നാല് വര്‍ഷം മുമ്പ് നടന്ന സമരത്തില്‍ കൂലി വര്‍ധനമാത്രമാണ് ഭാഗീകമായി നടപ്പിലായത്.
കേരളത്തിന്റെ തൊഴിലാളി അവകാശ സമരങ്ങളില്‍ സമാനതകളില്ലാത്ത ചരിത്രമായിരുന്നു മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ എഴുതിയത്. ബോണസ്, കൂലി വര്‍ദ്ധനവ്, ഭൂമി എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്, മൂന്നാറിലെ തോട്ടം തൊഴിലാളികളായ സ്ത്രീകള്‍, ഏതെങ്കിലും വ്യവസ്ഥാപിത തൊഴിലാളി യൂണിയന്റെ പിന്തുണയോടയല്ലാതെ നടത്തിയ സമരത്തിന് നാല് വര്‍ഷം തികയുമ്പോള്‍, ആ ചരിത്രപരമായ പോരാട്ടത്തിന് നേതൃത്വം വഹിച്ച പെമ്പുളൈ ഒരുമൈ പ്രസ്ഥാനം ഇന്ന് വെറുമൊരു പേര് മാത്രമായി അവശേഷിക്കുന്നു. പെമ്പുളൈ ഒരുമൈയുടെ നേതൃസ്ഥാനത്ത് നിന്നിരുന്നവര്‍ ഇന്ന് പല തട്ടുകളിലായി. ബോണസിനും കൂലി വര്‍ദ്ധനവിനും വേണ്ടി 2015 ല്‍ നടന്ന ഒന്നാം പെമ്പുളൈ ഒരുമൈ സമരത്തിലും തോട്ടം തൊഴിലാളികള്‍ക്ക് ഭൂമി ലഭ്യമാക്കുക എന്ന ആവശ്യം ഉന്നയിച്ച് 2017 ല്‍ നടന്ന രണ്ടാം പെമ്പുളൈ ഒരുമൈ സമരത്തിലും പങ്കാളികളായ തോട്ടം തൊഴിലാളികളില്‍ വലിയൊരു ഭാഗവും ഇന്ന് പ്രസ്ഥാനത്തിനൊപ്പമില്ല. അവരെല്ലാവരും വിവധ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം പോയിരിക്കുന്നു. രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധ നേടുകയും കേരളത്തിന്റെ സമര ചരിത്രത്തില്‍ സമാനതയില്ലാത്ത പോരാട്ട പ്രസ്ഥാനമായി വിശേഷിപ്പിക്കപ്പെടുകയും ചെയ്ത പെമ്പുളൈ ഒരുമൈ എങ്ങനെ ഇല്ലാതായി എന്നു ചോദിക്കുമ്പോള്‍, ആ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചവരും പുറമെ നിന്നു പിന്തുണച്ചവരും നിരീക്ഷകരും എല്ലാവരും പറയുന്നത്, പെമ്പുളൈ ഒരുമൈ ഇല്ലാതായതല്ല, ഇല്ലാതാക്കിയതെന്നാണ്. ആര് ഇല്ലാതാക്കി എന്ന ഉപ ചോദ്യത്തിന്, ഭരണകൂടം, പൊലീസ്, തോട്ടം ഉടമകള്‍, ട്രേഡ് യൂണിയനുകള്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്നീ കാരണങ്ങള്‍ക്കൊപ്പം ആ പ്രസ്ഥാനത്തിനകത്തുണ്ടായിരുന്നവര്‍ എന്ന മറുപടിയും കേള്‍ക്കാം.
പെമ്പുളൈ ഒരുമൈ ഇല്ലാതായതിനെ കുറിച്ച് പലരീതിയിലുള്ള വ്യാഖ്യാനങ്ങള്‍ നല്‍കുന്നവരും പക്ഷേ ഒരുകാര്യം സമ്മതിക്കുന്നുണ്ട്. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ അവകാശങ്ങളും അവരുടെ ഭൂമി/പാര്‍പ്പിട വിഷയങ്ങളും ഇപ്പോഴും പരിഹരിക്കപ്പെടാതെ നില്‍ക്കുകയാണ്. ഒരു പ്രതീക്ഷ നല്‍കി കൊണ്ട് രൂപം കൊണ്ട പെമ്പുളൈ ഒരുമൈ പോലൊരു പ്രസ്ഥാനം ലക്ഷ്യം കാണാതെ ഇല്ലാതാവുകയോ/ ഇല്ലാതാക്കപ്പെടുകയോ ചെയ്തതോടെ കാലങ്ങളായി മൂന്നാറിലെ തൊഴിലാളികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന അടിച്ചമര്‍ത്തലുകളും അടിമത്തജീവിതവും അതേപടി തുടരുക തന്നെ ചെയ്യുകയാണ്. ഒരു ബദല്‍ മുന്നേറ്റം ഇനിയും മൂന്നാറിനെ ചൂടു പിടിപ്പിച്ചുകൊണ്ട് ഉണ്ടാകുമോ എന്നതു സംശയമാണെന്ന് പെമ്പുളൈ ഒരുമൈ നേരിട്ട തിരിച്ചടി ചൂണ്ടിക്കാണിച്ചുകൊണ്ട് തോട്ടം തൊഴിലാളികളുടെ ജീവിത പശ്ചാത്തലം നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്നവര്‍ പോലും ആശങ്ക പങ്കുവയ്ക്കുന്നുണ്ട്.
‘സര്‍ക്കാരും പൊലീസും ചേര്‍ന്ന് ഇല്ലാതാക്കുകയായിരുന്നു പെമ്പുളൈ ഒരുമൈയെ. യൂണിയനുകള്‍ക്കും ആ പ്രസ്ഥാനം ഇല്ലാതാവണമെന്നായിരുന്നു. അതിനുവേണ്ടി പല തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തി. ഞങ്ങള്‍ക്കിടയില്‍ തന്നെ പ്രശ്നങ്ങള്‍ ഉണ്ടാക്കി. കുറെപ്പേരെ അവര്‍ കൂടെ കൊണ്ടുപോവുകയും അവര്‍ പറയുന്നതുപോലെയൊക്കെ പറയാനും പ്രവര്‍ത്തിക്കാനും ഉപയോഗിച്ചു. എന്നെപ്പോലുള്ളവരെ നിശബ്ദരാക്കാന്‍ കള്ളക്കേസുകള്‍ ഉണ്ടാക്കി. വ്യക്തിജീവിതം വരെ തകര്‍ത്തു. ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് അപമാനിച്ചു. ഇപ്പോഴും നിരവധി തൊഴിലാളികള്‍, ഒപ്പം നില്‍ക്കാന്‍ തയ്യാറാണ്. പക്ഷേ, പരസ്യമായി വരാന്‍ അവര്‍ക്ക് പേടിയാണ്. എന്റെ ജീവിതം പറഞ്ഞാണ് അവര്‍ പിന്മാറുന്നത്. ഞങ്ങള്‍ക്ക് വേണ്ടി ഇറങ്ങിയിട്ടാണല്ലോ അക്കയ്ക്ക് ഈ ഗതി ആയതെന്നാണ് ചോദിക്കുന്നത്. എന്നെയവര്‍ മൂന്നാറില്‍ നിന്നുവരെ ആട്ടിയിറക്കി. കിടക്കാന്‍ ഒരു വീട് പോലും ഇല്ലാതാക്കി. എന്റെ കൂടെ നിന്നവരേയും പേടിപ്പിച്ചു. അവരൊക്കെ ഇപ്പോള്‍ ഓരോ പാര്‍ട്ടിയിലാണ്. എന്റെ കൂടെ നിന്നാല്‍ കേസ് ഉണ്ടാകും, തൊഴില്‍ കിട്ടില്ല, കൂലി കിട്ടില്ല എന്നൊക്കെയുള്ള ഭീഷണികളാണ്. പലര്‍ക്കും അത്തരം അവസ്ഥകള്‍ നേരിടേണ്ടി വന്നിട്ടുമുണ്ട്. ഇതൊക്കെ കൊണ്ട് പാവപ്പെട്ട തൊഴിലാളികള്‍ മാറി നില്‍ക്കാന്‍ തുടങ്ങി. തൊഴിലാളി യൂണിയനുകളുടെ ഭീഷണിയും ഉണ്ടായി. അവരുടെ കൂടെ നിന്നില്ലെങ്കില്‍ തൊഴിലെടുക്കാനും ജീവിക്കാനും പറ്റില്ലെന്ന തരത്തില്‍ ഭീഷണി വന്നതോടെ പലരും അവര്‍ക്കൊപ്പം പോയി. ഇന്നിപ്പോള്‍ പെമ്പുളൈ ഒരുമൈ ഇല്ല. പെമ്പുളൈ ഒരുമൈ എന്തെങ്കിലും നേടിയോ എന്നോ ചോദിച്ചാല്‍, ഞങ്ങള്‍ ആവിശ്യപ്പെട്ടതൊന്നും കിട്ടിയിട്ടില്ല. അതിനു മുന്നേ ഈ പ്രസ്ഥാനത്തെ രാഷ്ട്രീയക്കാരും ഭരണകൂടവും മുതലാളിമാരും ചേര്‍ന്ന് തകര്‍ത്തു. സമരം കൊണ്ട് കൂലി കൂട്ടി. പക്ഷേ, പിന്നീടതില്‍ വര്‍ദ്ധന ഉണ്ടായിട്ടില്ല. ഇപ്പോഴും നാന്നൂറു രൂപയാണ് കൂലി. അതേ കൂലിയില്‍ കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി പണിയെടുക്കുന്നു. കൂലി കൂട്ടിയതിനൊപ്പം തൊഴിലാളിയുടെ അദ്ധ്വാനഭാരവും കൂട്ടി. കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരുന്നു. അങ്ങനെ നോക്കുമ്പോള്‍ കൂലി കൂട്ടിയെന്നു പറയുന്നതില്‍ പോലും അര്‍ത്ഥമില്ലല്ലോ. സമരം ചെയ്തവരില്‍ പലരെയും തൊഴില്‍ നിന്നും പറഞ്ഞുവിട്ടു. കൂലി വെട്ടിക്കുറച്ചവരും ഉണ്ട്. ഇതൊക്കെ നടന്നിരിക്കുമ്പോള്‍ നമ്മുടെ സമരം വിജയിച്ചെന്നു പറയാന്‍ കഴിയില്ലല്ലോ. പെമ്പുളൈ ഒരുമൈ ശക്തമായി തന്നെ മുന്നോട്ടു പോയിരുന്നുവെങ്കില്‍ പല മാറ്റങ്ങളും കൊണ്ടുവരാമായിരുന്നു. അതിനു കഴിഞ്ഞില്ല’; പെമ്പുളൈ ഒരുമൈയുടെ നേതൃത്വ നിരയില്‍ ഉണ്ടായിരുന്ന ഗോമതിയുടെ വാക്കുകളാണിത്.
പെമ്പുളൈ ഒരുമൈക്ക് നേതൃത്വം കൊടുത്തതിന്റെ പേരില്‍ താനിപ്പോഴും വേട്ടയാടപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്നാണ് ഗോമതി പറയുന്നത്. നിലവില്‍ ദേവികുളം ബ്ലോക് പഞ്ചായത്ത് മെംബര്‍ ആണ് ഗോമതി. എന്നാല്‍, ആ സ്ഥാനത്ത് ഇരുന്നുകൊണ്ട് തൊഴിലാളികള്‍ക്ക് എന്തെങ്കിലും ചെയ്തുകൊടുക്കാന്‍ പോലും കഴിയാത്ത നിലയില്‍ തന്നെ ഒറ്റപ്പെടുത്തിയിരിക്കുകയാണെന്നാണ് ഗോമതി പറയുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ ഗോമതി സ്ഥാനാര്‍ത്ഥിയായിരുന്നു. ‘ജയിക്കാന്‍ വേണ്ടിയല്ല, ജയിക്കുമെന്ന വിശ്വാസത്തിലുമല്ല മത്സരത്തിനിറങ്ങിയത്. തോട്ടം തൊഴിലാളികള്‍ ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ പറയാന്‍ ഒരു സാഹചര്യം എന്ന നിലയ്ക്കാണ് ഞാന്‍ സ്ഥാനാര്‍ത്ഥിയായത്. പക്ഷേ, ഒരു യോഗത്തില്‍ സംസാരിക്കാന്‍ പോലും എനിക്ക് അവസരം കിട്ടിയില്ല. മൈക്ക് പെര്‍മിഷന്‍ തരാതെ പോലും എന്നെ നിശബ്ദയാക്കി. എന്റെ കൂടെ മാവോയിസ്റ്റുകളുണ്ടെന്നായിരുന്നു പ്രചാരണം. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇത്തരം പ്രചാരണം നടത്തുമ്പോള്‍ ജനങ്ങള്‍ പേടിക്കും. അവര്‍ മാറി നില്‍ക്കും. ജനങ്ങളെ ഇത്തരത്തില്‍ പേടിപ്പിക്കാനും വഞ്ചിക്കാനും കഴിയുന്നതാണ് രാഷ്ട്രീയക്കാരുടെ വിജയം. അവിടെ എന്നെപ്പോലുള്ളവര്‍ തോറ്റു പോവുകയാണ്’; ഗോമതി പറയുന്നു.
എന്നാല്‍, ഇനിയും ഒരു പെമ്പുളൈ ഒരുമൈ സമരം മൂന്നാറില്‍ ഉണ്ടാകുമെന്ന പ്രവചനവും ഗോമതി നടത്തുന്നുണ്ട്. അത് ഭൂമിക്കു വേണ്ടിയുള്ള സമരമായിരിക്കുമെന്നാണ് ഗോമതി പറയുന്നത്. ‘ഒരു തൊഴിലാളി, തോട്ടത്തിലെ ജോലിയില്‍ നിന്നും വിരമിക്കുന്നതുവരെയാണ് കമ്പനിയുടെ ലയത്തില്‍ താമസിക്കാന്‍ അനുമതി. തുച്ഛമായ കൂലിക്ക് ജോലി ചെയ്യുന്നവര്‍ക്ക് സമ്പാദ്യം ഉണ്ടാകില്ല. അറുപതു വയസുവരെ അവള്‍ അദ്ധ്വാനിക്കും. മക്കളുടെ വിദ്യാഭ്യാസം നടത്താന്‍ പോലും കിട്ടുന്ന കൂലി കൊണ്ട് കഴിയില്ല. പിന്നെയല്ലേ സ്വന്തമായി ഒരു തുണ്ട് ഭൂമി വാങ്ങാന്‍ കഴിയുന്നത്. തോട്ടത്തിലെ ജോലി തീര്‍ന്നാല്‍ ലയത്തില്‍ നിന്നും ഇറങ്ങണം. വീടു പൂട്ടി താക്കോല്‍ കമ്പനിക്ക് കൊടുത്താല്‍ മാത്രമാണ് വിരമിക്കുമ്പോള്‍ കൊടുക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കുന്നത്. വീട് വിട്ടിറങ്ങിയാല്‍ എങ്ങോട്ടു പോകും? കയറികിടക്കാന്‍ സ്വന്തമായി മണ്ണോ വീടോ ഇല്ലാത്ത അനാഥാരായി മാറും തോട്ടം തൊഴിലാളികള്‍. ഏത്രയോ കാലങ്ങളായി അനുഭവിക്കുന്ന ദുരിതമാണിത്. ഒരു സര്‍ക്കാരും ഈ ദുരിതത്തിന് അറുതി വരുത്തിയിട്ടില്ല. ഞങ്ങളെങ്ങോട്ട് പോകുമെന്ന ചോദ്യത്തിന് രാഷ്ട്രീയക്കാരും യൂണിയനുകളും ഉത്തരം തന്നിട്ടില്ല. ഞങ്ങള്‍ക്ക് മണ്ണ് വേണം. ആ മണ്ണ് സര്‍ക്കാര്‍ തരണം. സീറോ ലാന്‍ഡ് പട്ടയം കുറെപ്പേര്‍ക്ക് നല്‍കിയിട്ടുണ്ട്. പക്ഷേ, ഭൂമിയെവിടെയാണെന്നു പറഞ്ഞിട്ടില്ല. സര്‍ക്കാര്‍ അതിനു തയ്യാറാകുന്നില്ലെങ്കില്‍, ഭൂമി കയ്യേറി പിടിക്കുക തന്നെയാണ് വഴി. ഞാന്‍ ഇക്കാര്യം പലയിടങ്ങളിലായി പറഞ്ഞിട്ടുണ്ട്. കേരളത്തിന് അകത്തും പുറത്തും നടന്നു പറഞ്ഞിട്ടുണ്ട്. ഭൂമി കയ്യേറാന്‍ ഞാന്‍ ശ്രമിക്കുമെന്ന് അറിഞ്ഞുകൊണ്ടാണ് ഭരണകൂടം ഇപ്പോഴും എന്നെ വേട്ടയാടുന്നത്. ഭൂമി സര്‍ക്കാര്‍ നല്‍കുന്നില്ലെങ്കില്‍ പിന്നെന്താണ് ചെയ്യേണ്ടത്? ഞാന്‍ തയ്യാറാണ്. എത്രപ്പേര്‍ ഒപ്പം ഉണ്ടെന്നറിയില്ല. ഗോമതി മുന്നില്‍ നിന്നാല്‍ ഞങ്ങള്‍ കൂടെയുണ്ടാകുമെന്ന് തൊഴിലാളികള്‍ പറയുന്നുണ്ട്. പക്ഷേ, സമൂഹത്തിന്റെ പിന്തുണ കൂടി വേണം. അല്ലെങ്കില്‍ സര്‍ക്കാരിനെയും പൊലീസിനെയും രാഷ്ട്രീയക്കാരെയും ഞങ്ങള്‍ക്ക് ഒറ്റയ്ക്ക് നേരിടാന്‍ കഴിയില്ല. ഞങ്ങള്‍ ചോദിക്കുന്ന പിന്തുണ തരാന്‍ സമൂഹം തയ്യാറാണെങ്കില്‍ മൂന്നാറില്‍ ഇനിയും പെമ്പുളൈ ഒരുമൈ പോരാട്ടം ഉണ്ടാകും’; ഗോമതി ഉറപ്പിച്ച് പറയുന്നു.
അതേസമയം, പെമ്പുളൈ ഒരുമൈ പ്രസ്ഥാനം ഇപ്പോഴും സജീവമായി ഉണ്ടെന്ന വാദമാണ് ലിസി സണ്ണിക്ക്. ഒന്നാം പെമ്പുളൈ ഒരുമൈ സമരത്തില്‍ ഗോമതിക്കൊപ്പം ഉണ്ടായിരുന്ന നേതാവായിരുന്നു ലിസി. പിന്നീട് ഉണ്ടായ സ്പര്‍ദ്ധയില്‍ ലിസി സണ്ണിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ഗോമതിയുടെ നേതൃത്വത്തിനെതിരേ രംഗത്തു വരികയും അതോടെ പ്രസ്ഥാനത്തില്‍ വിള്ളല്‍ വീഴുകയുമായിരുന്നു 2017 ല്‍ ഭൂമിക്ക് വേണ്ടിയും വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി പെമ്പുളൈ ഒരുമൈ പ്രവര്‍ത്തകരെ അധിക്ഷേപിച്ചതിനെതിരേയും ഗോമതിയുടെ നേതൃത്വത്തില്‍ നടന്ന രണ്ടാം പെമ്പുളൈ ഒരുമൈ സമരത്തില്‍ ലിസി സണ്ണിയും ഒപ്പമുള്ളവരും പങ്കെടുത്തിരുന്നില്ല. തങ്ങളാണ് യഥാര്‍ത്ഥ പെമ്പുളൈ ഒരുമൈ എന്നും ഗോമതിയെ പുറത്താക്കിയതാണെന്നുമായിരുന്നു ലിസിയുടെ വാദം. ലിസി ഇപ്പോള്‍ പറയുന്നത്, ഗോമതി പറയുന്നതുപോലെ പെമ്പുളൈ ഒരുമൈ ഇല്ലാതായിട്ടില്ലെന്നും രണ്ടായിരം പോരോളം ഇപ്പോഴും സംഘടനയ്ക്കൊപ്പം ഉണ്ടെന്നുമാണ്. പതിനാറംഗ എക്സിക്യൂട്ടീവ് കമ്മിറ്റയടക്കം പെമ്പുളൈ ഒരുമൈക്കു വേണ്ടി പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുകയാണെന്നും ലിസി പറയുന്നുണ്ട്. ആദ്യഘട്ടത്തില്‍ പതിനായിരിക്കണക്കിന് തൊഴിലാളികള്‍ ഉണ്ടായിരുന്നുവെങ്കില്‍ അവരില്‍ ബഹുഭൂരിക്ഷവും സി ഐ ടി യു, എ ഐ ടി യു സി, ഐന്‍ടിയുസി തുടങ്ങിയ യൂണിയനുകള്‍ക്കൊപ്പം പോയെന്ന വാസ്തവം ലിസിയും സമ്മതിക്കുന്നുണ്ട്. മറ്റ് തൊഴിലാളി യൂണിയനുകളെ പോലെ പ്രവര്‍ത്തിക്കാനും അവര്‍ക്കുള്ള രാഷ്ട്രീയ പിന്തുണ ഉണ്ടാക്കാന്‍ കഴിയാത്തതുകൊണ്ടും തൊഴിലാളികളെ കൂടെ നിര്‍ത്താന്‍ പെമ്പുളൈ ഒരുമൈയ്ക്ക് സാധിച്ചില്ലെന്നാണ് ലിസി ഇതിനുള്ള കാരണമായി പറയുന്നത്. ആ പ്രസ്ഥാനത്തിനൊപ്പം നിന്നതുകൊണ്ട് കേസുകള്‍ കൊണ്ട് വേട്ടയാടുന്നുണ്ടെന്ന ഗോമതിയുടെ അതേ പരാതി ലിസിക്കുമുണ്ട്. ഇരുപതോളം കേസുകള്‍ തനിക്കെതിരേയുണ്ടെന്നും ഇന്നും കോടതികള്‍ കയറിയിറങ്ങി നടക്കുകയാണെന്നും ലിസി പറയുന്നു.
ഭൂ സമരത്തിന് വേണ്ടി ഇനിയും ഒരു പോരാട്ടം നടത്തേണ്ടി വരുമെന്ന സൂചനയും ലിസി തരുന്നുണ്ട്. ‘തോട്ടം തൊഴിലാളികള്‍ക്ക് ഭൂമി നല്‍കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. അതിനുവേണ്ടിയുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും പറയുന്നു. അത് യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ പെമ്പുളൈ ഒരുമൈ വീണ്ടും പോരാട്ടത്തിന് ഇറങ്ങും. ഇപ്പോള്‍ ഞങ്ങള്‍ക്കൊപ്പം രണ്ടായിരത്തോളം തൊഴിലാളികളുണ്ട്. ഒരു സമരം ആരംഭിച്ചാല്‍ കൂടുതല്‍ പേര്‍ വരുമെന്ന് ഉറപ്പുണ്ട്. പെമ്പുളൈ ഒരുമൈ ഇല്ലാതായെന്നു ഗോമതിയടക്കം പറയുന്നത് വിശ്വസിക്കേണ്ട കാര്യമില്ല. കൂടെ നിന്ന് സ്വന്തം നേട്ടം ഉണ്ടാക്കി പോയൊരു സ്ത്രീയാണ് ഗോമതി. അവരോട് പെമ്പുളൈ ഒരുമൈയെക്കുറിച്ച് ചോദിക്കരുത്. അതിനെക്കുറിച്ച് പറയേണ്ടവര്‍ ഞങ്ങളാണ്. ഞങ്ങള്‍ പറയുന്നു, തൊഴിലാളികളുടെ ആവശ്യം നടപ്പാക്കാതെ പോവുകയാണെങ്കില്‍ മൂന്നാറില്‍ വീണ്ടും പെമ്പുളൈ ഒരുമൈയുടെ പോരാട്ടം ഉണ്ടാകും‘
പെമ്പുളൈ ഒരുമൈ പോലൊരു പ്രസ്ഥാനം അതിനുള്ളില്‍ തന്നെയുള്ള പ്രശ്നങ്ങളാല്‍ ഇല്ലാതാവുകയോ, ബാഹ്യ ഇടപെടുകളിലൂടെ ഇല്ലാതാക്കപ്പെടുകയോ ചെയ്യുമ്പോഴും ആ പ്രസ്ഥാനം രൂപം കൊള്ളാന്‍ ഇടയായ സാഹചര്യം മൂന്നാറില്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നത് വലിയൊരു സാമൂഹ്യ യാഥാര്‍ത്ഥ്യമാണ്. തമിഴ് തീവ്രവാദ സംഘടനകള്‍ നേതൃത്വം നല്‍കികൊണ്ട് ഉണ്ടായ മൂവ്മെന്റ് ആയിരുന്നു പെമ്പുളൈ ഒരുമൈ എന്നത് സിപിഎം അടക്കം മുന്നോട്ടുവച്ച വാദമായിരുന്നു. മൂന്നാറിലെ തദ്ദേശിയരും കുടിയേറിയവരുമായ മലയാളികള്‍ക്കിടയിലും ഈ വാദം ശക്തിപ്പെട്ടിരുന്നു. ഭാഷാ, വംശ വ്യത്യാസങ്ങളുടെ പേരില്‍ പെമ്പുളൈ ഒരുമൈ പ്രസ്ഥാനത്തിനെതിരേ തിരിഞ്ഞവരും ഉണ്ട്. ഇവരുടെയെല്ലാം സംഘടിതമായ പ്രതിരോധവും പെമ്പുളൈ ഒരുമൈ ഇല്ലാതാകാന്‍ കാരണവും ആയിട്ടുണ്ട്.
എന്നാല്‍, പെമ്പുളൈ ഒരുമൈ മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ജീവിതാവസ്ഥകളും അവര്‍ നേരിടുന്ന സാമൂഹികാവസ്ഥകളും രൂപപ്പെടുത്തിയ പ്രസ്ഥാനമാണെന്ന വാദത്തിലും കഴമ്പുണ്ട്. ഇന്നും ജാതീയമായും തൊഴില്‍പരമായും നിലനില്‍ക്കുന്ന അടിമത്ത വ്യവസ്ഥ മൂന്നാറിലെ തോട്ടം മേഖലയിലുണ്ടെന്നത് അവഗണിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. അതിന്റെ ഇരകളാണ് സംഘടിക്കപ്പെട്ട തോട്ടം തൊഴിലാളികള്‍. 2015ല്‍ നടന്ന പൊമ്പുളൈ ഒരുമൈ സമരം കൂലിയും ബോണസും വര്‍ദ്ധിപ്പിക്കാനായിരുന്നെങ്കിലും അതിന്റെ മൂലകാരണം ഈ അടിമത്തവ്യവസ്ഥ അവസാനിപ്പിക്കുക എന്നതായിരുന്നു. പെമ്പുളൈ ഒരുമൈ എന്ന പ്രസ്ഥാനത്തിനു കീഴിലല്ലാതെ തന്നെ പല തവണ തോട്ടം തൊഴിലാളികള്‍ സമരം നടത്തിയിട്ടുണ്ട്. അതൊക്കെ വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു. അപ്പോഴൊന്നും വംശീയവാദവും തമിഴ് ഭീകരതയും ഒന്നും പ്രശ്നമായി വന്നിരുന്നില്ല. ഒടുവില്‍ കൂലി വര്‍ദ്ധനവിന്റെ കാര്യത്തില്‍ ടാറ്റായോട് സമരസപ്പെട്ട് തൊഴിലാളി യൂണിയനുകള്‍ തങ്ങളെ വഞ്ചിക്കുകയാണെന്ന് തിരിച്ചറഞ്ഞതിനെ തുടര്‍ന്ന് തോട്ടം തൊഴിലാളികള്‍ സ്വയം സംഘടിച്ചു വന്നതോടെയാണ് പല ആരോപണങ്ങളും ഉയര്‍ന്നത്.
‘2015 ല്‍ ഞങ്ങള്‍ സമരം നടത്തിയത് കൂലി വര്‍ദ്ധനവിനും ബോണസ് കൂട്ടിക്കിട്ടുന്നതിനുമായിരുന്നു. ആ സമരത്തിന്റെ ഫലമായി 300 രൂപ കൂലിയാക്കി. പക്ഷേ അത്രയും കൂലി കിട്ടണമെങ്കില്‍ 80 കിലോ കൊളുന്ത് ഞങ്ങള്‍ നുള്ളണം. ഇപ്പോള്‍ കൂലി നാനൂറ് ആക്കിയിട്ടുണ്ട്. അതിനൊപ്പം അദ്ധ്വാനവും കൂട്ടി. നാനൂറ് എന്നത് പിന്നീട് വര്‍ദ്ധിപ്പിച്ചിട്ടില്ല. അതിനുവേണ്ടി ഒരു യൂണിയനും ഒന്നും പറയുന്നുമില്ല. കൂലി പ്രശ്നം അവിടെ നില്‍ക്കട്ടെ. നൂറു രൂപ കൂട്ടിക്കിട്ടിയതുകൊണ്ട് മാത്രം തോട്ടം തൊഴിലാളിയുടെ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. ലയങ്ങള്‍ക്കപ്പുറം ഞങ്ങള്‍ക്ക് എന്തുണ്ട്? സ്വന്തമായി ഒരു തുണ്ട് ഭൂമിയുണ്ടോ? ഒരു വീടുണ്ടോ? ഒരു സാധാരണ മനുഷ്യനു വേണ്ട പ്രാഥമിക ആവശ്യങ്ങളാണല്ലോ ഭൂമി വീടും. അതുരണ്ടും ഞങ്ങള്‍ക്കില്ല. പിന്നെയെങ്ങനെ ഞങ്ങളുടെ പോരാട്ടം തീരുമെന്നു പറ. ഈ സത്യങ്ങള്‍ മറച്ചു വയ്ക്കാനാണ് ഞങ്ങള്‍ ഇനിയും പോരാടാന്‍ ഇറങ്ങാതെ ചിലര്‍ ശ്രമിക്കുന്നത്. അവരാണ്, പെമ്പുളൈ ഒരുമൈയെ ഇല്ലാതാക്കിയതും എന്നെ വേട്ടയാടുന്നതും. ഞങ്ങള്‍ക്ക് തമിഴ് നാട്ടില്‍ ഭൂമിയും വീടും ഉണ്ടെന്നാണ് പറയുന്നത്. അവിടെ ഇതൊക്കെ ഉണ്ടായിരുന്നുവെങ്കില്‍ തുച്ഛമായ കൂലിക്ക് വേണ്ടി പന്ത്രണ്ട് മണിക്കൂറോളം അദ്ധ്വാനവും ചെയ്ത് ഒരു സൗകര്യവുമില്ലാത്ത ലയങ്ങളില്‍ വര്‍ഷങ്ങളോളം കഴിഞ്ഞുകൂടേണ്ട ആവശ്യം ഞങ്ങള്‍ക്കുണ്ടായിരുന്നോ? ന്യായമാണ് ഞങ്ങളുടെ ആവശ്യം. അത് നിഷേധിക്കാന്‍ വേണ്ടിയാണ് ഇതുപോലുള്ള കാരണങ്ങളും ഉണ്ടാക്കിക്കൊണ്ടി വരുന്നത്. ചോദിച്ചിട്ടും തരാത്തത് പിടിച്ചെടുക്കണം. അപ്പോള്‍ ഞങ്ങളെ മാവോയിസ്റ്റുകളും തീവ്രവാദികളുമാക്കും. ഒപ്പം ഉണ്ടായിരുന്ന പലരേയും അങ്ങനെ പേടിപ്പിച്ച് ഞങ്ങളില്‍ നിന്നും മാറ്റിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. പക്ഷേ, എല്ലാവരേയും ഒറ്റയടിക്ക് ഇല്ലാതാക്കാമെന്നു കരുതേണ്ട്. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, ഒപ്പം നില്‍ക്കാന്‍ ആളുണ്ടെങ്കില്‍ മൂന്നാറില്‍ ഇനിയും പോരാട്ടം ഉണ്ടാകും’; ഗോമതിയുടെ വാക്കുകള്‍.
ടാറ്റയും കയ്യേറ്റമാഫിയകളും അനധികൃതമായും നിയമ വിരുദ്ധമായും കയ്യടക്കിവച്ചിരിക്കുന്ന സര്‍ക്കാര്‍ തോട്ടം ഭൂമി നിയമനിര്‍മാണത്തിലൂടെ ഏറ്റെടുത്ത് ഒരേക്കര്‍ കൃഷിഭൂമി ഓരോ തോട്ടം തൊഴിലാളി കുടുംബത്തിനും വിതരണം ചെയ്യുക, മിനിമം കൂലി 600 രൂപയാക്കുക, ബോണസ് 20 ശതമാനമാക്കുക, തോട്ടം നിയമങ്ങള്‍ പരിഷ്‌കരിക്കുക, തോട്ടം തൊഴിലാളികളുടെ മക്കള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യം ഒരുക്കുക, തോട്ടം തൊഴിലാളികള്‍ക്കും കുടുംബത്തിനും മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങള്‍ ലഭ്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുമായിട്ടായിരുന്നു പെമ്പുളൈ ഒരുമൈ സമരങ്ങള്‍ മുന്നാറില്‍ നടന്നത്. ഈ ആവശ്യങ്ങളില്‍ കൂലി വര്‍ദ്ധനവ് മാത്രം ഭാഗികമായി അനുവദിക്കപ്പെട്ടു എന്നത് മാത്രമാണ് പെമ്പുളൈ ഒരുമൈ സമരത്തിന്റെ നേട്ടമായി പറയാവുന്നത്. ബാക്കിയൊന്നും ഇതുവരെയും സംഭവിച്ചിട്ടില്ല. അതിനുവേണ്ടി ഇനിയുമൊരു പെമ്പുളൈ ഒരുമൈ സമരം മൂന്നാറില്‍ ഉണ്ടാകുമോ എന്നതിന് ഉറപ്പുമില്ല.