UPDATES

ദേശീയം

കഴിഞ്ഞ തവണ നേടിയത് 71 സീറ്റില്‍ 56; ഭരണത്തുടര്‍ച്ചയ്ക്ക് നാലാംഘട്ട വോട്ടെടുപ്പ് ബിജെപിയ്ക്ക് നിര്‍ണായകമാവുന്നതിന് കാരണങ്ങള്‍ ഇവയാണ്

ബിജെപിയ്ക്ക് നിലവിലുള്ള സീറ്റുകള്‍ നിലനിര്‍ത്തുക എളുപ്പമല്ലെന്നാണ് രാഷ്ട്രീയ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

രാജ്യത്തെ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇന്നത്തെ വോട്ടെടുപ്പ് ഏറ്റവും കൂടതുല്‍ നിര്‍ണായകമാകുക ബിജെപിയ്ക്ക്. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന 71 മണ്ഡലങ്ങളില്‍ വന്‍ വിജയമായിരുന്നു 2014 ല്‍ ബിജെപി കരസ്ഥമാക്കിയത്. ഇതില്‍ എത്രത്തോളം സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിയുമെന്നത് ഭരണത്തുടര്‍ച്ചയ്ക്കായി ശ്രമിക്കുന്ന ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാണ്.

മഹരാഷ്ട്രയില്‍ 17 ഇടത്തും, രാജസ്ഥാനില്‍ 13 സീറ്റുകളിലും ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് പുറമെ ബംഗാളിലെ എട്ടുസീറ്റുകളിലേക്കും ഉത്തര്‍പ്രദേശിലെ 13 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് തുടരുന്നത്. മധ്യപ്രദേശിലും ഒഡീഷയിലും ആറിടത്തും ബിഹാറില്‍ അഞ്ചിടത്തുമാണ് ഇന്ന് വോട്ടെടുപ്പ്. ഝാര്‍ഖണ്ഡില്‍ മൂന്നിടത്തും ഇന്ന് ജനവിധി രേഖപ്പെടുത്തും.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലെ 17 സീറ്റുകളിലും വിജയിച്ചത് ബിജെപിയായിരുന്നു. കോണ്‍ഗ്രസ് നേതാവ് മിലന്ദ് ദേവ്‌റ, പ്രിയാദത്ത്, നടി ഊര്‍മ്മിള മദ്‌ഗോങ്കര്‍ എന്നിവര്‍ ഇത്തവണ ബിജെപിയ്‌ക്കെതിരെ ഇവിടുത്തെ ചില സീറ്റുകളില്‍ മല്‍സരിക്കുന്നുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ രണ്ട് തവണ തുടര്‍ച്ചയായി ഭരിച്ച യുപിഎക്കെതിരായ വികാരവും മഹാരാഷ്ട്രയില്‍ അന്ന് നിലവിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ വികാരവും ബിജെപിയ്ക്ക് അനുകൂല ഘടകമായിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷത്തിനിപ്പുറം സാഹചര്യം തീര്‍ത്തും വ്യത്യസ്തമാണെന്നതാണ് ഭരണകക്ഷിക്ക് ആശങ്ക നല്‍കുന്നത്. ഇതിന് പുറമെ കാര്‍ഷിക പ്രതിസന്ധിയുള്‍പ്പെടെയുള്ള കാര്യങ്ങളിലുള്ള രോഷവും ബിജെപിയെ പ്രതിരോധത്തിലാക്കുന്നു. ബിജെപി ശിവസേന സഖ്യത്തിനെതിരെ രാജ്തക്കറെയുടെ നിലപാടും കോണ്‍ഗ്രസിന് അനുകൂലമാകുമോ എന്ന ആശങ്കയും ബിജെപി കേന്ദ്രങ്ങള്‍ക്കുണ്ട്. മുംബൈയിലും മറ്റ് പല മണ്ഡലങ്ങളിലും എംഎന്‍എസ്സിനും നിര്‍ണായക വോ്ട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത്തവണ കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന് പിന്തുണ നല്‍കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ എംഎന്‍എസ് മല്‍സരിക്കുന്നില്ല.

രാജസ്ഥാനില്‍ കഴിഞ്ഞ തവണ എല്ലാ സീറ്റുകളും ബിജെപിക്കായിരുന്നു ലഭിച്ചത്. അതിര്‍ത്തി സംസ്ഥാനമെന്ന നിലയില്‍ ബാലക്കോട്ട് ആക്രമണത്തിന് ശേഷം വളര്‍ത്തിയെടുത്ത തീവ്ര ദേശീയ വികാരം വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. അതേസമയം നാല് മാസം മുമ്പ് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ വിജയം വലിയ ആവേശമാണ് പ്രതിപക്ഷ പാര്‍ട്ടിക്ക് ഉണ്ടാക്കിയിരിക്കുന്നത്. സാമൂഹ്യ ക്ഷേമ പരിപാടിളില്‍ ഊന്നിയുള്ള പ്രചാരണത്തിനാണ് കോണ്‍ഗ്രസ് ഊന്നുന്നത്. കാര്‍ഷിക കടം എഴുതി തളളാനുള്ള പ്രഖ്യാപനം കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതാക്കളുടെ പ്രതീക്ഷ.

ഉത്തര്‍പ്രദേശില്‍ 13 ലോക്‌സഭ മണ്ഡലങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ബുന്ദേല്‍ഖണ്ഡ്, അവാദ് മേഖലകളിലാണ്. കഴിഞ്ഞതവണ 12 സീറ്റുകളിലും വിജയിച്ചത് ബിജെപിയായിരുന്നു. കാണ്‍പൂര്‍, ഉന്നാവോ, ഝാന്‍സി തുടങ്ങിയ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സാമാന്യം നല്ല ശക്തിയാണ്. ഇവിടെ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നക്കപ്പെടുമോ എന്നതാണ് കണ്ടറിയേണ്ടത്. ജാതി വിഷയമാണ് ഇവിടെ ബിജെപി ഉയര്‍ത്തിപ്പിടിക്കുന്നത്.

എട്ട് മണ്ഡലങ്ങളിലാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ഒരു സീറ്റാണ് നിലവില്‍ ബിജെപിയുടെ പക്കലുള്ളത്. മറ്റിടങ്ങളില്‍ ഉണ്ടാകുന്ന തിരിച്ചടി ബംഗാള്‍ ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍നിന്ന് പരിഹാരിക്കാന്‍ കഴിയുമെന്ന ബിജെപിയുടെ പ്രതീക്ഷ എത്രത്തോളം സഫലമാകുമെന്നാണ് കണ്ടറിയേണ്ടത്.

മൂന്ന് ഘട്ടങ്ങളിലായി 303 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അതില്‍ 134 സീറ്റുകളാണ് ബിജെപിയ്ക്ക് ലഭിച്ചത്. കഴിഞ്ഞ തവണ ലഭിച്ച വോട്ട് ശതമാനത്തിന്റെയും അതിന് ശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടികള്‍ക്ക് കിട്ടിയ വോട്ടു വിഹിതത്തിന്റെയും അടിസ്ഥാനത്തില്‍ നടത്തിയ വിശകലനത്തില്‍ ബിജെപിയ്ക്ക് വലിയ നഷ്ട്ം മൂന്നാം ഘട്ടം വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായെന്നാണ കണക്കാക്കുന്നത്. ബിജെപിയുടെ സീറ്റ് 134 ല്‍നിന്നും 66 ആയി ചുരുങ്ങുകയും കോണ്‍ഗ്രസിന്റെയും യുപിഎയുടെയും സീറ്റ് വിഹിതം 49 ല്‍നിന്നും 137 ആയി വര്‍ധിക്കുമെന്നാണ് ഇത്തരം വിശകലനങ്ങളില്‍ പറയുന്നത്.

ഇനി മൂന്ന് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കാനുളളത്. മെയ് ആറിനും 12 നും 19 നുമായാണ് വോട്ടെടുപ്പ് നടക്കുക.

Read More: ലൈഫ് മിഷന്‍ ഫ്ലാറ്റുകള്‍; വായുവും വെളിച്ചവുമില്ലാത്ത പുതിയ ജാതി കോളനികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍