നെഹ്റുവിൽ നിന്ന് മോദിയിലേത്തുമ്പോള്‍ ഇന്ത്യുയുടെ വിദേശ നയത്തിലുണ്ടായ മാറ്റങ്ങൾ
ഹൂസ്റ്റണില്‍ പ്രധാനമന്ത്രി പങ്കെടുത്ത ‘ഹൗഡി മോദി’ പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്തത് ബിജെപി ഭരണത്തില്‍ ഇന്ത്യയ്ക്ക് കിട്ടുന്ന പ്രാമുഖ്യത്തിന്റെ തെളിവാണെന്ന് പൊതുവില്‍ ഉയരുന്ന വിലയിരുത്തല്‍. മോദി ആരാധകര്‍ മാത്രമല്ല, നയതന്ത്രജ്ഞരിലില്‍ ചിലരും മിക്ക മാധ്യമങ്ങളും ഇതിനെ അങ്ങനെയാണ് വിലയിരുത്തുന്നത്. ചിലര്‍ ഒരു പടികൂടി കടന്ന് ചരിത്രത്തില്‍ ലഭിക്കാത്ത സ്വീകാര്യതയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് ലഭിക്കുന്നതെന്നും വിലയിരുത്തുന്നു.
സ്വാതന്ത്ര്യത്തിന് മുമ്പുണ്ടായിരുന്ന കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയായി രൂപപ്പെട്ടതായിരുന്നു ഇന്ത്യയുടെ വിദേശനയം. അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും ചേരികളില്‍ ചേരാതെ, കോളോണിയല്‍ ഭരണത്തില്‍നിന്ന് വിമോചിക്കപ്പെട്ട രാജ്യങ്ങളെ ചേര്‍ത്ത് നിര്‍ത്തി ചേരിചേരാ നയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയുടെ നയം രൂപപ്പെടുത്തിയത്. നിസ്സംഗമായി ലോക രാഷ്ട്രീയത്തിന്റെ കാഴ്ചക്കാരാവുകയായിരുന്നില്ല മറിച്ച് ശക്തമായ സാന്നിധ്യമായി ഒരുകൂട്ടം രാഷ്ട്രങ്ങളെ ചേർത്തുനിർത്തുകയായിരുന്നു അന്ന് ചേരിചേരാ കൂട്ടായ്മ ചെയ്തത്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മുന്‍കൈയില്‍ ബാന്തൂങ്ങില്‍ നടന്ന ആഫ്രോ ഏഷ്യന്‍ രാജ്യങ്ങളുടെ സമ്മേളനം. 1955 ലായിരുന്നു ചരിത്ര പ്രസിദ്ധമായ ഈ കൂട്ടായ്മ. ഈ സമ്മേളനത്തിന്റെ പൊതുനിലപാട് സാമ്രാജ്യത്വ വിരുദ്ധത എന്നതായിരുന്നു. യുഗോസ്ലാവ്യന്‍ നേതാവ് മാര്‍ഷല്‍ ടിറ്റോ, ഗാമല്‍ അബ്ദുല്‍ നാസര്‍ എന്നിവരുമായി ചേര്‍ന്ന് അമേരിക്ക, സോവിയറ്റ് യൂണിയന്‍ എന്നീ ഗ്രൂപ്പുകള്‍ക്കപ്പുറം രാജ്യങ്ങളുടെ ഒരു സക്രിയ ഗ്രുപ്പുണ്ടാക്കിയായിരുന്നു ഇന്ത്യ അന്തരാഷ്ട്ര വിഷയങ്ങളില്‍ സവിശേഷ ശബ്ദമായി മാറിയത്. സാമ്രാജ്യത്വ വിരുദ്ധതയായിരുന്നു ആ നയത്തിൻ്റെ അടിത്തറ.
നെഹ്റുവിന് ശേഷം ഇന്ദിരാഗാന്ധിയിൽ എത്തിയപ്പോൾ ചേരിചേരാ നയത്തിന്റെ പ്രയോഗങ്ങളില്‍ മാറ്റമുണ്ടായി. ഇന്ത്യയുടെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി വിദേശരാജ്യത്ത് ഇന്ത്യ ഇടപെട്ടത് അന്നായിരുന്നു. പാകിസ്താനിലെ കിഴക്കന്‍ ബംഗാളില്‍ ഉണ്ടായ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് അഭയാര്‍ത്ഥി പ്രവാഹം ശക്തമായപ്പോള്‍ സൈനികമായി ഇടപെടുകയും ബംഗ്ലാദേശിന്റെ രൂപികരണത്തില്‍ അത് കലാശിക്കുകയും ചെയ്തു. ഇന്ത്യന്‍ വലതുപക്ഷത്തെ പോലും കോരിത്തരിപ്പിച്ച നടപടിയായിരുന്നു അത്. ഇന്ദിരാഗാന്ധിയെ ദുര്‍ഗ എന്നായിരുന്നു അന്ന് എബി വാജ്‌പേയ് വിശേഷിപ്പിച്ചത്. എന്തായാലും അതൊരു ജനകീയ പോരാട്ടത്തെ പിന്തുണച്ച നടപടിയായിരുന്നു.
എന്നാല്‍ രാജീവ് ഗാന്ധിയിലെത്തിയപ്പോള്‍ ഇന്ത്യയുടെ വിദേശനയത്തില്‍ വീണ്ടും മാറ്റങ്ങളുണ്ടായി. ദേശീയ വിമോചന പോരാട്ടങ്ങളെ പിന്തുണയ്ക്കുന്ന സമീപനമാണ് അന്ന് വരെ പൊതുവില്‍ സ്വീകരിച്ചതെങ്കില്‍ രാജീവ് ഗാന്ധിയുടെ കാലത്ത് അത് മാറി. ശ്രീലങ്കയിലെ തമിഴ് വംശജരുടെ വിമോചന പോരാട്ടത്തെ സഹായിച്ചിരുന്ന സമീപനം ഇന്ത്യ കൈയൊഴിഞ്ഞത് അപ്പോഴാണ്. എല്‍ടിടിഇയെ സൈനികമായി ഇല്ലാതാക്കാന്‍ ഇന്ത്യന്‍ സേനയെ അയക്കുന്ന സമീപനത്തിലേക്ക് ഇന്ത്യ മാറിയത് ഇക്കാലത്താണ്. തമിഴ്‌നാട്ടില്‍നിന്നടക്കം ശക്തമായ എതിര്‍പ്പുണ്ടാക്കിയ സംഭവമായിരുന്നു അത്. പിന്നീട് രാജീവ്ഗാന്ധി തന്നെ എല്‍ടിടിഇക്കാരുടെ ആക്രമണണത്തിന്റെ ഇരയായി എന്നത് ചരിത്രത്തിൻ്റെ മറ്റൊരു വൈരുദ്ധ്യം.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ മാറിയ ശാക്തിക സമവാക്യങ്ങളില്‍ ഉണ്ടായ മാറ്റത്തില്‍ പെട്ട് ഇന്ത്യന്‍ വിദേശനയത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടായി. കൊളോണിയല്‍ വിരുദ്ധ വിദേശ നയവുമായി മുന്നോട്ടുപോയ ഇന്ത്യ, വിദേശ ആഭ്യന്തര നയങ്ങളില്‍ പതുക്കെ മാറ്റം വരുത്തി. ഇസ്രായേല്‍ ഇന്ത്യയുടെ കൂട്ടാളിയായി. അമേരിക്കയുടെ പല നിലപാടുകളോടും മൗനിയായി. ഇറാഖ് അധിനിവേശ കാലത്ത് ഇന്ത്യയുടെ സേനയും കൂടെ ചേരണമെന്ന് അമേരിക്ക ആവശ്യപ്പെടുന്ന അവസ്ഥ പോലുമുണ്ടായി. പല ഘട്ടങ്ങളിലും ഇസ്രായേലിന്റെ അധിനിവേശ നയങ്ങളില്‍ മൗനിയായി ഐക്യരാഷ്ട്ര സഭയില്‍ വേട്ടക്കാരനും ഇരയ്ക്കുമുന്നിൽ നിസ്സംഗ സമീപനം സ്വീകരിച്ചു. ഇന്ത്യയുടെ ആഭ്യന്തര സാമ്പത്തിക നയങ്ങളില്‍ വന്ന മാറ്റത്തിന്റെ മറുപുറമായിരുന്നു വിദേശ നയത്തില്‍ കാണിച്ച അമേരിക്കന്‍ പക്ഷ പാതിത്വം. നവലിബറല്‍ നയങ്ങള്‍ സാമ്പത്തിക രംഗത്തെ മാറ്റിയപ്പോള്‍ വിദേശ നയത്തിലും അതിനനുസൃതമായ മാറ്റങ്ങള്‍ ഉണ്ടായി. ആണവ രംഗത്തടക്കം അമേരിക്കയുമായി ഉണ്ടാക്കിയ കരാറുകള്‍ ഇതിന്റെ തെളിവാണ്.
ആറ് വര്‍ഷം മുമ്പുവരെ അമേരിക്ക വിസ നിഷേധിച്ച നേതാവാണ് നരേന്ദ്ര മോദി. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ടായിരുന്നു വിസ നിഷേധം. അമേരിക്കയില്‍ തീവ്ര വലതുപക്ഷ നിലപാടുള്ള ട്രംപ് അധികാരത്തിലേറിയപ്പോള്‍ മോദിക്ക് ട്രംപുമായി അടുത്തബന്ധം സ്ഥാപിക്കാനായി. അമേരിക്കയിലെ ഗുജാറാത്ത് വംശജരുടെ ശക്തമായ സാന്നിധ്യവും ഇന്ത്യയിലെ വന്‍കിട മുതലാളിമാരുടെ അകമഴിഞ്ഞ പിന്തുണയുമെല്ലാം മോദിയെ സ്വീകാര്യനാക്കുന്നതില്‍ പങ്ക് വഹിച്ചു. എന്നാല്‍ ഇങ്ങനെ മോദിയുമായുള്ള ബന്ധത്തിന്റെ പ്രകടനപരതയ്ക്കപ്പുറം കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളോട് അമേരിക്ക പിന്തുണയ്ക്കുന്നുവെന്ന് പറയാന്‍ കഴിയില്ല.
നരേന്ദ്ര മോദിയോടൊപ്പം പരിപാടിയില്‍ പങ്കെടുത്ത ട്രംപ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ചര്‍ച്ച നടത്തിയതിന് ശേഷം പറഞ്ഞത് കാശ്മീര്‍ വിഷയത്തില്‍ ഉടന്‍ ഇരുരാഷ്ട്രങ്ങളും ചര്‍ച്ച നടത്തണമെന്നാണ്. അതോടൊപ്പം തന്നെ വിഷയത്തില്‍ ഇടപെടാനുള്ള താല്‍പര്യവും ട്രംപ് തുടര്‍ച്ചയായി പ്രകടിപ്പിക്കുന്നു. പ്രശ്‌നത്തില്‍ ഇടപെടണമെന്ന മോദി ട്രംപിനോട് ആ വശ്യപ്പെട്ടിരുന്നതായും അമേരിക്ക വ്യക്തമാക്കിയിരുന്നു.
കൊളോണിയല്‍ വിരുദ്ധ സമരത്തില്‍നിന്നും ഉണ്ടായ സാമ്രാജ്യത്വ വിരുദ്ധ സമീപനമായിരുന്നു ഇന്ത്യന്‍ വിദേശനയത്തെ 80 കളുടെ അവസാനം വരെ നയിച്ചത്. പിന്നീടത് പതുക്കെ അമേരിക്കന്‍ വിധേയത്തിലേക്കും ആശ്രിതത്വത്തിലേക്കും മാറുകയായിരുന്നു. ട്രംപിന് വേണ്ടി വോട്ട് പിടിക്കുന്നതിലേക്ക് പോയ മോദിയുടെ വിദേശ നയം വിധേയത്വത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറുകയുമാണ്.