UPDATES

വിദേശം

തോക്ക് നിയമങ്ങള്‍ കര്‍ശനം: എന്നിട്ടും ഷാര്‍ളി ഹെബ്ദോ ആക്രമിക്കപ്പെട്ടതെങ്ങനെ?

Avatar

ആഡം ടെയ്‌ലര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അമേരിക്കക്കാര്‍ ഏതെങ്കിലും വിദേശരാജ്യത്തെ ഒരു നാടകീയ സംഭവവികാസത്തെക്കുറിച്ച് വായിച്ചാല്‍, മിക്കപ്പോഴും അവരതിനെ സ്വന്തം നാട്ടിലെ രാഷ്ട്രീയ സംവാദങ്ങളുടെ ചിട്ടവട്ടങ്ങളിലാണ് രൂപപ്പെടുത്തുക. അതുകൊണ്ട്, ഈയാഴ്ച്ച ഫ്രഞ്ച് ആക്ഷേപ ഹാസ്യമാസിക ഷാര്‍ളി ഹെബ്ദോക്ക് നേരെ പാരീസില്‍ നടന്ന വെടിവെപ്പിനെ അമേരിക്കക്കാര്‍ തോക്ക് നിയന്ത്രണ നിയമങ്ങളുമായി ബന്ധപ്പെടുത്തി ചിന്തിക്കുന്നതില്‍ അത്ഭുതമൊന്നുമില്ല. 

‘ലോകത്തിലെ ഏറ്റവും കര്‍ശനമായ തോക്ക് നിയന്ത്രണ നിയമങ്ങളുള്ള രാജ്യങ്ങളിലൊന്നിലാണ് ദുരന്തം സംഭവിച്ചത് എന്നത് ശ്രദ്ധേയമാണ്’, അമേരിക്കയിലെ റിയാലിറ്റി ടി വി താരം ഡൊണാള്‍ഡ് ട്രംപ് ആക്രമണത്തിന് തൊട്ടുപിറകെ ട്വീറ്റ് ചെയ്തു. എതിര്‍ത്തൂം അനുകൂലിച്ചും നിരവധി ട്വീറ്റുകള്‍ വന്നുനിറഞ്ഞു. 

എല്ലായ്‌പ്പോഴും ശ്രദ്ധാകേന്ദ്രമാകാന്‍ തത്രപ്പെടുന്ന ട്രംപ് ഒരു രാഷ്ട്രീയ നേട്ടത്തിനും ലിബറലുകളെ ഒന്നു കൊട്ടാനുമാണ് ശ്രമിച്ചത്. പക്ഷേ ഈ വ്യാജ ആശങ്ക മാറ്റിയാല്‍ യഥാര്‍ത്ഥ ആശങ്കയ്ക്ക് ഇടമുണ്ട്: എന്തുകൊണ്ടാണ് ഫ്രാന്‍സിലെ തോക്ക് നിയന്ത്രണ നിയമങ്ങള്‍ ഷാര്‍ളി ഹെബ്ദോയിലെ ഇരകളെ രക്ഷിക്കാഞ്ഞത്?

ഫ്രാന്‍സിലെ തോക്ക് നിയമങ്ങള്‍ 
ഫ്രാന്‍സിലെ തോക്ക് നിയമങ്ങള്‍ 1939, ഏപ്രില്‍ 18 മുതലുള്ളവയാണ്, പിന്നീട് പലതവണ ഭേദഗതികള്‍ വന്നെങ്കിലും. തികച്ചും കര്‍ശനമായവ. സാധാരണ ഗതിയില്‍ ഫ്രഞ്ചുകാര്‍ക്ക് തോക്ക് കൈവശം വെക്കാനോ,സ്വന്തമാക്കാനോ അധികാരമില്ല. വേട്ടയ്‌ക്കൊ, കായികവിനോദത്തിനോ ഉള്ള അനുമതി ഉണ്ടായാലെ ഇത് സാധിക്കൂ. അതാകട്ടെ ഇടയ്ക്കിടെ പുതുക്കുകയും മനഃശാസ്ത്ര വിശകലനമടക്കം കഴിയുകയും വേണം. 

അനധികൃതമായി തോക്ക് കൈവശം വെച്ചാല്‍ 7 വര്‍ഷം വരെ തടവും പിഴയും ലഭിക്കും. 2012ല്‍ ഫ്രഞ്ച് സര്‍ക്കാരിന്റെ കണക്കനുസരിച്ച് കുറഞ്ഞത് 7.5 ദശലക്ഷം തോക്കുകള്‍ അനധികൃതമായി ആളുകളുടെ കൈവശമുണ്ട്. 

ഷാര്‍ളി ഹെബ്ദോയില്‍ ആക്രമണം നടത്തിയവര്‍ രണ്ടു വ്യത്യസ്ത തരത്തിലുള്ള കലെഷ്‌നികോവ് തോക്കുകളാണ് ഉപയോഗിച്ചത്. ഇത്തരം തോക്ക് കൈവശം വാങ്ങുന്നതിന് കര്‍ശനമായ പരിശോധനകളും പൂര്‍വചരിത്ര വിശകലനവും കഴിഞ്ഞിരിക്കേണ്ടതാണ്. (സി എന്‍ എന്‍ പറയുന്നതു വൈറ്റ് ഹൗസില്‍ ആരെയെങ്കിലും ജോലിക്ക് എടുക്കും മുമ്പ് എഫ് ബി ഐ നടത്തുന്ന അന്വേഷണം പോലെയാണിതെന്നാണ്).

എങ്ങനെയാണ് അക്രമികള്‍ക്ക് തോക്കുകള്‍ കിട്ടിയത്
നിയമവിരുദ്ധമായിത്തന്നെ എന്നു ഏതാണ്ട് തീര്‍ച്ചയാണ്. സൈനിക ഉപയോഗത്തിനായി രൂപകല്‍പന ചെയ്ത കലെഷ്‌നികോവ് എ കെ പരമ്പര പോലുള്ള ആയുധങ്ങള്‍ കഴിഞ്ഞ കുറച്ചു കൊല്ലങ്ങളായി ഫ്രാന്‍സില്‍ അനധികൃതമായി വ്യാപകമാവുകയാണെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. പെരുപ്പനിരക്ക് ഇരട്ട അക്കത്തിലാണെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങളും പറയുന്നു. 

‘ഫ്രാന്‍സിലെ ആയുധ കരിഞ്ചന്തയില്‍ കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള യുദ്ധോപകരണങ്ങളും ആയുധങ്ങളുമാണ് കുമിഞ്ഞുകൂടുന്നത്,’UNSA പൊലീസ് യൂണിയന്റെ ഫിലിപ്പെ കാപ്പാണ്‍ പറയുന്നു. ‘അതിപ്പോള്‍ ഫ്രാന്‍സില്‍ എല്ലായിടത്തുമുണ്ട്’.

ഫ്രാന്‍സിലെ നിയമവിധേയമായ തോക്കുകളെക്കാള്‍ രണ്ടിരട്ടിയെങ്കിലും അനധികൃത തോക്കുകള്‍ ഉണ്ടെന്നാണ് കരുതുന്നത്. ഏതാനും ആയിരം ഡോളറുകള്‍ നല്‍കിയാല്‍ എ കെ47 പോലുള്ള ആയുധങ്ങള്‍ വരെ ലഭിക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍