UPDATES

വിപണി/സാമ്പത്തികം

കിഫ്ബി കലങ്ങുമോ? ഓഡിറ്റിങ്ങിനെതിരായ നിലപാടിനെതിരെ സിഎജിയുടെ കത്ത്, അഴിമതി ആരോപണവുമായി പ്രതിപക്ഷം, സാമ്പത്തിക ബാധ്യതയെന്ന വാദത്തിന് മറുപടിയുമായി സിഇഒ കെ എം എബ്രഹാം

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രയോഗിക്കുന്ന പ്രധാന ആരോപണങ്ങളിലൊന്നായി കിഫ്ബി മാറുകയാണ്

അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് രൂപികരിച്ച് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ സിഎജിയുടെ ഓഡിറ്റിങ്ങില്‍നിന്ന് മറച്ചുവെയ്ക്കുന്നതില്‍ തുടങ്ങിയ വിവാദം, നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിലാണ് ഒടുവില്‍ എത്തിയത്. പ്രതിപക്ഷ നേതാവ രമേശ് ചെന്നിത്തലയാണ് കിഫ്ബി വൈദ്യുത ബോര്‍ഡുമായി ബന്ധപ്പെട്ട് പദ്ധതിയില്‍ അഴിമതി നടന്നെന്ന് ആരോപണം ഉന്നയിച്ചത്. കിഫ്ബി വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന റിപ്പോര്‍ട്ടുകള്‍ കിഫ്ബി സിഇഒ കെ എം എബ്രഹാം തള്ളിയിരുന്നു. പൂര്‍ണ അര്‍ത്ഥത്തിലുള്ള ഓഡിറ്റിങ് കിഫ്ബിയില്‍ ആവശ്യമില്ലെന്ന നിലപാടിനെതിരെ സിഎജി സര്‍ക്കാരിന് കത്തയക്കുകയും ചെയ്തു. ഇതോടെ കിഫ്ബിയുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് വഴിവെച്ചിരിക്കയാണ്.

കിഫ്ബിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കോടികളുടെ അഴിമതി നടക്കുന്നുവെന്ന ആരോപണമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ ഉന്നയിച്ചത്. ഇതേക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ ഇങ്ങനെ:
*വൈദ്യുതി കൊണ്ടുവരുന്നതിനുളള ട്രാന്‍സ് ഗ്രിഡ് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് അഴിമതി.
*കോട്ടയം ലൈന്‍സ് പദ്ധതിയിലും കോലത്തുനാട് പദ്ധതിയിലും അഴിമതി
*കിഫ്ബിക്ക് വേണ്ടി വൈദ്യുതി ബോര്‍ഡിലെ എഞ്ചിനീയറെ മാറ്റി
*കരാര്‍ മാനദണ്ഡങ്ങള്‍ സര്‍ക്കാരിന് ഇഷ്ടമുള്ള കമ്പനികള്‍ക്ക് വേണ്ടി മാറ്റി
*എല്‍&ടി, സ്റ്റെര്‍ര്‍ലൈറ്റ് എന്നീ കമ്പനികള്‍ക്കാണ് കരാര്‍ നല്‍കിയത്.

കിഫ്ബിയുടെ മറവില്‍ വലിയ അഴിമതികള്‍ നടക്കുകയാണെന്നും ഇതേക്കുറിച്ച വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്ന ആരോപണമാണ് പ്രതിപക്ഷം ആദ്യം ഉന്നയിച്ചത്. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ സിഎജിയുടെ ഓഡിറ്റിന് വിടാത്തത് ഇതിന്റെ ഭാഗമായിട്ടാണെന്നായിരുന്നു ആരോപണം. ദുരൂഹമായ കാര്യങ്ങളാണ് കിഫ്ബിയില്‍ നടക്കുന്നതെന്നും ഇത് മറച്ചുവെയ്ക്കാനുമാണ് പരിശോധന ഒഴിവാക്കുന്നതെന്നുമായിരുന്നു ആരോപണം. മസാല ബോണ്ട് ഇടപാടുകളും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യം ഉയര്‍ന്നു.

കിഫ്ബിയില്‍ പൂര്‍ണ അര്‍ത്ഥത്തില്‍ സിഎജി ഓഡിറ്റിങ് നടക്കുന്നില്ലെന്ന് സമ്മതിച്ച മുഖ്യമന്ത്രി അതിന് പ്രസക്തിയില്ലെന്ന് നിലപാടാണ് സ്വീകരിച്ചത്. സിഎജിയുടെ ആക്ട് സെക്ഷന്‍ 14 പ്രകാരം കിഫ്ബിയുടെ വരവു ചെലവുകള്‍ ഓഡിറ്റ് ചെയ്യാമെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. സര്‍ക്കാരിന്റെ സഹായമുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും സിഎജി ഓഡിറ്റ് ബാധകമായതുകൊണ്ട് സെക്ഷന്‍ 20 പ്രകാരം കിഫ്ബിയ്ക്ക് ഓഡിറ്റിംങ് നടത്തേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. ഈ നിലപാട് സിഎജി തന്നെ തള്ളിക്കളഞ്ഞതോടെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കേണ്ട ബാധ്യതയുണ്ട്. കിഫ്ബിയുടെ ഓഡിറ്റുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ വിശദീകരണങ്ങള്‍ തള്ളിയാണ് സിഎജി നിലപാട് സ്വീകരിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറി(ഫൈനാന്‍സ്) മനോജ് ജോഷിയ്ക്ക് അയച്ച കത്തിലാണ് സിഎജി നിലപാടുകള്‍ വ്യക്തമാക്കിയത്. കിഫ്ബിയിലെ ഓഡിറ്റ് വ്യവസ്ഥകള്‍ ആ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായാണോ നടക്കുന്നതെന്ന കാര്യം ഉറപ്പുവരുത്താന്‍ പര്യാപ്തമല്ലെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സിഎജിയുടെ സമഗ്ര ഓഡിറ്റ് നിക്ഷേപകരുടെ വിശ്വാസത്തെ തളര്‍ത്തുമെന്ന് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടും സിഎജി തള്ളി കളഞ്ഞു. സിഎജി ആക്ട് 1971 അനുസരിച്ച് ഓഡിറ്റിങ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നായിരുന്നു സിഎജിയുടെ ആവശ്യം. ഓഡിറ്റിംങിന് കിഫ്ബിയില്‍ ആഭ്യന്തരമായുള്ള ഫണ്ട് ട്രസ്റ്റീ ആന്‍റ് അഡൈ്വസറി കമ്മീഷന്‍ പര്യാപ്തമല്ലെന്നും സിഎജി വ്യക്തമാക്കി.

കിഫ്ബിയിലെ മീഡിയാ മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ കോര്‍ഡിനേറ്റര്‍ക്ക് പ്രതിമാസം 80,000 ശമ്പളം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പ്രതിപക്ഷ നേതാവ് നേരത്തെ ഉന്നയിച്ചത്. ഇത്തരം കാര്യങ്ങള്‍ പുറത്തുവരാകതിരിക്കാനാണ് ഓഡിറ്റ് നടത്താതെന്നും ആരോപണം ഉയര്‍ന്നു.

കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലുള്ള രാഷ്ട്രീയ ആരോപണങ്ങള്‍ ഉയര്‍ന്നതെങ്കില്‍ അതിന്റെ പ്രവര്‍ത്തനത്തിലെ സാമ്പത്തികയുക്തിയുമായി ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങളും വിവിധ കേന്ദ്രങ്ങളില്‍നിന്ന് ഉന്നയിക്കപ്പെട്ടിരുന്നു.
കിഫ്ബി വലിയ സാമ്പത്തിക ബാധ്യതയാണ് സംസ്ഥാനത്തിന് വരുത്തിവെയ്ക്കുന്നതെന്നതായിരുന്നു ഇതില്‍ പ്രധാനം. മസാല ബോണ്ടുകളില്‍നിന്നുള്‍പ്പെടെ ഉയര്‍ന്ന പലിശക്ക് പണം സ്വീകരിച്ചതാണ് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന ആരോപണത്തിന് അടിസ്ഥാനം. 2019-20 സാമ്പത്തിക വര്‍ഷത്തെ ആദ്യ രണ്ട് പാദത്തില്‍ വലിയ നഷ്ടമാണ് ഉണ്ടാകുകയെന്നായിരുന്നു കിഫ്ബിയുടെ എക്കൗണ്ട് സറ്റേറ്റ്‌മെന്റിന്റെ അടിസ്ഥാനത്തില്‍ ടൈംസ് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. മസാല ബോണ്ട് വഴി അന്താരാഷ്ട്ര വിപണിയില്‍നിന്ന് കിഫ്ബി 2150 കോടി രൂപയാണ് സമാഹരിച്ചത്. ഇതിന് 9.723 ശതമാനമാണ് പലിശ. ഇതിന് പുറമെ 9.30 ശതമാനം പലിശയ്ക്ക് നബാര്‍ഡില്‍നിന്ന് 565 കോടി രൂപയും 9.15 ശതമാനം പലിശയ്ക്ക് 1000 കോടി രൂപയും കിഫ്ബി സമാഹരിച്ചിട്ടുണ്ട്. വിവിധ ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപത്തില്‍നിന്ന് 180 കോടി രൂപ കിഫ്ബിക്ക് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഏഴ് ശതമാനം പലിശയ്ക്കാണ് നിക്ഷേപം. കിഫ്ബിയെടുത്ത വായ്പകളുടെ പലിശ പണം വാങ്ങിയ കാലം മുതല്‍ നല്‍കി തുടങ്ങണം. സര്‍ക്കാരാണ് ഈ വായ്പകള്‍ക്ക് ഗ്യാരണ്ടി നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ പലിശ അടവ് മൂലം ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത വലുതായിരിക്കുമെന്നുമാണ് വിമര്‍ശനം.

എന്നാല്‍ ഈ ആരോപണങ്ങള്‍ കിഫ്ബി സിഇഒ കെ എം എബ്രഹാം തള്ളിക്കളഞ്ഞു. ലാഭത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള സ്ഥാപനമല്ല, കിഫ്ബിയെന്ന് അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ പ്രതികരണത്തില്‍ വ്യക്തമാക്കി. കിഫ്ബിയുടെ നഷ്ടങ്ങള്‍ സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കുമെന്ന വാദവും അദ്ദേഹം തള്ളി. കിഫ്ബിയ്ക്ക് വേണ്ടി പണം കണ്ടെത്തുന്നത് മോട്ടോര്‍ വാഹനങ്ങള്‍ക്കുള്ള നികുതികളില്‍നിന്നുള്ള സെസ്സ് വഴിയും പെട്രോല്‍ സെസ്സ് വഴിയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പദ്ധതികള്‍ ഏറ്റെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് സാമ്പത്തിക ബാധ്യതയാകുമെന്ന പറയുന്നത് കിഫ്ബിയുടെ സവിശേഷമായ പ്രവര്‍ത്തന രീതികള്‍ അറിയാത്തതുകൊണ്ടാണെന്നാണ് സിഇഒയുടെ വിശദീകരണം. എന്നാല്‍ ഈ സെസ്സുകള്‍ കൊണ്ട് തിരിച്ചടവ് നടത്താന്‍ പറ്റുമോ എന്ന കാര്യം, മോട്ടോര്‍വാഹന വില്‍പനയിലും പെട്രോള്‍ വിലയിലും ഉണ്ടാകുന്ന അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ ചൂണ്ടിക്കാട്ടപ്പെടുന്നുമുണ്ട്.

എന്തായാലും പ്രതിപക്ഷത്തിന്റെയും സിഎജിയുടെയും ഇടപടെലുകളും സാമ്പത്തിക ഭദ്രതയെക്കുറിച്ചുള്ള സംശയങ്ങളും കിഫ്ബിയെ ഒരു വിവാദ സംരംഭമാക്കി മാറ്റിയിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍