UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡോക്ടറാകണം; റിംപോച്ചെ സന്യാസജീവിതം ഉപേക്ഷിച്ചു

Avatar

അഴിമുഖം പ്രതിനിധി

‘ഭാരമേറിയ ഹൃദയത്തോടെ ഞാന്‍ വ്യത്യസ്തമായൊരു ജീവിതരീതി സ്വീകരിക്കുന്നു. ഡോക്ടറാകുക എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനായി ഇനിയും പഠിക്കും,’ കര്‍മ കാഗ്യു വിഭാഗത്തിന്റെ നാലാം ജംഗോന്‍ കോംഗ്ട്രൂല്‍ റിംപോച്ചെയുടെ  ഈ ഫേസ്ബുക്ക് പോസ്റ്റ് ഞെട്ടലോടെയാണ് കര്‍മ കാഗ്യു വിഭാഗം കേട്ടത്. ഒരു റിംപോച്ചെ സന്യാസജീവിതം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുന്നത് ഇതാദ്യമായാണ്; അതും ഫേസ്ബുക്കിലൂടെ!

ഇരുപതുകാരനായ റിംപോച്ചെ ഓഗസ്റ്റ് ഒന്നിന് തന്റെ തീരുമാനം ഫേസ്ബുക്കില്‍ പ്രഖ്യാപിച്ചശേഷം അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിക്കുന്ന സന്ദേശങ്ങളുടെ പ്രവാഹമാണ്. ഏപ്രിലില്‍ തീരുമാനമെടുത്ത റിംപോച്ചെ ഫേസ്ബുക്ക് പോസ്റ്റില്‍ നാലഞ്ചുവര്‍ഷമായി അനുഭവിക്കേണ്ടിവന്ന പ്രശ്‌നങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. കൂടുതല്‍ പഠിക്കാനുള്ള ആഗ്രഹവും വ്യക്തമാക്കുന്നു. 

ഡാര്‍ജിലിങ്ങിലും സിക്കിമിലും ഏറ്റവും വലിയ ബുദ്ധമതവിഭാഗമായ കര്‍മ കാഗ്യുവിന്റെ റിംപോച്ചെ വളരെയധികം ബഹുമാനിക്കപ്പെടുന്ന ബുദ്ധസന്യാസികളില്‍ ഒരാളാണ്. കലിംപോങ്ങിലും കാഠ്മണ്ഡുവിലുമായി രണ്ട് ആശ്രമങ്ങളുടെ ചുമതലയുള്ള സന്യാസിയാണ് റിംപോച്ചെ. പ്രദേശത്തെ നാലുവിഭാഗങ്ങളില്‍ കര്‍മ കാഗ്യു വിഭാഗത്തിനാണ് ഏറ്റവുമധികം അനുയായികളുള്ളത്. ‘വിലപ്പെട്ട ഗുരു’ എന്നര്‍ത്ഥമുള്ള റിംപോച്ചെ ഈ വിഭാഗത്തിന്റെ നാലു പ്രതിനിധികളില്‍ ഒരാളാണ്. സിക്കിമിലെ റുംടെക് ആശ്രമം ആസ്ഥാനമായ ഈ വിഭാഗത്തിന്റെ നേതാവ് കര്‍മാപാ ഓജ്യെന്‍ ട്രിന്‍ലി ദോര്‍ജെയാണ്. കര്‍മാപായ്ക്കു ശേഷം അധികാരം നാലു റിംപോച്ചെകള്‍ക്കാണ്. 

1996 ഓഗസ്റ്റ് 25ന് ഒന്‍പതുമാസം മാത്രം പ്രായമുള്ളപ്പോഴാണ് റിംപോച്ചെ മൂന്നാമത്തെ ജംഗോന്‍ കോംഗ്ട്രൂല്‍ റിംപോച്ചെയുടെ പുനര്‍ജന്മമാണെന്നു കണ്ടെത്തുന്നത്.

‘ഈ സംഭവവികാസം വളരെ അപൂര്‍വമാണ്. ഏതെങ്കിലുമൊരു റിംപോച്ചെ സന്യാസജീവിതം ഉപേക്ഷിച്ചതായി ഞാന്‍ ഇതുവരെ കേട്ടിട്ടില്ല,’ ഡാര്‍ജിലിങ്ങിലുള്ള ബുദ്ധമത വിശ്വാസിയും റിട്ട സിവില്‍ സര്‍വീസ് ഓഫിസറുമായ കെ ബി യോഗി പറഞ്ഞു. ‘ഇത്രയും ഉയര്‍ന്ന പദവിയിലുള്ള സന്യാസി ആശ്രമജീവിതം ഉപേക്ഷിക്കുന്നത് ഇതാദ്യമാണ്. റിംപോച്ചെയുടെ മരണവും അദ്ദേഹത്തിന്റെ പുനരവതാരത്തെ കണ്ടെത്തലും നടക്കുന്നതുവരെ ഇനി ജംഗോന്‍ കോംഗ്ട്രൂല്‍  തലവനില്ലാതെ തുടരും,’ പേരു വെളിപ്പെടുത്താത്ത ഒരു ബുദ്ധസന്യാസി പറഞ്ഞു.

റിംപോച്ചെയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കാത്ത ‘പ്രതിസന്ധിളെയും പ്രശ്‌നങ്ങളെയും’ പറ്റിയാണു പറയുന്നത്. ‘2016 ഏപ്രില്‍ 14ന് ഞാന്‍ എന്റെ റോള്‍ ഉപേക്ഷിച്ചു. കഴിഞ്ഞ നാലഞ്ചുവര്‍ഷമായി കൂടിവരുന്ന പ്രശ്‌നങ്ങളാണു കാരണം. ഇപ്പോള്‍ അത് എനിക്കു സഹിക്കാനാകാത്ത അവസ്ഥയിലെത്തിയിരിക്കുന്നു. എന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനു തടസം വരുന്നു. ഉത്തരവാദിത്തം ഏല്‍ക്കാനും സമാധാനത്തില്‍ കഴിയാനും എന്നെ അനുവദിക്കുന്നില്ല. ഞാന്‍ എല്ലാവര്‍ക്കും ഭാരമാണെന്ന് എനിക്കു തോന്നുന്നു.’

തീരുമാനത്തെപ്പറ്റി അറിഞ്ഞിരുന്നുവെങ്കിലും അതിനു മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊതുജനങ്ങളെ അറിയിക്കാതിരുന്നതെന്ന് റിംപോച്ചെയ്ക്കു കീഴില്‍ രണ്ട് ആശ്രമങ്ങളും ജീവകാരുണ്യ സ്ഥാപനങ്ങളും നടത്തുന്ന ജംഗോന്‍ കോംഗ്ട്രൂല്‍ ലാബ്രാങ് പ്രസ്താവനയില്‍ പറഞ്ഞു. ‘റിംപോച്ചെ ഒരു ദിവസം മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. അതുവരെ ജംഗോന്‍ കോംഗ്ട്രൂല്‍  ലാബ്രാങ് മൂന്നാം ജാംഗോന്‍ കോംഗ്ട്രൂല്‍ റിംപോച്ചെയുടെ പൈതൃകവും വീക്ഷണവും ആഗ്രഹങ്ങളും ഉയര്‍ത്തിപ്പിടിക്കുകയും തുടരുകയും ചെയ്യും.’

പെട്ടെന്നൊരു തിരിച്ചുവരവുണ്ടാകില്ലെന്നാണ് ഫേസ്ബുക്ക് പോസ്റ്റ് സൂചിപ്പിക്കുന്നത്. ‘ ഞാന്‍ സന്യാസിയല്ല, സന്യാസിയാകാന്‍ കഴിയുകയുമില്ല. നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ സ്‌നേഹമുണ്ടെങ്കില്‍ എന്നെ ഒറ്റയ്ക്കു വിടുക. ഈ അവസരത്തില്‍ എന്നെ കാണാന്‍ വരരുത്. വന്നാല്‍ ഫലം വ്യത്യസ്തമായിരിക്കും.’

‘വടികളും കല്ലുകളും എന്റെ അസ്ഥി തകര്‍ത്തേക്കാം. എന്നാല്‍ വാക്കുകള്‍ എന്റെ ഹൃദയം തകര്‍ക്കുന്നു. ഈ വര്‍ഷങ്ങളിലെല്ലാം ഞാന്‍ കേട്ട പരുഷമായ വാക്കുകള്‍ എന്റെ ഹൃദയം തകര്‍ത്തുകഴിഞ്ഞു.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍