UPDATES

സിനിമ

പോരൂ, ഫ്രാന്‍സിസ് കപ്പോളയ്‌ക്കൊപ്പം അത്താഴ വിരുന്ന് കഴിക്കാം

Avatar

കൊള്ളീന്‍ ക്ലാര്‍ക്ക്
(ബ്ലൂംബെര്‍ഗ് ന്യൂസ്‌)

ഉച്ചയ്ക്കും നാലുമണിക്കും ഇടയിലെപ്പോഴോ ആണ് സമയം. എന്റെ വയര്‍ മുരണ്ടുതുടങ്ങി. തണുത്ത മാര്‍ബിള്‍ പടിക്കെട്ടുകളിറങ്ങി തെക്കേ ഇറ്റലിയിലെ പലാസോ മാര്‍ഗറീറ്റയുടെ അടുക്കളയിലേയ്ക്ക് ഞാന്‍ നഗ്‌നപാദനായി നടന്നു. അത്താഴത്തിനുള്ള പാസ്തയും സോസുകളും ഒക്കെ തയ്യാറായി വരുന്നുണ്ടെങ്കിലും, ഞാന്‍ പാത്രങ്ങളില്‍ ചീസും ജാമും പുരട്ടിയ വലിയ റൊട്ടിക്കഷണങ്ങളും നിറച്ച് കൂടുതല്‍ മധുരപലഹാരങ്ങളും ബാക്കിവന്ന ഓറഞ്ച് ജൂസും ചോദിച്ചു.

ഇങ്ങനെ തോന്നിയ പോലെ വരിക, പോവുക രീതിയൊന്നും ഒരു യൂറോപ്യന്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലിലും കാണില്ല, അതിനു സെലിബ്രിറ്റി ബന്ധമുണ്ടെങ്കില്‍ പ്രത്യേകിച്ചും. പക്ഷെ ഈ ഹോട്ടല്‍ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയുടേതാണ്. ഹോളിവുഡിലെ ഏറ്റവും പേരുകേട്ട കുടുംബസ്ഥന്‍. അദ്ദേഹത്തിന്റെ കുടുംബവീടായ ബെര്‍നാല്‍ഡായില്‍ നിങ്ങളെ എത്രത്തോളം സന്തുഷ്ടനാക്കാമോ അത്രത്തോളം എന്നാണ് കണക്ക്. കപ്പോള ഒരിക്കലും ഒരു ഹോട്ടല്‍കാരനായിരുന്നില്ല. അദ്ദേഹത്തിന് കുടുംബത്തെ അവധിക്ക് കൊണ്ടുപോകുന്നത് ഇഷ്ടമായിരുന്നുവെന്ന് മാത്രം.

അപ്പൊകാലിപ്‌സ് നൗവില്‍ ഫിലിപ്പൈന്‍സിലെ കാടുമായി പ്രേമത്തിലായതിനുശേഷം അമേരിക്കയോടടുത്ത് അല്‍പ്പം കാട് സ്വന്തമായി വേണമെന്ന് അദ്ദേഹത്തിനു തോന്നി. എണ്‍പതുകളുടെ തുടക്കത്തില്‍ കപ്പോള ബെലിസേയിലെ ഒരു പഴഞ്ചന്‍ ലോഡ്ജ് വാങ്ങി. അതില്‍ ഫോര്‍വീല്‍ ഡ്രൈവുകളും നല്ല കിടക്കകളും ആ രാജ്യത്തെ ആദ്യ പിസാ അടുപ്പും എസ്‌പ്രേസോ മെഷീനും ഒക്കെ ഘടിപ്പിച്ചു, വെറുതെ ഒരു രസത്തിന്.

‘പിന്നീടാണ് ഞാന്‍ ഒരു ഹോട്ടലിന്റെ അടിസ്ഥാന സൗകര്യമുണ്ടാക്കുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞത്.’, അദ്ദേഹം നാപായിലെ വീട്ടില്‍ നിന്ന് ഫോണില്‍ പറഞ്ഞു. 1993-ലാണ് ഇരുപതു മുറിയുള്ള ബ്ലാന്‍കാനക്‌സ് ലോഡ്ജ് തുടങ്ങിയത്.

ബെലിസിലെ ബീച്ചില്‍ നാല് ഹോട്ടലുകള്‍ കൂടി ഇതിനുശേഷം സ്ഥാപിച്ചു. ബാക്കിയുള്ളവ അര്‍ജന്റീനയിലും ഗ്വാട്ടിമാലയിലും പിന്നെ ഇറ്റലിയിലുമാണ് ഉള്ളത്. അഞ്ചാമത്തേത് ന്യൂ ഓര്‍ലിയന്‍സിലെ ഒരു ഫ്രഞ്ച് ക്വാര്‍ട്ടര്‍ മാന്‍ഷനില്‍ തയ്യാറാകുന്നു. എന്താണ് ഇവയെ തമ്മില്‍ യോജിപ്പിക്കുന്നത്?

‘ഞാനും എന്റെ കുടുംബവും മാത്രം’, കപ്പോള പറയുന്നു. ‘ഇതെല്ലാം ഞങ്ങള്‍ സ്‌നേഹിക്കുന്ന കാര്യങ്ങളാണ്. അവയൊക്കെ ഞങ്ങള്‍ ഇഷ്ടപ്പെടുന്നവയാണ്.

കപ്പോളയ്ക്ക് കുടുംബവും യാത്രയും ജോലിയും എല്ലാം വല്ലാതെ കെട്ടുപിണഞ്ഞു കിടക്കുന്നവയാണ്. അയാളുടെ ഏറ്റവും പഴയ ഓര്‍മ്മകള്‍ അച്ഛനോടൊപ്പം രാജ്യത്തില്‍ ഉടനീളമുള്ള യാത്രകളാണ്. അച്ഛന്‍ ഒരു ഫ്‌ളൂട്ടിസ്റ്റും കമ്പോസറുമായിരുന്നു. നാല്‍പ്പതുകളിലും അമ്പതുകളിലും അദ്ദേഹം യാത്രകളില്‍ കുടുംബത്തെയും ഒപ്പം കൂട്ടിയിരുന്നു.

‘ഞങ്ങള്‍ പോകുന്ന സ്ഥലങ്ങളെപ്പറ്റി എല്ലാം അച്ഛന്‍ പാട്ടുകള്‍ എഴുതിയിരുന്നു. ഞങ്ങള്‍ക്ക് അമാരിലോയെപ്പറ്റിയും ഒസാര്‍ക്കസിനെ പറ്റിയും ഒക്കെ പാട്ടുകളുണ്ട്. ഞങ്ങള്‍ കുട്ടികള്‍ ഓരോ ഇടത്തെപ്പറ്റിയും പാടുമായിരുന്നു.’ കപ്പോള ഓര്‍ക്കുന്നു. തന്റെ കുട്ടികള്‍ക്കും ഇത്തരം ഓര്‍മ്മകള്‍ അദ്ദേഹം ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്.

‘എന്റെ അച്ഛന്‍ ഒരു 1913 മോഡല്‍ ടി ഫോര്‍ഡ് വാങ്ങിയപ്പോള്‍ ഞങ്ങള്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ബോളിനാസ് വരെ ഓടിച്ചുപോയി, ഗോള്‍ഡന്‍ഗേറ്റ് ബ്രിഡ്ജ് കടന്നു.’, മകന്‍ റോമന്‍ കപ്പോള മൊസാര്‍ട്ട് ഇന്‍ ദി ജംഗിളിന്റെ സെറ്റില്‍ നിന്ന് പറയുന്നു. ‘വണ്ടി ചൂടായി വഴിയില്‍ കിടന്നെങ്കിലും ഏറ്റവും മികച്ച ഒരു യാത്രയായിരുന്നു അത്’

കപ്പോള എപ്പോഴും കുട്ടികളെ ഷൂട്ടിനു കൂടെ കൊണ്ടുപോയിരുന്നു. മകള്‍ സോഫിയയുടെ ആദ്യ ഓര്‍മ്മകള്‍ അപ്പൊകാലിപ്‌സോ നൗനിന്റെ ചോക്ലേറ്റ് തോട്ടത്തിലാണ്. ഇത്തരം യാത്രകള്‍ കുടുംബത്തില്‍ പ്രചാരമുള്ള കഥകളുമായി മാറുന്നു. ഇവയൊക്കെ കുട്ടികളുടെ ഭാവി സിനിമകളിലും കലാജീവിതങ്ങളിലും കയറി വരികയും ചെയ്യുന്നു. സോഫിയയുടെ ലോസ്റ്റ് ഇന്‍ ട്രാന്‍സ്ലേഷനും റോമന്റെ മൂണ്‍റൈസ് കിംഗ്ഡവും ഓര്‍ക്കുക. 

യാത്രയും കുടുംബവും കഥയും ഒക്കെ കൂടിച്ചേരുന്ന ഇവിടെയാണ് കപ്പോളയുടെ ഹോട്ടലുകള്‍ ഉള്ളത്.

‘ആത്യന്തികമായി ഒരു റിസോര്‍ട്ട് ഒരു സിനിമയാണ്. സ്ഥലമാണ് സെറ്റിങ്ങ്- അവശിഷ്ടങ്ങള്‍, ജലം തുടങ്ങിയവ, നഗരമാണ് താരം, ജോലിക്കാര്‍ സിനിമയിലെ നടീനടന്മാരും’, കപ്പോള പറയുന്നു. 

അദ്ദേഹത്തിന്റെ ഹോട്ടലുകള്‍ എല്ലാം തന്നെ ഒരേസമയം അടുപ്പമുള്ളതും ഉദാത്തവുമായി തോന്നിക്കുന്നു. ഒരു സിനിമാക്കാരന് മാത്രം കഴിയുന്ന തരത്തില്‍ ശ്രമകരമായി സൂക്ഷിച്ചുണ്ടാക്കിയ ഒരു മഹാ സാഹസികത. അവ കുടുംബവീടുകള്‍ കൂടിയാകുന്നത് കൊണ്ട് ഇവയില്‍ ശ്രമകരമല്ലാത്ത, സുപരിചിതമായ ചിലത് കൂടിയുണ്ട്. ജോലിക്കാര്‍ മുതല്‍ ഡിസൈന്‍ തീരുമാനങ്ങള്‍ വരെ. 

‘ഇത് ഞങ്ങള്‍ ഇഷ്ടപ്പെടുന്ന എല്ലാമാണ്, സൗകര്യത്തിന് വേണ്ടിയോ ബുദ്ധിപരമായോ തെരഞ്ഞെടുക്കാത്ത ഇടങ്ങള്‍.’ 

ട്രാവല്‍ ജേര്‍ണലിസ്റ്റുകളോട് സംസാരിക്കാനാണ് കപ്പോള ഈയടുത്ത് ന്യൂയോര്‍ക്കില്‍ എത്തിയത്. എന്നാല്‍ വളരെ കൃത്യമായി അദ്ദേഹം അതിനെ ഒരു ഡിന്നര്‍ പാര്‍ട്ടിയാക്കി മാറ്റി. ഇല്‍ ബുക്കോ റെസ്റ്റോറന്റില്‍ എത്തിയത് പല തലമുറകളിലുള്ള കുടുംബവുമായാണ്. ഇതില്‍ തൊണ്ണൂറ്റിയെട്ട് വയസുള്ള അമ്മാവന്‍ കികി (ഒരു ഓപ്പറ കമ്പോസര്‍), അമ്മായി (ഒരു മുന്‍ ബല്ലേറിന നര്‍ത്തകി), പിന്നെ ഒരു കൂട്ടം മരുമക്കള്‍. അമ്മയെ കൊണ്ടുവിടാന്‍ വന്ന സോഫിയ ഒന്ന് കെട്ടിപ്പിടിച്ചു. ഫ്രാന്‍സിസ് എല്ലാവരോടും അത്താഴത്തിന് നില്‍ക്കാന്‍ പറഞ്ഞു. അദ്ദേഹവും അമ്മാവന്‍ കികിയും കൂടി കഥകളുടെ കെട്ടഴിച്ചു.

അവരെല്ലാം മെഴുകുതിരി വെളിച്ചത്തിലിരുന്നു. ഫ്രാന്‍സിസ് ആദ്യമായി ബെര്‍നാല്‍ഡയിലെത്തിയ ഒരു പഴങ്കഥ രണ്ടുപേര്‍ പഞ്ഞു. ഇരുപതുവയസില്‍ അദ്ദേഹം ടൗണില്‍ എത്തി താന്‍ കപ്പോളയാണെന്ന് പരിചയപ്പെടുത്തി. നിമിഷനേരം കൊണ്ട് കസിന്‍സും അവരുടെ കസിന്‍സും ചുറ്റും കൂടി, ഭക്ഷണം കഴിപ്പിച്ചു. 

ഹോട്ടലുകള്‍ ഒന്നുമില്ലാത്തതുകൊണ്ട് എവിടെ ഉറങ്ങും എന്നായിരുന്നു എന്റെ ചിന്ത’ അദ്ദേഹം പറയുന്നു.

ഒടുവില്‍ ആയിടെ വിവാഹിതരായ കസിന്‍സിന്റെ കൂടെ പോയി. ഞാന്‍ വരന്റെ കൂടെ ഉറങ്ങി. വധു തൊഴുത്തിലോ മറ്റോ ആവണം ഉറങ്ങിയത്. ആ സ്വീകരണത്തിന്റെ ചൂട് അദ്ദേഹം മറന്നിട്ടില്ല.

പോസ്റ്റ്കാര്‍ഡില്‍ കാണുന്ന മനോഹരദൃശ്യങ്ങള്‍ വേണമെങ്കില്‍ നിങ്ങള്‍ ടസ്‌കനിയിലോ അമാല്‍ഫിയിലോ പോവുക. പക്ഷെ ബെര്‍നാല്‍ഡ സാധാരണ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഒഴിവാക്കുന്നവര്‍ക്ക് ഉള്ളതാണ്. തലച്ചോറ് മരവിപ്പിക്കുന്ന സൗന്ദര്യത്തിന് പകരം നിങ്ങള്‍ക്ക് അബദ്ധത്തില്‍ പരിചയപ്പെടുന്ന ആളുകളുടെ കഥകള്‍ കിട്ടും. ദൈനംദിന ജീവിതത്തിന്റെ സിനിമാറ്റിക് മര്‍മ്മരം. പതിനഞ്ചുമിനുട്ട് അകലെ കടലുണ്ട്. അവിടെ മുക്കുവര്‍ ബോട്ടടുപ്പിക്കുന്നു, അന്ന് പിടിച്ച മീന്‍ പൊരിക്കുന്നു, തീരത്തു തന്നെ. 

ഇവിടെ സെറ്റില്‍ ചെയ്യാന്‍ എളുപ്പമാണ്, അതാണ് ഉദ്ദേശവും. 

2004-ല്‍ കപ്പോള പലാസോ വാങ്ങിയത് കുടുംബ ബന്ധങ്ങള്‍ കാരണമാണ്. ‘ബെര്‍നാല്‍ഡയിലെ അഞ്ചുകോടി ബന്ധുക്കള്‍ക്ക് ഞാന്‍ അത് വാങ്ങണമെന്ന് തോന്നി. അദ്ദേഹം തമാശയായി പറയുന്നു. പിന്നീടിത് ഡിസൈനര്‍ ജാക്‌സ് ഗ്രാന്‍ജുമായി ചേര്‍ന്ന് ഒന്‍പത് സ്വീറ്റ് ഉള്ള ഒരു ഹോട്ടലായി മാറി. ഇത് അദ്ദേഹത്തിന്റെ ഗോഡ്ഫാദര്‍ സമ്പാദ്യമാണ്, ഒരു കുടുംബ ബിസിനസുമാണ്. ഇതില്‍ തലമുറകള്‍ ഇടപെടുന്നു.

‘ഒരു കുടുംബ വീടെന്ന പോലെയാണ് ഞങ്ങള്‍ ഓരോ ഹോട്ടലുമായും ഇടപെടുന്നത്, അതുകൊണ്ട് തന്നെ ഓരോ കുട്ടിയും അവരുടെ അഭിപ്രായം പറയുന്നതും പ്രധാനമാണ്.’ 

അതിന്റെ ഫലമായി ഉണ്ടായതോ? സോഫിയയുടെ മുറിയിലെ കവിള്‍ തുടുത്തുപോലുള്ള പിങ്ക് ചുവരുകളും ഫ്രെസ്‌കോകളും ഒരു വേനല്‍ക്കാല കൊട്ടാരത്തെ ഓര്‍മ്മപ്പെടുത്തും. റോമന്റെ മുറിയില്‍ ജ്യാമിതീയരൂപങ്ങളുള്ള തറയും വിന്റേജ് ഗ്രാന്‍ഡ് പ്രീ പോസ്റ്ററുമാനും ഉള്ളത് (സോഫിയ കണ്ടെടുത്തത്.) ഇവയൊക്കെ ആ മുറിക്ക് ഒരു പൗരുഷം നല്‍കുന്നു. പാട്രിയാര്‍ക്ക് സ്യൂട്ടിലേ ടുണീഷ്യന്‍ ടൈലുകള്‍ ഫ്രാന്‍സിസിന്റെ അമ്മയ്ക്കുള്ള ഓര്‍മ്മയാണ്. 

‘എന്റെ ഭാര്യയും കുട്ടികളും ഏറെ ക്രിയാത്മകതയുള്ളവരാണ്. അവരുടെ അഭിപ്രായങ്ങളും ഇതിലൊക്കെ വന്നിട്ടുണ്ട്. എനിക്ക് സോഫിയയുടെ മുറിയില്‍ താമസിക്കാന്‍ ഇഷ്ടമാണ്. സോഫിയക്ക് റോമന്റെ മുറിയില്‍ താമസിക്കാനും അവന്റെ വ്യക്തിത്വം മനസിലാക്കാനും ഇഷ്ടമാണ്’, കൊപ്പോല പറയുന്നു.

പലാസോ കുടുംബചരിത്രവും പിന്നോട്ട് തിരയുന്നുണ്ട്.

‘എന്റെ മുത്തച്ഛന്‍ അഗസ്റ്റിനോ ബെര്‍നാല്‍ഡയില്‍ സാള്‍ട്ട ബാല്‍ക്കണി എന്നാണു അറിയപ്പെട്ടിരുന്നത്. ബാല്‍ക്കണി ചാടുന്നവന്‍ എന്നര്‍ത്ഥം. വേലക്കാരികളുമായി ബന്ധത്തിനായി സ്ഥിരമായി അദ്ദേഹം ബാല്‍ക്കണി ചാടിയിരുന്നു.’ കപ്പോള പറയുന്നു. പാല്‍മെറ്റ എന്ന സ്ത്രീയുമായുള്ള അത്തരമൊരു ബന്ധത്തിന്റെ സ്ഥലമായിരുന്നു പലാസോ. ഇപ്പോള്‍ വേലക്കാരുടെ മുറി പാല്‍മെറ്റ റൂമാക്കി മാറ്റിയിട്ടുണ്ട്. അഗസ്തീനോയുടെ ചിത്രം അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ കിടക്കയ്ക്ക് മീതെ അവിടെയുണ്ട്.

കപ്പോള കുടുംബം ഈ പലാസോയുടെ കഥയിലേയ്ക്ക് കൂടുതല്‍ ചേര്‍ത്തുതുടങ്ങി. സോഫിയയുടെ വിവാഹം ഈ ഉദ്യാനത്തിലാണ് നടന്നത്, ഇവിടെ തന്നെയാണ് റോമന്റെ മകന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. ഞാന്‍ അവിടെ തങ്ങിയ നാലുദിവസവും ആ കുടുംബത്തിന്റെ ഊഷ്മളത എന്നെ ചുറ്റിയിരുന്നു. സോഫിയയുടെ നാരകത്തിന്റെ ചോട്ടിലെ അലസന്‍ പ്രാതല്‍ മുതല്‍ മഴക്കാല സിനിമകള്‍ വരെ, അടുത്തുള്ള തോട്ടത്തിലെ ആല്‍ഫ്രെസ്‌കോ ഉച്ചഭക്ഷണം വരെ. (തൊഴിലാളികളോടൊപ്പം, തലമുറകളായി അവിടെ പണിയെടുത്തവരോടൊപ്പം പിസാ പങ്കിടല്‍.) 

ഇപ്പോള്‍ ഫ്രാന്‍സിസ് പുതിയൊരു കുടുംബപ്രൊജക്റ്റിലാണ്. 

‘ഞങ്ങള്‍ക്ക് ന്യൂഓര്‍ലിയന്‍സില്‍ മനോഹരമായ ഒരിടമുണ്ട്. കലാകാരന്മാര്‍ക്കായി ഒരിടം എന്റെ സ്വപ്നമാണ്. ഇത് ഒരു ഫ്രഞ്ച് ശൈലിയിലെ ക്രിയാത്മക താവളമാകും’, അയാള്‍ പറയുന്നു. ‘ഞങ്ങള്‍ക്ക് കെട്ടിടമുണ്ട്, പക്ഷെ ഹോട്ടല്‍ തുടങ്ങാനുള്ള അനുമതിയില്ല. എന്നാല്‍ ന്യൂഓര്‍ലിയന്‍സ് പോലെ ഒരു നഗരത്തില്‍ എന്ത് സംഭവിക്കും എന്നറിയില്ല.’

അതിനുശേഷമോ?

‘കോര്‍സിക്കയില്‍ ഒരു ഹോട്ടല്‍, സര്‍ദീനിയയില്‍ റിസോര്‍ട്ട്. എനിക്ക് ഡബ്ലിന്‍ ഇഷ്ടമാണ്, അയര്‍ലണ്ട് ഇഷ്ടമാണ്, എനിക്ക് എല്ലായിടവും ഇഷ്ടമാണ്. എനിക്കീ മനോജ്ഞഭൂമി ഇഷ്ടമാണ്. ഇത് ദിശയില്‍ നോക്കിയാലും സൗന്ദര്യം മാത്രം’, അയാള്‍ പറയുന്നു. 

‘ഇത് ഈ അവിശ്വസനീയ ജീവിതാനുഭവത്തിന്റെ ഭാഗമാണ്.’

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍