UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫോറസ്റ്റ് അലന്‍; സംഗീതത്തിലൂടെ ജീവിതം തിരിച്ചുപിടിച്ച കഥ

Avatar

സൂസന്‍ സ്വര്‍ലൂഗ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഫോറസ്റ്റ് അലന്‍ പാടുന്നത് കേട്ട് കൂട്ടുകാര്‍ തോള്‍ ചേര്‍ന്ന് നിന്നു. ചിലര്‍ പതിയെ ഒപ്പം കൂടി. ചിലര്‍ കണ്ണുനനച്ചു. അപകടം അയാള്‍ അതിജീവിക്കുമെന്ന് ആരും കരുതിയില്ല. ഓരോ ശബ്ദവും പാടിയെത്തിക്കാന്‍ ഫോറസ്റ്റ് എത്ര ശ്രമിക്കുന്നുണ്ടെന്ന് അവര്‍ക്കറിയാം. ഒരു മൈക്ക് വെച്ചാല്‍ കൂടി വളരെ പതിയെയാണ് കേള്‍ക്കുന്നത്. മ്യൂസിക് തെറാപ്പിസ്റ്റ് കൂടെയിരുന്ന് കീബോര്‍ഡ് വായിക്കുന്നുമുണ്ട്. ഫോറസ്റ്റിന്റെ സഹോദരന്‍ അയാളുടെ തോളില്‍ കൈ വെച്ചിരിക്കുന്നു. തലയോടിന്റെ കുറേഭാഗം നഷ്ടപ്പെട്ടത് കൊണ്ട് ഒരു വീഴ്ച മാരകമായിരിക്കും.

ലീന്‍ ഓണ്‍ മീ എന്ന പാട്ടിന്റെ പാതി എത്തിയപ്പോള്‍ ഫോറസ്റ്റ് നിറുത്തി. വീടിന്റെ പുല്‍ത്തകിടിയില്‍ എത്തിയ അതിഥികളെ നോക്കി ചിരിച്ചു. ‘നിങ്ങളാരും പാടുന്നില്ലല്ലോ’, അയാള്‍ കളി പറഞ്ഞു. അവര്‍ ചിരിച്ചുകൊണ്ട് കൂടുതല്‍ ഉറക്കെ പാടി.

ഫോറസ്റ്റിനു ഇരുപത്തൊന്ന് വയസാണ്. മൂന്നുവര്‍ഷം മുന്‍പ് ഹൈസ്‌കൂള്‍ പാസാകേണ്ടയാളാണ് ഫോറസ്റ്റ്. മഞ്ഞിലൂടെ തെന്നുന്ന വണ്ടിയില്‍ പോകുന്നതിനിടെ വളരെ വലിയ ഒരപകടം ഫോറസ്റ്റിനു സംഭവിച്ചു. രണ്ടുവര്‍ഷത്തോളം ഫോറസ്റ്റിന് ഒരു വാക്കുപോലും പറയാനായില്ല. ടൈപ് ചെയ്യാം എന്ന അവസ്ഥയെത്തിയപ്പോള്‍ കുട്ടിക്കാലത്തെ സംഗീത അധ്യാപകന് ഫോറസ്റ്റ് ഒരു സന്ദേശമയച്ചു. ‘മിസ്റ്റര്‍ സ്വീറ്റ്‌സര്‍, എന്റെ ശബ്ദം തിരിച്ചുകിട്ടാന്‍ എന്നെ സഹായിക്കുക.’

ഓരോ വര്‍ഷവും തലച്ചോറിന് ക്ഷതമേറ്റ് ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം ക്ഷണനേരം കൊണ്ട് മാറുന്നു. അത്തരം അപകടങ്ങള്‍ അത് യുദ്ധത്തിലായാലും കളിസ്ഥലത്തായാലും വീട്ടിലോ കാര്‍ അപകടത്തിലോ ആയാലും മറ്റെന്തിനെക്കാളും അമേരിക്കയിലെ യുവാക്കളെ കൊല്ലുകയോ വൈകല്യപ്പെടുത്തുകയോ ചെയ്യുന്നു. അഞ്ചു മില്യണ്‍ ആളുകളാണ് ഇത്തരം അപകടങ്ങളില്‍ നിന്ന് തിരിച്ചുവരാന്‍ ശ്രമിക്കുന്നത്. അവര്‍ ചെലവിടുന്ന പണവും വൈകാരികതയും ഒരുപാട് കൂടുതലാണ്.
ഫോറസ്റ്റിന് കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഡോക്ടര്‍മാരില്‍നിന്നും ചില അപ്രതീക്ഷിത ഇടങ്ങളില്‍ നിന്നും സഹായം ലഭിച്ചു. ടോം സ്വീറ്റ്‌സര്‍ സംഗീതവും താളവും തുടര്‍ച്ചയായി ഉപയോഗിച്ചും ശ്വാസനിയന്ത്രണത്തിലൂടെയും ചലനത്തിലൂടെയും ചിരിയിലൂടെയുമാണ് ഫോറസ്റ്റിന്റെ ശബ്ദം തിരിച്ചുകൊണ്ടുവന്നത്. ഫോറസ്റ്റിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഒരുപാട് ആളുകളും ഉണ്ടായിരുന്നു പഴയ സഹപാഠികള്‍, നേഴ്സുമാര്‍, ടീച്ചര്‍മാര്‍, ആയിരക്കണക്കിന് അപരിചിതര്‍. 

അന്ന് അവിടെ എത്തിയവരെല്ലാം ഈ നിമിഷം കാത്തിരിക്കുകയായിരുന്നു: ഫോറസ്റ്റ് പാടുന്നത് കേള്‍ക്കാന്‍. ഈ മാസം ഫോറസ്റ്റ് തലയോട് പഴയ അവസ്ഥയിലാക്കാനായുള്ള പല ശസ്ത്രക്രിയകളില്‍ ആദ്യത്തേത് ചെയ്യും. അത് അയാളുടെ ജീവന്‍ രക്ഷിച്ചേക്കും. വളരെ വേദനകള്‍ സഹിച്ചു തിരിച്ചുപിടിച്ചതൊക്കെ ചിലപ്പോള്‍ നഷ്ടപ്പെട്ടെന്നും വരും. മൂത്ത സഹോദരന്‍ ഓസ്റ്റിനോടൊപ്പം മിഡില്‍ബര്‍ഗിലെ കുടുംബവീട്ടില്‍ കുതിരക്കുട്ടികളെ ഓടിച്ചാണ് ഫോറസ്റ്റ് വളര്‍ന്നത്. വേനല്‍ക്കാലങ്ങളില്‍ മറൈന്‍ മാമ്മല്‍ വെറ്റിനേറിയനായ അമ്മയോടൊപ്പം അവന്‍ സ്‌കൂബാ ഡൈവിംഗ് നടത്തി, ഡോള്‍ഫിനുകളോടൊപ്പം നീന്തി. അവന്‍ രസികനായിരുന്നു, വിനയമുള്ള, തമാശകളുള്ള ഒരു മിടുക്കനായിരുന്നു, കുട്ടിക്കാലം മുതല്‍ അവനെ പരിചയമുള്ള സ്വീറ്റ്‌സര്‍ പറയുന്നു. എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാന്‍ ഇഷ്ടമുള്ളയാളായിരുന്നു ഫോറസ്റ്റ്. ആളുകളെ വീട്ടിലേയ്ക്ക് പാര്‍ട്ടികള്‍ക്കും കളികള്‍ക്കും ഒക്കെ ക്ഷണിക്കുക ഫോറസ്റ്റിന്റെ ആവേശമായിരുന്നു. ‘അവന് എല്ലാവരോടും സഹാനുഭൂതിയായിരുന്നു’, മുന്‍ സഹപാഠി ഡേവിഡ് മാര്‍ഷല്‍ പറയുന്നു.

മാതാപിതാക്കളെപ്പോലെ ഒരു വെറ്റിനേറിയനാകണമെന്നായിരുന്നു ഫോറസ്റ്റിന്റെ ആഗ്രഹം. പതിനെട്ടാംപിറന്നാളിന് ശേഷം കുടുംബത്തോടൊപ്പം നടത്തിയ ഒരു യാത്രയിലാണ് ഹെല്‍മറ്റ് ഉപയോഗിക്കാതെ ദുര്‍ഘടമായ ഒരു ചെരിവിലൂടെ മഞ്ഞില്‍ ഫോറസ്റ്റ് തെന്നിനീങ്ങിയത്. ഫോറസ്റ്റിന്റെ വീഴ്ചയുടെ ആഘാതത്തില്‍ ഒരു മതില്‍ തകര്‍ന്നു.കോമയില്‍ നിന്ന് ഒരിക്കലും ഫോറസ്റ്റ് ഉണരാന്‍ സാധ്യതയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് ഫോറസ്റ്റിന്റെ അമ്മ ഓര്‍മ്മിക്കുന്നു. നീരുവെച്ച തലച്ചോറിന് ആശ്വാസം ലഭിക്കാനായി സര്‍ജന്മാര്‍ അവന്റെ തലയോടിന്റെ മുന്‍ഭാഗത്തെ മൂന്നിലൊരുഭാഗം മുറിച്ചുമാറ്റിയിരുന്നു. എന്നാല്‍ പത്തുദിവസം കഴിഞ്ഞ് ഫോറസ്റ്റ് കണ്ണുതുറന്നു! അമ്മയുടെ കൈ പിടിച്ചു. സുഖം പ്രാപിച്ചുവരുന്നതിനിടെ ഫോറസ്റ്റിന്റെ വ്യക്തിത്വം നിശബ്ദമായെങ്കിലും പൂര്‍ണ്ണമായി നഷ്ടപ്പെട്ടിട്ടില്ലെന്ന് മനസിലായി. ആശുപത്രിയില്‍ വെച്ച് ഒരു സ്‌ട്രെസ് ബോള്‍ കൊടുത്ത നേഴ്‌സിന്റെ പോക്കറ്റിലേയ്ക്ക് അത് തിരികെ ഇട്ടുകൊണ്ടാണ് ഫോറസ്റ്റ് കുടുംബത്തെ ചിരിപ്പിച്ചത്.

എന്നാല്‍ തലയോട് ഒരു പ്രോസ്തറ്റിക്ക് പ്ലേറ്റ് ഉപയോഗിച്ചു അടച്ചുകഴിഞ്ഞപ്പോള്‍ ഫോറസ്റ്റ് വീണ്ടും കോമയിലായി. അപസ്മാരവും പേടിസ്വപ്നങ്ങളും ശ്വാസം എടുക്കാന്‍ കഴിയാത്ത അവസ്ഥയും എല്ലാം ചേര്‍ന്ന് ഫോറസ്റ്റ് അവശനായി. ആറടി മൂന്നിഞ്ചുകാരനായ ഫോറസ്റ്റ് വെറും 118 പൌണ്ട് ആയി ചുരുങ്ങി. ഫോറസ്റ്റ് അധികകാലം മുന്നോട്ടുപോകുമെന്ന് കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ടവര്‍ കരുതിയില്ല. കുടുംബം ഫോറസ്റ്റിന്റെ കൂടെ നിന്നു. അവന്‍ നിശബ്ദനായി കിടന്നുവെങ്കിലും അവര്‍ തമാശസിനിമകള്‍ കണ്ടു, പൊട്ടിച്ചിരിച്ചു. കൂട്ടുകാര്‍ സ്‌കൈപ്പിലൂടെ തമാശകള്‍ പറഞ്ഞു. പരിചയമുള്ള ഒരു ശബ്ദം കേട്ടാല്‍ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് കരുതിയാണ് സ്വീറ്റ്‌സറിനോട് വരാന്‍ ഫോറസ്റ്റിന്റെ അമ്മ ആവശ്യപ്പെട്ടത്. സ്വീറ്റ്‌സര്‍ ഗിറ്റാര്‍ വായിച്ചു. ഫോറസ്റ്റ് അനങ്ങിയില്ല. എന്നാല്‍ ഫോറസ്റ്റിന്റെ അമ്മയാണ് അവന്റെ ചെറുവിരല്‍ താളത്തിനോത്ത് അനങ്ങുന്നത് കണ്ടത്.

കുറച്ചുസമയം കൊണ്ട് ഫോറസ്റ്റിന്റെ സ്വഭാവസവിശേഷതകളില്‍ ചിലത് പുറത്തുവന്നു. ഒരു ചെറുചിരി, ഒരു തംപ്‌സ്അപ്പ്. 2011ലെ ക്രിസ്തുമസിന് മുന്‍പ് ആശുപത്രിയിലെത്തിയപ്പോള്‍ ഫോറസ്റ്റിന് ഇരുപത്തിനാലുമണിക്കൂറും നേഴ്‌സിംഗ് പരിചരണവും ഓക്‌സിജനും ഫീഡിംഗ് ട്യൂബും ആവശ്യമായിരുന്നു. എന്നാല്‍ സ്വീറ്റ്‌സര്‍ സ്ഥിരമായി സന്ദര്‍ശിച്ചു.
മാസങ്ങളോളം അവര്‍ ശ്വാസക്രിയകളും ചിലപ്പോഴൊക്കെ ചെണ്ടയും പരിശീലിച്ചു. രോഗിയെ ഉത്തേജിപ്പിക്കാന്‍ കാര്‍ട്ടൂണുകളിലെ സംഗീതമൊക്കെ സ്വീറ്റ്‌സര്‍ ഉപയോഗിച്ചു. “ഫിസിയോതെറാപ്പിസ്റ്റിനും എനിക്കും ഒരു പേടിയുണ്ടായിരുന്നു, ഒരു ചെണ്ട കൊട്ടാനായി ആയാസപ്പെടാന്‍ പറ്റുമോ?”, സ്വീറ്റ്‌സര്‍ പറയുന്നു.

തലച്ചോറിന് ക്ഷതമേറ്റതിന്റെതായ പ്രശ്‌നങ്ങള്‍ ഫോറസ്റ്റിനുണ്ടായിരുന്നു. രണ്ടുവര്‍ഷത്തെ ചികിത്സയ്ക്ക് ശേഷം ഒരു പന്ത്രണ്ടാം ക്ലാസ് പാഠം അവന് മനസിലാക്കാന്‍ കഴിഞ്ഞിരുന്നുവെങ്കിലും അവന്റെ ഓര്‍മ്മ നഷ്ടപ്പെട്ടിരുന്നു. ഒരു കീബോര്‍ഡ് ഉപയോഗിക്കാന്‍ അവന് കഴിഞ്ഞുവെങ്കിലും സംസാരിക്കാനോ എണീറ്റുനില്‍ക്കാനോ അവന് കഴിഞ്ഞിരുന്നില്ല.
2012-2013 സ്‌കൂള്‍ വര്‍ഷത്തില്‍ ഫോറസ്റ്റിന്റെ മാതാപിതാക്കളോട് സംസാരശേഷിയില്ലാത്ത ഒരു കുട്ടിക്കുള്ള വിദ്യാഭ്യാസരീതികള്‍ പരിഗണിക്കാന്‍ വിദഗ്ധര്‍ പറഞ്ഞു. എന്നാല്‍ തന്റെ മകന്‍ സംസാരിക്കും എന്ന് അമ്മ പറഞ്ഞു. അവര്‍ക്ക് ഭ്രാന്താണെന്ന് എല്ലാവരും കരുതി.

ഒക്ടോബറായപ്പോള്‍ മാസങ്ങളുടെ പരിശ്രമത്തിനുശേഷം ഫോറസ്റ്റ് വിസിലടിച്ച് ഒരു ചെറിയ ശബ്ദം കേള്‍പ്പിച്ചു. കുറച്ചുനാള്‍ കൂടി കഴിഞ്ഞാണ് സ്വീറ്റ്‌സറോഡ് തന്റെ ശബ്ദം വേണമെന്ന് ഫോറസ്റ്റ് ആവശ്യപ്പെട്ടത്. അവിടെ നിന്ന് പുറത്തിറങ്ങിയ സ്വീറ്റ്‌സര്‍ പൊട്ടിക്കരഞ്ഞു. ‘ഫോറസ്റ്റ് കുടുങ്ങിക്കിടക്കുകയാണ് എന്ന് എനിക്ക് അറിയാമായിരുന്നു.’ഫോറസ്റ്റിന്റെ തമാശകളും കളിചിരികളും മെല്ലെ തിരിച്ചുവന്നു.താന്‍ എത്തുമ്പോള്‍ എന്തെങ്കിലും വാക്കുകള്‍ പറയാന്‍ സ്വീറ്റ്‌സര്‍ ഫോറസ്റ്റിനെ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. ഡിസംബര്‍ 2012ല്‍ ഒരു ശബ്ദമില്ലാത്ത ഗുഡ്‌മോര്‍ണിംഗ് സ്വീറ്റ്‌സര്‍ കണ്ടു. അത് ഉച്ചകഴിഞ്ഞായിരുന്നെങ്കിലും എല്ലാവരും സന്തോഷത്തോടെ ചിരിച്ചു. എവിടെയോ പ്രഭാതമെത്തിയിരുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം 

ടിയാനന്‍മെന്‍ സ്ക്വയറിലെ പാട്ടുകാരന്‍
ട്യൂമര്‍ പെയിന്റ്; കാന്‍സര്‍ ചികിത്സയിലെ പുതിയ വഴികാട്ടി
ചെന്‍ വിരമിക്കുമായിരിക്കും – ഒരു പക്ഷേ!
എന്തുകൊണ്ട് മലാലയുടെ അച്ഛന്‍ നോബല്‍ പട്ടികയില്‍ ഇടംപിടിച്ചില്ല?
വീല്‍ചെയറില്‍ ജീവിക്കുന്നവരുടെ ഉളിലിരിപ്പ് എന്താണ്?

മാസങ്ങളോളം തന്റെ മകന്‍ നിശബ്ദനായിരുന്നപ്പോള്‍ അവന്റെ അച്ഛന്‍ ചിന്തിച്ചു, അവന്‍ യെസ് എന്നോ നോ എന്നോ മാത്രം പറഞ്ഞാല്‍ ഞാന്‍ എന്തും ത്യജിക്കാം. എന്നാല്‍ വാക്കുകള്‍ തിരിച്ചുവന്നുതുടങ്ങുമ്പോള്‍ നിങ്ങള്‍ക്ക് കൂടുതല്‍ വേണമെന്ന് തൊന്നും. അവന് ഒരു സാധാരണജീവിതം വേണമെന്ന് ഞാന്‍ ആഗ്രഹിച്ചുതുടങ്ങി, അച്ഛന്‍ അലന്‍ പറഞ്ഞു. ഈയടുത്ത് ഒരു ഉച്ചതിരിഞ്ഞ് ഫോറസ്റ്റ് പറഞ്ഞു, ‘ഈഈഈഈഈ’. സ്വീറ്റ്‌സറിന്റെ സംഗീതതെറാപ്പിയുടെ ഭാഗമായിരുന്നു അത്. സ്വീറ്റ്‌സര്‍ തന്റെ ഫോണില്‍ എത്ര സെക്കണ്ടുകള്‍ എന്ന് പരിശോധിച്ചിരുന്നു. ’21, അത് മുപ്പതാക്കാമോ?’ സ്വീറ്റ്‌സര്‍ ചോദിച്ചു. പിയാനോയില്‍ ഒരു കുസൃതിശബ്ദം ഫോറസ്റ്റ് വായിച്ചു. ഒരു ചിരി ഫോറസ്റ്റിന്റെ മുഖത്ത് തെളിഞ്ഞു. തലയില്‍ ഒരു ബാന്‍റാണ് കെട്ടിയിരുന്നത് തലയോട് ഇല്ലാത്ത ഇടത്ത് കുഴിഞ്ഞുകിടന്നിരുന്നു. ‘ഈഈഈഈഈ ഈഈഈഈ’ ഫോറസ്റ്റ് പറഞ്ഞു. കഴിഞ്ഞ ആറുമാസത്തിനിടെ ഫോറസ്റ്റിന്റെ തലയോട് അടയ്ക്കാന്‍ നടന്ന മൂന്നുശ്രമങ്ങളും പരാജയപ്പെട്ടു.

ഫോറസ്റ്റിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു സംഗീതകഥ ഫോറസ്റ്റും സ്വീറ്റ്‌സറും തയ്യാറാക്കുന്നുണ്ട്. അത് ഗൌരവമായതും തമാശനിറഞ്ഞതും ഹൃദയത്തെ തൊടുന്നതുമായിരിക്കുമെന്നു സ്വീറ്റ്‌സര്‍ പറയുന്നു.


’44’  എന്ന് പേരിട്ട മ്യൂസിക്കലില്‍ തനിക്കുവേണ്ടി ജീവിതത്തിലെ കുറെ വര്‍ഷങ്ങള്‍ മാറ്റിവെച്ച സഹോദരന് ഫോറസ്റ്റ് നന്ദി പറയുന്നുണ്ട്. സംസാരിക്കാനുള്ള അടക്കാനാകാത്ത ആഗ്രഹത്തില്‍ കുടുങ്ങിക്കിടക്കുന്നതിനെപ്പറ്റി ഫോറസ്റ്റ് അതില്‍ പറയുന്നു. അന്ന് ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കില്‍ എന്ന് ഫോറസ്റ്റ് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ട്. ഫോറസ്റ്റിന്റെ ശബ്ദം കഴിഞ്ഞവര്‍ഷത്തെതില്‍ നിന്നും ദുര്‍ബലമായി. എങ്കിലും ഇപ്പോഴും കൂട്ടുകാരുമായി ടേബിള്‍ടെന്നീസ് കളിക്കുമ്പോഴും ഗിറ്റാര്‍ വായിക്കുേമ്പാഴുമൊക്കെ തമാശപറയാന്‍ ഫോറസ്റ്റിനു കഴിയും.

സ്പീച്‌തെറാപ്പി ഉള്‍പ്പെടെ പലതരം തെറാപ്പികള്‍ ഫോറസ്റ്റ് പരീക്ഷിച്ചുവെങ്കിലും സംഗീതം വ്യത്യസ്തമാണ്. ‘സ്വീറ്റ്‌സര്‍ അത് രസകരമാക്കുന്നു, അത് എനിക്ക് ഇഷ്ടമാണ്.’വേനലിന്റെ തുടക്കത്തില്‍ സ്‌കൂളിലെ നിറഞ്ഞ സദസിനു മുന്നില്‍ ഫോറസ്റ്റും കൂട്ടുകാരും ഇത് വായിച്ചു. നാടകം ഒക്ടോബറില്‍ വേദിയിലവതരിപ്പിക്കണമെന്നാണ് പദ്ധതിയെങ്കിലും എന്തെങ്കിലും സംഭവിച്ചാലോ എന്ന പേടികൊണ്ട് അവരത് നേരത്തെ ചെയ്യാനൊരുങ്ങുന്നു.

മൂന്നുശ്രമങ്ങള്‍ പരാജയപ്പെട്ടത് കൊണ്ട് ഫോറസ്റ്റിന്റെ തലയോട് ശരിയാക്കാനും തലച്ചോറ് സംരക്ഷിക്കാനും കൂടുതല്‍ സങ്കീര്‍ണ്ണമായ വഴികളാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. ഇറാനിലും അഫ്ഗാനിസ്ഥാനിലും തലച്ചോറിന് ക്ഷതംവന്ന പടയാളികള്‍ക്ക് വേണ്ടി തയ്യാറാക്കിയ പ്രോട്ടോക്കോളാണു അവര്‍ ഉദ്ദേശിക്കുന്നത്. ഫോറസ്റ്റിന്റെ തലയില്‍ ഒരു മസില്‍ തുന്നിച്ചേര്‍ത്തശേഷം ടിഷ്യുവിന്റെ ഒരു പ്രതലം സൃഷ്ടിച്ചെടുക്കുകയാണ് പത്തുമണിക്കൂര്‍ നീളമുള്ള ആദ്യ സര്‍ജറിയിലൂടെ ജോണ് ഹോപ്കിന്‌സിലെ ഡോക്ടര്‍മാര്‍ ചെയ്യാന്‍ പോകുന്നത്.പതിയെ തലയോടിന്റെ പിന്‍ഭാഗത്ത് നിന്നും ആരോഗ്യമുള്ള ഒരു ഭാഗം തലയോടിന്റെ മുന്‍ഭാഗത്ത് ഇംപ്ലാന്റ്  ചെയ്യാനും ആണ് പദ്ധതി.


“അത് ആലോചിക്കുമ്പോള്‍ പേടിയാണ്. ആശുപത്രിവാസം, റിസ്‌ക്ക് എല്ലാം. ഏറ്റവും പേടി, ശബ്ദം വീണ്ടും നഷ്ടപ്പെടുമോ എന്നതാണ്” ഫോറസ്റ്റിന്റെ അമ്മ പറയുന്നു. ഫോറസ്റ്റ് പറയുന്നത് അയാള്‍ ഇതിനു തയ്യാറാെണന്നാണ്. താന്‍ സന്തോഷവാനായി ഉണരും, അല്ലെങ്കില്‍ ‘കാറ്റ് പോകും’ എന്നാണ് തമാശയായി ഫോറസ്റ്റ് പറയുന്നത്. 2014ലെ ഹൈസ്‌കൂള്‍ ക്ലാസ് അവരുടെ ഗ്രാജുവേഷന്‍ ദിവസം ഫുട്‌ബോള്‍ സ്റ്റേഡിയത്തിലേയ്ക്ക് നടന്നപ്പോള്‍ ഫോറസ്റ്റും ഒപ്പം നടന്നു. തന്റെ ചിത്രം ഉയര്‍ത്തിപ്പിടിച്ച ബന്ധുക്കളെ കണ്ടപ്പോള്‍ അവന്‍ ചിരിച്ചുകൊണ്ട് കയ്യുയര്‍ത്തി. ചടങ്ങുകഴിഞ്ഞപ്പോള്‍ അമ്മ പറഞ്ഞു, ‘യു ഡിഡ് ഇറ്റ്! അത് കഴിഞ്ഞു!’ “ഇല്ല”, ഫോറസ്റ്റ് പറഞ്ഞു, “കഴിഞ്ഞിട്ടില്ല”. ഒരു നിമിഷം അവന്‍ കണ്‍ഫ്യൂഷനിലാണെന്ന് അമ്മ കരുതി. അവരുടെ ഹൃദയം പിടഞ്ഞു. “ബ്ലീഡ് ചെയ്യുന്നുണ്ടോ? എന്തെങ്കിലും പ്രശ്‌നമുണ്ടോ?” ഒരു പ്രശ്‌നവുമില്ലായിരുന്നു. ഫോറസ്റ്റ് കണ്‍ഫ്യൂഷനിലായിരുന്നില്ല. അവന്‍ പറഞ്ഞു, “എനിക്ക് കോളേജില്‍ പോകണം ഇനി”.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍