UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫോര്‍ട്ട്‌കൊച്ചി ബോട്ടപകടം; കൊലപാതകത്തിന് കേസെടുക്കേണ്ടത് ഉദ്യോഗസ്ഥര്‍ക്കെതിരെ

Avatar

ജോസഫ് വര്‍ഗീസ്

ഫോര്‍ട്ട് കൊച്ചി ബോട്ടപകടവുമായി ബന്ധപ്പെട്ട് മത്സ്യബന്ധനവള്ളം ഓടിച്ചിരുന്ന കൊച്ചി കണ്ണമാലി ചക്കുങ്കല്‍ വീട്ടില്‍ ഫ്രാന്‍സിസിന്റെ മകന്‍ ഷിജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും മനപൂര്‍വമല്ലാത്ത നരഹത്യക്ക് ഇയാള്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഷിജുവിനെ ഏഴുദിവസത്തെ റിമാന്‍ഡ് കാലാവധിയില്‍ മട്ടാഞ്ചേരി സബ്ജയിലിലേക്ക് അയക്കുകയും ചെയ്തു.

പൊലീസും ജലഗതാഗതവകുപ്പും തുറമുഖ വകുപ്പും ഇനി മാധ്യമങ്ങളെ അറിയിച്ച് ഫെറി സര്‍വീസ് നടത്തുന്നയിടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തും. വര്‍ഷാവര്‍ഷം ഓരോ പതിനൊന്നാം മാസവും ഫെറി സര്‍വീസിന് കരാര്‍ പുതുക്കി നല്‍കുന്ന കൊച്ചി നഗരസഭവ അധികൃതരും ഉത്തരവാദിത്വത്തിന്റെ നേരിയ ശബ്ദം പോലും ഉയര്‍ത്താതെ കാഴ്ച്ചക്കാരന്റെ റോളിലേക്ക് മാറി നിന്ന് തങ്ങളുടെ റോള്‍ ഭംഗിയായി അഭിനയിച്ച് തീര്‍ക്കും. അതിനപ്പുറം ഈ ദുരന്തത്തില്‍ നിന്ന് നമ്മുടെ അധികാരികള്‍ ഏതെങ്കിലും പാഠം പഠിക്കുമെന്ന് തോന്നുന്നില്ല. അങ്ങനെയിതുവരെ സംഭവിച്ചിട്ടുമില്ലല്ലോ.

ജലഗതാഗതത്തിന് അനന്തസാധ്യതകള്‍ ഉള്ളതും ജനങ്ങള്‍ കൂടുതലായി ഈ ഗതാഗതസംവിധാനത്തെ ഉപയോഗിക്കുന്നതുമായ ഒരു സ്ഥലമാണ് കൊച്ചി. അതേപോലെ ഇവിടെ അപകടങ്ങള്‍ക്കും ഒരു കുറവും വരുന്നുമില്ല. എല്ലാ സൗകര്യങ്ങള്‍ക്കുമിടയില്‍, വല്ലാര്‍പാടം കണ്ടൈയ്‌നര്‍ ടെര്‍മിനലിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും ഷിപ്പ് യാര്‍ഡിന്റെയും കണ്ണെത്തും ദൂരത്താണ് പത്ത് ജീവനുകള്‍ പൊലിഞ്ഞതെന്നും ഓര്‍ക്കണം.

ഫോര്‍ട്ട് കൊച്ചി കമാലക്കടവ് ജട്ടയില്‍ നിന്ന് എട്ട് മീറ്റര്‍ അകലെയായിരുന്നു ഈ അപകടം നടന്നത്. അതൊരു പത്തോ ഇരുപതോ മീറ്റര്‍ മാറിയായിരുന്നെങ്കില്‍, രക്ഷിക്കാന്‍ കഴിയുന്നവരുടെ എണ്ണം എത്രയോ ചുരുങ്ങുമായിരുന്നു. 35 വര്‍ഷത്തിലധികം പഴക്കമുള്ള, മരത്തില്‍ നിര്‍മിച്ച ഒരു ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഈ ബോട്ട് എന്നുമുതലാണ് സര്‍വീസ് നടത്തുനന്നതെന്ന് ചോദിച്ചാല്‍ ചുരുങ്ങിയത് കാല്‍ നൂറ്റാണ്ട് ആയിട്ടുണ്ട്. അതായാത് ഓരോ പതിനൊന്നാം മാസവും സാങ്കേതികത്വത്തിന്റെ ഭാഗമായി മാത്രം ഇവര്‍ക്ക് കരാര്‍ പുതുക്കി നല്‍കുകയായിരുന്നു. തങ്ങളുടെ രാഷ്ട്രീയസ്വാധീനമുപയോഗിച്ച് എല്ലാ ചോദ്യം ചെയ്യലുകളില്‍ നിന്നും കരാറുകാര്‍ രക്ഷപ്പെട്ടുകൊണ്ടിരുന്നു.

കമാലക്കടവ് ജട്ടിയോട് ചേര്‍ന്നുള്ള പെട്രോള്‍ ബങ്കില്‍ നിന്ന് ഇന്ധനം നിറച്ച് തിരിഞ്ഞ ബന്‍സബേല്‍ എന്ന മത്സ്യബന്ധന വള്ളമാണ് ബോട്ടില്‍ ഇടിച്ചത്. വെളുപ്പിന് 6 മണിക്ക് കടലില്‍ പോയി വെറും കൈയോടെ തിരിച്ചുവന്നൊരു വള്ളമാണിത്. ചരക്ക് ഉണ്ടെങ്കില്‍ അത് കാളമുക്ക് ഹാര്‍ബറില്‍ ഇറക്കി അവിടെ നിന്ന് പെട്രോള്‍ അടിച്ചു പോരുകയാണ സാധാരണ പതിവ്. ഇന്നലെ ഒന്നും തടയാതിരുന്നതുകൊണ്ടാണ് കമാലക്കടവില്‍ ജെട്ടിയോട് ചേര്‍ന്നുള്ള പെട്രോള്‍ ബങ്കിലേക്ക് പോന്നത്. വള്ളം എന്നു പറയുമ്പോള്‍, ഇതിന് 75 അടി നീളമുണ്ടായിരുന്നു. 125 അടി നീളംവരെ ഒരു മത്സ്യബന്ധനവള്ളത്തിന് ഉണ്ടാകാറുണ്ട്. ഇവയില്‍ ഇന്‍ബോര്‍ഡ് എഞ്ചിന്‍ ആണ് പിടിപ്പിച്ചിരക്കുന്നത്. വെള്ളത്തിലൂടെ ചീറിപ്പായാന്‍ ഇവയ്ക്ക് കഴിയും. പക്ഷെ അപകടം നടക്കുന്ന സമയത്ത് വള്ളം ഇന്ധനം നിറച്ച് തിരിയുന്നതേ ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ എത്രമാത്രം വേഗത കാണുമെന്ന് ഊഹിക്കാമല്ലോ. പക്ഷെ ഒന്നു മുട്ടിയപ്പോള്‍ തന്നെ അകത്തിരിക്കുന്നവര്‍ക്ക് പ്രൊപ്പലര്‍ കാണാവുന്ന തരത്തില്‍ ബോട്ട് മറിഞ്ഞു. വള്ളം പെട്ടെന്ന് പുറകോട്ട് എടുത്തതോടെ ബോട്ട് രണ്ടായി മുറിയുകയും ചെയ്തു. അഴിമുഖത്ത് സര്‍വീസ് നടത്തുന്നൊരു ബോട്ടിന്റെ അവസ്ഥയാണിത്. അധികാരികളും നടത്തിപ്പുകാരും പുലര്‍ത്തിയ ക്രൂരമായ അലംഭാവത്തിന് നഷ്ടമായത് എട്ടുജീവനുകള്‍.

ഗതാഗതകുരുക്കിനാല്‍ ബുദ്ധിമുട്ടുന്ന കൊച്ചിയില്‍ ജലഗതാഗതത്തിന്റെ സര്‍വസാധ്യതകളും ഉപയോഗിക്കണമെന്ന് സര്‍വകോണില്‍ നിന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. കായല്‍ സൗന്ദര്യം നുകര്‍ന്നും തിരക്കൊഴിച്ചും അന്തരീക്ഷമലിനീകരണം കുറച്ചും കൊച്ചി നിവാസികള്‍ക്ക് തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്താന്‍ ബോട്ട് സര്‍വീസുകള്‍ ഉപകരിക്കപ്പെടും. ഇതിന് അധികാരികളുടെ അര്‍പ്പണബോധം മാത്രം മതി. എന്നാല്‍ അവര്‍ക്ക് അര്‍പ്പണത്തെക്കാള്‍ അനാസ്ഥയാണ് വഴങ്ങുന്നതെന്ന് ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിച്ച് തെളിയിക്കുന്നു.

റോഡ് ഗാതാഗതം ഇത്ര പുരോഗമിക്കുന്നതിനു മുമ്പും ഗോശ്രീപാലങ്ങള്‍ കൊച്ചിയുടെ ചെറുദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കുന്നതിനു മുമ്പും എറണാകുളം ജട്ടിയില്‍ നിന്ന് എത്രയധികം ബോട്ട് സര്‍വീസുകളാണ് നടത്തിയിരുത്. അന്നൊക്കെ ഇതിനേക്കാള്‍ കാര്യക്ഷമമായി ഇക്കാര്യത്തില്‍ അധികാരികളുടെ ശ്രദ്ധ പതിഞ്ഞിരുന്നു. ഇപ്പോള്‍ കൊച്ചി കായലില്‍ യാത്രാ ബോട്ടുകളുടെ എണ്ണം കുറഞ്ഞു. ഏറ്റവും കാര്യക്ഷമമായി ഈ സര്‍വീസുകള്‍ നടത്താവുന്നതേയുള്ളൂ. കപ്പല്‍ ചാലുകളിലൂടെ കടന്നുപോകുന്ന ബോട്ടുകളുടെ സംരക്ഷണത്തിന് എല്ലാ തവണയും കരാര്‍ പുതുക്കി നല്‍കുന്ന നഗരസഭ അധികൃതര്‍ക്കോ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന തുറമുഖ വകുപ്പിനോ കാര്യമായൊന്നും ചെയ്യാനില്ലെന്ന് അവര്‍ തെളിയിക്കുകയാണ്.

നമ്മള്‍ പലതിനോടും കണ്ണടയ്ക്കുന്ന ഒരു ജനതയാണ്. ഒരു റോഡിലെ കുഴി അടയ്ക്കണമെങ്കില്‍ ആ കുഴിയില്‍ വീണ് ഒരു കുടുംബം മരിച്ചതിന്റെ കണ്ണീര്‍ക്കഥ കേള്‍ക്കണം, പച്ചക്കറിയിലെ മായത്തെ കുറിച്ച് പഠിക്കണമെങ്കില്‍ നാട്ടുകാര്‍ക്ക് മുഴുവന്‍ കാന്‍സര്‍ വരണം, നിര്‍മാണമേഖലയിലെ സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യണമെങ്കില്‍ ഏതെങ്കിലും ഒരു കുടുംബത്തിന്റെ അത്താണിയായ ചെറുപ്പക്കാരന്‍ അപകടത്തില്‍പ്പെട്ട് മരിക്കണം. എല്ലാം സംഭവിച്ചശേഷം മാത്രം പ്രതികരിക്കാന്‍ ഇരിക്കുന്ന സമൂഹമാണ് നമ്മുടെത്.

ഫോര്‍ട്ട്‌കൊച്ചി കായലില്‍ നടന്നതും അത്തരത്തിലൊന്നാണ്. ഇനി നാം ചര്‍ച്ചകളും സംവാദങ്ങളും ഒക്കെ നടത്തും. അധികാരികളുടെ മിന്നല്‍ പരിശോധനകളും വാഗ്ദാനങ്ങളും വരും. പക്ഷെ സ്വന്തം ഭാര്യയും മകളും നഷ്ടമായ കുഞ്ഞുമോനെ പോലുള്ളവരെ സമാധാനിപ്പിക്കാന്‍ ഇതൊക്കെ മതിയാകുമോ? ആ മനുഷ്യന് തന്റെ പ്രിയപ്പെട്ടവരെ നഷ്ടമാകാന്‍ നമ്മുടെ സംവിധാനങ്ങളല്ലേ കാരണക്കാര്‍.

കുറെപ്പേര്‍ ഇതിനിടയില്‍ രാഷ്ട്രീയവുമായി വന്നു. ദുരന്തസ്ഥലം സന്ദര്‍ശിക്കാന്‍ വന്ന മന്ത്രിമാരെയും എംഎല്‍എമാരെയും തഞ്ഞുവച്ചു. കോര്‍പ്പറേഷന്‍ അധികാരികളോട് നിത്യശത്രുതയിലായ വഴിയോരക്കച്ചവടക്കാരെ കൂട്ടി മുദ്രാവാക്യം വിളിക്കുകയും പ്രകടനം നടത്തുകയും ചെയ്തു. ഇതൊക്കെ നടത്തിയാല്‍ പോയ ജീവനുകള്‍ തിരിച്ചു കിട്ടുമോ?

ഈ ബോട്ട് ഇവിടെ സര്‍വീസ് നടത്താന്‍ തുടങ്ങിയിട്ട് 25 വര്‍ഷമായി. മാറിമാറി വന്ന ഭരണക്കാരുടെയെല്ലാം ഇഷ്ടം സമ്പാദിച്ചു തന്നെയാണവര്‍ സര്‍വീസ് നടത്തിയതെന്ന് സ്പഷ്ടം. പിന്നെ ആര്‍ക്ക് ആരെയാണ് കുറ്റപ്പെടുത്താന്‍ അവകാശം? സുരക്ഷിതത്വമല്ലാത്ത ബോട്ടുകള്‍ സര്‍വീസ് നടത്തുന്നതില്‍ പ്രതിഷേധിച്ച് ഒരു ഹര്‍ത്താലും ഇതുവരെ പശ്ചിമ കൊച്ചിയില്‍ നടന്നിട്ടില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയും യുവജനസംഘടനയും പ്രതിഷേധം രേഖപ്പെടുത്തി കണ്ടിട്ടില്ല. അതിനാല്‍ ഇപ്പോള്‍ നടന്ന അപകടത്തിന് പരോക്ഷമായി അവരും ഉത്തരവാദികള്‍ തന്നെ. കാലാതീതമായി ചിന്തിച്ചിരുന്ന രാഷ്ട്രീയക്കാര്‍ നമുക്കുണ്ടായിരുന്നു. അങ്ങനെയുള്ളവരാകണം ഇപ്പോഴും ഉള്ളവരെന്ന് വാശിപിടിക്കുന്നില്ല. പക്ഷെ, ഒരു ദുരന്തം തങ്ങളുടെ മുതലെടുപ്പിനുള്ള പശ്ചാത്തലമാക്കരുത്, ആരും. നിങ്ങള്‍ക്ക് മുന്നില്‍ കാണുന്നതിനുനേരെ നിങ്ങള്‍ കണ്ണടയ്ക്കാതിരുന്നാല്‍ മതി. പാര്‍ട്ടി സമ്മേളനത്തിന് വന്‍തുക സംഭാവന നല്‍കുന്നവരോടല്ല, നാടിനോടും നാട്ടുകാരോടുമാണ് നിങ്ങള്‍ക്ക് പ്രതിബദ്ധത. നിങ്ങള്‍ളെ പ്രീതിപ്പെടുത്തുന്ന വലിയവര്‍ ചെയ്യുന്ന കൊള്ളരുതായ്മകള്‍ക്കു നേരെ നിങ്ങള്‍ കണ്ണടയ്ക്കുമ്പോഴാണ് ഒരു സമൂഹത്തില്‍ ദുരന്തങ്ങള്‍ ഉണ്ടാകുന്നത്.

(സാമൂഹ്യ നരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍