UPDATES

ട്രെന്‍ഡിങ്ങ്

കാട്ടില്‍ വഴികാട്ടാന്‍ ഇനി കണ്ണനില്ല; ഫോറസ്റ്റ് വാച്ചര്‍ കണ്ണന്‍ അന്തരിച്ചു

37 വര്‍ഷമായി കണ്ണന്‍ കാടിനൊപ്പമായിരുന്നു

കാടിനെ ഏറെയടുത്തറിഞ്ഞ വാച്ചര്‍ കണ്ണന്‍ വിടപറഞ്ഞു. താടിക്കണ്ണന്‍ എന്നപേരില്‍ സഞ്ചാരികള്‍ക്ക് ഏറെ പ്രശസ്തനായിരുന്ന പെരിയാര്‍ വന്യജീവി സങ്കേതത്തിലെ ഫോറസ്റ്റ് വാച്ചറായ ജി കണ്ണന്‍ ബുധനാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്. കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.56 വയസ് ഉണ്ടായിരുന്നു.

നാലുപതിറ്റാണ്ടോളമായി വനസംരക്ഷണപ്രവര്‍ത്തനത്തില്‍ മുഴുകിയ കണ്ണന്‍ കാടിനെയും വന്യമൃഗങ്ങളെയും ജിവനുതുല്യം സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു. ഇന്നലെ ഉച്ചയോടെ താത്കാലിക ജീവനക്കാരനായ ചന്ദ്രനൊപ്പം വീട്ടിലേക്ക് നടക്കുമ്പോഴാണ് കണ്ണന്‍ പെട്ടെന്നു കുഴഞ്ഞുവീണത്. വനപാലകരുടെ സഹായത്തോടെ കുമളി ആശുപത്രിയില്‍ എത്തിച്ചെങ്കിലും കണ്ണന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കുമളി മന്നാക്കുടി ആദിവാസി കോളനിയില്‍ താമസക്കാരനായ കണ്ണന്‍ 20 ആം വയസിലാണ് തേക്കടിയില്‍ വാച്ചറായി ജോലിയില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ 37 വര്‍ഷമായി കണ്ണന്‍ കാടിനെ സേവിക്കുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് കണ്ണനെ സര്‍ക്കാര്‍ വാച്ചര്‍ തസ്തികയില്‍ സ്ഥിരപ്പെടുത്തിയത്. ബോട്ട് ഡ്രൈവര്‍, വിഐപികളുടെ കാട്ടിലെ വഴികാട്ടി എന്നിങ്ങനെയും കണ്ണനെ എല്ലാവര്‍ക്കും അറിയാമായിരുന്നു. മാസത്തില്‍ 20 ദിവസത്തോളവും കണ്ണന്‍ കാട്ടില്‍ തന്നെയായിരുന്നു. ഒടുവില്‍ മരണവും അവിടെ തന്നെ.

കാട്ടിലെ മരങ്ങളുടെയും പക്ഷികളുടെയും ശലഭങ്ങളുടെയും മീനുകളുടെയുമെല്ലാം ശാസ്ത്രീയനാമങ്ങള്‍ പോലും കണ്ണന്‍ മനപാഠമാക്കിയിരുന്നു. വന്യമൃഗങ്ങളുടെ സാന്നിധ്യം അറിയാനുള്ള കണ്ണന്റെ പ്രത്യേക കഴിവും നിരവധി സഞ്ചാരികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകര്‍, ഗവേഷക വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കെല്ലാം കണ്ണന്‍ സഹായി ആയിരുന്നു.

കണ്ണന്റെ തന്റെ സേവനകാലത്ത് നിരവധി പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്. കടുവ സംരക്ഷണത്തിനായി നല്‍കുന്ന ഭാഘ്‌സേവക് അവാര്‍ഡ്, സാങ്ച്വറി ഏഷ്യ അവാര്‍ഡ്, പ്രകൃതി സംരക്ഷണത്തിനുള്ള മാധവന്‍പിള്ള ഫൗണ്ടേഷന്‍ അവാര്‍ഡ്, തിരുവനന്തപുരം ഗ്രീന്‍ ഇന്‍ഡ്യന്‍സ് അവാര്‍ഡ് തുടങ്ങി ഒട്ടനേകം പുരസ്‌കാരങ്ങള്‍ കണ്ണനെ തേടിയെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍