UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബുര്‍ഖിനി നിരോധനം: ഫ്രാന്‍സ് എങ്ങോട്ടാണ്?

Avatar

പ്രമീള ഗോവിന്ദ് എസ്.   

മൂന്ന് വര്‍ഷം മുന്‍പ് ഷാര്‍ജയില്‍ വെച്ച് നീന്തല്‍ പഠിക്കാന്‍ ഒരുമ്പെട്ടപ്പോള്‍ മനസ്സിന് പിടിച്ചത് കറുപ്പ് നിറത്തിലുള്ള ഒരു മുഴുനീള വസ്ത്രമായിരുന്നു. റോളയിലും പരിസരപ്രദേശത്തും രണ്ട് ദിവസം വൈകുന്നേരങ്ങളില്‍ കറങ്ങിത്തിരഞ്ഞാണ് മോള്‍ക്കും എനിക്കും അത്തരത്തില്‍ രണ്ടെണ്ണം വാങ്ങിയത്. അടുത്തിടെ ഫ്രാന്‍സിലെ വിവാദങ്ങള്‍ വായിച്ചപ്പോഴാണ് മനസ്സിലായത് ഇതാണ് ബുര്‍ഖിനിയെന്ന്. ബുര്‍ഖയോടും പര്‍ദ്ദയോടും അറബികള്‍ക്കിടിയില്‍ പ്രചാരത്തിലുള്ള അതിന്റെ ഫാഷന്‍ സാദ്ധ്യതകള്‍ കാണുമ്പോഴുള്ള കൗതുകമാണ് എന്നും രസിപ്പിച്ചിട്ടുള്ളത്. പിന്നെ ആരും മനസ്സിലാക്കാതെ എല്ലാവരേയും കണ്ട് നടക്കാനുള്ള ഒരു വെറും സ്ത്രീമനസ്സിന്റെ സ്വപ്‌നവും. മതത്തിനും സംസ്‌കാരത്തിനും അപ്പുറത്തേക്ക് സൗകര്യവും ആത്മവിശ്വാസം നല്‍കുന്ന വസ്ത്രങ്ങള്‍ക്കാവും ഇന്നത്തെ ഭൂരിഭാഗം സ്ത്രീകളുടെയും പരിഗണന. പുതിയത് എന്തിനെയും നിത്യജീവിതത്തിന്റെ ഭാഗമാക്കുമ്പോള്‍ ഇത് തന്നെയല്ലേ ആദ്യം പെണ്ണുങ്ങള്‍ പരിഗണിച്ചിട്ടുണ്ടാവുക?

ബുര്‍ഖിനി വിവാദം
ഫ്രാന്‍സിലെ കടല്‍ത്തീരങ്ങളില്‍ ബുര്‍ഖിനി നിരോധനം ഏര്‍പ്പെടുത്തുന്നത് കഴിഞ്ഞ വേനല്‍കാലത്ത് തുടരേത്തുടരെ ഉണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാലത്തലത്തിലാണ്. കാന്‍ ഉള്‍പ്പടെയുള്ള ഫ്രഞ്ച് മുന്‍സിപ്പാലിറ്റികളില്‍ ഈ നിരോധനം നിലവില്‍ വരുകയും നിയമപോരാട്ടങ്ങളുമായി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തുകയും ചെയ്തപ്പോഴാണ് അക്കാര്യത്തില്‍ ലോകശ്രദ്ധ പതിയുന്നത്. ഫ്രഞ്ച് മേയര്‍മാര്‍ പറയുന്നത് മുഴുനീളെ നീന്തല്‍ വസ്ത്രങ്ങള്‍ രാജ്യസുരക്ഷക്ക് വെല്ലുവിളിയാണെന്നാണ്. ഇതിനെ തുടര്‍ന്ന് നിയമം ലംഘിക്കുന്നവര്‍ക്ക് 38 യുറോയാണ് പിഴ ശിക്ഷയായി നിശ്ചയിച്ചിട്ടുള്ളത്. പക്ഷെ യഥാര്‍ത്ഥത്തില്‍ ഫ്രാന്‍സിലെ നിയമമനുസരിച്ച് മുഖംമറയുന്ന നിഖാബുകള്‍ക്ക് മാത്രമാണ് വിലക്കുള്ളത്. സ്ത്രീകളെ അടിമകളാകുന്ന ഇസ്ലാമിക നയങ്ങളുടെ തുടര്‍ച്ചയാണ് ബുര്‍ഖിനിയെന്ന ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാള്‍സിന്റെ പ്രസ്താവനയും വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുകയാണ്.

എന്താണ് ബുര്‍ഖിനി?
പോളിസ്റ്ററില്‍ നിര്‍മ്മിക്കുന്ന ത്രീ പീസ് നീന്തല്‍ വസ്ത്രമാണ് ബുര്‍ഖിനി. 2011-ല്‍ ആസ്‌ട്രേലിയിലെ കടല്‍ത്തീരത്ത് പ്രശസ്ത ടെലിവിഷന്‍ അവതാരക നിഗെല്ല ലോസണ്‍ ബുര്‍ഖിനിയണിഞ്ഞ് കടലില്‍നിന്നു കയറി വരുന്ന ദൃശ്യം അമ്പരപ്പാണു പലര്‍ക്കും സമ്മാനിച്ചത്. പക്ഷെ പിന്നീട് ഈ നീന്തല്‍ വസ്ത്രം പലയിടത്തും ട്രെന്‍ഡ് സെറ്റര്‍ ആയി മാറുകയായിരുന്നു. മുഖം മാത്രം പുറത്ത് കാണാവുന്ന തരത്തിലാണ് ബൂര്‍ഖിനിയുടെ ഡിസൈന്‍. യാഥാസ്ഥിതിക മുസ്ലീം സ്ത്രീകള്‍ക്ക് വേണ്ടി രൂപകല്പന ചെയ്തതാണെങ്കിലും സൂര്യതാപത്തില്‍ നിന്ന് ത്വക്കിനെ സംരക്ഷിക്കാന്‍ ഏറ്റവും മികച്ചതായതുകൊണ്ടാണ് ബുര്‍ഖിനിക്ക് ലോകത്താകമാനം ഡിമാന്റ് വര്‍ധിച്ചത്. യുറോപ്പില്‍ ഈ വസ്ത്രത്തിനോട് പൊതുവേയുള്ള പ്രതികരണം പ്രതീക്ഷിച്ച രീതിയില്‍ തന്നെയായിരുന്നു. യൂറോപ്പിന്റെ പൊതുമൂല്യങ്ങളുടെയും നാട്ടുനടപ്പുകളുടെയും മേലുള്ള ഒരു ഭീഷണിയായിട്ടാണ് ബുര്‍ഖിനിയോടുള്ള എതിര്‍പ്പ് അവിടെ കൂടുതലും കേന്ദ്രീകരിച്ചത്. ഇസ്‌ലാമിക ആദര്‍ശങ്ങള്‍ ആധുനിക യൂറോപ്യന്‍ ജനാധിപത്യത്തിനോട് മൗലികമായി വിരുദ്ധവും അപരിചിതവുമായ കാര്യങ്ങളാണ്. മുസ്‌ലിം മൂടുപടവും സ്വീഡീഷ് നഗ്‌നതയും ഇറ്റാലിയന്‍ സാമാന്യബുദ്ധിക്ക് ഒരു പോലെ തരംതാണതാണ്. ഇതിന്റെ തുടര്‍ച്ചയായി വേണം ഫ്രാന്‍സിലെ വിവാദത്തെയും മനസ്സിലാക്കാന്‍.

ലെബനീസ് വംശജയായ ആസ്‌ത്രേലിയക്കാരിയാണ് പത്ത് വര്‍ഷം മുന്‍പ് ബുര്‍ഖിനി കണ്ടുപിടിച്ചത്. തന്റെ അനന്തിരവള്‍ ഹിജാബ് ധരിച്ചുകൊണ്ട് നെറ്റ്ബാള്‍ കളിക്കുന്നത് കണ്ടപ്പോള്‍ അഹേദ സാനെറ്റിക്ക് ഉദിച്ച ആശയമാണ് ബൂര്‍ഖിനിയുടെ രുപകല്പനയിലേക്ക് എത്തിച്ചത്. യാഥാസ്ഥിതിക ഇസ്ലാമിക ചിന്തകള്‍ക്ക് അനുസൃതമായ കായികവസ്ത്രങ്ങള്‍ ഇല്ല എന്ന് മനസ്സിലാക്കിയ അഹേദ ആ മാര്‍ക്കറ്റിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുകയായിരുന്നു. ഇതിനായി ആസ്‌ത്രേലിയയിലെ ഗ്രാന്‍ഡ് മുഫ്തിയുടെ അനുവാദവും അവര്‍ നേടി.

ഇസ്ലാമിക വേഷങ്ങള്‍ ഫ്രാന്‍സില്‍ എന്നും വാദപ്രതിവാദങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. 2004 മുതല്‍ മതപരമായ ചിഹ്നങ്ങള്‍ സ്കൂളുകളില്‍ അണിയുന്നതിന് രാജ്യത്ത് വിലക്കുണ്ട്. 2010ല്‍ ഫ്രാന്‍സില്‍ നിലവില്‍ വന്ന നിയമമനുസരിച്ച് മുഖംമറക്കുന്ന നിഖാബുകള്‍ക്ക് വിലക്കുണ്ട്. 150 യുറോയാണ് നിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴ. നിഖാബിന് വിലക്ക് ഏര്‍പ്പെടുത്തുന്ന ആദ്യത്തെ യുറോപ്യന്‍ രാജ്യമാണ് ഫ്രാന്‍സ്. പക്ഷെ ഈ നിയമം കഴുത്തും തലമുടിയും മാത്രം മൂടുന്ന ബുര്‍ഖിനിയെ എങ്ങനെ ബാധിക്കുമെന്നാണ് എല്ലാവരും ചോദിക്കുന്നത്. അടുത്തകാലത്തുണ്ടായ തീവ്രവാദ ആക്രമണങ്ങളാണ് പുതിയ വിലക്കിനെ ന്യായീകരിക്കാന്‍ ഫ്രാന്‍സിലെ മേയര്‍മാര്‍ നിരത്തുന്നത്. അടിയന്തരാവസ്ഥ കാലത്ത് നഗരത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തി ബുര്‍ഖിനിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നു എന്നാണ് കാന്‍സില്‍ മേയര്‍ ഡേവിഡ് ലിസാര്‍ഡ് ജൂണില്‍ പറഞ്ഞത്. ഫ്രാന്‍സ് കോടതിയിലെ ജഡ്ജി തന്നെ വ്യക്തമാക്കിയത് നീന്തലിന് സാധാരണ ഉപയോഗിക്കാത്ത വസ്ത്രങ്ങള്‍ അണിയുന്നത് ഈ സാഹചര്യത്തില്‍ തീര്‍ത്തും മതപരമായ തീരുമാനമായി മാത്രമേ കാണാനാവു എന്നാണ്.

എന്നാല്‍ ഫ്രഞ്ച് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത് ബുര്‍ഖിനി നിയമത്തിനും സുരക്ഷക്കും നിരക്കാത്തതാണ് എന്ന വാദം നിഷ്‌കളങ്കരായ സ്ത്രീകള്‍ക്ക് എതിരേയുള്ള വിവേചനമാണ് എന്നാണ്. ഫ്രാന്‍സിന്റെ മതേതര മുല്യങ്ങള്‍ക്കെതിരേയുള്ള വെല്ലുവിളിയായി ബുര്‍ഖിനി ഉയര്‍ത്തിക്കാട്ടപ്പെടുമ്പോള്‍ ബുര്‍ഖിനി നിരോധനം തീര്‍ത്തും മതപരമായ തീരുമാനമായി മാറുകയാണ്. വരാന്‍ പോകുന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയുള്ള നീക്കങ്ങളായും ബൂര്‍ഖിനി നിരോധനത്തെ വിലയിരുത്തപ്പെടുന്നുണ്ട്. ഐഎസില്‍ നിന്നുള്ള മോചനത്തെ ആഘോഷിക്കുന്ന സിറിയയിലെ പുരുഷന്‍മാര്‍ താടിവടിക്കുകയും സ്ത്രീകള്‍ സിഗരറ്റ് വലിക്കുകയും ബുര്‍ഖിനി കത്തിക്കുകയും ചെയ്തപ്പോഴാണ് ഇത്തരമൊരു നിരോധനവുമായി ഫ്രാന്‍സിലെ മുന്‍സിലിപ്പാറ്റികള്‍ രംഗത്തെത്തുന്നുത്. സ്വന്തം ശരീരത്തിന് മുകളില്‍ മനുഷ്യനുള്ള സ്വാതന്ത്ര്യമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നുത്. അവനവന് വേണ്ടി തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശത്തെയാണ് ബുര്‍ഖിനി നിരോധനം തടയിടുന്നത് എന്ന് ടെലിഗ്രാഫ് പത്രത്തില്‍ ജുലീയറ്റ് സാമുവല്‍ എഴുതുന്നു. ‘എപ്പോള്‍ താടിവടിക്കണം, എഴുന്നേല്‍ക്കണം, ഭക്ഷണം കഴിക്കണം എന്നത് ഭരണകൂടത്തിന്റെയോ പൗരോഹിത്യത്തിന്റെയോ നിയമമപുസ്തകത്തെ മുന്‍നിര്‍ത്തിയുള്ള തീരുമാനങ്ങള്‍ ആകരുത്.’

യഥാര്‍ത്ഥത്തില്‍ ബുര്‍ഖ നിരോധനത്തെ പണ്ട് രാജ്യ സുരക്ഷയുടെ പേരില്‍ ന്യായീകരിച്ചതുപോലെ അത്ര എളുപ്പമല്ല ബുര്‍ഖിനി നിരോധനത്തെ ന്യായീകരിക്കുക എന്നത്. ഏതെങ്കിലും മതത്തിന്റെ ആദര്‍ശങ്ങളുടെയോ പുരുഷന്റെ ചിന്തകളുടെയോ സ്വാധീനത്താല്‍ അല്ല മിക്ക സ്ത്രീകളും ബുര്‍ഖിനി ഉപയോഗിക്കുന്നത്. പലപ്പോഴും പുരുഷന്റെ പ്രേരണയാലും സാമുഹിക സമ്മര്‍ദ്ദത്താലും അല്പവസ്ത്രധാരിണികളായി നടക്കാന്‍ ഫ്രഞ്ച് സ്ത്രീകള്‍ നിര്‍ബന്ധിതരാണ് എന്ന മറുവശവും ചര്‍ച്ചയാകുന്നുണ്ട്. ചുരുക്കത്തില്‍ മാറിയ ലോകത്തേക്ക് ഇറങ്ങി സ്വന്തം സത്വം തിരിച്ചറിയാനുള്ള മുസ്ലീം സ്ത്രീകളുടെ ശ്രമങ്ങള്‍ക്ക് തടയിടാനുള്ള നീക്കമായി മാത്രമാണ് ബുര്‍ഖിനി നിരോധനത്തെ തിരിച്ചറിയാനാവുക. നാല് ചുമരുകള്‍ക്കുള്ളില്‍ നിന്ന് അവരുടെ ശബ്ദം പുറത്തേക്ക് വരരുത് എന്ന് പലരും ആഗ്രഹിക്കുന്നുണ്ടാകാം.

വസ്ത്രങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തുന്ന നിരോധനങ്ങള്‍ ഫ്രഞ്ച് മുസ്ലീമുകളെ പൊതുസമൂഹത്തില്‍ ദൃശ്യമായ മതപരമായ വേര്‍തിരിവുകളില്‍ നിന്ന് പിന്മാറി ഫ്രഞ്ച് സംസ്കാരത്തെ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കാന്‍ ഉദ്ദേശിച്ചുള്ളതാണെങ്കിലും ഒരേ സമയം ഫ്രഞ്ചും ഇസ്ലാമും ആയിരിക്കാന്‍ സാധിക്കില്ല എന്ന വിപരീത സന്ദേശമാണ് ഇപ്പോള്‍ ഫ്രാന്‍സിലെ മുസ്ലീമുകള്‍ക്ക് ലഭിക്കുന്നത്. ഫ്രാന്‍സിന് ഇപ്പോഴും മറ്റൊരു സാദ്ധ്യതയുണ്ട് എന്ന് പുരോഗമനവാദികള്‍ പറയുന്നു. ലോകത്തിന് മുന്നില്‍ അവര്‍ ഊറ്റം കൊള്ളുന്ന മതേതരത്വം തെളിയിക്കാന്‍ മുസ്ലീം സമുദായത്തെ അവരുടെ വിശ്വാസങ്ങളും സംസ്‌കാരവും അതേപടി നില നിര്‍ത്തികൊണ്ട് സ്വീകരിക്കാനായാല്‍ അത് ലോകത്തിന് തന്നെ മാതൃകയാകും.

(പ്രമുഖ പ്രവാസി മാധ്യമപ്രവര്‍ത്തകയും നിലവില്‍ ദുബായ് വോയ്‌സ് ഓഫ് കേരള റേഡിയോയിലെ വാര്‍ത്താധിഷ്ഠത പരിപാടികളുടെ അവതാരകയുമാണ് ലേഖിക. ഏഷ്യാനെറ്റ് ഗള്‍ഫ് റേഡിയോ, തിരുവനന്തപുരം ഏഷ്യാനെറ്റ്, വിവിധ അച്ചടി പ്രസീദ്ധികരണങ്ങളിലും, വിഷ്വല്‍ മിഡീയ, ഓണ്‍ലൈന്‍ മേഖലയിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.) 

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍