UPDATES

ബിജെപിയുടെ ഗുജറാത്ത് മോഹങ്ങളും മോദിയുടെ രണ്ടാം വട്ടവും കുളംതോണ്ടുമോ യശ്വന്ത് സിന്‍ഹ?

സിന്‍ഹ ഒരു മൂത്ത കുറുക്കനാണ്

“ഞാന്‍ ഇപ്പോള്‍ സംസാരിക്കേണ്ടിയിരിക്കുന്നു”, എന്ന വാക്കുകളിലൂടെ മുന്‍ കേന്ദ്രമന്ത്രിയും ഉന്നത ഉദ്യോഗസ്ഥനുമായിരുന്ന മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ ബിജെപിയില്‍ സാവധാനം രൂപംകൊണ്ടുകൊണ്ടിരിക്കുന്ന ആഭ്യന്തരയുദ്ധത്തിന് തുടക്കം കുറിക്കുകയാണോ ചെയ്തത്? ഇന്ത്യന്‍ സാമ്പത്തികരംഗത്ത് ഉടലെടുത്തിരിക്കുന്ന ദയനീയ സ്ഥിതിയെ കുറിച്ച് ബുധനാഴ്ച ഇന്ത്യന്‍ എക്‌സ്പ്രസില്‍ പരിധികളില്ലാതെ വിമര്‍ശിച്ചുകൊണ്ട് സിന്‍ഹ എഴുതിയ ലേഖനം പൊതുവായ ചിന്തകളെ, പ്രത്യേകിച്ചും ബിജെപിയില്‍ നിലനില്‍ക്കുന്ന വ്യത്യസ്ത ആശയങ്ങളെ, താത്പര്യങ്ങളെ ഒക്കെ പ്രതിഫലിപ്പിക്കുന്നതാണ്.

ലേഖനവും പൊതുചിന്തയും

സിന്‍ഹ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ ചില നിര്‍ണായക വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്: വ്യാപകമായ ഭയം നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ തുറന്ന് സംസാരിക്കാന്‍ മടിക്കുന്നു. നമ്മള്‍ ചരിത്രപരമായി പിന്തുടരുന്ന, മൊത്തം ആഭ്യന്തര ഉല്‍പാദനം (ജിഡിപി) കണക്കുകൂട്ടുന്നതിനുള്ള പഴയ അളവുകോലുകള്‍ വച്ച് പരിശോധിച്ചാല്‍ യഥാര്‍ത്ഥ വളര്‍ച്ച വെറും 3.5 ശതമാനമാണെന്ന് കാണാന്‍ സാധിക്കും. നോട്ടുനിരോധനവും തിരക്ക് പിടിച്ച് ജിഎസ്ടി നടപ്പിലാക്കിയ രീതിയും വിനാശകരമായിരുന്നു എന്ന് ലേഖനം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ലേഖനം ഉയര്‍ത്തുന്ന രാഷ്ട്രീയ സന്ദേശമാണ് കൂടുതല്‍ ശ്രദ്ധേയമായിട്ടുള്ളത്. രണ്ടപേരെയാണ് ലേഖനം കൃത്യമായും ലക്ഷ്യം വെക്കുന്നത്. നിരവധി വകുപ്പുകളുടെ കൂട്ടപ്പൊരിച്ചിലില്‍ പെട്ട് മര്യാദയ്ക്ക് ജോലി ചെയ്യാന്‍ സാധിക്കാത്ത ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് സ്വാഭാവികമായും ഒരു ലക്ഷ്യം.

എന്നാല്‍ ഇതിലും പ്രധാനമായി ഒരു ഗൂഢലക്ഷ്യവും ലേഖനത്തിനുണ്ട്: അത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്. വരികള്‍ക്കിടയില്‍ വായിക്കുമ്പോള്‍ മോദിക്കെതിരായി ലേഖനത്തില്‍ ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ ഇവയാണ്: സുപ്രധാനമായ നിരവധി വകുപ്പുകള്‍ അരുണ്‍ ജെയ്റ്റ്‌ലിക്ക് ഏല്‍പ്പിച്ചുകൊടുത്തു. രാജ്യത്ത് ഭീദിതമായ ഒരുന്തരീക്ഷം മോദി വളര്‍ത്തിയെടുത്തു. നോട്ട് നിരോധനം, ധൃതിപിടിച്ചുള്ള ചരക്ക് സേവനനികുതി നടപ്പിലാക്കല്‍ തുടങ്ങിയ മണ്ടന്‍ തീരുമാനങ്ങള്‍ മോദി കൈക്കൊണ്ടു. മോദിയുടെ കീഴില്‍ രാജ്യത്തെ സാമ്പത്തികരംഗം തകര്‍ന്നുകൊണ്ടിരിക്കുകയാണ്.

ബിജെപിയുടെ മാര്‍ഗ്ഗ ദര്‍ശക് മണ്ഡലിലെ അംഗം എന്ന നിലയില്‍ മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരുമായി നല്ല ബന്ധമാണ് സിന്‍ഹയ്ക്ക് ഉള്ളത്. പല പ്രമുഖ വ്യവസായികളുമായും അദ്ദേഹം ഊഷ്മളബന്ധം പുലര്‍ത്തുകയും ചെയ്യുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ ഒരു ആഭ്യന്തര യുദ്ധത്തിനാണോ സിന്‍ഹ തുടക്കം കുറിച്ചത് എന്നതാണ് പ്രധാനമായ ചോദ്യം. കൂടുതല്‍ ആളുകള്‍ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ തയ്യാറാവുമോ? ഗുജറാത്തില്‍ പരാജയപ്പെടുന്നപക്ഷം ഒരു പൂര്‍ണ ആഭ്യന്തരകലാപത്തിലേക്ക് ബിജെപി നീങ്ങുമോ?

Also Read: ബിജെപിയില്‍ പൊട്ടിത്തെറി; മോദിക്കും ജയ്‌റ്റ്ലിക്കുമെതിരെ ആഞ്ഞടിച്ച് യശ്വന്ത് സിന്‍ഹ

കോര്‍പ്പറേറ്റ് ലോകത്തും പ്രതിഷേധങ്ങളും അസംതൃപ്ത സ്വരങ്ങളും ഉയരുന്നുണ്ടെങ്കിലും നിലവില്‍ അത് മുറുമുറുപ്പുകളായി തുടരുകയാണ്. കാര്യങ്ങളുടെ മോശം അവസ്ഥയെ കുറിച്ച് എല്‍ ആന്റ് ടിയുടെ എഎം നായിക്കിനെ പോലെയുള്ളവര്‍ ചൂണ്ടിക്കാണിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
സിന്‍ഹയും, അരുണ്‍ ഷൂരിയേയും സുബ്രഹ്മണ്യം സ്വാമിയെയും പോലെയുള്ള മറ്റ് മോദി/ജയ്‌റ്റ്ലി വിമര്‍ശകരും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. സിന്‍ഹ ഒരു മൂത്ത കുറുക്കനാണ്. കൃത്യമായ തന്ത്രവും പിന്തുണയുമില്ലാതെ അദ്ദേഹം വിമര്‍ശനങ്ങളുമായി രംഗത്തെത്തില്ല. എന്നാല്‍ തങ്ങളുടെ പ്രസക്തി നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി മാത്രം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരാണ് ഷൂരിയും സ്വാമിയുമെല്ലാം.

ആരാണ് സിന്‍ഹ?

1960 ഐഎഎസ് ബാച്ചില്‍ പെട്ട സിന്‍ഹ ഏകദേശം രണ്ട് ദശാബ്ദത്തോളം ബിഹാറിലെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിച്ചു. അതിന് ശേഷം ഭരണപരമായ ചുമതലകള്‍ നിര്‍വഹിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിലെ വിവിധ ഉദ്യോഗസ്ഥ പദവികളും അദ്ദേഹം വഹിച്ചു. കൂടാതെ ജര്‍മ്മന്‍ സ്ഥാനപതി കാര്യാലയത്തില്‍ ഒന്നാം സെക്രട്ടറി (വാണിജ്യം) ആയും പിന്നീട് 1973ലും 1974ലും ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കൗണ്‍സില്‍ ജനറലായും സേവനം അനുഷ്ടിച്ചു. 1984ല്‍ ഐഎഎസില്‍ നിന്നും രാജിവെച്ച സിന്‍ഹ, അന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു പരല്‍മീന്‍ മാത്രമായിരുന്ന ജനത പാര്‍ട്ടിയില്‍ ചേര്‍ന്നുകൊണ്ട് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. 1988-ല്‍ രാജ്യസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1989ല്‍ ജനതാദള്‍ രൂപം കൊണ്ടപ്പോള്‍ അദ്ദേഹം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാവുകയും 1990-91 കാലത്ത് ക്ഷിപ്രായുസ് മാത്രമുണ്ടായിരുന്ന ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയാവുകയും ചെയ്തു.

1996ല്‍ ബിജെപിയില്‍ ചേര്‍ന്ന സിന്‍ഹ, 1998ല്‍ അദല്‍ ബിഹാരി വാജ്‌പേയ് സര്‍ക്കാരില്‍ ധനമന്ത്രിയായി ചുമതലയേറ്റു. അന്നത്തെ വിദേശകാര്യമന്ത്രിയായിരുന്ന ജസ്വന്ത് സിംഗിന് പദവി കൈമാറിയ 2002 വരെ അദ്ദേഹം ആ ചുമതല വഹിച്ചു. ധനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം കൈക്കൊണ്ട ചില നയങ്ങള്‍ പിന്‍വലിക്കേണ്ടി വന്നുവെങ്കിലും പലിശ നിരക്കുകള്‍ കുറച്ചുകൊണ്ടും പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന പദ്ധതികള്‍ക്ക് നികുതി ഇളവുകള്‍ നല്‍കിക്കൊണ്ടും ഇന്ത്യന്‍ സാമ്പത്തികരംഗത്തെ തുറന്നിടുന്നതില്‍ നിര്‍ണായക പങ്കാണ് യശ്വന്ത് സിന്‍ഹ വഹിച്ചത്.

Also Read: യശ്വന്ത് സിന്‍ഹയെ വെട്ടാന്‍ മകനെ രംഗത്തിറക്കി ബിജെപി; അപ്രതീക്ഷിത അടിയില്‍ ആടിയുലഞ്ഞ് നേതൃത്വം

ബ്രിട്ടനിലെ തത്സമയം രാവിലെ 11.30 ആയതിനാല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ വൈകിട്ട് അഞ്ചുമണിക്ക് ബജറ്റ് അവതരിപ്പിക്കുന്ന രീതി മാറ്റിയതും സിന്‍ഹയായിരുന്നു. എന്നാല്‍ ആരോപണങ്ങളൊന്നും നേരിടാത്ത ആളുമല്ല അദ്ദേഹം. മൗറീഷ്യസില്‍ നിന്നുമുള്ള നിക്ഷേപങ്ങള്‍ക്ക് നികുതിയിളവുകള്‍ നല്‍കിയതിന്റെ പേരില്‍ അദ്ദേഹം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. ആ ചെറു ദ്വീപില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ ഇന്ത്യയുടെ മൊത്തം നേരിട്ടുള്ള വിദേശനിക്ഷേപങ്ങളുടെ നാല്‍പത് ശതമാനമായി വളരുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറാന്‍ സിന്‍ഹയുടെ നികുതി ഇളവ് കാരണമായി. മൗറീഷ്യസ് വഴി ഇന്ത്യയിലേക്ക് കള്ളപ്പണം മടക്കിക്കൊണ്ടുവരുന്ന ഒരു കമ്പനിയുമായി അദ്ദേഹത്തിന്റെ മരുമകള്‍ക്ക് ബന്ധമുണ്ടെന്ന ഒരു വിമര്‍ശനവും അന്ന് ഉയര്‍ന്നിരുന്നു.

സ്വജനപക്ഷപാതത്തിലും സിന്‍ഹ തല്‍പരനായിരുന്നു: 2014ല്‍ ഹസാരിബാഗ് നിയോജകമണ്ഡലത്തില്‍ നിന്നും അദ്ദേഹത്തിന്റെ പിന്‍തുടര്‍ച്ചക്കാരനായി മത്സരിച്ചത് ഇപ്പോള്‍ മോദി സര്‍ക്കാരില്‍ മന്ത്രിയായി വാഴുന്ന മകന്‍ ജയന്ത് സിന്‍ഹയായിരുന്നു. മുന്‍ ധനകാര്യമന്ത്രിയുടെ വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ രംഗത്തിറക്കിയിട്ടുള്ളവരില്‍ സിന്‍ഹയുടെ പുത്രനും ഉള്‍പ്പെടുന്നു എന്നത് മറ്റൊരു വിരോധാഭാസം.

കാത്തിരിക്കുന്ന അരാജകത്വം?

മുതിര്‍ന്ന നേതാക്കളുടെ ഉപദേശങ്ങളോട് മുഖം തിരിച്ചുകൊണ്ട് ബിജെപിയെ കൈപ്പിടിയിലൊതുക്കിയ മോദിയുടെ രീതികളോട് നിരവധി പാര്‍ട്ടി നേതാക്കള്‍ പ്രകടിപ്പിക്കുന്ന വിമര്‍ശനത്തെ സ്വാംശീകരിക്കുകയാണ് യശ്വന്ത് സിന്‍ഹ ചെയ്തത് എന്ന് വേണം വിവക്ഷിക്കാന്‍. മോദിയുടെ ഏകാധിപത്യ സമീപനങ്ങള്‍ പാര്‍ട്ടിയെ സമീപകാലത്ത് തന്നെ തകര്‍ക്കുമെന്ന് അവരില്‍ പലരും വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ദേശീയ തലസ്ഥാനത്തുള്ള പ്രാദേശിക ബിജെപി നേതാക്കളോട് സംസാരിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. സാധാരണ ജനങ്ങളില്‍ നിന്നും പാര്‍ട്ടി എത്ര വേഗമാണ് അകന്നുകൊണ്ടിരിക്കുന്നതെന്ന ആശങ്കയാണ് അവര്‍ പങ്കുവയ്ക്കുന്നത്. യുവജനങ്ങള്‍ക്കിടയില്‍ ബിജെപിയുടെയും അവരുടെ പോഷകസംഘടനകളുടെയും സ്വാധീനം അതിവേഗം ഇടിയുന്നു എന്നാണ് രാജ്യത്തിന്റെ വടക്കും, കിഴക്കുമുള്ള സര്‍വകലാശാലകളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. അതൊരു വലിയ രാഷ്ട്രീയ ധ്രുവീകരണത്തിന്റെ ഭാഗമാണെന്ന് കണക്കിലെടുക്കേണ്ടിയും വരും.

ഗുജറാത്തില്‍ ബിജെപി തോറ്റാല്‍ എന്ത് സംഭവിക്കും? അടുത്ത് തന്നെ നിയമസഭ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് സംസ്ഥാനങ്ങളിലേക്ക് ഈ പ്രവണത വ്യാപിച്ചാല്‍ എന്തായിരിക്കും സംഭവിക്കുക? മോദിയെ വരച്ചവരയില്‍ നിറുത്താന്‍ കുറുക്കനായ സിന്‍ഹ ചെയ്യുന്ന ശ്രമങ്ങളായി ആ ലേഖനത്തെ വ്യാഖ്യാനിക്കാമോ? ബിജെപിയിലെ ഒരു ആഭ്യന്തര കലാപത്തിന് ആ ലേഖനം തുടക്കം കുറിക്കുമോ? കാത്തിരുന്ന് കാണേണ്ട വിഷയങ്ങളാണ് മുന്നില്‍. അരാജകത്വം വാഴുന്ന കാലത്തില്‍ ഇത്തരം വിമര്‍ശനങ്ങള്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. കാരണം, 80 വയസായിട്ടും ഇപ്പോഴും തൊഴിലന്വേഷിച്ചുകൊണ്ടിരിക്കുന്ന ആളാണ് എന്ന രീതിയില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തന്നെ സിന്‍ഹയ്‌ക്കെതിരെ രംഗത്തിറങ്ങിയിട്ടുണ്ട്. അപ്രമാധിത്വത്തിന്റെ സാധ്യതകള്‍ ചുരുങ്ങുന്നു എന്ന് തന്നെയാണ് ചുറ്റുമുള്ള ശബ്ദങ്ങള്‍ വ്യക്തമാക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍