UPDATES

‘പ്രൊഫസറും ഡോക്ടറും നല്ല മനുഷ്യര്‍, മറ്റുള്ളവരെ സഹായിക്കുന്നവര്‍… എന്തിന്, ആരിത് ചെയ്തു?’

പ്രൊഫസറും ഭാര്യയും വളരെ നല്ല ആളുകളായിരുന്നുവെന്ന് അയല്‍ക്കാര്‍

‘പ്രൊഫസറും ഡോക്ടറും എല്ലാവരോടും നന്നായി പെരുമാറുന്നവരുമാണ്. അവര്‍ക്ക് ശത്രുക്കളൊ മറ്റോ ഉള്ളതായി അറിയില്ല.’ തിരുവനന്തപുരം നന്ദന്‍കോട് ക്ലിഫ് ഹൗസിനു സമീപത്തെ പൈശാചിക കൊലപാതക വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നു മാറിയിട്ടുണ്ടായിരുന്നില്ല പ്രൊഫസര്‍ രാജരങ്കത്തിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന സുവോളജി അധ്യാപകന്‍ ദിലീപ് ഭാഗ്യരാജ്.

പുലര്‍ച്ചെ ഒരു മണിയോടെ പ്രൊഫസര്‍ രാജരങ്കത്തിന്റെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് അയല്‍ക്കാര്‍ ആദ്യം ഫയര്‍ ഫോഴ്‌സിനെ വിളിക്കുകയും അവര്‍ പ്രതികരിക്കാത്തതിനാല്‍ മറ്റൊരു അയല്‍വാസിയുമായി ബന്ധപ്പെട്ട് പോലീസിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്നെത്തിയ പോലീസും ഫയര്‍ഫോഴ്സും കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു.

മൂന്ന് പേരുടെ ശരീരം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് ചാക്കില്‍കെട്ടിയ നിലയിലുമായിരുന്നു കണ്ടെത്തിയത്. ഡോ. ജീന്‍ പദ്മയും ഭര്‍ത്താവ് പ്രൊഫ. രാജരങ്കം, മകള്‍ കാരലിന്‍, ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. മകനായ കേദര്‍ ജിന്‍സണ്‍ രാജിനു നേരെയാണ് സംശയത്തിന്റെ മുന നീളുന്നതെങ്കിലും പോലീസിന് കേദറിനെ പ്രതിയാണെന്ന് ഉറച്ച് പറയുവാന്‍ സാധിക്കുന്നില്ല.

പോലീസ് ഫയര്‍ഫോഴ്‌സുമായി എത്തി വീട്ടില്‍ പ്രവേശിച്ച് തീ അണക്കുകയായിരുന്നു. ആദ്യം രണ്ട് മൃതദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് പോലീസ് കരുതിയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഒരു മൃതദേഹം ബഡ്ഷീറ്റില്‍ പൊതിഞ്ഞ് ചാക്കില്‍ കെട്ടി വച്ചിരിക്കുന്നത് കണ്ടു. പിന്നീട് പോലീസ് അയല്‍വാസിയുടെയും ബന്ധുക്കളുമായി സംസാരിച്ചപ്പോള്‍ വീട്ടില്‍ അഞ്ച് പേരാണുണ്ടായിരുന്നതെന്ന് മനസ്സിലായി. അങ്ങനെയാണ് ഒരാള്‍ കൂടി കത്തിക്കരിഞ്ഞ് കിടപ്പുണ്ടെന്ന് കണ്ടെത്തിയത്.

ജീന്‍ പദ്മ, രാജരങ്കം, കാരലിന്‍ എന്നിവരുടെ മൃതദേഹം കഷ്ണങ്ങളാക്കി കത്തിച്ച നിലയിലായിരുന്നു. പദ്മയുടെ കുഞ്ഞമ്മ ലളിതയുടെ ശരീരം ചാക്കിലായിരുന്നു. ഇവരെ മൂന്നു-നാലു ദിവസം മുമ്പ് തന്നെ കൊന്നിരിക്കാമെന്നാണ് കരുതുന്നത്. കഷ്ണങ്ങളാക്കിയ മൃതദേഹം കുറേശ്ശേ കത്തിക്കുകയായിരുന്നു പ്രതി. ഇന്നലെയും ബാക്കി മൃതദേഹം കത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തീ അബദ്ധത്തില്‍ വ്യാപിക്കുകയായിരുന്നുവെന്നും കരുതുന്നു. കൂടാതെ കൃത്യം ചെയ്തുവെന്ന് കരുതുന്ന കേദറിന് തീ വ്യാപിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ കാലില്‍ പൊള്ളല്‍ ഏറ്റിട്ടുണ്ടെന്നും കരുതുന്നു.

ഇന്നലെ രാത്രിയില്‍ പത്ത് മണിക്ക് പദ്മയുടെ സഹോദരന്‍ ജോസ് (മരണപ്പെട്ടവരുടെ വീടിന് തൊട്ടടുത്ത് തന്നെയാണ് അദ്ദേഹവും താമസിക്കുന്നത്) കേദര്‍ മതില്‍ ചാടുന്നത് കണ്ടതായും കേദറിന്റെ കാലില്‍ പൊള്ളലേറ്റതുപോലെ പാട് കണ്ടുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

‘പ്രൊഫസറും ഡോക്ടറും എല്ലാവരോടും നന്നായി പെരുമാറുന്നവരുമാണ്. അവര്‍ക്ക് ശത്രുക്കളൊ മറ്റോ ഉള്ളതായി അറിയില്ല. കുട്ടികളാണെങ്കില്‍ വളരെ ബ്രില്ല്യന്റായവരാണ്. രാജരങ്കം മാര്‍ത്താണ്ഡം ക്രിസ്ത്യന്‍ കോളേജിലെ ഹിസ്റ്ററി പ്രൊഫസറായിരുന്നു. റിട്ടയര്‍ ആയതിന് ശേഷം തങ്ങളുടെ എസ്‌റ്റേറ്റും മറ്റു വകകളും നോക്കി നടത്തുകയായിരുന്നു അദ്ദേഹം. ഡോ ജീന്‍ പദ്മ റിട്ടയര്‍ ആയതിന് ശേഷം പന്തളത്തെ ആശുപത്രിയില്‍ കാര്‍ഡിയാക് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഒരു മാസത്തിലേറെയായി അവര്‍ അവിടുത്തെ സേവനം മതിയാക്കി ബ്രൂണെയിലേ ഒരു ആശുപത്രിയില്‍ സേവനമനുഷ്ഠിക്കാനായിട്ടുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരത്തുണ്ടായിരുന്നു. കരോലിന്‍ ചൈനയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കി എത്തിയിട്ട് ആറുമാസമെ ആയിട്ടുള്ളൂ. ലളിത കുറേ നാളുകളായി ഇവരുടെ കൂടെയുണ്ടായിരുന്നു. പദ്മയുടെ കുഞ്ഞമ്മ കൂടിയാണ് ഇവര്‍- ദിലീപ് ഭാഗ്യരാജ് അഴിമുഖത്തോട് പറഞ്ഞു.

പ്രതിയെന്ന് സംശയിക്കുന്ന കേദര്‍ എംബിബിഎസ് പഠിക്കാന്‍ ചേര്‍ന്നിട്ട് അത് ഉപേക്ഷിക്കുകയും പിന്നീട് എഞ്ചിനിയറിംഗ് മേഖലയുമായി ബന്ധപ്പെട്ട് പഠിക്കുകയുമായിരുന്നു. അത് പൂര്‍ത്തിയാകാതെ ഓസ്‌ട്രേലിയയില്‍ പോയി. കേദര്‍ ലീവിന് നാട്ടില്‍ എത്തിയ സമയത്ത് ഓസ്‌ട്രേലിയയില്‍ വംശീയാക്രമണം നടന്ന പശ്ചാത്തലത്തില്‍ പിന്നെ നാട്ടില്‍ തന്നെ തുടരുകയായിരുന്നു. കേദര്‍ സ്വയം തയ്യാറാക്കിയ ഗെയിം സെര്‍ച്ച് എഞ്ചിന് ആവശ്യക്കാരുണ്ടാവുകയും അതിന് നല്ല റോയല്‍റ്റി വരുമാനം ലഭിക്കുകയും ചെയ്തിരുന്നു. കേദര്‍ വികസിപ്പിച്ച ഒരു സോഫ്റ്റ്‌വെയറിന് ഈയിടെ ഓസ്‌ട്രേലിയയില്‍ നിന്ന് ഒരു പേറ്റെന്റ് എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് അടുത്ത രണ്ടാഴ്ചക്കുള്ളില്‍ ഓസ്‌ട്രേലിയയില്‍ പോകാനിരുന്നതായിരുന്നു കേദര്‍. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. പ്രൊഫസര്‍ നല്ല ആരോഗ്യമുള്ള ഒരാളായിരുന്നു. അദ്ദേഹത്തെ ഒക്കെ ഒരാള്‍ക്ക് ഒറ്റക്ക് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ പറ്റുമോ എന്ന കാര്യം സംശയമാണ്.

എല്ലാവരോടും അദ്ദേഹത്തിന് കൂട്ട് ഉണ്ടായിരുന്നു. താഴെ മുതല്‍ മുകളില്‍ വരെയുള്ള നല്ല ബന്ധം സൂക്ഷിക്കുന്ന ഒരാളായിരുന്നു പ്രൊഫസര്‍. അദ്ദേഹത്തിന്റെ കീഴില്‍ 35-ഓളം പേര്‍ പിഎച്ച്ഡി നേടിയിട്ടുണ്ട്. അവരോടൊക്കെ പ്രൊഫസര്‍ എങ്ങനെയായിരുന്നു പെരുമാറിയിരുന്നതെന്ന് കണ്ട് പഠിക്കേണ്ടതായിരുന്നു. ഗൈഡന്‍സ് നല്‍കുക മാത്രമല്ല, വിദ്യാര്‍ഥികളെ നല്ലതുപോലെ സഹായിക്കുമായിരുന്നു അദ്ദേഹം. 23 വര്‍ഷം ഒരുമിച്ച് ഞങ്ങള്‍ ജോലി ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ നല്ലതുപോലെ അറിയാം, സാമ്പത്തികമായും അല്ലാതെയും പലരെയും പ്രൊഫസറും ഭാര്യയും ലോഭമില്ലാതെ സഹായിക്കാറുണ്ടായിരുന്നു.’

ഡോക്ടര്‍ പദ്മയുടെ അച്ഛന്‍ സുന്ദരേശന്‍ എന്ന ചെല്ല അയ്യന്‍ മാതൃകാ അധ്യാപകനുള്ള പ്രസിഡന്റിന്റെ മെഡല്‍ നേടിയ വ്യക്തിയാണ്. നല്ല അഭിപ്രായമാണ് ഡോക്ടറെ കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ളത്. ചികിത്സയ്ക്ക് എത്തുന്നവരുടെ കൈയില്‍ നിന്നും അനാവശ്യമായി പണം മേടിക്കില്ലെന്നു മാത്രമല്ല ചിലപ്പോള്‍ സ്വന്തം കൈയ്യില്‍ നിന്ന് രോഗികള്‍ക്കായി പണം മുടക്കാറുണ്ടെന്നും പറയുന്നു. ഇതിനായി ഭര്‍ത്താവ് രാജരങ്കവും സഹായിക്കാറുണ്ട്. ഡോക്ടര്‍ക്കും പ്രൊഫസര്‍ക്കും സ്ഥിരമായി ഡ്രൈവറായി എത്താറുള്ള സുരരാജ ഇവരെ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അവസാനമായി കണ്ടത്. സുരരാജയാണ് ഇവരെ ഞായറാഴ്ചകളില്‍ പള്ളിയില്‍ കൊണ്ടുപോയിരുന്നത്. സാധാരണ തലേന്ന് വിളിച്ചു പറയുകയാണ് പതിവെന്നും എന്നാല്‍ ഇന്ന് പള്ളിയില്‍ പോകാന്‍ ഫോണ്‍ വിളിക്കാത്തതിനാല്‍ ഇന്ന് രാവിലെ അങ്ങോട്ട് വിളിക്കുകയായിരുന്നു. ആരും ഫോണ്‍ എടുത്തില്ല, പിന്നീടാണ് വിവിരങ്ങള്‍ അറിഞ്ഞതെന്നും രാജ പറയുന്നു.’


‘അവര്‍ അധികമൊന്നും ആരോടും ഇടപെടില്ലായിരിക്കാം, പക്ഷെ ഞങ്ങളോട് വളരെ നല്ല രീതിയിലായിരുന്നു പെരുമാറിയിരുന്നത്. പലപ്പോഴും പണി കഴിഞ്ഞുപോകുമ്പോള്‍ പറഞ്ഞതിലും അധികം കൂലി തരാറുണ്ട്. എന്നോട് മാത്രമല്ല എല്ലാവരോടും അങ്ങനെ തന്നെയാണവര്‍. കണ്ടമാനം പൈസ ഒന്നും ഡോക്ടര്‍ മേടിക്കില്ല. ചിലര്‍ക്ക് അങ്ങോട്ട് പണം നല്‍കാറുമുണ്ട് ഡോക്ടര്‍. ചിലരൊക്കെ പറയും പ്രൊഫസര്‍ അധികം സംസാരിക്കില്ലെന്ന് ഒക്കെ. എനിക്ക് അങ്ങനെ തോന്നുന്നില്ല. എന്നോടൊക്കെ വളരെ കാര്യമായിട്ടാണ് ഓരോ കാര്യങ്ങളും ചോദിക്കുന്നതും പറയുന്നതും. കുട്ടികളുമായി അങ്ങനെ അധികം ഇടപെട്ടിട്ടില്ല. അവരൊക്കെ പുറത്തായിരുന്നുവെന്നതില്‍ കൂടുതല്‍ ഒന്നും അറിയില്ല. ഇടയ്ക്ക് ഇവരെയെല്ലാം ഇവരുടെ എസ്‌റ്റേറ്റില്‍ കൊണ്ടുപോകാറുണ്ട്.’ സുരാരാജ പറഞ്ഞു.

കൃത്യത്തിന് പിന്നില്‍ കേദര്‍ ആണെന്ന് പ്രാഥമികമായി പോലീസ് സംശയിക്കുന്നുണ്ടെങ്കിലും കുറ്റവാളി ഇയാള്‍ തന്നെയാണെന്ന് ഉറപ്പിച്ചിട്ടില്ല. കേദര്‍ ഒളിവില്‍ പോയെന്നും ഇയാള്‍ പുലര്‍ച്ചെ രണ്ടു മണിക്ക് തമ്പാനൂരില്‍ നിന്നു രക്ഷപ്പെട്ടുവെന്ന സൂചനയുമുണ്ട്. ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്‍ക്വെസ്റ്റും പൊസ്റ്റുമോര്‍ട്ടവും മരണ വീട്ടില്‍ വെച്ച് തന്നെയാണ് നടത്തിയത്. മറ്റ് കാര്യങ്ങളും പോലീസ് അന്വേഷിച്ചു വരുകയാണ്.

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍