UPDATES

സയന്‍സ്/ടെക്നോളജി

ഫ്രീ ബേസിക്‌സ്; ഇന്ത്യക്കാരുടെ ഡിജിറ്റല്‍ സ്വാതന്ത്ര്യം ഫേസ്ബുക്കിന് മുന്നില്‍ അടിയറ വയ്ക്കരുത്

Avatar

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജികളിലും ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സിലും നിന്നുള്ള അന്‍പതോളം അധ്യാപകര്‍ ഫേസ്ബുക്കിന്റെ ‘ഫ്രീ ബേസിക്‌സി’നെതിരെ രംഗത്ത്. ഇപ്പോള്‍ത്തന്നെ വിവാദത്തിലായ ഫ്രീ ബേസിക്‌സിന്റെ കുഴപ്പങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി.

കുറഞ്ഞ നിരക്കിലുള്ള ഒരു ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമാണ് ഫ്രീ ബേസിക്‌സ്. ഇത് ഉപയോഗിക്കുന്നവര്‍ക്ക് ഫേസ്ബുക്കും മറ്റ് ഏതാനും സേവനങ്ങളും സൗജന്യമായി ലഭിക്കും. എന്നാല്‍ ഇന്റര്‍നെറ്റ് സേവനങ്ങളെ തരംതിരിച്ചുകാണാന്‍ സേവനദാതാക്കള്‍ക്ക് അവസരം നല്‍കുന്ന ഇത് നെറ്റ് ന്യൂട്രാലിറ്റിക്കു വിരുദ്ധമാണെന്നാണ് വിമര്‍ശകരുടെ അഭിപ്രായം. ഫേസ്ബുക്കിനു പുറമെ വളരെക്കുറച്ച് വെബ്‌സൈറ്റുകളും സേവനങ്ങളും മാത്രമേ ഫ്രീ ബേസിക്‌സ് വഴി ലഭ്യമാകൂ.

ഫ്രീ ബേസിക്‌സ് അനുവദിക്കുന്നതിനെപ്പറ്റിയുള്ള പൊതുജനാഭിപ്രായം ടെലികോം റഗുലേറ്ററി അതോറിറ്റിക്ക് സമര്‍പ്പിക്കാനുള്ള അവസാനദിനം ഡിസംബര്‍ 31 ആണ് എന്നതിനാല്‍ ഏതാനും ദിവസമായി ഇതേപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമാണ്.

ചൊവ്വാഴ്ച രംഗത്തുവന്ന അക്കാദമിക് വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗ സ്വാതന്ത്ര്യത്തിന് പരിധികള്‍ നിശ്ചയിക്കുകയാണ് ഫ്രീ ബേസിക്‌സ് ചെയ്യുന്നത്.

സംയുക്തപ്രസ്താവനയുടെ പൂര്‍ണരൂപം ചൂവടെ:

ഒരു സ്വകാര്യകമ്പനിയെ ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കുവേണ്ട അടിസ്ഥാനസേവനങ്ങള്‍ എന്താണെന്നു നിര്‍വചിക്കാനും ഓരോ ഉള്ളടക്കത്തിനും എത്ര വില നല്‍കണമെന്നു നിശ്ചയിക്കാനും ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന വ്യക്തിപരമായ വിവരങ്ങള്‍ അറിയാനും സമ്മതിക്കുക എന്നത് മാരകമായ ഒന്നാണ്. ഇത് ഇന്റര്‍നെറ്റ് എന്ന പൊതുസേവനത്തെ ഉപയോഗിക്കുമ്പോഴുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കും.

ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്‌സ് ഇത്തരമൊരു മാരകമായ കൂട്ടാണ്. മാധ്യമങ്ങളില്‍ ഇതേപ്പറ്റി വന്നുകൊണ്ടിരിക്കുന്ന പരസ്യങ്ങളിലെ നിസ്വാര്‍ത്ഥതയുടെ മൂടുപടം മാറ്റിനോക്കിയാല്‍ ഇതില്‍ വളരെയധികം കുഴപ്പങ്ങള്‍ കാണാം.

1. എന്താണ് ‘ബേസിക്’ എന്ന് ഫേസ്ബുക്ക് നിര്‍വചിക്കുന്നു

അടിസ്ഥാന സേവനങ്ങള്‍ ഏതൊക്കെയാണ് എന്നു തീരുമാനിക്കാനുള്ള അധികാരം ഫേസ്ബുക്കിനു ലഭിക്കുന്നു എന്നതാണ് ആദ്യത്തെ കുഴപ്പം. അടിസ്ഥാനസേവനങ്ങളായി പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ ഫേസ് ബുക്കിന് അപേക്ഷ നല്‍കണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനായി ഒരു ഇന്റര്‍ഫേസിനു രൂപം നല്‍കിക്കഴിഞ്ഞു.

സ്വന്തം സിഗ്നലുകള്‍ ഉപയോഗിക്കുന്ന ഇന്ത്യക്കാര്‍ക്ക് പ്രാപ്യമായ അടിസ്ഥാന ഡിജിറ്റല്‍ സേവനങ്ങള്‍ ഏതൊക്കെയാണെന്ന് ഒരു സ്വകാര്യ വിദേശ കമ്പനി തീരുമാനിക്കും എന്നതാണ് ഇതിന് അര്‍ത്ഥം. ഇത് അബദ്ധമാണെന്ന് പറയാതെ തന്നെ മനസിലാക്കാവുന്നതാണ്.

എല്ലാ ഇന്ത്യക്കാര്‍ക്കും ‘ഫ്രീ ബേസിക് ഫുഡ് ‘ നല്‍കാന്‍ ഒരു ചോക്കലേറ്റ് കമ്പനി തീരുമാനിക്കുന്നതു പോലെയാണിത്. എന്താകണം അടിസ്ഥാന ഭക്ഷണം എന്നത് ചോക്കലേറ്റ് കമ്പനി തീരുമാനിക്കും. മാത്രമല്ല കമ്പനിയുടെ സ്വന്തം ടോഫിയാകും അടിസ്ഥാനഭക്ഷണമായി നിശ്ചയിക്കപ്പെടുക. കമ്പനിയുടെ ഉദ്ദേശ്യം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നതിനാല്‍ ഈ പദ്ധതി തന്നെ യുക്തിരഹിതവും പരിഹാസ്യവുമായിത്തീരുന്നു.

ഭക്ഷണം പോലെ അവശ്യവസ്തുവല്ല ഇന്റര്‍നെറ്റ്. പക്ഷേ പണക്കാരും പാവപ്പെട്ടവരും ഒരുപോലെ ഉപയോഗിക്കുന്ന പൊതുസേവനമാണത്. ഈ പൊതുസേവനത്തോട് ഫേസ്ബുക്ക് ചെയ്യാനുദ്ദേശിക്കുന്നതും മുകളില്‍ പറഞ്ഞ സാങ്കല്‍പിക ചോക്കലേറ്റ് കമ്പനി ചെയ്യുന്നതും ഒന്നുതന്നെ.

ബേസിക് സേവനങ്ങളില്‍ ആദ്യത്തേത് ഫേസ്ബുക്കായിരിക്കുമെന്ന് റിലയന്‍സിന്റെ ഫ്രീ ഫേസ്ബുക്ക് പരസ്യങ്ങള്‍ വ്യക്തമാക്കുന്നു. ഫേസ്ബുക്ക് ഒരു അടിസ്ഥാന ഇന്റര്‍നെറ്റ് സേവനമാണെന്നു വിശ്വസിക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെയാണ് ഫേസ്ബുക്കിന്റെ പരസ്യമെഴുത്തുകാര്‍ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം തുടങ്ങിയ വികാരപരമായ അഭ്യര്‍ത്ഥനകള്‍ നടത്താന്‍ സുക്കര്‍ബര്‍ഗിനെ നിര്‍ബന്ധിക്കുന്നത്. ഇവയെല്ലാം തെറ്റിദ്ധാരണാജനകമാണെന്നേ പറയാനാകൂ.

2. നിങ്ങളുടെ എല്ലാ ആപ്പുകളുടെയും ഉള്ളടക്കം ഫേസ്ബുക്കിന് അറിയാം

 ബേസിക് ‘ ആപ്പുകളുടെ ഉള്ളടക്കം സ്വന്തം സെര്‍വറുകള്‍ വഴി ഫേസ്ബുക്കിന് ലഭ്യമാകുമെന്നതാണ് രണ്ടാമത്തെ കുഴപ്പം. ഇത് സാങ്കേതികതയുമായി ബന്ധപ്പെട്ടതാണ് എന്നതിനാല്‍ സാധാരണ ഉപയോക്താവിന് പെട്ടെന്നു മനസിലാകില്ല. പക്ഷേ ഇതിന്റെ അനന്തരഫലങ്ങള്‍ ആഴത്തിലുള്ളവയും ആശങ്കപ്പെടുത്തുന്നവയുമാണ്. ‘ബേസിക് ‘സര്‍വീസുകളില്‍ നിന്ന് ഉപയോക്താവിന്റെ എന്‍ക്രിപ്റ്റ് ചെയ്യപ്പെടാത്ത വിവരങ്ങളെല്ലാം ഫേസ്ബുക്കിനു ലഭ്യമാകും എന്നര്‍ത്ഥം.

അങ്ങനെ വരുമ്പോള്‍ ഒന്നുകില്‍ ആരോഗ്യവുമായി ബന്ധപ്പെട്ട ആപ്പുകള്‍ ബേസിക് അല്ല എന്നു തീരുമാനിക്കാം. അതല്ലെങ്കില്‍ ഇന്ത്യക്കാരുടെയെല്ലാം ആരോഗ്യവിവരങ്ങള്‍ ഫേസ്ബുക്കിനുമുന്നില്‍ തുറന്നുവയ്ക്കുക എന്ന അപകടത്തിലേക്കു നീങ്ങാം.

ഇതേപോലെ ഒന്നുകില്‍ ബാങ്കിങ് സേവനങ്ങളുമായി ബന്ധപ്പെട്ട ആപ്പുകള്‍ ബേസികില്‍നിന്ന് ഒഴിവാക്കാം. അല്ലെങ്കില്‍ ഇന്ത്യക്കാരുടെ സാമ്പത്തിക വിവരങ്ങളെല്ലാം ഫേസ്ബുക്കിനു മുന്നില്‍ വെളിപ്പെടുത്താം. സാധാരണനിലയില്‍ത്തന്നെ ഞെട്ടിപ്പിക്കുന്ന ഇത് യുഎസ് ദേശീയ സുരക്ഷാ ഏജന്‍സികളുടെ മേല്‍ അടുത്തിടെ ആരോപിക്കപ്പെട്ടിരിക്കുന്ന രാജ്യാന്തര ചാരപ്പണികളുടെ പശ്ചാത്തലത്തില്‍ വളരെയേറെ ആശങ്കയ്ക്ക് ഇട നല്‍കുന്നു.

3. ഇത് ‘ഫ്രീ’യല്ല

ഫ്രീ ബേസിക്‌സിലെ ‘ഫ്രീ’ എന്നത് വിപണനതന്ത്രം മാത്രമാണ് എന്നതാണ് മൂന്നാമത്തെ പ്രശ്‌നം. ‘ഒരു കുപ്പി എണ്ണയോടൊപ്പം ചീപ്പ് സൗജന്യം’ എന്ന പരസ്യം കണ്ടാല്‍ ചീപ്പിന്റെ വില മറ്റെന്തിനെങ്കിലും ഒപ്പം ചേര്‍ത്തിട്ടുണ്ടാകുമെന്നു മനസിലാക്കാവുന്നതേയുള്ളൂ. എന്തെങ്കിലും ഒന്ന് സൗജന്യമായി നല്‍കുന്നുണ്ടെങ്കില്‍ അതിന്റെ വില മറ്റെവിടെയെങ്കിലും ചേര്‍ക്കപ്പെടുന്നു എന്നര്‍ത്ഥം. ‘ഫ്രീ ബേസിക് ആപ്പു’കളുടെ വില സൗജന്യമല്ലാത്ത മറ്റു സേവനങ്ങള്‍ വഴി ടെലികോം സേവനദാതാക്കള്‍ തിരിച്ചുപിടിക്കും. അങ്ങനെയല്ലെങ്കില്‍ എല്ലാ സേവനങ്ങളും എന്തുകൊണ്ട് സൗജന്യമാകുന്നില്ല? ഫേസ്ബുക്ക് ‘ബേസിക്’ ആയി കണക്കാക്കാത്തവയ്‌ക്കൊക്കെ വില കൂടുമെന്നര്‍ത്ഥം.

എന്തിന് എത്ര വിലയിടണമെന്നു നിശ്ചയിക്കാനുള്ള അവകാശം ഫേസ്ബുക്കിനു ലഭിച്ചാല്‍ ഇന്ത്യക്കാര്‍ക്ക് ഡിജിറ്റല്‍ സ്വാതന്ത്ര്യം നഷ്ടമാകും. ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയിലെ സ്വാതന്ത്ര്യം ഫേസ്ബുക്കിന് കീഴിലാകും.

ഫേസ്ബുക്ക് പ്രചരിപ്പിക്കുന്നതുപോലെ ഇന്റര്‍നെറ്റിനു പണം നല്‍കാന്‍ കഴിവുള്ള ഇന്ത്യക്കാരും പാവപ്പെട്ട ഇന്ത്യക്കാരും തമ്മിലുള്ളതല്ല പ്രശ്‌നം. എല്ലാ ഇന്ത്യക്കാരുടെയും ഡിജിറ്റല്‍ സ്വാതന്ത്ര്യം ഫേസ്ബുക്കിനു മുന്നില്‍ അടിയറ വയ്ക്കണോ എന്നതാണ്.

” ഫ്രീ ബേസിക്‌സ്’ മുകളില്‍പ്പറഞ്ഞതുപോലെ കുഴപ്പം പിടിച്ചതാണെന്നത് അമ്പരപ്പിക്കുന്നതാണെങ്കിലും അത്ഭുതപ്പെടുത്തുന്നതല്ല. കാരണം നെറ്റ് ന്യൂട്രാലിറ്റി എന്ന ഇന്റര്‍നെറ്റിന്റെ അടിസ്ഥാന തത്വത്തെയാണ് ഫ്രീ ബേസിക്‌സ് ഭേദിക്കുന്നത്. വിവരങ്ങള്‍ നേടാനും ഉപയോഗിക്കാനുമുള്ള ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ ഇത് സാരമായി ബാധിക്കും. അതുകൊണ്ട് ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്‌സ് നിര്‍ദേശത്തെ പൂര്‍ണമായും തള്ളിക്കളയണമെന്നും നെറ്റ് ന്യൂട്രാലിറ്റിയെ ശക്തമായി പിന്താങ്ങണമെന്നും ഞങ്ങള്‍ ട്രായിയോട് അഭ്യര്‍ത്ഥിക്കുന്നു.

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍