UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഡ്രേക്കിന്റെ സമുദ്രസഞ്ചാരവും ഹോങ്കോങ് കൈമാറ്റവും

Avatar

1580 സെപ്തംബര്‍ 26
ഫ്രാന്‍സിസ് ഡ്രേക്ക് ലോകം സമുദ്രസഞ്ചാരം പൂര്‍ത്തിയാക്കുന്നു

ലോകം ചുറ്റാനായി ഫ്രാന്‍സിസ് ഡ്രേക്ക് തന്റെ സമുദ്രയാത്ര ആരംഭിക്കുന്നത് 1577 ഡിസംബര്‍ 13 നാണ്. അഞ്ച് കപ്പലുകളുമായി തുടങ്ങിയ ഈ ദൗത്യത്തിനിടയില്‍ അദ്ദേഹത്തിന് പല പരീക്ഷണങ്ങളും നേരിടേണ്ടി വന്നിരുന്നു. പസഫിക് തീരത്തെ സ്പാനിഷ് അധിനിവേശം അവസാനിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ദൌത്യം.  അറ്റ്‌ലാന്റിക് കടക്കുന്നതിനിടയില്‍ അദ്ദേഹത്തിന് തന്റെ രണ്ടു കപ്പലുകള്‍ നഷ്ടപ്പെട്ടു. ‘മഗല്ലന്‍ ഇടുക്ക്’ കടക്കുന്നതിനിടയില്‍ ഭീകരമായ കൊടുങ്കാറ്റ് ഡ്രേക്കിന്റെ യാത്ര തടസ്സപ്പെടുത്തി. പസഫിക് സമുദ്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അഞ്ച് കപ്പലുകളില്‍ അവശേഷിച്ചത് ഡ്രേക്കിന്റെ ഗോള്‍ഡന്‍ ഹിന്‍ഡ് എന്ന കപ്പല്‍ മാത്രം. എന്നാല്‍ ഈ തിരിച്ചടികള്‍ ഡ്രേക്കിനെ തന്റെ ഉദ്യമത്തില്‍ നിന്ന് പിന്തിരിപ്പിച്ചില്ല. സ്‌പെയിന്റെ നിയന്ത്രണത്തിലുള്ള പസഫിക് തീരത്ത് വച്ച് ഉണ്ടായ ആക്രമണം ഡ്രേക്ക് പ്രതിരോധിച്ചത് ഈ ഒരൊറ്റ കപ്പലുകൊണ്ടാണ്.

താന്‍ സഞ്ചരിച്ച സമുദ്രപാതകളെല്ലാം ഡ്രേക്ക് ഓര്‍മ്മയില്‍ സൂക്ഷിച്ചിരുന്നു. അറ്റ്‌ലാന്റിക്കിലേക്കുള്ള മടക്കത്തില്‍ ഡ്രേക്ക് വടക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരങ്ങളിലെത്തി. 1580 സെപ്തംബര്‍ 26 ന് ഡ്രേക്ക് മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ യാത്ര ആരംഭിച്ച ഇംഗ്ലണ്ടിലെ പ്ലിമോത്തില്‍ തിരിച്ചെത്തി.

സ്പാനിഷ് കപ്പല്‍ക്കൂട്ടങ്ങളുടെ ഭീഷണിയെ തകര്‍ത്തുകൊണ്ട് പൂര്‍ത്തിയാക്കിയ സമുദ്രപര്യവേഷണം ഡ്രേക്കിന് ഏറെ പ്രശംസ നേടിക്കൊടുത്തു.

1984 സെപ്തംബര്‍ 26
ഹോങ്കോങ് ചൈനയ്ക്ക് കൈമാറാന്‍ ബ്രിട്ടന്‍ തീരുമാനിക്കുന്നു

ബീജിങ്ങിലെ ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളില്‍ 1984 ഡിസംബര്‍ 19ന് നടന്ന കരാര്‍ ഒപ്പിടലിലൂടെ 150 വര്‍ഷം തങ്ങളുടെ കോളനിയായി കൈവശംവച്ചിരുന്ന ഹോങ്കോങ് ബ്രിട്ടന്‍ ചൈനയ്ക്ക് കൈമാറി. 84 ല്‍ കരാര്‍ ഒപ്പിട്ടെങ്കിലും ഹോങ്കോങ് ചൈനയുടെ നിയന്ത്രണത്തിലേക്ക് വരുന്നത് 1997 ലാണ്. ഹോങ്കോങ്ങിന്റെ നിയന്ത്രണം ഏറ്റെടുത്ത ചൈന ഹോങ്കോങ്ങിന് സ്വയംഭരണാവകാശം വാഗ്ദാനം നല്‍കിയെങ്കിലും പ്രതിരോധ-വിദേശരംഗങ്ങളില്‍ അധികാരം നിലനിര്‍ത്തി.


1842 ല്‍ ആണ് ബ്രിട്ടന്‍ ഹോങ്കോങ്ങിനെ തങ്ങളുടെ കോളനിയാക്കുന്നത്. അന്നുതൊട്ട് ഈ ദ്വീപിന്റെ നിയന്ത്രണം അടുത്ത ഒന്നരനൂറ്റാണ്ട് അവര്‍ കൈയ്യാളി. 1984 ല്‍ ഹോങ്കോങ് കൈമാറല്‍ കരാര്‍ ഒപ്പിട്ടതിനു പിന്നാലെ 1986 ഒക്ടോബര്‍ 12 ന് ബ്രിട്ടീഷ് രാജ്ഞി ചൈന സന്ദര്‍ശിച്ചു. ചൈന സന്ദര്‍ശിക്കുന്ന ആദ്യ ബ്രിട്ടീഷ് ചക്രവര്‍ത്തിയായിരുന്നു അവര്‍. 1997 ജൂലായ് 1 ന് അര്‍ദ്ധരാത്രി നടന്ന ഗംഭീര ചടങ്ങിലാണ് ചൈന ഹോങ്കോങ്ങിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തിയ്യതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍