UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നെഹ്രു കോളേജ് പ്രതികാര നടപടിയ്ക്ക്; സമരം ചെയ്ത നാല് വിദ്യാര്‍ത്ഥികളെ പുറത്താക്കും

സമരത്തിന് ഒരുങ്ങി വിദ്യാര്‍ത്ഥികള്‍

പാമ്പാടി നെഹ്രു കോളേജിലെ നാല് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് മാനേജ്‌മെന്റ്. സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കുന്നത്. ഈ വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറേണ്ടെന്ന് മാനേജ്‌മെന്റ് രക്ഷിതാക്കള്‍ക്ക് കത്ത് അയച്ചതായാണ് അറിയുന്നത്.

ഫാര്‍മസി കോളേജ് നാലാം വര്‍ഷ വിദ്യാര്‍ത്ഥികളായ അതുല്‍ ജോസ്, നിഖില്‍ ആന്റണി, സുജേഷ്, മുഹമ്മദ് ആഷിഖ് എന്നിവര്‍ക്കെതിരെയാണ് നടപടി. തിങ്കളാഴ്ച നടക്കാനിരിക്കുന്ന മീറ്റിംഗിന് ശേഷം ക്ലാസില്‍ കയറിയാല്‍ മതിയെന്നാണ് അറിയിപ്പ് കിട്ടിയിരിക്കുന്നതെന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

മാനേജ്‌മെന്റിന്റെ പ്രതികാര നടപടിയാണ് ഇതെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ സമരത്തിന് ഒരുങ്ങുകയാണ്. ഇന്ന് മുതല്‍ നെഹ്രു കോളേജിലെ ഫാര്‍മസി, മാനേജ്‌മെന്റ് കോളേജുകള്‍ ഇന്നലെ മുതല്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് ഒരു മാസമായി അടച്ചിട്ടിരുന്ന ഫാര്‍മസി, മാനേജ്‌മെന്റ് കോളേജുകളാണ് ഇന്നലെ മുതല്‍ തുറന്ന് പ്രവര്‍ത്തിച്ചത്. രക്ഷിതാക്കളുടെ സംഘടന തൃശൂര്‍ കളക്ടര്‍ക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്നായിരുന്നു നടപടി. അതേസമയം സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് വിദ്യാര്‍ത്ഥികള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.

തങ്ങള്‍ സമരത്തിനിറങ്ങിയത് കാരണം കോളേജ് അടയ്‌ക്കേണ്ടി വന്നെന്ന് ആരോപിച്ചാണ് പുറത്താക്കുന്നതെന്ന് കോളേജ് അറിയിച്ചതായി വിദ്യാര്‍ത്ഥികള്‍. കോളേജില്‍ നടന്ന സമരത്തില്‍ മുഖം മറയ്ക്കാതെ പങ്കെടുത്തവരാണ് തങ്ങള്‍ നാലുപേരുമെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. സമരത്തിന്റെ തുടക്കത്തില്‍ മുഖംമറച്ച് സമരത്തിനിറങ്ങിയ തങ്ങളോട് പലരും അതേക്കുറിച്ച് ചോദിച്ചതോടെയാണ് മുഖം മറയ്ക്കാതെ തന്നെ സമരത്തില്‍ പങ്കെടുക്കാനെത്തിയത്.

കോളേജ് മാനേജ്‌മെന്റിനെതിരായ സമരത്തിന് നേതൃത്വം നല്‍കുകയും സമൂഹമാധ്യമങ്ങള്‍ വഴി കോളേജിനെതിരെ പ്രചരണം നടത്തുകയും ചെയ്ത പത്ത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് ആദ്യം മാനേജ്‌മെന്റ് അറിയിച്ചിരുന്നത്. ഇവരില്‍ നാല് പേരെ ഇപ്പോള്‍ തന്നെ പുറത്താക്കുമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. അതേസമയം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ രക്ഷിതാക്കളും മാനേജ്‌മെന്റും ചേര്‍ന്ന് നടത്തുന്ന യോഗത്തിന് ശേഷം ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നും അറിയുന്നുണ്ട്.

കോളേജ് തുറക്കുന്നതിന് മുന്നോടിയായി നടന്ന പിടിഎ യോഗത്തില്‍ ഈ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ പങ്കെടുപ്പിച്ചിരുന്നില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇവരെ പുറത്താക്കുന്നതായി മാനേജ്‌മെന്റ് വാക്കാല്‍ അറിയിച്ചത്. എന്നാല്‍ സംഭവം വിവാദമായതോടെ വിദ്യാര്‍ത്ഥികളെ പുറത്താക്കിയിട്ടില്ലെന്നാണ് മാനേജ്‌മെന്റ് ഇപ്പോള്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍