UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നമ്മള്‍ എന്ന കാപട്യക്കാര്‍

Avatar

ടീം അഴിമുഖം

ഈ ലേഖനം ഗഹനമായ ഒരു വാദമുഖമൊന്നുമല്ല. പക്ഷേ ഇത് എഴുത്ത്, കാര്‍ട്ടൂണ്‍ വരക്കല്‍, മറ്റ് കലാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള നമ്മുടെ ആഴമേറിയ ആശയക്കുഴപ്പത്തെക്കുറിച്ചുള്ള ഒരു കുമ്പസാരമാണ്. ഇക്കാര്യത്തില്‍ വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുന്നതിനെക്കാള്‍ മെച്ചപ്പെട്ട മറ്റൊരു വഴിയില്ലെന്നാണ് ഞങ്ങള്‍ കരുതുന്നത്. ഒരുപക്ഷേ ഈ വിഷയത്തില്‍ നിങ്ങള്‍ക്ക് മറ്റൊരു നിലപാടായിരിക്കാം. ഈ ആശയക്കുഴപ്പം പരിഹരിക്കാനായേക്കും. ദയവുചെയ്തു പ്രതികരിക്കുക.

ഇത് ലളിതമാണ്. ഒരു ഖണ്ഡികയില്‍ ഇതൊന്നു പറയാമോ എന്നു നോക്കാം.

ഇതിലേതെങ്കിലും കൂട്ടത്തില്‍ നമ്മളൊക്കെ ഉള്‍പ്പെടുമെന്ന് ഏതാണ്ടുറപ്പാണ്. ഹിന്ദു മതഭ്രാന്തന്‍മാര്‍ പെരുമാള്‍ മുരുഗനെ ഭീഷണിപ്പെടുത്തിയതില്‍ നിങ്ങള്‍ക്ക് രോഷമുണ്ട്.  ഷാര്‍ലീ ഹെബ്ദോയിലെ കാര്‍ട്ടൂണ്‍ വരക്കാരെ ഇസ്ളാമിക തീവ്രവാദികള്‍ കൊന്നതില്‍ നിങ്ങള്‍ രോഷാകുലരാണ്. ഹിന്ദി ചലച്ചിത്രം പി കെ-ക്കെതിരെ ചില സംഘങ്ങള്‍ അക്രമാസക്തമായി പ്രതികരിച്ചത് നിങ്ങളെ അമ്പരപ്പിച്ചു. തസ്ലീമ നസ്രീന്റെയും സല്‍മാന്‍ റഷ്ദിയുടേയും അന്തരിച്ച എം എഫ് ഹുസൈന്റെയും യു ആര്‍ അനന്തമൂര്‍ത്തിയുടെയും ഗതികേടില്‍ നിങ്ങള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. മറ്റുള്ളവരുടെ ദൈവങ്ങളെ അപഹസിക്കുമ്പോള്‍ നിങ്ങള്‍ക്ക് കുഴപ്പമില്ല. നിങ്ങളുടെ ദൈവത്തെ നിന്ദിക്കുന്ന കാര്‍ട്ടൂണ്‍ കണ്ടാലോ, കോപം വരും. എല്ലാ ദൈവങ്ങളേയും കളിയാക്കിയാല്‍ നിങ്ങള്‍ക്ക് സമാധാനമായി.

ഇത് ഞങ്ങളുടെ വെറും പ്രഘോഷണമല്ല. നിങ്ങള്‍ ഈ കൂട്ടത്തില്‍ ഏതെങ്കിലും ഒന്നിലോ ഒന്നിലേറെ കൂട്ടത്തിലോ ഉള്‍പ്പെട്ടിരിക്കും. ലോകം കാപട്യത്തിന്റെ വലിയൊരു ആഘോഷമായി രൂപാന്തരപ്പെടുന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്.

നമുക്കിപ്പോഴും വ്യക്തതയില്ലെന്നാണോ?

ഇത് നോക്കൂ-ജനുവരി ഏഴിനു പാരീസില്‍ ഷാര്‍ലീ എബ്ദോയിലെ കാര്‍ട്ടൂണ്‍ വരക്കാരെ കൊന്നതില്‍ യൂറോപ്പ് ഒന്നടങ്കവും നമ്മളില്‍ പലരും രോഷം കൊണ്ടു. യൂറോപ്പിലെ നിരവധിയാളുകളെപ്പോലെ എന്തിനെയും കളിയാക്കാന്‍ കാര്‍ട്ടൂണ്‍ വരക്കാര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് നമ്മില്‍ പലരും കരുതുന്നു.

എന്നാല്‍ വാസ്തവത്തില്‍ അങ്ങനെയാണോ? ഇന്ത്യയിലെ ഒരു കാര്‍ട്ടൂണ്‍ വരക്കാരന്‍ ഷാര്‍ലീ ഹെബ്ദോ ചെയ്തപോലെ ആരുടെയെങ്കിലും ദൈവത്തെ അപഹസിക്കുമോ? കാര്‍ട്ടൂണ്‍ വരക്കാര്‍ അങ്ങനെ ചെയ്താല്‍ അവരുടെ ആശയപ്രകടനസ്വാതന്ത്ര്യം എന്നു നാം വിളിക്കുമോ?

കാര്‍ട്ടൂണ്‍ വരക്കാരുടെ സ്വാതന്ത്ര്യത്തിനു പരിധികളുണ്ടെന്ന് യൂറോപ്പുകാരും വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഫ്രഞ്ച് പ്രസിദ്ധീകരണം ക്രിസ്ത്യാനികളെ കുത്തിനോവിക്കാതെ, സൌകര്യപൂര്‍വം ഇസ്ളാമിക രീതികളെ ആക്രമിച്ചത്. ഇസ്ലാമില്‍ ശരിയാക്കേണ്ട പ്രശ്നങ്ങള്‍ ഇല്ലെന്നല്ല. ബിന്‍ ലാദനെയും ഐ എസ് ഐ എസ്-നെയുമൊക്കെ വരച്ചു കൂട്ടുമ്പോള്‍ അവര്‍ മറന്നുപോയത് ലോകത്തെ പല ഭാഗങ്ങളിലെയും സുവിശേഷക്കാരെയോ, ലോകത്തെ ബൈബിള്‍ സ്വാധീന പ്രദേശങ്ങളിലെ മണ്ടന്‍ വിശ്വാസങ്ങളെയോ കുറിച്ചു പറയാന്‍ തങ്ങള്‍ ഇത്ര ഊര്‍ജമോ, കലാ വ്യാഖ്യാനമോ നല്‍കില്ല എന്നുകൂടിയായിരുന്നു.

ഇതേ കാരണം കൊണ്ടാണ് 2006-ല്‍ ഇസ്ളാമിക ലോകത്ത് വമ്പിച്ച പ്രതിഷേധം സൃഷ്ടിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഡാനിഷ് ദിനപത്രം ക്രിസ്തുവിനെ അപഹസിക്കുന്ന കാര്‍ട്ടൂണുകള്‍ നല്കാന്‍ വിസമ്മതിച്ചത്. വായനക്കാരെ വ്രണപ്പെടുത്തുമെന്നും അത്ര തമാശയല്ലെന്നും പറഞ്ഞാണ് 2003-ല്‍ അവര്‍ ക്രിസ്തുവിനെ കുറിച്ചുള്ള കാര്‍ട്ടൂണ്‍ തള്ളിയത്. ഡാനിഷ് വരക്കാരന്‍ ക്രിസ്റ്റഫര്‍ സീലര്‍ ആണ് കര്‍ത്താവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് വിഷയമാക്കിയ കാര്‍ട്ടൂണ്‍ പരമ്പര ആവശ്യപ്പെടാതെതന്നെ നല്കിയത്.

ഷര്‍ലീ ഹെബ്ദോ ആക്രമിക്കപ്പെട്ടപ്പോള്‍ ഇന്ത്യയിലുണ്ടായ  പ്രതിഷേധ ശബ്ദങ്ങള്‍ നിങ്ങളും ശ്രദ്ധിച്ചിരിക്കും. നമ്മുടെ ഹിന്ദുത്വ സേനയുടെ ഗൌരവമായ പ്രതികരണം കണ്ടോ? എത്ര പെട്ടന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അനുതാപം പ്രകടിപ്പിച്ചത് എന്നു ശ്രദ്ധിച്ചോ?

എന്നാല്‍ പെരുമാള്‍ മുരുഗനെ നിശബ്ദനാക്കിയപ്പോള്‍ മോദിയടക്കമുള്ള  ഇതേ വലതുപക്ഷ സേന നിശബ്ദരായി. വെന്‍റീ ഡോനിഗറുടെ ഹിന്ദുവിസത്തെ കുറിച്ചുള്ള പുസ്തകം ഇന്ത്യയിലെ പ്രസിദ്ധീകരണശാലകള്‍ നശിപ്പിച്ചുകളഞ്ഞപ്പോളും ഇവര്‍ മൌനം ഭൂഷണമാക്കി.

മുഖ്യധാരാ ക്രിസ്ത്യന്‍ നേതൃത്വമൊ? അവര്‍ ഷാര്‍ലീ ഹെബ്ദോ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആത്മാവിനായി പ്രാര്‍ത്ഥിക്കുന്നു, അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണത്തെ അപലപിക്കുന്നു, സമാധാന ജാഥകളില്‍ പങ്കുചേരുന്നു. പക്ഷേ അവര്‍ക്കെതിരായ കലാസൃഷ്ടികളുടെനേരെ ക്രിസ്ത്യന്‍ നേതൃത്വം നടത്തിയ ആക്രമണങ്ങള്‍ നമുക്കറിയാം. നികോസ് കസാദ്സാക്കീസിന്റെ ‘The Last Temptation of Christ’ ഓര്‍മ്മയില്ലേ?

മുസ്ലീം, നായര്‍, ഈഴവ സമുദായങ്ങളുടെ നേതൃത്വത്തെ നോക്കിയാലോ? അതോ കൂടുതല്‍ സമുദായങ്ങളെ ഈ പട്ടികയില്‍ ചേര്‍ക്കണോ? സ്വന്തം ദൈവങ്ങളുടെയും പ്രവാചകരുടെയും കാര്യം വരുമ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള അവരുടെ വാദം ഇത്ര ഉഷാറിലാണോ?

ഞങ്ങളാരേയും കുറ്റപ്പെടുത്തുകയല്ല. അന്തമില്ലാത്ത അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള വാദങ്ങള്‍ പ്രയോഗത്തില്‍ അത്ര വിശ്വാസ്യത ഉണ്ടാക്കുന്നില്ല. ഞങ്ങള്‍ ഞങ്ങളുടെ ആശയക്കുഴപ്പം ലളിതമാക്കാന്‍ ശ്രമിക്കുകയാണ്.

നിങ്ങളുടെ മൂക്കിന്‍ തുമ്പത്ത് എന്റെ സ്വാതന്ത്ര്യം അവസാനിക്കുന്നു, ശരിയല്ലേ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍