UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അറിവില്ലായ്മ അനുഗ്രഹമല്ല; ലജ്ജാകരമാണ്, മി. വെങ്കയ്യ നായിഡു

Avatar

ടീം അഴിമുഖം/എഡിറ്റോറിയല്‍

സര്‍വകലാശാലകളിലും ജനാധിപത്യത്തില്‍ത്തന്നെയും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള പ്രാധാന്യത്തെ ഇല്ലായ്മ ചെയ്യാന്‍ ചിന്താശൂന്യമായ വാഗ്‌ധോരണിക്കാകില്ല.

അതുകൊണ്ടുതന്നെ, അഭിപ്രായസ്വാതന്ത്ര്യത്തിന് സര്‍വകലാശാലകളിലുള്ള സ്ഥാനമെന്തെന്ന് ഒരു കേന്ദ്രമന്ത്രിയെ മനസിലാക്കിക്കാന്‍ പ്രിന്‍സ്റ്റന്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് വേണ്ടിവന്നു എന്നത്  അമ്പരപ്പുണ്ടാക്കുന്നു. അറിവില്ലായ്മ അനുഗ്രഹമല്ല, ലജ്ജാകരമാണ്.

കേന്ദ്ര നഗരവികസന, ഭവന, നഗര ദാരിദ്ര്യ നിര്‍മാര്‍ജന, പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു വടി കൊടുത്ത് അടി വാങ്ങുകയായിരുന്നു. അമേരിക്കന്‍ സര്‍വകലാശാലകളില്‍ എന്തു നടക്കുമെന്നോ നടക്കില്ലെന്നോ പറയേണ്ട ഒരു കാര്യവും മന്ത്രിക്കുണ്ടായിരുന്നില്ല.

ജനാധിപത്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും സര്‍വകലാശാലകളിലെ ചര്‍ച്ചകളുടെ ആഴത്തെപ്പറ്റിയും അവയ്ക്കുള്ള പ്രത്യേക സ്ഥാനത്തെപ്പറ്റിയും അവബോധമില്ലാതെയാണ് അമേരിക്കന്‍ സര്‍വകാശാലകളെ വെല്ലുവിളിക്കാന്‍ നായിഡു ഇറങ്ങിത്തിരിച്ചത്. ഒസാമ ബിന്‍ ലാദനെ അനുസ്മരിക്കുന്ന ഒരു ചടങ്ങിന് അമേരിക്കയിലെ ഒരു സര്‍വകലാശാലയും അനുമതി നല്‍കില്ലെന്നായിരുന്നു നായിഡുവിന്റെ പ്രസ്താവന.

ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ക്യാംപസില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയ വിദ്യാര്‍ത്ഥികളെ പൊലീസിനെയും നീതിന്യായവ്യവസ്ഥയെയും ഉപയോഗിച്ച് ഉപദ്രവിക്കാനും പുറത്താക്കാനുമുള്ള ശ്രമത്തെയും ബിജെപിയുടെ ദേശവിരുദ്ധ അധിക്ഷേപങ്ങളെയും ന്യായീകരിക്കുകയായിരുന്നു നായിഡു.

എന്തായാലും മറുപടി പെട്ടെന്നു തന്നെ കിട്ടി. തടസപ്പെടുത്തലുകളും ക്ഷോഭവും ഉണ്ടായാലും അത്തരമൊരു ചടങ്ങ് അനുവദിക്കുമെന്നു പ്രിന്‍സ്റ്റന്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ക്രിസ്റ്റഫര്‍ എല്‍ ഐസ്ഗ്രുബര്‍ അറിയിച്ചു. മാത്രമല്ല, അഭിപ്രായപ്രകടനങ്ങളിലൂടെ  സത്യം പുറത്തുവരുന്നതാണ് സെന്‍സര്‍ഷിപ്പും അടിച്ചമര്‍ത്തലും മൂലം നിശബ്ദത നേടുന്നതിനെക്കാള്‍ നല്ലതെന്നുകൂടി ഐസ്ഗ്രുബര്‍ പറഞ്ഞു. നായിഡുവിന് മുഖത്ത് മുട്ടയേറു കിട്ടി എന്നു തന്നെ പറയാം.

ഈ പ്രതികരണം ‘ഭാരതീയ സംസ്‌കാരത്തിനു യോജിച്ചതല്ല’ എന്ന പതിവു പല്ലവിയോടെ തള്ളിക്കളയുന്നതിനു മുന്‍പ് നായിഡുവിന് മനസിലാക്കാവുന്ന ഒരു കാര്യം ഇതാണ് – അത് അഭിപ്രായസ്വാതന്ത്ര്യത്തിനു കൊടുക്കേണ്ട മുന്‍ഗണനയെ മാത്രം സംബന്ധിച്ച മറുപടിയല്ല, സര്‍വകലാശാലാ ഇടങ്ങളുടെ നിര്‍വചനം കൂടിയാണ്. സ്വതന്ത്ര ചിന്തയുടെ വികസനത്തിലൂടെ വിജ്ഞാനപുരോഗതിക്കുള്ള ഇടമാണ് ക്യാംപസുകള്‍. പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനുള്ള ഇടമാണ്, എത്ര അപകടകരമായാലും അസന്തുഷ്ടമായാലും ഇഷ്ടപ്പെടാത്തതായാലും, അതിരുകളില്ലാത്ത ബൌദ്ധിക വികസനത്തിനുള്ള ഇടമാണ്.

ഈ ഇടത്തിന്റെ  കാവല്‍ക്കാര്‍ ചിന്തയിലും പഠനത്തിലും അദ്ധ്യാപനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ അദ്ധ്യാപകരും സര്‍വകലാശാലാ അധികാരികളുമാണ്. ചിന്തയ്ക്ക് ധൈര്യം കൂടിയേ തീരൂ. അപകടകരമായ വാദങ്ങളെ ബൗദ്ധികതലത്തില്‍ നേരിടുക എന്നത് ഭീരുവിനോ ഏകാധിപതിക്കോ കഴിയുന്ന കാര്യമല്ല. ആവശ്യപ്പെട്ടാല്‍പ്പോലും അഭിപ്രായപ്രകടനത്തിന് ഒരാളുടെയും മേല്‍ നടപടിയെടുക്കില്ലെന്നു പറയുമ്പോള്‍ പ്രിന്‍സ്റ്റന്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് വ്യക്തമാക്കുന്നത് ഇതാണ്. അഭിപ്രായം കൂടുതല്‍ അഭിപ്രായങ്ങളാല്‍ നേരിടപ്പെടേണ്ടതാണ്.

വ്യക്തമാണെങ്കില്‍പ്പോലും നായിഡുവിനും കൂട്ടര്‍ക്കും ഈ ആശയങ്ങള്‍ മനസിലാക്കുക ബുദ്ധിമുട്ടായിരിക്കും. അവരുടെ ബൗദ്ധിക ഇടങ്ങള്‍ ദേശദ്രോഹനിയമം പോലുള്ള ഭൂതകാല മായാരൂപങ്ങള്‍ കൊണ്ടു നിറഞ്ഞവയാണ്. ഈ നിയമത്തിനു രൂപം കൊടുത്ത  വിദേശ, കൊളോണിയല്‍ സര്‍ക്കാരും ജനങ്ങളാല്‍ ഭരണഘടനാപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം മനസിലാക്കുന്നതിലുള്ള അവരുടെ കഴിവുകേടാകാം ഒരു കാരണം.

മറ്റൊരു കാരണം ലളിതമാണ്. ദേശദ്രോഹനിയമം വിമര്‍ശനത്തെ – ഏതുതരം സ്വതന്ത്ര അഭിപ്രായത്തെയും – നിശബ്ദമാക്കുന്നതിന് വളരെ അനുയോജ്യമാണ്. ക്രമാനുഗതമായി ഉപയോഗിച്ചാല്‍ സര്‍വകലാശാലകളിലെ ചിന്താശേഷി തന്നെ ഇല്ലാതാക്കാന്‍ ഇതിനാകും. നായിഡുവും ഒപ്പമുള്ളവരും ലക്ഷ്യമാക്കുന്നതും മറ്റൊന്നല്ല. വാഗ്‌ധോരണിക്ക് വിജയിക്കാവുന്നൊരു പരിശ്രമമാണത്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍