UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മിസൈല്‍ മനുഷ്യന്‍ എന്ന പേരിലായിരിക്കരുത് കലാം ഓര്‍മ്മിക്കപ്പെടേണ്ടത്

എഡിറ്റോറിയല്‍/ടീം അഴിമുഖം

ജപ്പാനെ കീറിമുറിച്ച ആണവ ആക്രമണത്തിലൂടെ രണ്ടാം ലോകമഹായുദ്ധം അവസാനിക്കുകയും വിജയികള്‍ യൂറോപ്പിനായി കടിപിടി കൂടുകയും ചെയ്യുമ്പോള്‍, ജര്‍മ്മനിയില്‍ മറ്റൊരു നിശബ്ദ മത്സരം നടക്കുന്നുണ്ടായിരുന്നു. ബല്‍ജിയത്തിലും ബ്രിട്ടനിലും യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലും നരകം വിതച്ച ജര്‍മ്മനിയുടെ വി-2 റോക്കറ്റുകളുടെ ത്രസിപ്പിക്കുന്ന സാങ്കേതികവിദ്യ കൈക്കലാക്കാന്‍ റഷ്യയിലേയും ബ്രിട്ടണിലേയും യുഎസിലെയും സൈനിക, ശാസ്ത്ര സമൂഹങ്ങള്‍ നടത്തിയ മത്സരമായിരുന്നു അത്. 300 കിലോമീറ്റര്‍ സഞ്ചരിക്കാനും 1000 കിലോഗ്രാം വരുന്ന വിനാശകരമായ സ്‌ഫോടക വസ്തുക്കള്‍ വഹിക്കാനും ശേഷിയുള്ളതുമായിരുന്നു ഈ റോക്കറ്റുകള്‍.

രണ്ടാം ലോക മഹായുദ്ധത്തിലെ വിജയികള്‍ വി-2 റോക്കറ്റുകളെയും അവയുടെ നിര്‍മ്മാതാക്കളെയും സ്വന്തം നാടുകളിലേക്ക് കടത്തി. നാസി ജര്‍മ്മനിയുടെ അത്യന്തം മാരകമായിരുന്ന ആ മരണ യന്ത്രങ്ങളില്‍ നിന്നാണ് യഥാര്‍ത്ഥത്തില്‍ ആധുനിക യുഗത്തിലെ ബഹിരാകാശ യാത്രകള്‍ ആരംഭിക്കുന്നത്. ബഹിരാകാശത്തേക്കും ചന്ദ്രനിലേക്കും മനുഷ്യനെ കൊണ്ടുപോവുകയും അവന്റെ യന്ത്രങ്ങളെ ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും എത്തിച്ചതിന്റെ ആദിമ രൂപം ഈ റോക്കറ്റുകളാണ്.

എന്നാല്‍, ആദ്യം ബഹിരാകാശ റോക്കറ്റുകള്‍ നിര്‍മ്മിക്കുകയും അതിന് ശേഷം അതില്‍ നിന്നും അതിന്റെ കൊലപാതക യന്ത്രങ്ങളും മിസൈലുകളും നിര്‍മ്മിച്ചുകൊണ്ട് ഒരു രാജ്യം ഈ ചരിത്രത്തിന് ഒരു അപവാദമായി. ആ രാജ്യം ഇന്ത്യയായിരുന്നു. രാമേശ്വരത്ത് നിന്നുള്ള ഒരു മുക്കുവന്റെ മകനായ അവുള്‍ പക്കീര്‍ ജൈനാലാബ്ദീന്‍ അബ്ദുള്‍ കലാം എന്ന വ്യക്തിക്കാണ് ഈ തലതിരിഞ്ഞ എഞ്ചിനീയറിംഗിന്റെ പ്രധാന കീര്‍ത്തി ലഭിക്കേണ്ടത്. എന്നാല്‍ ഈ രംഗത്ത് നല്‍കിയ സംഭാവനകളുടെ പേരിലാവില്ല ഭാവിയില്‍ കലാം അറിയപ്പെടുക.

കൊലപാതകയന്ത്രങ്ങള്‍ നിര്‍മ്മിച്ചതിന്റെ പേരിലാവില്ല, മറിച്ച് ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തെ പ്രചോദിപ്പിക്കുകയും അവരെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്തതിന്റെ പേരിലാവും എപിജെ അബ്ദുള്‍ കലാം ഭാവിയില്‍ അറിയപ്പെടുക എന്നതാണ് ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയുടെ പ്രചോദിത ജീവിതം അന്യാദൃശമാക്കുന്നത്.

ഐഎസ്ആര്‍ഒ (ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന) യില്‍ നിന്നും ഡിആര്‍ഡിഒ (പ്രതിരോധ ഗവേഷണ, വികസന സംഘടന) യിലേക്ക് നീങ്ങിയ കലാമും അദ്ദേഹത്തിന്റെ സംഘവും, അന്നത്തെ വികസിത രാജ്യങ്ങള്‍ ചെയ്തിരുന്നതില്‍ നിന്നും തലമുറകള്‍ പിന്നിലുള്ള കാര്യങ്ങളായിരുന്നു ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ സംഘം അത്ര കണ്ട് സങ്കീര്‍ണമല്ലാത്ത അഗ്നി മിസൈലുകള്‍ പരീക്ഷിക്കുന്ന സമയത്ത്, യുഎസും റഷ്യയുമൊക്കെ വളരെ ആധുനികമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ പരീക്ഷിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സംഭാവനകള്‍ ലോകക്രമത്തിനൊപ്പം നില്‍ക്കുന്നില്ല എന്ന കാരണം കൊണ്ടുതന്നെ കലാമിനെ ഒരു വലിയ ശാസ്ത്രജ്ഞന്‍ എന്ന് വിളിക്കുന്നത് പൂര്‍ണ അര്‍ത്ഥത്തില്‍ ശരിയായിരിക്കുകയില്ല.

പക്ഷെ ഈ സാഹചര്യത്തില്‍ വേണം, സമകാലീക ഇന്ത്യ കലാമിനെ വിലയിരുത്താനും അംഗീകരിക്കാനും ശ്രമിക്കേണ്ടത്. വളരെ എളിയ തുടക്കത്തില്‍ നിന്നും ഇന്ത്യന്‍ പൊതു ജീവിതത്തിന്റെ ഉന്നതങ്ങളിലേക്ക് കഴിവിന്റെ പിന്‍ബലത്തില്‍ മാത്രം നടന്നുകയറിയ അദ്ദേഹം, തന്റെ ധാര്‍മ്മിക മൂല്യങ്ങളില്‍ ഉറച്ച് നിന്നുകൊണ്ട് ലക്ഷങ്ങളെ പ്രചോദിപ്പിച്ചു. ഇന്നത്തെ അദ്ദേഹത്തിന്റെ സമകാലീകരില്‍ അധികം പേര്‍ക്ക് അവകാശപ്പെടാന്‍ സാധിക്കാത്ത ശേഷികളാണിവ.

ജ്വലന മരുന്നുകളെ വഹിക്കുന്നതിനുള്ള ലോഹ സിലിണ്ടറുകളുടെ സഹായത്തോടെ 18-ാം നൂറ്റാണ്ടില്‍ ലോകത്തിലെ ആധുനിക റോക്കറ്റുകള്‍ വികസിപ്പിച്ച ഹൈദരലിയില്‍ തുടങ്ങുന്ന ഒരു പാരമ്പര്യം അവകാശപ്പെടാവുന്ന ഒരു സൈനിക ശാസ്ത്രജ്ഞനാവും ഒരു പക്ഷെ കലാം. ഹൈദരാലിയുടെ റോക്കറ്റുകളുടെ മാരകമായ പ്രഹരശേഷിയില്‍ ബ്രിട്ടീഷുകാര്‍ ഞെട്ടിത്തരിച്ചു എന്ന് മാത്രമല്ല, ഈ മാരകായുധത്തിന്റെ പ്രഹരശേഷി ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയ ബ്രിട്ടീഷുകാരുടെ നിരവധി യുദ്ധ മ്യൂസിയങ്ങളില്‍ ഹൈദരാലിയും അദ്ദേഹത്തിന്റെ പുത്രന്‍ ടിപ്പു സുല്‍ത്താനും നിര്‍മ്മിച്ച റോക്കറ്റുകള്‍ ഇപ്പോഴും പ്രദര്‍ശനത്തിന് വച്ചിട്ടുമുണ്ട്.

ഡോ. കലാം വര്‍ഷങ്ങളോളം നയിച്ച സൈനിക ഗവേഷണ ഏജന്‍സിയായ ഡിആര്‍ഡിഒയും അദ്ദേഹം നേതൃത്വം നല്‍കിയ മിസൈല്‍ ഗവേഷണവും ഗംഭീര വിജയങ്ങളൊന്നുമായിരുന്നില്ല. അവ നന്നായിരുന്നു എന്ന് പറയാം എന്നതിനപ്പുറം അവയെ കൂടുതല്‍ നന്നാക്കാമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സാധാരണ നിലവാരം മാത്രമുള്ള സൈനിക നേട്ടങ്ങളുടെ പേരിലാവില്ല കലാം ഓര്‍മ്മിക്കപ്പെടുക.

വിരസതയുടെ കേന്ദ്രമായിരുന്ന രാഷ്ട്രപതി ഭവനെ ജനകീയ ഭാവനയുടെ കേന്ദ്രമാക്കി പരിവര്‍ത്തിപ്പിച്ചതിന്റെ, രാഷ്ട്രപതിയുടെ പദവിയുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന അനാവശ്യ രഹസ്യാത്മകത കുടഞ്ഞെറിഞ്ഞതിന്റെ പേരില്‍, ഇന്ത്യന്‍ ഭരണഘടനയുടെ പരിപാലകനായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ഒക്കെയാവും ചരിത്രത്തില്‍ ഇടം നേടുക.

മറ്റൊന്ന്, ഇന്ത്യന്‍ യുവത്വവുമായി അദ്ദേഹം സ്ഥാപിച്ച ബന്ധത്തിന്റെ പേരിലാവും കലാമിനെ ഏറ്റവും പ്രധാനമായി ഭാവി ലോകം തിരിച്ചറിയുക. ഇത്രയധികം യുവശക്തിയുള്ള ഒരു രാജ്യത്ത്, അതിന്റെ യുവനേതാക്കള്‍ക്ക് സാധ്യമല്ലാതിരുന്ന ബന്ധം കുട്ടികളുമായി സൃഷ്ടിക്കാന്‍ വൃദ്ധനായ കലാമിന് സാധിച്ചു എന്നത് വിചിത്രമായി തോന്നാം. അതുകൊണ്ടാവും, തിങ്കളാഴ്ച വൈകിട്ട് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത പുറത്തുവന്നപ്പോള്‍, രാജ്യത്തിനകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് കുടുംബങ്ങളിലെ കുട്ടികള്‍ നിശബ്ദരായി കണ്ണീര്‍വാര്‍ത്തത്. തങ്ങളുടെ ഭാവനയെയും സ്വപ്‌നങ്ങളെയും ജ്വലിപ്പിച്ചതിന് നന്ദി പറഞ്ഞുകൊണ്ട് അവരില്‍ ലക്ഷക്കണക്കിന് പേര്‍ അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു. ഒരു പക്ഷെ പതിനൊന്നാമത്തെ ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഏറ്റവും മികച്ച നേട്ടവും അത് തന്നെയായിരിക്കാം.  

വളരെ പ്രഗത്ഭമതികളായ ചില വിദ്യാര്‍ത്ഥികളടെ മുന്നില്‍ വച്ച് മരണത്തിലേക്ക് വഴുതിവീണത് പ്രത്യേക കാരണങ്ങള്‍ ഒന്നുമില്ലാതെയല്ല. ഈ ഭൗതിക ലോകത്തിലെ സ്വാര്‍ത്ഥ താല്‍പര്യങ്ങളില്‍ നിന്നും മോചിതരാകാനും ജീവിതത്തിന്റെ സുഗന്ധവാഹിയായ കടല്‍ക്കാറ്റിനെ മികച്ച ഒരു ലോക സൃഷ്ടിക്കായി വിനിയോഗിക്കാനും യുവ തലമുറയെ പ്രചോദിപ്പിക്കാമെന്ന് സ്വന്തം മരണ സമയത്ത് പോലും അദ്ദേഹം പ്രതീക്ഷിച്ചിരുന്നിരിക്കണം.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍