UPDATES

മുന്‍ കോണ്‍ഗ്രസുകാരെക്കൊണ്ട് ബിജെപി നിറയുമോ?

കോണ്‍ഗ്രസ് മുക്ത ഭാരതം സാക്ഷാത്കരിക്കാന്‍ കോണ്‍ഗ്രസില്‍ നിന്നും നേതാക്കളെ കടംകൊള്ളേണ്ടിവരുന്നത് വേണ്ടത്ര നേതാക്കന്മാരെ ഉണ്ടാക്കിയെടുക്കാനുള്ള ആര്‍എസ്എസിന്റെ കഴിവില്ലായ്മയെയാണ് കാണിക്കുന്നത്

എന്‍. ബീരേന്‍ സിംഗ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതോടെ ബിജെപി ആദ്യമായി വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ ഒരു സര്‍ക്കാരുണ്ടാക്കി. സംസ്ഥാനത്തെ മുന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ അംഗമായിരുന്നു ബീരേന്‍ സിംഗ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് അയാള്‍ കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്നത്.

ഏതാണ്ടെല്ലാ പ്രകടനങ്ങളിലും ‘കോണ്‍ഗ്രസ് മുക്ത ഭാരതം’ എന്നു ഷാ ആവര്‍ത്തിച്ചിരുന്നു. പക്ഷേ അതിനു പകരം ബിജെപി ഇപ്പോള്‍ കോണ്‍ഗ്രസുകാരെക്കൊണ്ട് നിറയുകയാണ്. ഇപ്പോള്‍ അവര്‍ ജയിച്ച മിക്കയിടങ്ങളിലും നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്നും വന്നവരാണ്. മണിപ്പൂര്‍ ഒരുദാഹരണം മാത്രം.

ഉത്തരാഖണ്ഡില്‍ സത്പാല്‍ മഹാരാജ്, ഭാര്യ അമൃത റാവത്ത്, മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണ, മുന്‍ സ്പീക്കര്‍ യശ്പാല്‍ ആര്യ, മുന്‍ മന്ത്രി ഹരക് സിംഗ് റാവത്, സുബോധ് ഉന്യാല്‍, പ്രണവ് സിംഗ്, കേദാര്‍ സിംഗ് റാവത്, പ്രദീപ് ബത്ര, രേഖ ആര്യ എന്നിവരെല്ലാം കോണ്‍ഗ്രസില്‍ നിന്നും വന്നവരാണ്. മഹാരാജ്, യശ്പാല്‍, ഹരക്, ഉന്യാല്‍, രേഖ എന്നിവര്‍ പുതിയ 9 അംഗ മന്ത്രിസഭയില്‍ സ്ഥാനം പിടിക്കുകയും ചെയ്തു.

ഗോവയില്‍ മുന്‍കോണ്‍ഗ്രസ് എംഎല്‍എമാരായ വിജയ് പൈ ഘോട് പ്രവീണ്‍ ജയന്തേ, പാണ്ഡുരംഗ് മഡ്കൈക്കാര്‍ 2017-ലെ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റിലാണ് മത്സരിച്ചത്. പാര്‍ട്ടിയില്‍ ഇതിനെച്ചൊല്ലി തര്‍ക്കമുണ്ടായെങ്കിലും അതവഗണിക്കപ്പെട്ടു.

ഇതിന്റെ മകുടോദാഹരണം അരുണാചല്‍ പ്രദേശ് ആണ്. 2014-ല്‍ നിയമസഭയിലെ 60-ല്‍ 42 അംഗങ്ങളും കോണ്‍ഗ്രസുകാരായിരുന്നു. ഇന്നിപ്പോള്‍ 47 പേര്‍ ബിജെപിക്കാരാണ്. മിക്കവരും മുന്‍ കോണ്‍ഗ്രസുകാര്‍.

സെപ്റ്റംബര്‍ 2016-ല്‍ പേമ ഖണ്ഡു കോണ്‍ഗ്രസ് വിട്ട് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ പ്രദേശില്‍ ചേര്‍ന്നു. ഡിസംബറില്‍ ആ പാര്‍ട്ടിയും വിട്ടു ബിജെപിയില്‍ ചേര്‍ന്നു. ഖണ്ഡ് ഇപ്പോള്‍ സംസ്ഥാനത്ത് മുഖ്യമന്ത്രിയാണ്. അയാളുടെ അച്ഛന്‍ മുന്‍ കോണ്‍ഗ്രസ് നേതാവും അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയും ആയിരുന്നു.

അസമിലും സാഹചര്യം വ്യത്യസ്തമല്ല. ഹിമാന്ത ബിശ്വാ ശര്‍മ, പാളബ് ലോചന്‍ ഡാസ്, ജയന്ത് മല്ല ബറുവ, പീയൂശ് ഹസാരിക, രജെന്‍ ബോര്‍താക്കുര്‍, അബു തെഹാര്‍ ബെപാരി, ബിനാന്ദ കുമാര്‍ സൈക്യാ, ബോളി ചേത്യ, പ്രദാന്‍ ബറുവ, കൃപാനാഥ് മല്ല എന്നിവരെല്ലാം മുന്‍ കോണ്‍ഗ്രസുകാരാണ്. ഇതില്‍ ശര്‍മയും ദാസും ഇപ്പോള്‍ സംസ്ഥാനത്ത് ബിജെപി മന്ത്രിസഭയില്‍ അംഗങ്ങളാണ്. 15 വര്‍ഷം കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന് ശര്‍മ ബിജെപി വിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. പുതുതായി രൂപം കൊടുത്ത വടക്കുകിഴക്കന്‍ ജനാധിപത്യ സഖ്യത്തിന്റെ കണ്‍വീനറായും പാര്‍ട്ടി അയാളെയാണ് നിയോഗിച്ചിരിക്കുന്നത്.

2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നിരവധി പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍, ചൌധരി വീരേന്ദ്ര സിംഗ്, റാവോ ഇന്ദര്‍ജിത് സിംഗ്, ജഗദംബിക പാല്‍, ഡി. പുരന്ദരേശ്വരി, കൃഷ്ണ തീരത്ത് എന്നിവരടക്കമുള്ളവര്‍ ബി ജെ പിയില്‍ ചേര്‍ന്നിരുന്നു.

‘വ്യത്യസ്തമായൊരു കക്ഷി’ എന്നതില്‍ നിന്നും ‘കോണ്‍ഗ്രസ് മുക്ത ഭാരത്തിലേക്ക്’ മുദ്രാവാക്യം മാറ്റിയ ബിജെപി പക്ഷേ ഈ പോക്കിലുള്ള അണികളുടെ നിരാശയെ മാനിക്കുന്നില്ല.

ഈയടുത്ത് ഗോവിന്ദാചാര്യ പറഞ്ഞത്, “ഇന്ന്, രാഷ്ട്രീയകക്ഷികള്‍ അധികാരത്തിനുള്ള ആര്‍ത്തി പിടിച്ച സംഘങ്ങളായിരിക്കുന്നു. കക്ഷിമാറ്റം ആ മോശം സംസ്കാരത്തിന്റെ ഭാഗമാണ്,” എന്നാണ്. ദീര്‍ഘകാലം ബിജെപിയുടെ സൈദ്ധാന്തികാചാര്യനായിരുന്നു ഗോവിന്ദാചാര്യ.

ബിജെപി ഒരു കേഡര്‍ പാര്‍ട്ടിയാണ്, സംഘപരിവാര്‍ അതിന്റെ നേതാക്കളെ രൂപപ്പെടുത്തിയെടുക്കുന്നു. അംഗത്വം വെച്ചുനോക്കിയാല്‍ രണ്ടാമത്തെ വലിയ കക്ഷി എന്നവകാശപ്പെടുന്ന ബിജെപിക്ക് കോണ്‍ഗ്രസ് മുക്ത ഭാരതം സാക്ഷാത്കരിക്കാന്‍ കോണ്‍ഗ്രസില്‍ നിന്നും നേതാക്കളെ കടംകൊള്ളേണ്ടിവരുന്നത് വേണ്ടത്ര നേതാക്കന്മാരെ ഉണ്ടാക്കിയെടുക്കാനുള്ള ആര്‍എസ്എസിന്റെ കഴിവില്ലായ്മയെയാണ് കാണിക്കുന്നത്.

ഇതേറ്റവും പ്രതികൂലമായി ബാധിച്ചിരിക്കുന്നത് പാര്‍ട്ടി അണികളെയാണ്. അവര്‍ക്ക് ചതിക്കപ്പെട്ടു എന്ന തോന്നലാണ്. അവര്‍ ദീര്‍ഘകാലം പാര്‍ട്ടിക്കുവേണ്ടി പണിയെടുക്കുന്നു, പക്ഷേ മുഖ്യമന്ത്രി പദവിയും മന്ത്രിസ്ഥാനവുമെല്ലാം ഇന്നലെ വന്നവര്‍ കൈക്കലാക്കുന്നു.

ബിജെപി പല സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുണ്ടാകാമെങ്കിലും സംഘടനയുമായി ബന്ധമില്ലാത്ത നേതാക്കള്‍ക്ക് ഉന്നതപദവികള്‍ നല്‍കിയത് മൂലം അവിടെയെല്ലാം സംഘടന ദുര്‍ബ്ബലമായിരിക്കുന്നു.

ആര്‍എസ്എസ് സൈദ്ധാന്തികന്‍ രാകേഷ് സിന്‍ഹ എന്നാല്‍ ഈ വിലയിരുത്തലിനെ അംഗീകരിക്കുന്നില്ല. “ഒരു രാഷ്ട്രീയകക്ഷി എന്ന നിലയില്‍ നിങ്ങള്‍ക്ക് വിശുദ്ധരായിരിക്കാന്‍ കഴിയില്ല. ഇത് രാഷ്ട്രീയത്തില്‍ പുതുമയല്ല. ജന്‍ സംഘിന്റെ കാലം മുതല്‍ക്ക് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്.”

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പ്രദീപ് സിംഗ് പറയുന്നു, “ഏത് രാഷ്ട്രീയകക്ഷിയും രണ്ടു വഴികളിലാണ് വളരുന്നത്. ഒന്നു ജൈവവളര്‍ച്ചയാണ്. പാര്‍ട്ടി 10-20 കൊല്ലമെടുത്ത് പ്രവര്‍ത്തകരെ എംപി, എംഎല്‍എ, തുടങ്ങിയ പദവികളില്‍ എത്തിക്കാന്‍ തയ്യാറെടുപ്പിക്കുന്നു. മറ്റൊന്ന്, അജൈവമാണ്. മറ്റ് കക്ഷികളില്‍ നിന്നും നേതാക്കളെ ആകര്‍ഷിക്കുന്നു. പാര്‍ട്ടിയുടെ ആവേശത്തെ ഇത് ബാധിക്കുന്നില്ല. തഴക്കമുള്ള നേതാക്കളുടെ ബലത്തില്‍ തെരഞ്ഞെടുപ്പുകള്‍ വിജയിക്കുന്നു. ഇത് ലോകത്തെവിടെയും രാഷ്ട്രീയകക്ഷികളില്‍ കണ്ടുവരുന്ന ഒന്നാണ്. നേരത്തെ ഇതേ തന്ത്രം തെരഞ്ഞെടുപ്പ് വിജയിക്കാന്‍ കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്നു. പിന്നീട് ജനതാ ദളും ജനതാ പാര്‍ടിയും അത് തുടര്‍ന്നു. ബിജെപിയും അതേ വഴി പിന്തുടരുന്നു. പാര്‍ലമെന്റില്‍ അടിയന്തരാവസ്ഥ ബില്‍ കൊണ്ടുവന്ന ജഗ്ജീവന്‍ റാം പിന്നെ ജനതാ സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയായി.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍