UPDATES

സുഹൃത്തിന്റെ മരണം കണ്‍മുന്നില്‍ കണ്ട യുവാവും ജീവനൊടുക്കി

അഴിമുഖം പ്രതിനിധി

മരണത്തെയും തോല്‍പ്പിക്കുന്ന സൗഹൃദം എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഹൈദരാബാദിലെ ഈ രണ്ടു സുഹൃത്തുക്കളുടെ കാര്യത്തില്‍ അതു സത്യമാണെന്നു ബോധ്യപ്പെടുകയാണ്. ബൈക്ക് അപകടത്തില്‍ സുഹൃത്തുക്കളില്‍ ഒരാള്‍ മരണമടഞ്ഞപ്പോള്‍ അതേ അപകടത്തില്‍ നിന്നു തന്നെ ജീവന്‍ തിരിച്ചു കിട്ടിയിട്ടും മറ്റെയാള്‍ തെരഞ്ഞെടുത്ത് ചൂളം വിളിച്ചെത്തിയ മരണത്തിന്റെ മുന്നില്‍ തോറ്റുകൊടുക്കാന്‍. 

ഹൈദരാബാദിലാണ് ഈ സംഭവങ്ങള്‍ നടക്കുന്നത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ നിന്നുള്ള കെ രമേഷ്, ജി ഹരികൃഷ്ണ എന്നിവര്‍ കുകട്പള്ളിയിലെ ഒരു ഹോസ്റ്റലില്‍ ഒരുമിച്ചു താമസിക്കുന്നവരാണ്. രണ്ടുപേരും ഇരുപതു വയസിനടുത്ത് പ്രായമുള്ളവര്‍.

മലേഷ്യയില്‍ ഒരു സോഫ്‌റ്റ്വെയര്‍ കമ്പനിയില്‍ ജോലി നോക്കുകയായിരുന്നു ഹരികൃഷ്ണ. രമേഷ് ഇവിടെ തന്നെയുള്ള ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനും. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് ഹരികൃഷ്ണ മലേഷ്യയില്‍ നിന്നും മടങ്ങിയെത്തിയത്.

ഇന്നു രാവിലെയാണ് ഇരുവരും ബൈക്കില്‍ പുറത്തിറങ്ങിയത്. കുട്കപള്ളിയില്‍ മൂസാപേട്ടിനു സമീപം ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ട്രക്ക് വന്നിടിക്കുകയായിരുന്നു. പുറകില്‍ ഇരിക്കുകയായിരുന്ന ഹരികൃഷ്ണ അപകസ്ഥലത്തു തന്നെ മരിച്ചു. രമേഷ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

എന്നാല്‍ കണ്‍മുന്നില്‍ കൂട്ടുകാരന്‍ പിടഞ്ഞു മരിക്കുന്നതു കാണേണ്ടി വന്നത് രമേഷിന് വലിയ ആഘാതമായി. അപകടസ്ഥലത്തു നിന്നുപോയ അയാള്‍ ചെയ്തത് അടുത്തുള്ള റെയില്‍വേ ട്രാക്കില്‍ എത്തി ആ സമയത്ത് കുതിച്ചെത്തിയ ട്രെയിനിനു മുന്നില്‍ ചാടി തന്റെയും ജീവനൊടുക്കുകയായിരുന്നു. പിന്നീട് പൊലീസാണ് രമേഷിന്റെ മൃതദേഹം കണ്ടെത്തുന്നത്. സുഹൃത്തിന്റെ മരണം ഉണ്ടാക്കിയ ആഘാതം തന്നെയാണ് രമേഷിനെയും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍