UPDATES

വിദേശം

തീവ്രവാദ പേടിയില്‍ ഫ്രാന്‍സും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും; സേനയെ ശക്തിപ്പെടുത്തല്‍ നടപടികള്‍ തകൃതി

Avatar

മിഖായേല്‍ ബിണ്‍ബൗം
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഈ മാസത്തിന്റെ തുടക്കത്തില്‍ സംഭവിച്ച തീവ്രവാദ ആക്രമണത്തിന്റെ പ്രതിഫലനമെന്നോണം രാജ്യത്തു നിന്നും ഭീകരവാദം തുടച്ചു നീക്കാന്‍ വേണ്ടി 2,600 ലധികം ഭീകരവിരുദ്ധ എജന്റുമാരെക്കൂടി നിയമിക്കാനും രഹസ്യാന്വേഷണ സംഘത്തിനുള്ള സാമ്പത്തിക സഹായം വര്‍ദ്ധിപ്പിക്കാനും ഫ്രഞ്ച് പ്രധാനമന്ത്രി ഉത്തരവിട്ടിരിക്കുകയാണ്.

സിറിയയില്‍ നിന്നും മറ്റുള്ള ഇസ്ലാമിസ്റ്റ് രാഷ്ടങ്ങളില്‍ നിന്നും തിരിച്ചു വരുന്നവരില്‍ നിന്നുമുള്ള ആക്രമണം ഭയന്ന് തീവ്രവാദ വിരുദ്ധ സേനകളെ ശക്തിപ്പെടുത്താന്‍ ഫ്രാന്‍സ് എടുത്ത തീരുമാനം ബെല്‍ജിയം പോലുള്ള മറ്റു യൂറോപ്യന്‍ രാജ്യങ്ങളും പിന്തുടരുകയാണ്. 

ഫ്രഞ്ച് പ്രധാനമന്ത്രിയായ മാനുവല്‍ വാള്‍സ് മുന്നോട്ടുവെച്ച പദ്ധതിയില്‍ രാജ്യത്തിന്റെ ഭീകരവാദ വിരുദ്ധ തന്ത്രങ്ങളില്‍ അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടാവുമെന്ന സൂചനയില്ലെങ്കിലും പാശ്ചാത്യ രാജ്യങ്ങളിലും സഖ്യരാജ്യങ്ങളിലും വളര്‍ന്നു വരുന്ന ഭീകരവാദ ശൃംഖലകളിലുള്ള സ്വദേശീയരായ മൗലികവാദികളുടെ പങ്ക് ഗൗരവമായ രീതിയില്‍ കണ്ടുതുടങ്ങേണ്ടതിന്റെ ആവശ്യകത പ്രതിഫലിക്കുന്നുണ്ട്. 

രാജ്യത്തെ ദിവസങ്ങളോളം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മൂന്നു തോക്കുധാരികളും രാജ്യത്ത് തന്നെ ജനിച്ചു വളര്‍ന്നവരാണ്. ആക്ഷേപഹാസ്യ മാസികയായ ഷാര്‍ളി ഹെബ്ദോയില്‍ നടത്തിയ ആക്രമണത്തില്‍ 17 പേരാണ് വധിക്കപ്പെട്ടത്. തോക്കുധാരികളും താമസിയാതെയുണ്ടായ പോലീസ് നടപടിയില്‍ കൊല്ലപ്പെടുകയായിരുന്നു.

‘അക്രമം അഴിച്ചുവിടാന്‍ സാധ്യതയുള്ളവരുടെ സഖ്യം ഫ്രാന്‍സില്‍ കുത്തനെ വര്‍ദ്ധിച്ചു വരികയാണ്. ഈ മാറ്റം രാജ്യത്തിനും സഖ്യകക്ഷികള്‍ക്കും പ്രത്യേകിച്ച് യൂറോപ്യന്‍ സഖ്യകക്ഷികള്‍ക്കും പ്രബലമായ ഭീഷണിയായ് മാറും’, രാജ്യം മുഴുവന്‍ പ്രക്ഷേപണം ചെയ്ത പ്രസംഗത്തില്‍ വാള്‍സ് പറഞ്ഞു.

സിറിയയിലും ഇറാഖിലും യുദ്ധത്തിലും മൗലികവാദ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്ത 3,000 പേരെക്കൂടെ ഫ്രഞ്ച് ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. സുരക്ഷാ സേനയ്ക്ക് തങ്ങളുടെ ദൈന്യംദിന പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പട്ടികയിലുള്ളവര്‍ നിര്‍ബന്ധിതരാവും.

ഭീകരവിരുദ്ധ സേനയ്ക്കു വേണ്ടി മാറ്റിവെച്ച 493 മില്ല്യന്‍ ഡോളര്‍ ഫണ്ടില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ എന്നിവ ചോര്‍ത്താനുള്ള ആധുനിക സാങ്കേതിക വിദ്യയും 2,680 പുതിയ നിയമനങ്ങളും ഉള്‍പ്പെടും.

‘തീര്‍ച്ചയായും ഇതൊരു വലിയ പദ്ധതിയാണ്, പക്ഷെ ഫ്രഞ്ച് ജനതയുടെ സുരക്ഷ ഉറപ്പുവരുത്താനീ മുന്ന് ഉപാധികള്‍ നിര്‍ബന്ധമാണ്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ മരവിപ്പിച്ച ആക്രമണവുമായ് ബന്ധപ്പെട്ട നാലുപേരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നുവെന്ന ഫ്രഞ്ച് പ്രോസിക്യൂട്ടറുടെ പ്രസ്താവനക്കു ശേഷമാണ് പ്രധാനമന്ത്രി പുതിയ പദ്ധതിയുമായ് മുന്നോട്ടു വന്നത്.

ഗതാഗതസൗകര്യവും നാലു പേര്‍ കൊല്ലപ്പെട്ട കൊഷെര്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ആക്രമണത്തിനു വേണ്ടി ആയുധങ്ങളും നല്‍കിയെന്ന കുറ്റമാണ് ഈ നാലുപേര്‍ക്കുമേല്‍ ആരോപിച്ചിരിക്കുന്നത്.

‘ഇതില്‍ മൂന്നാളുകള്‍ക്കും നീണ്ട ക്രിമിനല്‍ റെക്കോര്‍ഡുണ്ടെങ്കിലും ആക്രമണത്തിന്റെ പിന്നിലുള്ള പ്രത്യയശാസ്ത്രവുമായ് ബന്ധപ്പെട്ടവരാണോ അതോ വെറും ഗതാഗതസൗകര്യം മാത്രം നല്‍കിയവരാണോ എന്ന കാര്യത്തിലിതുവരെ ഉറപ്പു വരുത്താനായിട്ടില്ല. സത്യം പുറത്തുകൊണ്ടുവരാന്‍ മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന അന്വേഷണം വേണ്ടിവന്നേക്കും. ‘പാരീസ് പ്രോസിക്യൂട്ടറായ ഫ്രാന്‍സോയിസ് മോളിന്‍സ് പറഞ്ഞു.

ഇക്കഴിഞ്ഞ കുറെ വര്‍ഷങ്ങളായ് രാജ്യത്തെ തീവ്രവാദവിരുദ്ധ നിയമങ്ങള്‍ തുടര്‍ച്ചയായി ശക്തിപ്പെട്ടുവരികയാണ്. പൗരന്‍മാര്‍ വിദേശത്ത് യുദ്ധത്തിനു പോകുന്നതു തടയാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതോടെ മറ്റു രാജ്യങ്ങളുമിത് പിന്തുടരുകയായിരുന്നു.

കഴിഞ്ഞ വാരമാണ് ബെല്‍ജിയം പ്രധാനമന്ത്രിയായ ചാള്‍സ് മൈക്കിള്‍ സുരക്ഷാതന്ത്രങ്ങള്‍ മെച്ചപ്പെടുത്താന്‍ വേണ്ടി 348 മില്ല്യന്‍ ഡോളര്‍ കൂടെ സുരക്ഷാസേനയ്ക്ക് വാഗ്ദാനം നല്‍കിയത്. സിറിയയിലും മറ്റുള്ള രാജ്യങ്ങളിലും യുദ്ധത്തിനു പോകുന്ന ബെല്‍ജിയം പൗരന്‍മാരുടെ പൗരത്വം റദ്ദാക്കാനുള്ള നയങ്ങളും അദ്ദേഹം മുന്നോട്ടു വെച്ചു.

ബെല്‍ജിയത്തിലും മറ്റുള്ള രാജ്യങ്ങളിലും പോലീസിനെതിരേയും മറ്റുള്ള തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ക്കെതിരേയും ആക്രമണം നടത്തുമെന്ന സംശയത്തിന്റെ മുനയില്‍ നില്‍ക്കുന്ന സംഘങ്ങളില്‍ പരിശോധന നടത്തണമെന്നു ആവശ്യവും ആദ്ദേഹം രാജ്യങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍