില്ലാത്ത വനങ്ങള്‍ വനം എന്ന നിര്‍വചനത്തില്‍ നിന്നു മാറ്റാമെന്നാണ്. ഇതു പ്രകാരം ബാക്കി വനങ്ങള്‍ വനേതര ആവശ്യങ്ങള്‍ക്കായി വകമാറ്റാമെന്നാണ് കണ്ടെത്തല്‍. നിലവിലുള്ള നിയമപ്രകാരം വനഭൂമി വകമാറ്റാന്‍ കഴിയാത്തതിനാലാണ് വന സംരക്ഷണം എന്ന നിര്‍വചനം തന്നെ ഇല്ലാതാക്കുന്നത്. അതായത് മനുഷ്യനെ കൊല്ലാന്‍ നിലവിലെ നിയമപ്രകാരം വ്യവസ്ഥയില്ല. എന്നാല്‍ മുസ്ലിംകളെ മനുഷ്യന്‍ എന്ന നിര്‍വചനത്തില്‍ നിന്നു മാറ്റിയാല്‍ എത്ര മുസ്ലിംകളെ വേണമെങ്കിലും കൊല്ലാം എന്ന തരത്തിലാണ് നിയമം മാറ്റുന്നത്. പുതിയ വന സംരക്ഷണ നിയമം വന്നാല്‍ 70 ശതമാനത്തിലധികം വനഭൂമിയും വനമെന്ന നിര്‍വചനത്തില്‍ നിന്നു പുറത്താകും. ഗുജറാത്തിലെ ഗീര്‍ വനങ്ങളിലെ സിംഹങ്ങള്‍ക്കു പോലും രക്ഷയില്ലെന്നു സാരം. ഇത്തരം ഗുരുതരമായ വിഷയങ്ങള്‍ പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ്  മോദി വിദേശത്തു പോയി സെല്‍ഫി മാജിക്ക് നടത്തുന്നതും മുക്താര്‍ അബ്ബാസ് നഖ്വിയെപ്പോലുള്ളവര്‍ ബീഫ് ഫെസ്റ്റിനെക്കുറിച്ച് ചര്‍ച്ച നടത്തുന്നതും. രാജ്യത്തിന്റെ വനഭൂമി തന്നെ ഇല്ലാതാക്കുന്ന ഇത്തരം കോര്‍പ്പറേറ്റ് നയങ്ങള്‍ ചെറുത്തു തോല്‍പ്പിക്കണം. ഹരീഷ് വാസുദേവന്‍ അഭിപ്രായപ്പെടുന്നു.

വനമെന്ന നിര്‍വചനം തന്നെ മാറ്റുമ്പോള്‍ കേരളം  പോലുള്ള ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സംസ്ഥാനത്തെയാകും അതു കൂടുതല്‍ ദോഷകരമായി ബാധിക്കുക.കേരളത്തിലെ വനഭൂമിയുടെ സമ്പൂര്‍ണ നാശമായിരിക്കും വന നിയമം മാറ്റി മറിക്കുന്നതിലൂടെ ഉണ്ടാവുകയെന്ന് റിട്ട. ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററും മതികെട്ടാന്‍ ചോല കൈയേറ്റക്കാരില്‍ നിന്ന് ഒഴിപ്പിച്ച് നാഷണല്‍ പാര്‍ക്ക് ആക്കുന്നതിനു നേതൃത്വം നല്‍കിയ ആളുമായ വി കെ ഫ്രാന്‍സിസ് പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ ഏറെ താല്‍പര്യം കാട്ടുന്നതും എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാല്‍ മുടങ്ങിക്കിടക്കുന്നതുമായ പാത്രക്കടവ്, അതിരപ്പള്ളി പദ്ധതികള്‍ പൊടി തട്ടിയെടുത്തു നടപ്പിലാക്കാന്‍ വന നിയമത്തിലെ മാറ്റം ഇടവരുത്തും. ഇതോടൊപ്പം കേരളത്തെ സംബന്ധിച്ച് ഏറ്റവും ബാധിക്കുക മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തിലാണ്. മുല്ലപ്പെരിയാറില്‍ തമിഴ്‌നാട് ജലനിരപ്പുയര്‍ത്തിയാല്‍ വനഭൂമി നഷ്ടപ്പെടുമെന്ന വാദം നമുക്ക് ഉയര്‍ത്താന്‍ കഴിയാതെ വരും. കാരണം മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പുയര്‍ത്തുമ്പോള്‍ വെള്ളത്തില്‍ മുങ്ങുന്നതു കൂടുതലും പുല്‍മേടുകളായിരിക്കും.പുല്‍മേടുകള്‍ വനമെന്ന നിര്‍വചനത്തില്‍ നിന്ന് ഒഴിവാക്കപ്പെടുമ്പോള്‍ ഈ വാദം കേരളത്തിന് ഉയര്‍ത്താന്‍ കഴിയാതെ വരും. ഇതോടൊപ്പം വിവിധ മലയോര ഹൈവേ പദ്ധതികളും രാഷ്ട്രീയക്കാരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചു നടപ്പിലാക്കാനിടയാകും. സിഎച്ച്ആര്‍(കാര്‍ഡമം ഹില്‍ റിസര്‍വ്) എന്ന നിര്‍വചനവും ഇല്ലാതാകും.ഇതോടൊപ്പം നെല്ലിയാമ്പതിയിലും മറ്റും പാട്ട വ്യവസ്ഥ ലംഘിച്ചതിനു വനം വകുപ്പ് പിടിച്ചെടുത്ത വിവിധ എസ്റ്റേറ്റുകളും സര്‍ക്കാരിനു നഷ്ടപ്പെടാനാണു സാധ്യത. മൊത്തത്തില്‍ കേരളത്തിലെ നല്ലൊരു പങ്ക് വനഭൂമിയും ഇല്ലാതാക്കാന്‍ വനനിയമം മാറ്റുന്നത് ഇടയാക്കും വി കെ ഫ്രാന്‍സിസ് കൂട്ടിച്ചേര്‍ക്കുന്നു.

കുത്തകകള്‍ക്കു വേണ്ടി വന നിയമം തന്നെ അപ്രസക്തമാക്കുമ്പോള്‍ പുല്‍മേടുകള്‍ ഉള്‍പ്പെടെയുള്ളവ വന സംരക്ഷണ നിയമത്തില്‍ നിന്നു പുറത്താകുന്നത് ഗുരുതരമായ പാരിസ്ഥിതിക നാശത്തിനിടയാക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വികസനത്തിനു വേണ്ടി എന്തു വിട്ടു വീഴ്ചയും ആകാമെന്ന ആധുനിക സിദ്ധാന്തത്തിനു വഴങ്ങി വനങ്ങള്‍ക്കു മേലും ഭരണകൂടത്തിന്റെ കരങ്ങള്‍ നീളുമ്പോള്‍ വന്യ ജീവികളും വനത്തെ മാത്രം ആശ്രയിച്ചു കഴിയുന്നവരും എവിടെ പോകണമെന്ന ചോദ്യം  ബാക്കിയാവുകയാണ്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍