UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചിലിയിലെ കൊലപാതകവും ഒരു ഫ്രഞ്ച് വനിതയുടെ തീഹാര്‍ ജയില്‍ ജീവിതവും

അഴിമുഖം പ്രതിനിധി

ഒരു സിനിമാ കഥ പോലെ വിഭ്രമിപ്പിക്കുന്ന ഒന്നാണ് മേരി ഇമ്മാനുവല്‍ വെര്‍ഹോവെന്‍ (56) എന്ന ഫ്രെഞ്ച് വനിതയുടെ ജീവിതം. ഒരു വര്‍ഷത്തിലധികം നീണ്ട തീഹാര്‍ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ അവര്‍  ഇന്ന് അജ്ഞാതകേന്ദ്രത്തില്‍ കഴിയുകയാണ്. അവരെ ഉടന്‍ വിട്ടു കിട്ടണമെന്നാണ് ചിലിയുടെ ആവശ്യം. ഈ ആവശ്യത്തിന്റെ വേരുകള്‍ നീണ്ടു കിടക്കുന്നത് 80കളിലും 90കളിലും ചിലിയില്‍ അരങ്ങേറിയ ഏകാധിപത്യ ഭരണത്തിലും രാഷ്ടീയ സംഘര്‍ഷങ്ങളിലും ആണ്.

ചിലിയന്‍  കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയായ ഇന്‍ഡിപെന്‍ഡെന്‍റ് ഡെമോക്രാറ്റിക് യൂണിയന്‍ (UDI) സെനറ്ററായിരുന്ന ഹൈമി ഗുസ്മന്‍ എറസുറൈസ് 1991 ഏപ്രില്‍ 1നു വധിക്കപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. തീവ്ര ഇടതു ഗ്രൂപ്പായ മാനുവല്‍ റോഡ്രിഗ്സ് പേട്രിയോടിക് ഫ്രണ്ടാണ് എറസുറൈസിനെ വധിച്ചതെന്നു ചിലി പറയുന്നു. വെര്‍ഹോവെന്‍ ആ ഗ്രൂപ്പിന്‍റെ ഭാഗമാണെന്നാണ് അവരുടെ വാദം. UDI കൂട്ടുകക്ഷി ഗവണ്‍മെന്‍റിന്‍റെ ഭാഗമായി അധികാരത്തിലെത്തിയതോടെ 2010ല്‍ ഈ കൊലപാതകക്കേസ് വീണ്ടും തുറക്കപ്പെട്ടു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ ഡല്‍ഹി തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന വെര്‍ഹോവെനു ഈ ജൂലൈ 2നു ജാമ്യം ലഭിച്ചു. കൈമാറ്റ നടപടികളിലെ കാലതാമസം പരിഗണിച്ചായിരുന്നു ഇത്. അഞ്ചു ലക്ഷം രൂപയുടെ പേഴ്സണല്‍ ബോണ്ടിനും തത്തുല്യമായ തുകയ്ക്ക് രണ്ടു പേരുടെ ജാമ്യത്തിനും ഇവയിന്മേല്‍ അഡീഷണല്‍ ചീഫ് മെട്രോപ്പൊളിറ്റന്‍ മജിസ്ട്രേറ്റ് (ACMM) ഷുനാലി ഗുപ്തയാണ് മേരി ഇമ്മാനുവല്‍ വെര്‍ഹോവെന് ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അനുവാദമില്ലാതെ ഡല്‍ഹി വിട്ടു പുറത്തു പോകരുതെന്നും അവരോടു കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചിലിയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്‍റര്‍പോള്‍ പുറപ്പെടുവിച്ച നോട്ടീസ് അനുസരിച്ചാണ് 56കാരിയായ വെര്‍ഹോവെനെ കഴിഞ്ഞ വര്‍ഷം ഉത്തര്‍ പ്രദേശിലെ സനൌലിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

വെര്‍ഹോവെനെ തിഹാര്‍ ജയിലിലേക്ക് നയിച്ച സംഭവങ്ങള്‍ അരങ്ങേറുന്നത് 1985 മുതല്‍ 95 വരെ ചിലിയില്‍ താമസിച്ച സമയത്തായിരുന്നു. പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ഓഷേസില്‍ ജനിച്ച വെര്‍ഹോവെന്‍ സമീപപ്രദേശമായ നോണ്‍ടിലാണ് വളര്‍ന്നത്. “1982-83 സമയത്ത് ചിലിയില്‍ ഏകാധിപത്യ ഭരണമായിരുന്നപ്പോള്‍ അവിടെ നിന്നുള്ള ധാരാളം പേര്‍ നാടു കടത്തപ്പെട്ട് യൂറോപ്പില്‍ ജീവിക്കുന്നുണ്ടായിരുന്നു,” അവര്‍ പറയുന്നു. അങ്ങനെയാണ് വെര്‍ഹോവെന്‍ തന്‍റെ ചിലിയന്‍ പങ്കാളിയെ കണ്ടുമുട്ടിയത്. അവര്‍ ഇരുവരും ആറു വയസ്സുള്ള മകന്‍ കെവിനോടൊപ്പം 1985ല്‍ സാന്‍റിയാഗോവിലേയ്ക്ക് താമസം മാറ്റി. ഒരു വര്‍ഷത്തിനു ശേഷം രണ്ടാമത്തെ മകന്‍ നിക്കോളായ് ജനിച്ചു. “ആദ്യം ചിലിയില്‍ പോയപ്പോള്‍ ഞാന്‍ ഒരു ഫ്രെഞ്ച് സ്കൂളില്‍ പഠിപ്പിച്ചിരുന്നു. പിന്നെ ഞാന്‍ എന്‍റെ resume പലയിടങ്ങളിലും കൊടുത്തു. സ്വേച്ഛാധിപത്യ ഭരണകാലത്ത് ആ രാജ്യത്ത് എന്താണുണ്ടായതെന്നറിയാന്‍ യുണൈറ്റഡ് നേഷന്‍സ് എക്കണോമിക് കമ്മീഷന്‍ ഫോര്‍ ലാറ്റിന്‍ അമേരിക്കയുടെ ഒരു പ്രത്യേക മനുഷ്യാവകാശ കമ്മീഷന്‍ ചിലിയിലേക്ക് വരുന്നുണ്ടെന്നും അവര്‍ക്ക് സ്പാനിഷ് സംസാരിക്കാന്‍ അറിയാവുന്ന, എന്നാല്‍ ചിലെക്കാര്‍ അല്ലാത്ത ആളുകളെ ആവശ്യമുണ്ടെന്നുമറിഞ്ഞു. താല്‍പര്യം തോന്നി അത് സ്വീകരിച്ചു,” വെര്‍ഹോവെന്‍ പറഞ്ഞു.

സാന്‍റിയാഗോയിലെ ഹൈ- സെക്യൂരിറ്റി ജയിലിലേക്ക് മാറ്റാനുള്ള കുറ്റവാളികളെ പാര്‍പ്പിച്ചിരുന്ന ഒരു ചിലി ജയിലില്‍, തടവുകാരുടെ  അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട് 1994ല്‍ വെര്‍ഹോവെന്‍ പ്രവര്‍ത്തിച്ചിരുന്നു. അക്കൂട്ടത്തില്‍ പേട്രിയോടിക് ഫ്രണ്ട് അംഗങ്ങളും ഉണ്ടായിരുന്നു. ഇപ്പോള്‍ ക്യൂബയില്‍ അഭയാര്‍ത്ഥിയായി ഉണ്ടെന്ന് കരുതപ്പെടുന്ന റിക്കാര്‍ഡോ പല്‍മ സാലമാന്‍ക, തട്ടിക്കൊണ്ടു പോകല്‍ കുറ്റത്തിന് ബ്രസീലില്‍ ജയില്‍വാസം അനുഭവിക്കുന്ന മൌറീസിയോ ഹെര്‍ണാണ്ടസ് നോറാംബ്വേന എന്നിവരായിരുന്നു അവര്‍. വെര്‍ഹോവെന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഹൈമി ഗുസ്മന്‍ എറസുറൈസിന്‍റെ ഘാതകരുമായുള്ള തന്‍റെ ബന്ധം ആ ജയിലിലെ പ്രവര്‍ത്തനകാലത്ത് മാത്രമായിരുന്നു എന്നാണ്. അഗസ്തോ പീനഷെ 1980ല്‍ നടപ്പാക്കിയ ഭരണഘടന തയ്യാറാക്കിയവരില്‍ പ്രധാനിയായിരുന്നു എറസുറൈസ്. ഈ രണ്ട് പേട്രിയോടിക് ഫ്രണ്ട് അംഗങ്ങളും മറ്റ് രണ്ട് ഇടതുപക്ഷ ഗറില്ലകളും സാന്‍റിയാഗോയിലെ ഹൈ- സെക്യൂരിറ്റി ജയിലില്‍ നിന്ന് 1996ല്‍ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുകയായിരുന്നു. “നൂറ്റാണ്ടിലെ ജയില്‍ ചാട്ടം” എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ കുറ്റത്തില്‍ വെര്‍ഹോവെനും പങ്കാളിയാണെന്ന്  ചിലിയന്‍ അധികാരികള്‍ കരുതുന്നു.

“ആളുകള്‍ പറയുന്ന തരത്തിലുള്ള ഒരാളല്ല ഞാന്‍. അസാധാരണമായ സാഹചര്യത്തില്‍ പെട്ടു പോയ ഒരു സാധാരണ സ്ത്രീ മാത്രമാണ് ഞാന്‍ (ആ കൊലപാതകത്തില്‍) ഞാന്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് അവര്‍ക്കറിയാം. പക്ഷേ രാഷ്ട്രീയ തടവുകാരുമായി ഇടപെട്ടിരുന്നതു കൊണ്ട് എനിക്ക് എന്തൊക്കെയോ അറിയാമെന്ന് അവര്‍ കരുതുന്നു,” വെര്‍ഹോവെന്‍ പറഞ്ഞു.

താന്‍ ഒരു റൈഫിള്‍ ഉപയോഗിച്ച് ഗുസ്മാനെ കൊന്നു എന്നും കുറ്റം സമ്മതിക്കുന്നതു വരെ തന്നെ പീഡിപ്പിച്ചു എന്നും പല്‍മ സാലമാന്‍ക ചിലി ജയിലിലെ പ്രവര്‍ത്തനകാലത്ത് പറഞ്ഞതായി വെര്‍ഹോവെന്‍ പറയുന്നു. സെനറ്ററുടെ കൊലപാതകത്തിന്‍റെ ഓപ്പറേഷന്‍സ് ചീഫ് ആയിരുന്നുവെന്ന് ഹെര്‍ണാണ്ടസ് നോറാംബ്വേനയും ഇവരോട് പറഞ്ഞിരുന്നു. “2013-14 കാലത്ത് UDI തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. അതിനു ശേഷമുള്ള രാഷ്ട്രീയ പ്രചാരണവേല മാത്രമാണിതെല്ലാം. ഞാന്‍ ഫ്രാന്‍സിലായിരുന്നപ്പോള്‍ ചിലിയന്‍ ഗവണ്‍മെന്‍റ് ഒന്നും ചെയ്തില്ല. കാരണം ഫ്രഞ്ച് ഗവണ്‍മെന്‍റുമായി ഒരു നയതന്ത്ര പ്രശ്നം അവര്‍ ആഗ്രഹിക്കുന്നില്ല. എന്‍റെ രാജ്യത്ത് ഇതൊരു ആക്ഷേപം ആയി കണക്കാക്കപ്പെട്ടേനെ. നയതന്ത്ര ബന്ധങ്ങള്‍ അതോടെ വഷളായേനെ. ഇതിപ്പോള്‍ മനഃപൂര്‍വ്വം ഉപദ്രവിക്കാന്‍ വേണ്ടിചെയ്യുന്നതാണ്. അതുകൊണ്ടാണ് മൂന്നാമതൊരു രാജ്യത്ത് അവര്‍ എന്നെ കുടുക്കാന്‍ തീരുമാനിച്ചത്,” അവര്‍ പറയുന്നു.

2014 ജനുവരി 25നു ഹാംബര്‍ഗ് വിമാനത്താവളത്തില്‍ വെച്ച് ജര്‍മ്മന്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ചിലിക്കു കൈമാറാന്‍ ഉള്ള അഭ്യര്‍ത്ഥന നിരസിച്ചുകൊണ്ട് 2014 ജൂണ്‍ 6നു ഒരു ജര്‍മ്മന്‍ കോടതി ഇവരെ മോചിപ്പിച്ചു. സ്വന്തം ജീവിതകാലത്ത് സ്വാതന്ത്ര്യം വീണ്ടെടുക്കാനുള്ള ഒരാളുടെ അവകാശം ജര്‍മ്മന്‍ ഭരണഘടന പ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നതായിരുന്നു കോടതിയുടെ വിശദീകരണം.

ജാമ്യം ലഭിച്ചതിനു ശേഷം തന്‍റെ ബുദ്ധിസ്റ്റ് സുഹൃത്തുക്കളോടൊപ്പം താമസിക്കുന്ന വെര്‍ഹോവെന്‍ താമസസ്ഥലം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. പാസ്പോര്‍ട്ട് പിടിച്ചെടുത്തതു കൊണ്ട് കോടതിയുടെ അനുവാദമില്ലാതെ അവര്‍ക്ക് ഡെല്‍ഹി വിടാനാവില്ല. കൈമാറ്റ പ്രക്രിയയെ കുറിച്ച് ശുഭപ്രതീക്ഷ പ്രകടിപ്പിച്ച വെര്‍ഹോവെന്‍, പക്ഷേ, താന്‍ ചിലിയന്‍ അധികാരികളുടെ കൈവശം എത്തിപ്പെട്ടാല്‍ “വളരെ മോശമായത് സംഭവിക്കും” എന്നു ഭയപ്പെടുന്നു. “ചിലിയ്ക്കു ആകെ അറിയാവുന്ന തീവ്രവാദം സ്റ്റേറ്റ് തീവ്രവാദമാണ്. പീഡനങ്ങളും. കാണാതാവലും, പിന്നെ ധാരാളം ആളുകളുടെ നാടു വിടലും ചേര്‍ന്ന സ്റ്റേറ്റ് തീവ്രവാദം .” അവര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍