UPDATES

നമുക്കില്ല ഒരു നയന്‍താര സെഗാളും അശോക് വാജ്പേയിയും; വാമൂടി സാംസ്കാരിക കുലപതികള്‍

Avatar

വി കെ അജിത്ത് കുമാര്‍

പ്രതികരിച്ചിട്ടുണ്ട്; കേരളം ഒന്നാകെ. പലകാര്യങ്ങളിലും സാംസ്‌കാരിക രംഗവും രാഷ്ട്രീയ കാഴ്ചപ്പാടുകളും ഒരുമിക്കുന്ന പല സന്ദര്‍ഭങ്ങളും ഇവിടെയുണ്ടായിട്ടുണ്ട്.

നയന്‍താര സെഗാളും കവിയും സാഹിത്യ നിരുപകനുമായ അശോക്‌ വാജ്പേയും  ബഹുമതികള്‍ തിരിച്ചു നല്‍കുന്നു. കമല്‍ ഹാസന്‍ ഭക്ഷണം വ്യക്തി സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിക്കാന്‍ ചങ്കൂറ്റം കാണിക്കുന്നു. നരേന്ദ്ര ധബോല്‍ക്കറും ഗോവിന്ദ് പന്‍സാരയും കല്‍ബുര്‍ഗിയും അടങ്ങുന്ന ജ്ഞാനവൃദ്ധന്മാര്‍ വെടിയേറ്റു വീഴുന്നു. കെ എസ്  ഭഗവാനും പെരുമാള്‍ മുരുഗനും ഇന്ന് ഗസല്‍ ഗായകന്‍ ഗുലാം അലിയും പോയിന്‍റ് ബ്ലാങ്കില്‍ നില്‍ക്കുന്നു. കര്‍ണ്ണാടകത്തിലെ എഴുത്തുകൂട്ടങ്ങള്‍ ബഹുമതികള്‍ നിരസിക്കുന്ന തിരക്കിലാണ്. എന്നാല്‍ ഇന്ത്യന്‍ രാഷ്ടിയത്തില്‍ സാംസ്‌കാരിക കടന്നുകയറ്റം ഇത്രയേറെ ഉണ്ടായിട്ടും, സ്വാധി പ്രാചിയും പാര്‍ലമെന്റില്‍ ഇരിക്കുന്ന കാവിസന്യാസിമാരും വെല്ലുവിളിച്ചുകൊണ്ടു ജനത്തെ ഭയപ്പെടുത്തുമ്പോഴും എന്തുകൊണ്ടാണ് കേരളത്തിലെ പൊതുധാരാ സാംസ്‌കാരിക നായകന്മാര്‍ ഒരു വാക്കുപോലും ഉരിയാടാത്തത്.

സ്ഥിരം പ്രതികരണ വേദികളിലെത്തുന്ന ചില സഖാക്കളല്ലാതെ നിഷ്പക്ഷത സൂക്ഷിക്കുന്ന ഒരൊറ്റ നാവുപോലും ഇവിടെ അനങ്ങുന്നില്ല എന്നറിയുമ്പോള്‍ ദു:ഖം തോന്നുന്നു. നമ്മുടെ സാഹിത്യകാരന്മാര്‍ പുരസ്കാരത്തെ, സമ്മാനങ്ങളെ, സ്ഥാനമാനങ്ങളെ ഇത്രയേറെ ഇഷ്ടപ്പെടുന്നു, അതിനുപരി അതിനടിമകളാകുന്നു എന്നതിന്‍റെ പ്രത്യക്ഷ തെളിവാണ് ഈ നിശബ്ദത. ആരു കൊടുക്കുന്നു എന്ന് നോക്കാതെ അവാര്‍ഡുകള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ വ്യതിരിക്ത ചിന്തയുടെ ഔന്നത്യത്തില്‍ നമ്മള്‍ പ്രതിഷ്ഠിക്കുന്ന ആനന്ദ് പോലും നമ്മെ അത്ഭുതപ്പെടുത്തുന്നു. അഴീക്കോടും വിജയന്‍ മാഷും തുറന്നിട്ട വഴിയില്‍ ഇന്ന് നടക്കാന്‍ ആരുംതന്നെയില്ല. ഇവിടെ നവമാധ്യമങ്ങളിലൂടെ തങ്ങളുടെ നിലപാടു വ്യക്തമാക്കുന്ന ചുരുക്കം ചിലരെങ്കിലുമുണ്ടെന്ന കാര്യത്തില്‍ അല്പ മാത്രം നമുക്ക് സന്തോഷിക്കാം. 

തെരഞ്ഞെടുപ്പ് രംഗത്ത് മാത്രം പ്രത്യക്ഷമാകുന്ന നമ്മുടെ താരങ്ങള്‍ക്കെന്തു പറ്റിയെന്നു നോക്കാം. അവരിവിടെ തന്നെയുണ്ട്‌ ഒരു കോടിയുടെ നിക്ഷേപം ഞാന്‍ നടത്തുമ്പോള്‍ മറ്റൊരാള്‍ രണ്ടു കോടി നിക്ഷേപിക്കും അങ്ങനെ നമ്മുടെ സമുദായം രക്ഷപ്പെടും എന്ന് ലേലം വിളിച്ചുകൊണ്ട്. വാജ്പേയ് കാലത്തെ മോദിയായിരുന്ന അദ്ധ്വാനിജിയുടെ മുന്‍പില്‍ സാഷ്ടാംഗം വിണു കിടക്കുന്ന ഒരു സൂപ്പര്‍ താരം. പാര്‍ട്ടി  ചാനലിന്‍റെ ചെയര്‍മാനായി ഇരിക്കുകയും ഒരിക്കല്‍ പോലും പ്രത്യക്ഷമായി അതിന്‍റെ നിലപാടുകളെപ്പറ്റി സംസാരിക്കാതിരിക്കുകയും ചെയ്യുന്ന മറ്റൊരാള്‍.  ഇനി ഓഷോയെ പറ്റി മാത്രമേ പ്രത്യക്ഷമായി സംസാരിക്കൂ എന്ന നിലപാടുള്ള  വേറൊരാള്‍. അവാര്‍ഡുകളും ബഹുമതികളും ധനമോഹവും എങ്ങനെ സെലിബ്രിറ്റികളുടെ നാവു നഷ്ടമാക്കുന്നുവന്നറിയാന്‍ ഇവരെയൊക്കെ നോക്കിയാല്‍ മതി. പ്രായാധിക്യം നല്‍കേണ്ടുന്ന വിവേകം പോലും ഇവിരിലില്ലാതാകുന്നു. കിട്ടിയ പുരസ്കാരങ്ങളും സ്ഥാനമാനങ്ങളും തിരിച്ചു കൊടുക്കുകയോ നിരസിക്കുകയോ ചെയ്യുന്ന പുതിയ മോദിവല്‍ക്കരണകാലത്ത് നയന്‍താര സെഗാളും അശോക്‌ വാജ്പേയും ചെയ്യുന്നത് ശുദ്ധവിവരക്കേടെന്ന് കരുതുന്നവരായിരിക്കാം ഇവര്‍.

നമ്മുടെ രാഷ്ട്രിയ ചര്‍ച്ചകളിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും കടന്നുവരുന്ന ഒരു സിനിമയാണ് സന്ദേശം. മലയാളിയുടെ പൊതുബോധത്തില്‍ സംജാതമാകുന്ന അരാഷ്ട്രീയവാദമാണ് യഥാര്‍ത്ഥത്തില്‍ ഈ ചിത്രം. വ്യക്ത്യധിഷ്ഠിതമായ രാഷ്ട്രീയത്തിലുടെ  ആശയപരമായ രാഷ്ട്രീയത്തെ നിശബ്ദമായി ഇല്ലാതാക്കുവാനുള്ള ആദ്യ ശ്രമമായിരുന്നു ഈ ചിത്രം. കോമിക്ക് ക്യാരക്ടറുകളായി മാത്രം ജനനേതാക്കളെ കാണാനും സ്വന്തം കാര്യം കുടുംബം സ്വന്തം കൃഷി ഇവയൊക്കെ നോക്കി നടത്തുന്നവനാണ് യഥാര്‍ത്ഥ മലയാളിയെന്ന് നമ്മള്‍ അറിയാതെ നമുക്ക് നല്‍കിയ സന്ദേശമായിരുന്നു ഈ ചിത്രം. ഇത് തന്നെയാണ് ഇന്നത്തെ പൊതു ജിവിതത്തിന്‍റെ അവസ്ഥയും. ഈ ചിത്രം നമുക്ക് നല്‍കിയ സാമുഹിക വിമര്‍ശകന്‍ എന്നവകാശപ്പെടുന്ന നടനും നിശബ്ദനാണ്.  ഇത്രയോക്കെയെ ഉള്ളു ഇവരുടെയൊക്കെ സാമൂഹ്യ ഉത്തരവാദിത്തം. 

നിലപാടുകളുടെ രാഷ്ട്രീയം കൃത്യമായി എഴുത്തിലൂടെ ബോധ്യപ്പെടുത്തിയ എന്‍ എസ് മാധവന്‍ എന്ന അപവാദത്തിലൂടെ അവസാനിപ്പിക്കാം. കാക്കശ്ശേരിയെന്ന മലയാളത്തനിമ എങ്ങനെ ഉദ്ദണ്ഡ ശാസ്ത്രികളുടെ അഹങ്കാരം ശമിപ്പിച്ചുവെന്ന് നമുക്ക് ഐതിഹ്യമാല പറഞ്ഞു തന്നിട്ടുണ്ട്. എഴുത്തു ജീവിതം  പുതിയ കാലാവസ്ഥ വ്യതിയാനവും ചുറ്റുപാടുകളും മൂലം നഷ്‌ടമായ വ്യഥയില്‍ ജിവിക്കുന്ന ആര്‍ എന്ന എഴുത്തുകാരന്‍. ഖസാക്കിലെ രവിയെന്ന ‘ആര്‍’ അസ്തിത്വവ്യഥയില്‍ നിന്നും മുക്തിനേടി യഥാര്‍ത്ഥത്തില്‍ തന്‍റെ പാരമ്പര്യവും വ്യക്തിത്വവും എന്തെന്ന് മനസിലാക്കി പുതിയകാലത്ത് ഞാനെഴുതിയില്ലെങ്കില്‍ അവര്‍ ജയിക്കുമെന്നു പ്രഖ്യാപിക്കുന്ന രാഷ്ട്രീയത്തെയാണ് നമുക്കിപ്പോള്‍ വേണ്ടത്. എന്‍ എസ് മാധവന്‍റെ കാക്കശ്ശേരി യിലൂടെയുള്ള ഈ ഓര്‍മ്മപ്പെടുത്തലാണ് നമ്മള്‍ സ്വീകരിക്കേണ്ടത്.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

           

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍