UPDATES

രാത്രി 10 മണിക്ക് ബോസ് അയച്ച ഇ-മെയില്‍ അവഗണിക്കാം; നിയമപരമായിത്തന്നെ

ജോലിക്കാര്‍ക്ക് സാധാരണ ഓഫീസ് സമയത്തിനപ്പുറം ജോലി സംബന്ധമായ ഇ-മെയിലുകള്‍ അവഗണിക്കാമെന്നുള്ള നിയമം ഫ്രാന്‍സില്‍ നടപ്പിലായി.

ഏയ്മി ബി. വാങ്

രാത്രി 10 മണിക്ക് നിങ്ങളുടെ ബോസയച്ച ഇ-മെയിലാണോ? എങ്കില്‍ അത് അവഗണിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്.

“ഒരു അത്യാവശ്യ കാര്യം അറിയാനുണ്ടായിരുന്നു” എന്നു പറഞ്ഞ് ശനിയാഴ്ച സഹപ്രവര്‍ത്തകര്‍ മെസ്സേജയക്കാറുണ്ടോ? അതിന് തിങ്കളാഴ്ച മറുപടി കൊടുത്താല്‍ ധാരാളം മതിയാവും.

നിങ്ങള്‍ ഫ്രാന്‍സിലാണെങ്കില്‍ ഇതൊക്കെ ചെയ്യാം, ഒരു പ്രശ്നവുമുണ്ടാകില്ല ഇനി.

ജോലിക്കാര്‍ക്ക് സാധാരണ ഓഫീസ് സമയത്തിനപ്പുറം ജോലി സംബന്ധമായ ഇ-മെയിലുകള്‍ അവഗണിക്കാമെന്നുള്ള, “ഡിസ്കണക്റ്റ് ചെയ്യാനുള്ള നിയമപരമായ അവകാശം” പുതുവര്‍ഷത്തില്‍ ഫ്രാന്‍സില്‍ നടപ്പിലായി.

തൊഴില്‍ സമയത്തിനപ്പുറം ഓഫീസിനു പുറത്ത് ജോലി സംബന്ധമായ ടെക്നോളജി ഉപയോഗം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. 50 ജോലിക്കാരിലധികമുള്ള കമ്പനികള്‍ ഇതിനായി വേണ്ട നയങ്ങള്‍ തൊഴിലാളികളുമായി ആലോചിച്ച് ആവിഷ്കരിക്കണമെന്ന് പുതിയ തൊഴില്‍ നിയമം പറയുന്നു.

ജോലി സംബന്ധമായ സമ്മര്‍ദ്ദം കുറയ്ക്കുന്നതും ‘burnout’ അവസ്ഥ തടയുന്നതുമാണ് നിയമ നിര്‍മ്മാണത്തിനു പുറകിലെ ലക്ഷ്യമെന്ന് ഫ്രെഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു.

“ഓഫീസില്‍ നിന്നിറങ്ങിയാലും മിക്കവര്‍ക്കും ജോലികള്‍ ചെയ്യുന്നത് അവസാനിപ്പിക്കാന്‍ സാധിക്കുന്നില്ല. പട്ടിയുടെ കഴുത്തിലെ ചങ്ങല പോലെ ഒരു ഇലക്ട്രോണിക് ചങ്ങലയാല്‍ അവര്‍ പിന്നെയും ജോലിക്കാര്യങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു,” പാര്‍ലമെന്‍റ് സോഷ്യലിസ്റ്റ് അംഗവും ഫ്രാന്‍സിലെ മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ ബെന്വ ആമു മേയില്‍ ബി‌ബി‌സിയോടു പറഞ്ഞു. “ടെക്‍സ്റ്റുകള്‍, മെസ്സേജുകള്‍, ഈ-മെയിലുകള്‍: അവയൊക്കെ ചേര്‍ന്ന് ജോലിക്കാരുടെ വ്യക്തി ജീവിതത്തിലേയ്ക്ക് അതിക്രമിച്ചു കയറുന്നു. അവസാനം അവരുടെ സ്വസ്ഥത നഷ്ടപ്പെടുന്നു.”

ആഴ്ചയില്‍ 35 മണിക്കൂര്‍ ജോലി സമയമെന്നതാണ് 2000 മുതല്‍ ഫ്രാന്‍സിലെ പതിവ്. എന്നാല്‍ റെക്കോര്‍ഡ് തകര്‍ക്കും വിധം തൊഴിലില്ലായ്മ വര്‍ദ്ധിച്ചതോടെ ഈ നയം ചോദ്യം ചെയ്യപ്പെട്ടു.

രാജ്യത്തെ കര്‍ശനമായ തൊഴില്‍ നിയന്ത്രണങ്ങളില്‍ അയവു വരുത്തിക്കൊണ്ട് കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച പുതിയ പരിഷ്കാരങ്ങളിലാണ് “ഡിസ്കണക്റ്റ് ചെയ്യാനുള്ള അവകാശം” ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

ജോലി സംബന്ധമായ ഈ-മെയിലുകള്‍ അവഗണിക്കാമെന്ന ഭേദഗതി ഉള്‍പ്പെടുത്തിയത് തൊഴില്‍ മന്ത്രിയായ മിറിയം എല്‍ ഖോംറിയാണ്. ഫ്രെഞ്ച് ടെലികമ്യൂണിക്കേഷന്‍സ് കമ്പനിയായ ഓറഞ്ചിലെ സമാനമായ പോളിസികളില്‍ നിന്നാണ് മന്ത്രിക്ക് ഇതിനുള്ള പ്രചോദനം കിട്ടിയതെന്ന് വാര്‍ത്തകള്‍ പറയുന്നു.

“പല റിസ്കുകളും ഉണ്ട് ഇതില്‍. എന്നാല്‍ ഏറ്റവും പ്രധാനമായ റിസ്ക് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു കൊണ്ടുള്ള, എപ്പോഴും തുടരുന്ന കണക്റ്റിവിറ്റി മൂലം തൊഴിലാളികളുടെ വ്യക്തി ജീവിതവും ജോലിയും തമ്മിലുള്ള ബാലന്‍സ് നഷ്ടപ്പെടുന്നതാണ്,” എന്ന് ഓറഞ്ച് ഡയറക്ടര്‍ ജനറല്‍ ബ്രൂണോ മെറ്റ്ലിങ് ഫെബ്രുവരിയില്‍ യൂറോപ്പ് 1 റേഡിയോയോട് പറയുകയുണ്ടായി. “ജോലിയും വ്യക്തിജീവിതവും തമ്മില്‍ ശരിയായ ബാലന്‍സ് ഉള്ളവര്‍ അങ്ങനെയല്ലാത്തവരേക്കാള്‍ നല്ല പ്രകടനം കാഴ്ച വയ്ക്കാറുണ്ട്.”

ഫ്രെഞ്ച് ലോവര്‍ പാര്‍ലമെന്‍ററി ഹൌസ് മേയില്‍ ഈ നിയമം പാസ്സാക്കി. വാഷിംഗ്ടന്‍ പോസ്റ്റിന്‍റെ കാരന്‍ ടേര്‍ണര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഇത്തരമൊരു നിയമം പരിഗണിക്കപ്പെടുന്നത് ആദ്യമായല്ല. ജോലി സമയത്തിനു ശേഷം ഓഫീസ് ഈ-മെയിലുകള്‍ നിരോധിക്കുന്ന നയങ്ങള്‍ ഫ്രാന്‍സിലും ജര്‍മ്മനിയിലും മുന്‍പും രൂപീകരിക്കപ്പെട്ടിട്ടുണ്ട്; പക്ഷേ അവയൊന്നും നിയമമായില്ല.

ഇത്തരം നിയന്ത്രണങ്ങള്‍ നിലവിലില്ലാത്ത മറ്റു രാജ്യങ്ങളിലെ ജോലിക്കാരെ അപേക്ഷിച്ച് ഫ്രെഞ്ച് തൊഴിലാളികള്‍ കിടമല്‍സരത്തില്‍ പിന്നിലാകും എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഗവണ്‍മെന്‍റ് ഇടപെടുന്നതിനെയും ചിലര്‍ വിമര്‍ശിക്കുന്നു.

“ഫ്രാന്‍സില്‍ നിയമങ്ങള്‍ പാസാക്കാന്‍ നമ്മള്‍ എപ്പോഴും മിടുക്കാരാണ്. പക്ഷേ ശരിക്കും വേണ്ടത് ജോലിസ്ഥലങ്ങളില്‍ കുറച്ചു കൂടെ അയവുള്ള അന്തരീക്ഷമാണ്. അപ്പോഴൊന്നും ഈ നിയമങ്ങള്‍ സഹായകമാവുന്നില്ല,” പാരീസ് ആസ്ഥാനമായുള്ള പ്രൈസ് മിനിസ്റ്റര്‍ എന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവായ ഒളിവിയെ മത്യോ മേയില്‍ ബി‌ബി‌സി ന്യൂസിനോടു പറഞ്ഞു.

തങ്ങളുടെ കമ്പനി “no-email Fridays” എന്ന നയം കൊണ്ടു വന്നുവെന്ന് മത്യോ ബി‌ബി‌സിയോടു പറഞ്ഞു. ബോധവല്‍ക്കരണത്തിലൂടെ പ്രശ്നം പരിഹരിക്കണം, നിയമനിര്‍മ്മാണമല്ല ആവശ്യമെന്നു കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫ്രെഞ്ച് തൊഴിലാളികള്‍ക്കിടയില്‍ ജോലി സംബന്ധമായ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് ഈ നിയമനിര്‍മ്മാണത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു.

“വീട്ടിലെത്തിയാല്‍ അടുക്കളയോ ബാത്ത്റൂമോ കിടപ്പു മുറിയോ ആകണം നിങ്ങളുടെ തൊഴിലിടം. എന്നാല്‍ വീട്ടിലെത്തിയാലും അവിടെ സമയം ചെലവഴിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് ബന്ധങ്ങളെ പോലും ബാധിക്കാം,” പാരീസിലെ എലിയാ മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍റായ ലിന്‍ ലെ ബി‌ബി‌സി ന്യൂസിനോടു പറഞ്ഞു.

ഫ്രെഞ്ച് കമ്പനികള്‍ സ്വമേധയാ ഈ നിയമമനുസരിക്കണം, ലംഘിക്കുന്നവര്‍ക്ക് തല്‍ക്കാലം ശിക്ഷയൊന്നും ഇല്ലെന്നും ബി‌ബി‌സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫ്രാന്‍സിലെ “ഡിസ്കണക്റ്റ് ചെയ്യാനുള്ള അവകാശ”ത്തിനുള്ള നിയമനിര്‍മ്മാണം യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ഇങ്ങനെയൊന്ന് പ്രായോഗികമാകുമോ എന്ന ചര്‍ച്ചകള്‍ക്കു കാരണമായിരുന്നു.

“Today” എന്ന ഷോയുടെ അവതാരകര്‍ കഴിഞ്ഞ മേയിലെ ഒരു ഭാഗത്തില്‍ ഈ നിയമം പ്രായോഗികമല്ല എന്ന അഭിപ്രായമാണ് ചര്‍ച്ചയില്‍ പറഞ്ഞത്. അതേ സമയം അവര്‍ ഇതുമായി ബന്ധമില്ലാത്ത “Red Nose Day” പ്രചാരണത്തിനായി സ്റ്റേഷണറി ബൈക്കുകള്‍ ഓടിക്കുകയും ചെയ്തു.

“ആ നിയമം ഇവിടെ ശരിയാകില്ല,” തങ്ങളുടെ ലൈവ് ഷോയിലുടനീളം വിയര്‍ത്തു കുളിച്ച് ബൈക്ക് പെഡല്‍ ചവിട്ടുന്നതിനിടെ മാറ്റ് ലാവര്‍ സഹപ്രവര്‍ത്തകരോടു പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍