UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഷം തുപ്പുന്നവരെ ശിക്ഷിക്കണം; പ്രമുഖര്‍ സുപ്രീം കോടതിയോട്

Avatar

കേന്ദ്രസര്‍ക്കാരില്‍ ശക്തമായ പദവികളിലുള്ള പലരും നടത്തുന്ന ആശങ്കാജനകവും ഭീഷണവുമായ തരത്തിലുള്ള വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ മുന്‍ ന്യായാധിപരും നിയമവിദഗ്ദ്ധരും മുന്‍ ഐ പി എസ് ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു സംഘം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോടും മറ്റ് ന്യായാധിപന്‍മാരോടും ഒരു കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നു. കത്തിന്റെ പൂര്‍ണരൂപം താഴെ കൊടുക്കുന്നു

ബഹുമാനപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി എസ് ഥാക്കൂര്‍, മറ്റ് സുപ്രീം കോടതി ന്യായാധിപന്‍മാര്‍ക്കും,

1. കേന്ദ്ര സര്‍ക്കാരില്‍ ശക്തമായ വിവിധ പദവികളിലുള്ള പലരും ആശങ്കാജനകവും ഭീഷണവുമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നത്  ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെയും അതുവഴി രാജ്യത്തിന്റെയും  ശ്രദ്ധയില്‍ കൊണ്ടുവരാനും കോടതി ഇക്കാര്യത്തില്‍ സ്വമേധയാ ഭരണഘടന നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെടാനും ഞങ്ങള്‍ ആഗ്രഹിക്കുകയാണ്.

2. ഈ പ്രസ്താവനകള്‍ ഇന്ത്യയിലെ പൌരന്‍മാര്‍ക്കിടയില്‍, പാര്‍ശ്വവത്കൃത ജനവിഭാഗങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ചും ന്യൂനപക്ഷങ്ങള്‍ക്കിടയിലും ദളിതരിലും ആദിവാസികളിലും ഭയവും അരക്ഷിതാവസ്ഥയും വളര്‍ത്തിയിരിക്കുന്നു.

3. ‘അന്തിമയുദ്ധത്തിനായി മുസ്ലീങ്ങള്‍ക്ക് താക്കീതു’ എന്ന തലക്കെട്ടുള്ള ഒരു വാര്‍ത്ത ഞങ്ങള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. കേന്ദ്ര മന്ത്രിസഭയിലെ ഒരു മന്ത്രിയുടെയും ഭരണകക്ഷിയിലെ ഒരു പാര്‍ലമെന്റ് അംഗത്തിന്റെയും സാന്നിധ്യത്തിലാണ് അവിടെ മുസ്ലീങ്ങളെ രാക്ഷസന്‍മാരും രാവണന്റെ പിന്‍മുറക്കാരുമായി വിശേഷിപ്പിച്ചതും അവര്‍ക്ക് ‘അന്തിമയുദ്ധത്തിന്റെ’ താക്കീതു നല്‍കിയതും.

4. ഇന്ത്യന്‍ എക്സ്പ്രസ്സില്‍ ഫെബ്രുവരി 29, 2016-നു വന്ന ഈ വാര്‍ത്തയനുസരിച്ച്, ഒരു പൊതുയോഗത്തിലെ പ്രസംഗകര്‍ ‘മുസ്ലീങ്ങളെ ഒറ്റപ്പെടുത്താനും രാക്ഷസന്‍മാരെ നശിപ്പിക്കാനും’ ഹിന്ദുക്കളോട് ആഹ്വാനം ചെയ്തു. മഹൌറിന്റെ 13-ആം ദിവസത്തെ മരണാനന്തര ക്രിയകള്‍ക്ക് മുമ്പായി ‘പ്രതികാരം’ ചെയ്യാനുള്ള എല്ലാ ‘തയ്യാറെടുപ്പുകളും’ പൂര്‍ത്തിയായതായും അവിടെ പ്രഖ്യാപിച്ചു. ‘അയാളുടെ ബലിദാനത്തിന് മുന്നില്‍ മനുഷ്യ തലയോട്ടികളര്‍പ്പിക്കും,” നേരത്തെ മുസ്ലീങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിന് തടവിലായ വി എച്ച് പി ജില്ല സെക്രട്ടറി അശോക് ലാവാനിയ പറഞ്ഞു.

5. ഉത്തര്‍പ്രദേശില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടു, ബി ജെ പി എം എല്‍ എ ജഗന്‍ പ്രസാദ് ഗാര്‍ഗ് ജനക്കൂട്ടത്തോട് പറഞ്ഞു,“നിങ്ങള്‍ക്ക് വെടിയുതിര്‍ക്കേണ്ടി വരും, നിങ്ങള്‍ക്ക് തോക്കേടുക്കേണ്ടിവരും, നിങ്ങള്‍ക്ക് കഠാരകള്‍ അണിയേണ്ടിവരും. 2017-ല്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്, ഇപ്പോഴേ നിങ്ങളുടെ ശക്തി കാണിക്കാന്‍ തുടങ്ങണം.”‘രക്തം തിളയ്ക്കാത്ത ഒരു ഹിന്ദുവും ഹിന്ദുവല്ല” എന്നു 5000-ത്തോളം വരുന്ന ആള്‍ക്കൂട്ടം ആക്രോശിച്ചു.

6. ബി ജെ പിയുടെ എം പി ബാബുലാല്‍ മുസ്ലീങ്ങളുമായി  പരസ്യമായേറ്റുമുട്ടാന്‍ ആഹ്വാനം ചെയ്തു. “ഞങ്ങളെ പരീക്ഷിക്കാന്‍ ശ്രമിക്കരുത്, സമുദായത്തിനെ അപമാനിക്കുന്നത് ഞങ്ങള്‍ സാഹിക്കില്ല. ഒരുതരത്തിലും സംഘര്‍ഷം ഉണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഹിന്ദുക്കളെ പരീക്ഷിക്കാന്‍ നിങ്ങള്‍ തീരുമാനിച്ചാല്‍, ഒരു ദിവസം തീരുമാനിച്ച് മുസ്ലീങ്ങളെ നേരിടുക.”

7. ആഗ്രയില്‍ നിന്നുള്ള മറ്റൊരു ബി ജെ പി നേതാവ് കുന്ദനീക ശര്‍മ പറഞ്ഞത്,“ഈ വഞ്ചകരുടെ തലകളാണ് നമുക്ക് വേണ്ടത്, അരുണ്‍ മഹൌറിന്റെ കൊലപാതകികളുടെ,” എന്നാണ്. “ഇത് നിശബ്ദരായിരിക്കാനുള്ള സമയമല്ല. കേറിയടിക്ക്, ഒരു തലയ്ക്ക് പത്തെണ്ണം എന്ന കണക്കില്‍ അവരോട് പകരം വീട്ട്.”

8. വി എച്ച് പി ജില്ലാ സെക്രട്ടറി അശോക് ലാവാനിയ പറഞ്ഞിരിക്കുന്നു,“അന്തിമമായി അത് സമൂഹത്തിന്റെ നടപടിയാണ്. ഒരിക്കല്‍ ആളുകളെ പ്രചോദിപ്പിച്ചാല്‍, പിന്നെ ഒരു ചോദ്യവും ഉണ്ടാകില്ല. രാമജന്‍മഭൂമിയും മുസഫര്‍നാഗറും പോലെ പാര്‍ട്ടി അപ്രത്യക്ഷമാകും. പക്ഷേ 3-ആം ദിവസത്തിന് മുമ്പായി പ്രതികാരം ചെയ്യുമെന്നുറപ്പാണ്. രക്തത്തിന് രക്തം. മനൌത പ്രദേശത്തായിരിക്കും (മഹൌര്‍ കൊല്ലപ്പെട്ട സ്ഥലം) നടപടി എന്നത് വ്യക്തമാണ്, പക്ഷേ അത് ആഗ്ര മുഴുവനും ഉണ്ടാകും. നമ്മള്‍ പൂര്‍ണസജ്ജരാണ്. അവര്‍ തിരിച്ചടിച്ചാല്‍ അതൊരു മഹായുദ്ധമായിരിക്കും, മഹാഭാരതം. അന്തിമയുദ്ധം.”

9. “കാളീപൂജയ്ക്കിടയില്‍ രാക്ഷസന്‍മാരേ കൊന്നു തലയോട്ടികള്‍ നേദിക്കും. അദ്ദേഹത്തിന്റെ 13-ആം നാലിന് മുമ്പായി ഹിന്ദു സമുദായം അതുപോലെ തലയോട്ടികള്‍ നേദിക്കും. എനിക്കു ആത്മവിശ്വാസമുണ്ട്,” ലാവാനിയ പറഞ്ഞു.

10. തങ്ങള്‍ സ്വന്തം നീതി നടപ്പാക്കുമെന്ന് പറഞ്ഞ വി എച്ച് പി നേതാവ് സുരേന്ദ്ര ജെയിന്‍ തന്റെ അണികളോട് ഗ്രാമങ്ങള്‍ തോറും ഗോ രക്ഷ സമിതികള്‍ രൂപവത്കരിക്കാന്‍ ആവശ്യപ്പെട്ടു. ‘അധികാരികളുടെ ജോലി തങ്ങള്‍ ചെയ്യുകയാണെങ്കില്‍ അധികൃതര്‍ തങ്ങളുടെ ശ്രമങ്ങളെ തടയരുത്” എന്നും അയാള്‍ ആവശ്യപ്പെട്ടു. “ആര്‍ക്കെങ്കിലും, ഐ ജി ഇവിടെയുണ്ടെങ്കില്‍, നിയമത്തെക്കുറിച്ച് സംശയമുണ്ടെങ്കില്‍ എന്റടുത്തു വരാം. നിങ്ങള്‍ (പൊലീസ്) നിങ്ങളുടെ ജോലി ചെയ്തില്ലെങ്കില്‍ സാധാരണ പൌരന്‍മാര്‍ക്ക് നിയമം കയ്യിലെടുക്കാമെന്ന് ഐ പി സിയില്‍ ഉള്ളത് ഞാന്‍ കാണിച്ചുതരാം.

11. ബജരംഗ് ദള്‍ ജില്ല ഭാരവാഹി ജഗ്മോഹന്‍ ചഹാര്‍ മുസ്ലീങ്ങളെ,“പരസ്യമായി ഇറങ്ങാന്‍” വെല്ലുവിളിച്ചു.

12. ഉത്തര്‍ പ്രദേശില്‍ വരാനിരിക്കുന്ന(2017), മറ്റ് പല സംസ്ഥാനങ്ങളിലും ഈ വര്ഷം നടക്കുന്ന തെരഞ്ഞെടുപ്പുകളെക്കുറിച്ച് വാര്‍ത്തയില്‍ സൂചിപ്പിക്കുന്നു. ഈ വസ്തുത സാമൂഹ്യ ഐക്യത്തിനും സമാധാനത്തിനും ഗുണകരമല്ല.

13. കേന്ദ്ര ഭരണകക്ഷിയും അതിന്റെ കേന്ദ്രത്തിലും പ്രാദേശിക തലത്തിലുമുള്ള പ്രതിനിധികളും ഇത്തരത്തില്‍ സംഘര്‍ഷത്തിന് തിരികൊളുത്തുന്ന  അപകടകരമായ വികാരങ്ങള്‍ ആളിക്കത്തിക്കുന്നു എന്ന വസ്തുതയില്‍ ഈ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുള്ള പൌരന്‍മാര്‍ എന്ന നിലയില്‍, അടിയന്തരമായി നടപടിയെടുക്കണമെന്ന് ഞങ്ങള്‍ സുപ്രീം കോടതിയോട് ആവശ്യപ്പെടുകയാണ്.

14. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14,19,21,25 എന്നിവ പ്രകാരമുള്ള ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്.

15. അതുകൊണ്ടു ഈ വിഷയങ്ങളില്‍ സുപ്രീം കോടതി സ്വമേധയാ നടപടിയെടുക്കണമെന്നും എല്ലാ ഇന്ത്യക്കാരുടെയും മൌലികാവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

16. മതഭിന്നതകള്‍ക്കപ്പുറത്ത് ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കിടയിലും ഐക്യവും സാമുദായിക സൌഹാര്‍ദവും വളര്‍ത്താനുള്ള 51A(e ) പ്രകാരമുള്ള ഭരണഘടന ചുമതല ലംഘിച്ച മന്ത്രി, എം പി, എം എല്‍ എ, മറ്റ് കുറ്റക്കാരായവര്‍ എന്നിവര്‍ക്കെതിരെ ശിക്ഷനടപടികളെടുക്കണം.

17. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 124A, 153A, 153B, 292, 293, 295A, 505 എന്നിവ അനുസരിച്ചും കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണം.

18. വിദ്വേഷ പ്രസംഗവും, തുടര്‍ന്നുള്ള പ്രാന്തവത്കൃതരായ ജനവിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും തടയാന്‍ ഇത്തരം യോഗങ്ങളും മറ്റും നിരീക്ഷിക്കാന്‍ ഒരു സ്ഥിരം കമ്മീഷനെ നിയമിക്കാനും ബഹുമാനപ്പെട്ട സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിക്കുകയാണ്. ഇത്തരം പ്രസ്താവനകള്‍ മൂലം നമ്മുടെ രാജ്യം അപകടകരമായ അവസ്ഥയുടെ വക്കിലാണ്.

19.  ഭരണകക്ഷിയുടെ നേതാക്കളും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും മന്ത്രിമാരും നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ ഒരു പട്ടിക ഞങ്ങള്‍ ഇതോടൊപ്പം വെക്കുന്നുണ്ട്. മെയ് 2014-നു ശേഷം നടത്തിയ ഇത്തരം പ്രസ്താവനകള്‍ തെളിയിക്കുന്നത് ഈ വാര്‍ത്ത ഒരൊറ്റപ്പെട്ട സംഭവമല്ലെന്നും അപകടകരവും കുത്സിതവുമായ ഒരു ഘടനയുടെ ഭാഗമാണെന്നുമാണ്.

20. ഇതോടൊപ്പം നല്കിയ സൂചനകള്‍ ചിലത് മാത്രമാണ്. ഇത്തരം വിദ്വേഷ പ്രസംഗങ്ങളും പ്രസ്താവനകളും നടത്തിയവരില്‍ പലരും അത്തരത്തില്‍ മൂന്നും നാലും പ്രസംഗങ്ങള്‍ നടത്തിയവരാണ്. അവ ഉചിതമായ സമയത്ത് സമര്‍പ്പിക്കുന്നതാണ്.

ഒപ്പ്:

  1. ജസ്റ്റിസ് പി ബി സാവന്ത്
  2. ജൂലിയോ റിബെയ്റോ (മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍)
  3. ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍
  4. ജസ്റ്റിസ് ബി ജി കോല്‍സെ പാട്ടീല്‍
  5. ജസ്റ്റിസ് ഹോസ്ബെട് സുരേഷ്
  6. ഇക്ബാല്‍ ചഗ്ല (മുതിര്‍ന്ന അഭിഭാഷകന്‍)
  7. സൈറസ് ഗുസ്ദാര്‍ (വ്യാപാരി)
  8. പി എം ഭാര്‍ഗവ (ശാസ്ത്രജ്ഞന്‍)
  9. സയിദ് സഫര്‍ മഹമൂദ് (സകാത് ഫൌണ്ടേഷന്‍ അദ്ധ്യക്ഷന്‍)
  10. ഡോക്ടര്‍ പക്കിയം ടി സാമുവല്‍
  11. നന്ദന്‍ മല്യൂസ്റ്റെ
  12. ജനക് ദ്വാരകദാസ് (മുതിര്‍ന്ന അഭിഭാഷകന്‍)
  13. നവ്രോസ് എച്ച് സീര്‍വായ് (മുതിര്‍ന്ന അഭിഭാഷകന്‍)
  14. അനില്‍ ധര്‍കര്‍ (മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍)
  15. ഐ എം കാദ്രി (ആര്‍കിടെക്ട്)
  16. എസ് എം മുഷ്രിഫ് (മുന്‍ പൊലീസ് ഐ ജി Avatar

    സുപ്രീം കോടതിക്ക് സമര്‍പ്പിച്ച ചില വിദ്വേഷപ്രസംഗങ്ങള്‍:

  1. കേന്ദ്ര സഹമന്ത്രി (HRD) കതെരിയ സംഘ് യോഗത്തില്‍ ‘അന്തിമ പോരാട്ടത്തിന്’ ആഹ്വാനം ചെയ്തു. “നമ്മുടെ ശക്തി കാണിക്കണം,” എന്നാണ് ബി ജെ പി എം പിമാരും എം എല്‍ എമാരും ഉള്ള യോഗത്തില്‍ പറഞ്ഞത്. വഞ്ചകര്‍, രാക്ഷസര്‍ എന്നൊക്കെ മുസ്ലീങ്ങളെ വിളിച്ച യോഗത്തില്‍ ഹിന്ദുക്കളോട് തെരഞ്ഞെടുപ്പിനായി തോക്കെടുക്കാനും ആവശ്യപ്പെട്ടു.
  2. വിദേശകാര്യ സഹമന്ത്രി വി കെ സിങ്,“ആരെങ്കിലും ഒരു നായയെ കല്ലെറിഞ്ഞാല്‍ സര്‍ക്കാരാണോ ഉത്തരവാദി?” വിരമിച്ച ജനറലും കേന്ദ്രമന്ത്രിയുമായ സിങ് 2015 നവംബറില്‍ ഫരീദാബാദില്‍ രണ്ടു ദളിത് കുട്ടികളുടെ കൊലപാതകത്തിനോടുള്ള പ്രതികരണമായാണ് ഇങ്ങനെ പറഞ്ഞത്.
  3. കേന്ദ്ര സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി,“രാമന്റെ മക്കളുടെ സര്ക്കാര്‍ വേണോ അതോ തന്തയില്ലാത്തവരുടെ സര്ക്കാര്‍ വേണോ എന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ തീരുമാനിക്കണം” (ഡിസംബര്‍ 2014)
  4. ബി ജെ പി എം പി യോഗി ആദിത്യനാഥ്, മുസ്ലീങ്ങള്‍ ലാവ് ജിഹാദ് നടത്തുന്നു എന്നാരോപിച്ചുകൊണ്ടു,“അവര്‍ ഒരു ഹിന്ദു പെണ്‍കുട്ടിയെ എടുത്താല്‍ നമ്മള്‍ 100 മുസ്ലീം പെണ്‍കുട്ടികളെ എടുക്കണം. അവര്‍ ഒരു ഹിന്ദുവിനെ കൊന്നാല്‍ നാം 100 മുസ്ലീങ്ങളെ കൊല്ലണം.”(ആഗസ്ത് 2014)
  5. കേന്ദ്ര സഹമന്ത്രി ഗിരിരാജ് സിങ്: “മോദിയെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാനിലേക്ക് പോകണം.”
  6. ബി ജെ പി എം പി സാക്ഷി മഹാരാജ്: “മദ്രസകളില്‍ ഭീകരവാദമാണ് പഠിപ്പിക്കുന്നത്. അവര്‍ ജിഹാദികളെയും ഭീകരവാദികളേയുമാണ് ഉണ്ടാക്കുന്നത്. അത് ദേശീയ താത്പര്യമല്ല.” (സെപ്റ്റംബര്‍ 2014)
  7. ബി ജെ പി അദ്ധ്യക്ഷന്‍ അമിത് ഷാ: “ബി ജെ പി ബീഹാര്‍ തെരഞ്ഞെടുപ്പ് തൊട്ടാല്‍ പടക്കം പൊട്ടുന്നത് പാകിസ്ഥാനിലായിരിക്കും.” (2015 ഒക്ടോബര്‍)
  8. കേന്ദ്ര സഹമന്ത്രി (പാര്‍ലമെന്‍ററി കാര്യം) മുഖ്താര്‍ അബ്ബാസ് നഖ്വി: “പശുവിറച്ചി തിന്നേണ്ടവര്‍ പാകിസ്ഥാനിലേക്ക് പോകണം.” (2015 മെയ്)
  9. ആര്‍ എസ് എസ് മേധാവി, മോഹന്‍ ഭാഗവത്: “ഹിന്ദുസ്ഥാന്‍ ഹിന്ദു രാജ്യമാണ്. ഹിന്ദ്യ്ഥ്വയാണ് നമ്മുടെ രാജ്യത്തിന്റെ സ്വത്വം, ഹിന്ദുത്വത്തിന് മറ്റുള്ളവയെ അതിനുള്ളിലേക്ക് ഉള്‍ച്ചേര്‍ക്കാനാകും.” (2014 ആഗസ്ത്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍