UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കലാം: ജനങ്ങളുടെ രാഷ്ട്രപതി

Avatar

ടീം അഴിമുഖം

അന്നത്തെ രാഷ്ട്രപതി കെആര്‍ നാരായണന് ഒരു അവസരം കൂടി നല്‍കണമെന്ന പ്രതിപക്ഷത്തിന്റെ സംയുക്ത ആവശ്യത്തെ തള്ളിക്കളയുന്നതിന് 2002ല്‍ അടല്‍ ബിഹാരി വാജ്‌പേയ് സര്‍ക്കാരിന്റെ കൈയ്യിലുണ്ടായിരുന്ന തുറുപ്പ് ചീട്ടായിരുന്നു ഭാരതരത്‌ന അവുള്‍ പക്കീര്‍ ജെയ്‌നുലാബ്ദീന്‍ അബ്ദുള്‍ കലാം.

ഗുജറാത്ത് കലാപ സമയത്ത് സ്വീകരിച്ച നടപടികളുടെ പേരില്‍ വാജ്‌പേയ് സര്‍ക്കാരിനെ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒരു ചരിത്ര പ്രധാനമായ കത്തിലൂടെ വിമര്‍ശിച്ച നാരായണന് ഒരു അവസരം കൂടി നല്‍കാന്‍ ഗുജറാത്ത് കലാപത്തിന് ശേഷം ആടിയുലഞ്ഞ് നിന്ന എന്‍ഡിഎ സര്‍ക്കാരിന് തീരെ താല്‍പര്യം ഉണ്ടായിരുന്നില്ല. അബ്ദുള്‍ കലാമിന്റെ പേര് ഉയര്‍ത്തിക്കൊണ്ട് വന്നു പ്രതിപക്ഷ ക്യാമ്പില്‍ വിള്ളല്‍ ഉണ്ടാക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു. ഒരു മത്സരത്തില്‍ താല്‍പര്യമില്ലെന്ന് നാരായണന്‍ വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് മാത്രമല്ല ബിജെപിയുടെ കടുത്ത വിമര്‍ശകരായ സമാജ് വാദി പാര്‍ട്ടി പോലും കലാമിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു. ഇടതു പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിയായ ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാള്‍ മാത്രമായിരുന്നു കലാമിന്റെ ഒരേ ഒരു എതിരാളി.

ഭാരതരത്‌ന നേടിയ മനുഷ്യന്റെ ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശകരെ നിരായുധരാക്കിയ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഏറ്റവും ഉയര്‍ന്ന പദവിയിലേക്കുള്ള തങ്ങളുടെ സ്ഥാനാര്‍ത്ഥി കലാമാണെന്ന് ബി ജെ പി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ ഒരു കൂടിക്കാഴ്ചയില്‍ താന്‍ ജനങ്ങള്‍ക്കിടയില്‍ സഹാനുഭൂതി വളര്‍ത്താന്‍ പരിശ്രമിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഗുജറാത്ത് കലാപത്തെ കുറിച്ചും പ്രശ്‌നത്തിലുള്ള അദ്ദേഹത്തിന്റെ നിലപാടിനെ കുറിച്ചുമുള്ള ചോദ്യത്തിനുള്ള കലാമിന്റെ ഉത്തരമായിരുന്നു അത്.

കൂട്ട നരഹത്യയ്ക്ക് കാരണമാകുന്ന ആയുധങ്ങളുടെ സൃഷ്ടാവിനെ ഇന്ത്യന്‍ രാഷ്ട്രപതിയാകാന്‍ അനുവദിക്കരുതെന്ന വിമര്‍ശനത്തെ അവഗണിച്ചുകൊണ്ട്, അയല്‍ക്കാര്‍ ആയുധങ്ങള്‍ വികസിപ്പിക്കുമ്പോള്‍ ഇന്ത്യ ധ്യാനിക്കുകയാണോ ചെയ്യേണ്ടതെന്ന പ്രശസ്തമായ ചോദ്യം അദ്ദേഹം തൊടുത്തുവിട്ടു.

മിസൈല്‍ മാന്‍ എന്നറിയപ്പെടുന്ന കലാമിന്റെ താല്‍പര്യങ്ങള്‍ ശാസ്ത്ര, സാങ്കേതിക രംഗങ്ങളില്‍ മാത്രം ഒതുങ്ങി നിന്നില്ല. 2020 ഓടെ ഇന്ത്യയെ ഒരു സാമ്പത്തിക ശക്തിയായി വളര്‍ത്താനുള്ള പരിശ്രമങ്ങളിലായിരുന്നു അദ്ദേഹം. യുപിഎയും എന്‍ഡിഎയും അദ്ദേഹത്തിന്റെ ആശയങ്ങളില്‍ നിന്നും കടംകൊള്ളുകയും തങ്ങളുടെ സര്‍ക്കാരുകളുടെ ഭരണകാലത്ത് അവ നടപ്പിലാക്കുകയും ചെയ്തു.

വാസയോഗ്യ ഗ്രഹമായ ഭൂമി എന്ന വിഷയത്തെക്കുറിച്ച് ഒരു പ്രഭാഷണം നടത്തുന്നതിനായി അദ്ദേഹം തിങ്കളാഴ്ച വടക്കു കിഴക്കന്‍ നഗരമായ ഷില്ലോംഗിലെ ഐഐഎമ്മിലായിരുന്നു. പരിസ്ഥിതി സംരക്ഷണം എന്ന അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തുന്നതിനിടയില്‍ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു.

രാഷ്ട്രപതി സ്ഥാനത്തിന്റെ കാലവധി അവസാനിച്ചതിന് ശേഷവും അദ്ദേഹം വിശ്രമജീവിതം നയിക്കാന്‍ തയ്യാറായില്ല. വിദ്യാര്‍ത്ഥികളുമായും യുവാക്കളുമായും ആശയവിനിമയം നടത്തിക്കൊണ്ട് അദ്ദേഹം രാജ്യമെമ്പാടും സഞ്ചരിച്ചു. അവര്‍ക്ക് പ്രചോദനം നല്‍കിയ അദ്ദേഹം, രാജ്യത്തിന്റെ പുരോഗതിക്കായി ശാസ്ത്ര, സാങ്കേതിക രംഗങ്ങളെ ഉപയോഗിക്കാന്‍ അവരെ ഉപദേശിച്ചു.

2007 ജൂലൈ നാലിന് രാജ്യത്തിന് നന്ദി അറിയിച്ചുകൊണ്ട് നടത്തിയ അഭിസംബോധനയില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘പ്രിയ പൗരന്മാരെ, താഴെ പറയുന്ന സവിശേഷമായ സ്വാഭാവങ്ങളോട് കൂടിയ വികസിത ഇന്ത്യ 2020 എന്ന ദൗത്യം യാഥാര്‍ത്ഥ്യമാക്കുന്നതിനായി പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് നമുക്ക് പ്രതിജ്ഞ എടുക്കാം.’

1. ഗ്രാമീണ, നാഗരിക വിടവ് ഒരു നേര്‍രേഖയായി ചുരുങ്ങിയ ഒരു രാജ്യം.
2. ഊര്‍ജ്ജത്തിന്റെയും ഗുണനിലവാരമുള്ള കുടിവെള്ളത്തിന്റെയും സമത്വപരമായ വിതരണവും ആവശ്യമായ പ്രാപ്യതയും ഉറപ്പാക്കുന്ന ഒരു രാജ്യം. 
3. കാര്‍ഷിക, വ്യാവസായിക, സേവന മേഖലകള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്ന ഒരു രാജ്യം.
4. സാമൂഹിക, സാമ്പത്തിക വിവേചനങ്ങള്‍ നിമിത്തം അര്‍ഹനായ ഒരാള്‍ക്ക് മൂല്യ സംവിധാനത്തില്‍ ഊന്നിയ വിദ്യാഭ്യാസം നിഷേധിക്കപ്പെടാത്ത ഒരു രാജ്യം.
5. ഏറ്റവും പ്രതിഭാധനരായ വൈജ്ഞാനികരുടെയും ശാസ്ത്രജ്ഞരുടെയും നിക്ഷേപകരുടെയും ലക്ഷ്യ സ്ഥാനമായി തീരുന്ന ഒരു രാജ്യം.
6. എല്ലാവര്‍ക്കും ഏറ്റവും മികച്ച ആരോഗ്യരക്ഷ ലഭ്യമാകുന്ന ഒരു രാജ്യം.
7. പ്രതികരണശേഷിയുള്ളതും സുതാര്യവും അഴിമതിരഹിതവുമായ ഭരണനിര്‍വഹണം നടക്കുന്ന ഒരു രാജ്യം.
8. ദാരിദ്രം പൂര്‍ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടതും നിരക്ഷരത തുടച്ചുനീക്കപ്പെട്ടതും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കാത്തതും സമൂഹത്തില്‍ ആര്‍ക്കും ഒറ്റപ്പെടല്‍ തോന്നാത്തതുമായ ഒരു രാജ്യം.
9. ഐശ്വര്യവും ആരോഗ്യവും സുരക്ഷയും സമാധാനവും സന്തോഷവും നിലനില്‍ക്കുകയും സുസ്ഥിര വികസനപാതയിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന ഒരു രാജ്യം.
10. ജീവിക്കാന്‍ ഏറ്റവും മികച്ചതും അതിന്റെ നേതൃത്വത്തെ കുറിച്ച് അഭിമാനമുള്ളതുമായ ഒരു രാജ്യം.

ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന കലാമിന്റെ വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശുന്നവ കൂടിയാണ് ഈ പത്തിന പരിപാടി.

കേരളത്തോട് എപ്പോഴും പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചിരുന്ന അബ്ദുള്‍ കലാം, രാഷ്ട്രപതിയായിരിക്കെ 2005 ജൂലൈ 28ന് കേരള നിയമസഭ അഭിസംബോധന ചെയ്തുകൊണ്ട് സംസ്ഥാനത്തിന്റെ വികസനത്തിനായി പത്തിന പരിപാടികള്‍ നിര്‍ദ്ദേശിച്ചിരുന്നു. അന്നത്തെ ഗവര്‍ണര്‍ ആര്‍ എല്‍ ഭാട്യയെയും സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണനെയും സദസിലിരുത്തി സഭയില്‍ നടത്തിയ ആ പ്രസംഗം കേരള വികസനത്തെ കുറിച്ച് ആഴത്തില്‍ ചിന്തിപ്പിക്കുന്ന ഒന്നായിരുന്നു.

വിനോദ സഞ്ചാരം, ജലപാതകള്‍, ആഴക്കടല്‍ മത്സ്യബന്ധനം എന്നീ മേഖലകളുടെ വികസനം, വൈജ്ഞാനിക ഉല്‍പ്പന്നങ്ങളുടെയും ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങളുടെയും വികസനം വിപണനവും, ദേശീയ, ആഗോളതലങ്ങളില്‍ വളര്‍ന്നുവരുന്ന ആവശ്യകതകള്‍ക്ക് അനുസൃതമായി നേഴ്‌സിംഗ്, പാരാമെഡിക്കല്‍ വിദഗ്ധരുടെ സൃഷ്ടി, എന്‍ആര്‍ഐകളെയും മറ്റ് നിക്ഷേപകരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള പ്രത്യേക സാമ്പത്തിക മേഖലകള്‍, തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍, തേങ്ങ, പഴങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ മുല്യവര്‍ദ്ധന, വ്യാവസായിക വികസനത്തിനായി ബഹിരാകാശസാങ്കേതികവിദ്യയുടെ ഉപയോഗം തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍. ഈ നിര്‍ദ്ദേശങ്ങളൊന്നും വേണ്ട വിധത്തില്‍ നടപ്പിലാക്കാന്‍ സാധിച്ചില്ല എന്നതാവും അദ്ദേഹത്തിന്റെ വിയോഗ നിമിഷത്തില്‍ മലയാളിയെ അലട്ടുന്ന പ്രധാന പ്രശ്‌നവും. 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍