UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദ്രവിച്ച നിയമങ്ങള്‍ വെള്ളത്തില്‍ മുക്കിക്കൊല്ലുന്ന മനുഷ്യ ജീവനുകള്‍

Avatar

അഥീന

‘ദിവസങ്ങളുടെ ആയുസ്സുള്ള ചില മുന്‍കരുതലുകള്‍ നമുക്ക് വീണ്ടുമെടുക്കാം. മരിച്ച എഴു പേരുടെ ജീവന്‍ നഷ്ടമായത് അങ്ങനെ നമുക്ക് മറക്കാം. ഇനിയൊരു അപകട സമയത്ത് വീണ്ടും മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാം.’ ഒരു ശരാശരി മലയാളി ഓരോ അപകട വാര്‍ത്തയ്ക്കും പിന്നാലെ ഇത്തരത്തില്‍ ചിന്തിച്ചാല്‍ അവര്‍ അരാജകവാദികളെന്ന് മുദ്രകുത്തി ആക്ഷേപിക്കാനാവും പല ഭാഗത്ത് നിന്നും ശ്രമം. ഫോര്‍ട്ട് കൊച്ചി അമരാവതി സ്വദേശി വോള്‍ഗ , വൈപ്പിന്‍ അഴീക്കല്‍ സ്വദേശി സൈനബ, മട്ടാഞ്ചേരി പുതിയ റോഡ് മഹാജനവാടി സ്വദേശി സുധീര്‍, കാളമുക്ക് സ്വദേശി അയ്യപ്പന്‍, ഫോര്‍ട്ട് കൊച്ചി സ്വദേശി ജോസഫ്, ചെല്ലാനം സ്വദേശിനി സിന്ധു, സിന്ധുവിന്റെ മകള്‍ സുജീഷ എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. എന്നാലും ഫോര്‍ട്ടുകൊച്ചി ബോട്ടപകടത്തിന്റെ വരും ദിവസങ്ങളിലെ ചര്‍ച്ചകള്‍ എങ്ങനെ ആകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ഇന്ധനം നിറച്ച ശേഷം അമിത വേഗതയില്‍ വന്ന മത്സ്യബന്ധന ബോട്ട് കപ്പല്‍ ചാലിലേക്ക് പ്രവേശിക്കുന്നതിന് ഇടയില്‍ യാത്രാബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ഔദ്യോഗിക ഭാഷ്യം. അപകടത്തില്‍ തലകീഴായി മറിഞ്ഞ ബോട്ടിലുണ്ടായിരുന്ന യാത്രക്കാരെല്ലാം കായലില്‍ വീണു. അപ്പോഴും ബോട്ടില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്നത് വ്യക്തമല്ല. എല്ലാവരുടെയും ശ്വാസകോശത്തിനുള്ളില്‍ ഡീസല്‍ അടങ്ങിയ വെള്ളം കയറിയതായി പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ മത്സ്യബന്ധന ബോട്ടിന്റെ സ്രാങ്കിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ് ഭരണകൂടം പല കാര്യങ്ങളിലും പുലര്‍ത്തുന്ന നിസംഗത. ഏറ്റവുമൊടുവില്‍ തേക്കടി ബോട്ട് ദുരന്തമുണ്ടായപ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ ജലയാനങ്ങളിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്ന് ഉറപ്പുപറഞ്ഞതാണ്. അതിനു മുന്‍പും സമാന ഉത്തരവുകള്‍ ഉണ്ടായതിനാല്‍ ഇനിയും അത്തരമൊന്നിനെ നമുക്ക് പ്രതീക്ഷിക്കാം. തേക്കടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ യാത്രാ ബോട്ടുകളിലും ലൈഫ് ജാക്കറ്റുള്‍പ്പടെയുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ്. ബോട്ട് പുറപ്പെടും മുന്‍പ് അത് യാത്രക്കാരുടെ ശരീരത്തില്‍ അണിയിക്കണമെന്നും, സുരക്ഷ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്നും നിയമമുണ്ട്. എന്നാല്‍ എന്താണ് ഇവിടെ സംഭവിക്കുന്നതെന്ന് ഓരോ അപകടവും നമുക്ക് മനസിലാക്കി തരുന്നു.

35 വര്‍ഷം പഴക്കമുള്ള ബോട്ട് കപ്പല്‍ ചാലുള്‍പ്പെട്ട കായലിന്റെ മധ്യത്തിലൂടെ വൈപ്പിന്‍ കര ലക്ഷ്യമാക്കി നീങ്ങുമ്പോള്‍, അതിലെ യാത്രക്കാരുടെ സുരക്ഷയ്ക്കും സുഗമമായ യാത്രയ്ക്കും പുല്ലുവില പോലും കല്‍പ്പിക്കപ്പെട്ടില്ല. മൂന്ന് ലൈഫ് ബോയിമാര്‍ മാത്രമുണ്ടായിരുന്ന ബോട്ടിനെ പറ്റി അപകട സമയത്ത് ഉയര്‍ന്ന മറ്റൊരു കാര്യം, വര്‍ഷത്തില്‍ രണ്ടു തവണ നടത്തേണ്ട സുരക്ഷാ പരിശോധനകള്‍ കാര്യക്ഷമമായിരുന്നില്ലെന്നതാണ്. ഒറ്റ ഇടിയില്‍ ബോട്ട തകര്‍ന്ന് തരിപ്പണമായത് ആശ്ചര്യമേകുന്നു.

പഴയ രീതിയില്‍ നിര്‍മ്മിക്കപ്പെട്ടതായിരുന്നു ഈ ബോട്ട്. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ വെള്ളത്തില്‍ നിന്നു കരയിലേക്ക് കയറ്റി അറ്റകുറ്റപ്പണി നടത്തി പലകകള്‍ മാറ്റണം എന്നുണ്ടെങ്കിലും അത് ചെയ്തിട്ടില്ല. വെള്ളം കയറിയാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഏറെ സമയം കിട്ടുന്ന വിധത്തില്‍ ആധുനിക ബോട്ടുകളില്‍ സജ്ജമാക്കിയിട്ടുള്ള കമ്പാര്‍ട്ടുമെന്റുകള്‍ ഉണ്ടായിരുന്നില്ല. ബോട്ടുകളുടെ കാലപ്പഴക്കം, ലൈഫ് ജാക്കറ്റ്, തീപിടിത്ത നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവ പരിശോധിച്ച് ചീഫ് സര്‍വയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും റിപ്പോര്‍ട്ട് കൊച്ചി തുറമുഖ ഡയറക്ടര്‍ക്ക് കൈമാറണമെന്നാണ് നിയമമെങ്കിലും ഇത് പാലിച്ചിട്ടില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കൊച്ചി നഗരസഭയാണ് സര്‍വീസ് നടത്തുന്നതിനുള്ള കരാര്‍ നല്‍കുന്നതെങ്കിലും ബോട്ടിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിച്ച് ഉറപ്പുനല്‍കേണ്ടത് കൊച്ചി തുറമുഖ ട്രസ്റ്റില്‍ നിന്നാണ്. വിദേശ കപ്പലുകളും, കണ്ടെയ്‌നറുകളുമായി പോകുന്ന വെസ്സലുകളും, മത്സ്യ ബന്ധന ബോട്ടുകളും, വിനോദസഞ്ചാര ബോട്ടുകളും ഉള്‍പ്പടെ തിരക്കുപിടിച്ച കായലിലെ ജലപാതയില്‍ യാത്ര ബോട്ടുകളിലാണ് കൂടുതല്‍ നിയമലംഘനവുമെന്നത് ആശങ്കയുളവാക്കുന്നു.

ഈ അപകടത്തോടൊപ്പം തന്നെ മറൈന്‍ ഡ്രൈവിലെ വിനോദസഞ്ചാര ബോട്ട് ജെട്ടികളുടെ കാഴ്ചകള്‍ കാണണം. ഒട്ടും ഉറപ്പില്ലാത്ത ഒരാള്‍ക്ക് കഷ്ടിച്ച് നടക്കാവുന്ന മരപ്പലകകള്‍ കൊണ്ടുണ്ടാക്കിയ താത്കാലിക പാലത്തിലൂടെ ബോട്ടിലേക്ക് നടന്നുപോവുന്നത് ഏറെ അപകടം പിടിച്ച ഒന്നാണ്. എന്നാല്‍ ഇതിനേക്കാള്‍ അപകടസാധ്യതയുള്ളതാണ് ബോട്ടിനകത്തെ കാഴ്ചകള്‍. സഞ്ചാരികളില്‍ ചെറിയൊരു ഭാഗത്തിന് ലൈഫ് ജാക്കറ്റുകള്‍ നല്‍കുമെങ്കിലും, ഭൂരിഭാഗം പേര്‍ക്കും ലൈഫ് ജാക്കറ്റുകള്‍ വിനോദസഞ്ചാര ബോട്ടുകകളില്‍ ലഭ്യമല്ല. ഈ ബോട്ടുകളില്‍ കയറുന്ന യുവാക്കളും മധ്യവയസ്‌കരും പിന്നെ പ്രായഭേദമില്ലാതെ ആട്ടവും പാട്ടുമാണ്. തങ്ങള്‍ നില്‍ക്കുന്നത് കരയിലല്ല, കപ്പല്‍ചാലിലാണെന്നും, വള്ളം മുങ്ങിയാല്‍ വെള്ളം കുടിക്കാന്‍ മാത്രമേ സാധിക്കൂവെന്നും ഇവരില്‍ പലരും ഓര്‍ത്തുവയ്ക്കാറില്ല. കായലിലെ ഓളപ്പരപ്പുകള്‍ക്ക് മുകളില്‍ കൊച്ചിയെ നോക്കി നൃത്തം ചെയ്യൂവെന്നത് പരസ്യവാചകം ആയതിനാല്‍ ബോട്ടുകാര്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താറില്ല. ഇത് കണ്ടാലും കാണാത്ത മട്ടില്‍ നടിക്കുകയാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും ചെയ്യുന്നത്.

ഒരു നിമിഷം മുന്നിലെത്താനുള്ള അശ്രദ്ധ കൊണ്ട് മാത്രം സംഭവിച്ച പിഴവാണ് ഏഴു പേരുടെ ജീവനെടുത്തത്. മത്സ്യബന്ധന ബോട്ടുകള്‍ കായലില്‍ മത്സരയോട്ടം നടത്താറില്ലെങ്കിലും സംഭവത്തില്‍ കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ പുറത്തുവരണം. എന്നാലും ഇനി മുതല്‍ എല്ലാം ശരിയാകുമെന്ന പ്രസ്താവന നടത്താതെ അല്‍പ്പമെങ്കിലും ശരിയാക്കണം. ഇതുവരെ പൊലിഞ്ഞത് 200 മനുഷ്യജീവനുകളും, ജലപാത ഏറ്റവും സുരക്ഷിതമായ ഗതാഗത മാര്‍ഗ്ഗവുമാണ്.

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് അഥീന)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍