UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നഷ്ടപ്രണയങ്ങളെ തേടി 40 വര്‍ഷങ്ങള്‍; വിയറ്റ്‌നാമില്‍ തിരിച്ചെത്തുന്ന യുദ്ധഭടന്മാര്‍

Avatar

ആനി ഗോവന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഹോചിമിന്‍ സിറ്റിയിലെ ബാറുകള്‍ നിരന്ന തെരുവില്‍ പെണ്‍കുട്ടികള്‍ നടക്കുന്നുണ്ട്, പുരുഷയാത്രികരെ അകത്തുവരാനും ഒരു ഡ്രിങ്ക് കഴിക്കാനും ആകര്‍ഷിച്ചുകൊണ്ട്. 

കാഫാ ദ ലാത്ത് 244 നടുത്ത് ഒരു രാത്രി വിയറ്റ്‌നാം യുദ്ധഭടനായ ജിം റേയ്ഷല്‍ ഈ രംഗം ഭാവവ്യത്യസമില്ലാതെ കണ്ടുകൊണ്ടിരുന്ന് ബിയര്‍ കുടിക്കുകയാണ്. ഇപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നും, എന്നാല്‍ നാല്‍പ്പതു വര്‍ഷം മുമ്പ് ഇതുപോലെയുള്ള ഒരു രാത്രിയിലാണ് അയാളുടെ ജീവിതം മാറിയത്. 

ഇരുപത്തൊന്നുകാരനായ മിന്നസോട്ടയില്‍ നിന്നുള്ള എയര്‍ഫോഴ്‌സ് സാര്‍ജന്റ് ആയിരുന്നു അയാള്‍. വിയറ്റ്‌നാമിലെത്തിയിട്ട് മൂന്നുമാസമായിരുന്നു. അപ്പോഴാണ് കുറച്ചു രസത്തിനുവേണ്ടി സുഹൃത്തുക്കള്‍ അയാളെ ടാന്‍ സോന്‍ നട്ട് എയര്‍ബേസില്‍ കൊണ്ടുപോയത്. 

ആ രാത്രി അയാള്‍ ലിന്‍ ഹോ എന്ന ഒരു ബാര്‍ഗേളിനെ കണ്ടു, അവള്‍ക്ക് ചായ വാങ്ങിക്കൊടുത്തു. അവള്‍ ഒരു ലൈംഗികത്തൊഴിലാളിയായിരുന്നു. അല്‍പ്പം ഇംഗ്ലീഷും സംസാരിച്ചിരുന്നു. നീളന്‍ തലമുടി പിറകില്‍ ഇളകിക്കിടന്നിരുന്നു. അയാള്‍ ഭ്രമിച്ചുപോയി. 

ഒരു ജീവിതകാലം കഴിഞ്ഞാണ് അയാള്‍ വിയറ്റ്‌നാമില്‍ തിരിച്ചുവന്നത്. ഇതുവരെ നാലുതവണ അവളെ കണ്ടെത്താമെന്ന പ്രതീക്ഷയില്‍ അയാള്‍ ഇവിടെ എത്തി. ജൂലൈ നാലിന് 1970ല്‍ തിരികെ കപ്പലില്‍ കയറാന്‍ പോകുമ്പോള്‍ അവള്‍ പറഞ്ഞ ഒരു കാര്യം അയാള്‍ക്ക് മറക്കാന്‍ കഴിഞ്ഞില്ല. 

‘അവള്‍ ഗര്‍ഭിണിയാണെന്ന് അവള്‍ പറഞ്ഞു,’ അയാള്‍ ഓര്‍ക്കുന്നു, ‘അവള്‍ സത്യമാണോ പറഞ്ഞത്? അറിയില്ല. എന്റെയൊപ്പം അമേരിക്കയില്‍ വരണമെന്ന് അവള്‍ പറഞ്ഞു.’

അവള്‍ പറഞ്ഞത് അന്ന് ഞാന്‍ വിശ്വസിച്ചില്ല. അമേരിക്കയിലെത്താനുള്ള അവളുടെ ഒരു കുടുക്കായിരിക്കും അതെന്നാണ് ഞാന്‍ കരുതിയത്. കൂടെയുള്ള പട്ടാളക്കാര്‍ ഇങ്ങനെ ഒരു സൂചന നല്‍കിയിരുന്നു. എന്നാല്‍ നാല്‍പ്പത്തഞ്ചുവര്‍ഷവും പരാജയപ്പെട്ട രണ്ടുവിവാഹങ്ങളും ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഒടുവില്‍ അയാള്‍ക്ക് അവള്‍ പറഞ്ഞത് മറക്കാന്‍ കഴിയുന്നില്ല. 

‘അത് സത്യമാണോ എന്ന് അന്വേഷിക്കണമെന്നുണ്ട്. ഒരു കുട്ടി ഉണ്ടോ? അതാണ് എനിക്ക് കണ്ടെത്തേണ്ടത്.’, അയാള്‍ പറയുന്നു. 

റേയ്ഷല്‍ എന്ന അറുപത്തിയേഴുകാരനായ ഈ കാര്‍ട്ടോഗ്രാഫര്‍ മാത്രമല്ല വിയറ്റ്‌നാമില്‍ നഷ്ടപ്രണയങ്ങള്‍ തേടിവരുന്നത്. ബ്രയന്‍ ജോര്‍ട്ട് എന്ന ഡാനിഷ്‌കാരന്‍ പഴയ പട്ടാളക്കാരെയും അവരുടെ വിയറ്റ്‌നാമീസ് കാമുകിമാരെയും കുട്ടികളെയും തമ്മില്‍ ചേര്‍ക്കുന്ന ഒരു വെബ്‌സൈറ്റ് നടത്തുന്നുണ്ട് fatherfounded.org വെബ്‌സൈറ്റ് തുടങ്ങി കുറച്ചുനാളുകള്‍ക്കുള്ളില്‍ തന്നെ ഡസന്‍ കണക്കിന് ആളുകളാണ് വെബ്‌സൈറ്റിന്റെ സേവനങ്ങള്‍ ആവശ്യപ്പെട്ടത്. 

സെയ്‌ഗോണ്‍ (ഇപ്പോള്‍ ഹോ ചി മിന്‍ സിറ്റി) വീഴുന്നതിനു മുമ്പുള്ള കാലയളവില്‍ വിയറ്റ്‌നാമില്‍ പോസ്റ്റ് ചെയ്യപ്പെട്ട അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് 40 വര്‍ഷങ്ങള്‍ക്കു മുമ്പ് ലോക്കല്‍ സ്ത്രീകളുമായുള്ള അവരുടെ ബന്ധങ്ങളില്‍ നിന്ന് ഒരു ലക്ഷത്തോളം കുട്ടികള്‍ ജനിച്ചിട്ടുണ്ട്. പല കുട്ടികളും 1987ല്‍ കോണ്ഗ്രസ് അനുവദിച്ച ഒരു പ്രത്യേക ആക്റ്റിലൂടെ അമേരിക്കയിലേയ്ക്ക് ഇമിഗ്രേറ്റ് ചെയ്‌തെങ്കിലും നൂറുകണക്കിന് പേര്‍ വിയറ്റ്‌നാമില്‍ തന്നെ തുടരുന്നു. 

ഉത്തരങ്ങള്‍ വേണമെന്ന് തോന്നുന്ന ഒരു പ്രായത്തിലാണ് ഞങ്ങള്‍, റേയ്ഷിലിനെ സഹായിക്കുന്ന, ഒരു നഷ്ടകാമുകിയും കുട്ടിയുമുള്ള ഡെന്നിസ് ഹാള്‍ പറയുന്നു. ‘ഉത്തരങ്ങള്‍ വര്‍ഷങ്ങളായി ഇരുട്ടിലാണ്. മരിക്കുന്നതിനു മുമ്പ് സത്യമറിയുന്നത് നല്ലതാണ്.’ 

ഈ സംഘം റേയ്ഷിലിനെ ഒരു വിയറ്റ്‌നാമീസ് വിവര്‍ത്തകനുമായി ബന്ധിപ്പിച്ച് ലിന്‍ ഹോയെ കണ്ടെത്താന്‍ ലോക്കല്‍ പത്രങ്ങളില്‍ പരസ്യങ്ങള്‍ കൊടുത്തിട്ടുണ്ട്. ആദ്യകത്തിന് മറുപടി അയക്കാഞ്ഞതുകൊണ്ട് ചുരുട്ടിയെറിഞ്ഞുകളഞ്ഞ കടലാസിലെ വിലാസം ഓര്‍ക്കാന്‍ കഴിയുമോ എന്നറിയാന്‍ അയാള്‍ ഹിപ്‌നോസിസ് വരെ നടത്തി. ഇതുവരെ ഫലമുണ്ടായില്ല. 

അയാള്‍ക്കും ലിന്‍ ഹോയ്ക്കും അഞ്ച് ഡോളറിന്റെ ഒരു വീടുണ്ടായിരുന്ന പരിസരത്ത് റേയ്ഷല്‍ പോയി നോക്കി. രാജ്യം ഏകീകൃതമായതിനു ശേഷം തെരുവുകളുടെ പേരും നമ്പരും ഒക്കെ മാറിപ്പോയിരുന്നു. 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍

ടെറാ കോട്ട ടൈലുകളും ഗ്രില്ലും ഒക്കെ നോക്കി ഇപ്പോഴും നിലവിലുള്ള രണ്ടുകെട്ടിടങ്ങള്‍ അയാള്‍ കണ്ടെത്തി. അവര്‍ വിസ്‌ക്കി കുടിച്ചും ചെറിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടീവിയില്‍ ആര്‍മി ബ്രോഡ് കാസ്റ്റ് കണ്ടും ഇരുന്ന വീടും കാമുകിയെപ്പോലെ തന്നെ നഷ്ടമായിരുന്നു. സ്ഥലം നോക്കാന്‍ അവിടെ താമസിക്കുന്ന ഒരാള്‍ ക്ഷണിച്ചു. പണ്ട് കണ്ട തെരുവ് വീണ്ടും കാണാന്‍ നട കയറി ബാല്‍ക്കണിയിലെത്തിയപ്പോള്‍ അയാളുടെ വാതം പിടിച്ച കാല്‍ വേദനിച്ചു. 

താഴെയുള്ള ട്രാഫിക്ക് നോക്കി അയാള്‍ പറഞ്ഞു, ‘ഞാന്‍ എന്റെ അന്വേഷണം അവസാനിപ്പിക്കില്ല.’ 

അവസാനം ലിന്‍ ഹോയെ കണ്ടപ്പോള്‍ എടുത്ത ഒരു ഫോട്ടോ അയാളുടെ പക്കലുണ്ട്. അയാള്‍ ടാക്‌സിയില്‍ കയറാന്‍ പോകുമ്പോള്‍ പെട്ടെന്ന് എടുത്ത ഫോട്ടോയാണിത്. ഫോട്ടോയില്‍ ഇതേ തെരുവില്‍ ഒരു ബാല്‍ക്കണിയില്‍ അവള്‍ അയാള്‍ പോകുന്നത് നോക്കിനില്‍ക്കുകയാണ്. ഫോട്ടോയുടെ നിറം മങ്ങുന്നുവെങ്കിലും ദുഃഖം ഏറുകയാണ്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍