UPDATES

വിദേശം

ചൈനയുടെ സില്‍ക്ക് പാത; പാകിസ്ഥാന് ശാന്തിയുടേയും വികസനത്തിന്റേയും

Avatar

ടിം ക്രെയ്ഗ്, സൈമണ്‍ ഡെനയര്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

ഏകദേശം 15,000 അടി ഉയരമുള്ള ഖുജരാബ് ചുരം കയറിയാലെത്തുന്നത് പാക്കിസ്ഥാന്റെ വടക്കേ അതിര്‍ത്തിയിലാണ്. ചൈനയുമായി പാക്കിസ്ഥാന്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശം. കന്നുകാലികളെ മേച്ചു പോകുന്നവരും ചരക്കുമായി പോകുന്ന നിരവധി വാഹനങ്ങളും അതിര്‍ത്തി കടന്നു അപ്പുറത്തേക്കും ഇപ്പുറത്തേക്കും പോകുന്നു. ഇവിടെ നിയോഗിക്കപ്പെട്ടിരിക്കുന്ന പാകിസ്ഥാന്റെ ഏക സുരക്ഷാ ഉദ്യോഗസ്ഥന്‍, പക്ഷേ പുറത്തെ ശക്തമായ മഞ്ഞു വീഴ്ച്ചയെ ഭയന്ന് കൂടാരത്തിനുള്ളില്‍ തന്നെ കഴിയുകയാണ്.

എന്നാല്‍ ഈ മലമുകളില്‍ നിന്നും ചുരമിറങ്ങി താഴെ കടലിലേക്ക് ചെന്ന് ചേരുന്ന വഴികളില്‍ കോടാനുകോടി ഡോളറിന്റെ നിക്ഷേപമാണ് ചൈന നടത്തുന്നത്. പടിഞ്ഞാറുമായും പശ്ചിമേഷ്യയുമായും ചൈനയെ സുഗമമായി ബന്ധിപ്പിക്കുന്ന പാക്കിസ്ഥാനിലൂടെ കടന്നു പോകുന്ന വ്യാപാര പാത. അത് വര്‍ഷങ്ങളായുള്ള ചൈനയുടെ സ്വപ്നമാണ്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറാന്‍ കൊതിക്കുന്ന ചൈനക്ക് അതിനുള്ള വഴി കൂടിയാണിത്. സില്‍ക്ക് പാത എന്ന പേരില്‍ പ്രസിദ്ധമായ നൂറ്റാണ്ടുകള്‍ക്കു മുമ്പു നിലവിലുണ്ടായിരുന്ന ആ വ്യാപാര പാത പുനര്‍നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചൈന ആരംഭിച്ചു കഴിഞ്ഞു. നേരത്തെ പറഞ്ഞ കോടികളുടെ നിക്ഷേപങ്ങള്‍ അതിന്റെ ഭാഗമായുള്ളതാണ്.

ഏഷ്യയുടെ പ്രധാന സാമ്പത്തിക ആശ്രയം അമേരിക്കയാണെന്ന അവസ്ഥ മാറ്റുക എന്നതാണ് ചൈന ദീര്‍ഘകാലാടിസ്ഥാനത്തില്‍ കാണുന്ന ലക്ഷ്യം. അതിനു പുറമേ, ചൈനയുടെ പടിഞ്ഞാറന്‍ മേഖലകളുമായി വിദേശ നിക്ഷേപകരെ ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന ഈ വ്യാപാര പാത അവിടത്തെ വികസന പ്രശ്‌നങ്ങള്‍ക്കും അതുവഴി ആ പ്രദേശത്ത് ഇപ്പോള്‍ മുസ്ലീം തീവ്രവാദ ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ക്കും പരിഹാരം ഉണ്ടാക്കുമെന്നാണ് ഗവണ്‍മെന്റ് കണക്കുകൂട്ടുന്നത്. പദ്ധതിക്കായി പാക്കിസ്ഥാനില്‍ നടത്തുന്ന വന്‍ നിക്ഷേപം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ താങ്ങാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ചൈനയുടെ സ്വപ്ന പാത യാഥാര്‍ത്ഥ്യം ആകണമെങ്കില്‍ ഏഷ്യയില്‍ എല്ലായിടത്തുമായി വന്‍ നിക്ഷേപം നടത്തേണ്ടതുണ്ട്. എങ്കിലും ആ സ്വപ്നത്തിലേക്ക് അവര്‍ നിശ്ചയദാര്‍ഢ്യത്തോടേയും വേഗത്തോടേയും തന്നെയാണ് അവര്‍ മുന്നേറുന്നത്.

സില്‍ക്ക് റൂട്ട് ലക്ഷ്യം വയ്ക്കുന്നത് പാക്കിസ്ഥാന്റേയും വികസനമാണ്. ചുരമിറങ്ങി കാരക്കോറം പാതയിലൂടെ 1700 മൈല്‍ ഉള്ളിലേക്കിറങ്ങിച്ചെന്നാല്‍ വലിയൊരു തുറമുഖം. അവിടെ നിന്നു പശ്ചിമേഷ്യയിലേക്കും ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും എളുപ്പത്തിലെത്തിച്ചേരാന്‍ സഹായിക്കുന്ന സമുദ്രപാത. ചൈന വിഭാവനം ചെയ്യുന്ന ഈ പദ്ധതിയില്‍ പാക്കിസ്ഥാനില്‍ മാത്രം 46 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് നടത്തുന്നത്. അതു കൊണ്ടു തന്നെ പാക്കിസ്ഥാന്റെ സാമ്പത്തിക പുരോഗതിയും പദ്ധതിയുടെ അനുബന്ധ ലക്ഷ്യമാണെന്നു പറയാം.

പണ്ടു മുതലേയുള്ള നയതന്ത്ര പങ്കാളിത്തം സാമ്പത്തിക പങ്കാളിത്തത്തിലേക്ക് വഴിമാറുന്നുവെന്നാണ് പുതിയ മാറ്റത്തെ പാക്കിസ്ഥാന്‍ ആസൂത്രണ വകുപ്പ് മന്ത്രി അഹ്‌സാന്‍ ഇഖ്ബാല്‍ വിശേഷിപ്പിക്കുന്നത്. ചൈനയുടെ കാഴ്ച്ചപ്പാടിലുള്ള, 300 കോടി ജനങ്ങള്‍ ഉള്‍പ്പെടുന്ന, ലോക വളര്‍ച്ചയില്‍ നിര്‍ണായകമാകാവുന്ന പുതിയ സാമ്പത്തിക മേഖലക്ക് പാക്കിസ്ഥാന്‍ ഇടനാഴിയാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചൈന ലക്ഷ്യമിടുന്നത് സ്വന്തം വളര്‍ച്ചയും അമേരിക്കയെ മറികടക്കലുമാണ്. നിലവില്‍ ഉപയോഗിക്കുന്ന തെക്കന്‍ ചൈനാക്കടലിലൂടെയുള്ള സമുദ്രപാതയ്ക്കു ബദലായി ഇപ്പോള്‍ വിഭാവനം ചെയ്യുന്ന സില്‍ക്ക് റൂട്ട് പ്രയോജനപ്പെടുത്താനായാല്‍ അതിലൂടെ ലോകത്തിലെ വികസിച്ചു കൊണ്ടിരിക്കുന്ന പല കമ്പോളങ്ങളിലേക്കും ചൈനയ്ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. സില്‍ക്ക് റൂട്ട് ബന്ധിപ്പിക്കുന്ന ചൈനയുടെ പടിഞ്ഞാറന്‍ പ്രദേശത്തെ രാജ്യത്തെ പ്രധാന നിര്‍മ്മാണ കേന്ദ്രമാക്കി മാറ്റുക, അതിലൂടെ അവിടുത്തെ മോശമായി കൊണ്ടിരിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയ്ക്കു പരിഹാരമുണ്ടാക്കുക തുടങ്ങിയ കാര്യങ്ങളും ചൈന മനസ്സില്‍ കരുതുന്നുണ്ട്.

വര്‍ഷങ്ങളായി ശ്രമിച്ചിട്ടും യു.എസിനെ സംബന്ധിച്ച് നടക്കാതെ പോയൊരു കാര്യം നടത്തി എടുക്കുകയെന്നതും ചൈനയുടെ ലക്ഷ്യമാണ്. പാക്കിസ്ഥാന് ദീര്‍ഘകാലടിസ്ഥാനത്തില്‍ സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കി വികസനം സാധ്യമാക്കി അവിടുത്തെ തീവ്രവാദ ഗ്രൂപ്പുകളെ നശിപ്പിക്കാന്‍ പാക്ക് സര്‍ക്കാരിനെ നിര്‍ബന്ധിതം ആക്കുകയെന്നതാണത്.

മുമ്പ് വ്യക്തമായ രൂപരേഖയോ പദ്ധതികളോ ഇല്ലാതെ പാക്കിസ്ഥാനെ സംബന്ധിച്ച് ഫലപ്രദമല്ലാത്ത പല ഇടപെടലുകളും നടത്തിയിട്ടുള്ള അമേരിക്ക ഇപ്പോള്‍ ചൈനയുടെ പുതിയ നീക്കത്തെ സംശയത്തോടെ ആണെങ്കിലും കൗതുകത്തോടെ വീക്ഷിക്കുന്നുണ്ട്.

കാരക്കോറം ദേശീയ പാതയില്‍ നിന്നും പാക്കിസ്ഥാന്റെ മധ്യ ഭാഗത്തേക്കു വരെ നീളുന്നതാണ് നിലവിലുള്ള പാക്കിസ്ഥാന്‍-ചൈന സാമ്പത്തിക ഇടനാഴിയുടെ ദൈര്‍ഘ്യം. അവിടെ നിന്നും ബലൂചിസ്ഥാനിലെ ഗ്വാദാര്‍ തുറമുഖത്തില്‍ എത്താന്‍ കൂടുതല്‍ പാതകള്‍ നിര്‍മ്മിക്കേണ്ടതായുണ്ട്. പര്‍വതങ്ങള്‍ക്കും മഞ്ഞുമലകള്‍ക്കും ഇടയിലൂടെ നീങ്ങുന്ന പാതയുടെ ചിത്രമാണ് സില്‍ക്ക് റൂട്ടിനു വേണ്ടി തയ്യാറാക്കിയ പ്രാഥമിക രൂപരേഖയില്‍ കാണാന്‍ സാധിക്കുന്നത്. 600 വര്‍ഷങ്ങള്‍ക്കു മുമ്പു 15-ാം നൂറ്റാണ്ടില്‍ വ്യാപാരികള്‍ സഞ്ചരിച്ചിരുന്ന ആ പാതയിലൂടെ ഇപ്പോള്‍ കഴുതകളെ ഉപയോഗിച്ചുള്ള പരീക്ഷണ യാത്രകള്‍ നടത്തി വരുന്നുണ്ട്.

ലോകത്തിലെ ഏറ്റവും അപകടം പിടിച്ച ഈ പാത നവീകരിക്കുന്നതിനും പുതുക്കി പണിയുന്നതിനുമായി ചൈന കോടാനുകോടി ഡോളറാണ് ചെലവിടുന്നത്. ചൈനീസ് എഞ്ചിനീയര്‍മാര്‍ മലകള്‍ തുരന്ന് കിലോമീറ്ററുകള്‍ നീളുന്ന തുരങ്കങ്ങളാണ് സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. ചൈന-പാക് സൗഹൃദ തുരങ്കമെന്ന് രേഖപ്പെടുത്തിയിട്ടുള്ളവയാണ് ഇവയില്‍ പലതും. കോണ്‍ക്രീറ്റ് പാലങ്ങള്‍, കൈവരി തുടങ്ങി ഭൂകമ്പത്തേയും ഹിമപാതത്തേയും ചെറുക്കാനുള്ള ശാസ്ത്രീയ സംവിധാനങ്ങളും ഭൂഗര്‍ഭ പാതയിലൊരുക്കുന്നുണ്ട്.

ചൈനയേയും പദ്ധതികളേയും പ്രദേശവാസികള്‍ കാണുന്നതെങ്ങനെ? ചൈന നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കേറെ പ്രയോജനപ്രദം ആകുന്നുണ്ടെന്നാണ് പാക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശത്ത് കഴിയുന്ന ജനങ്ങള്‍ പറയുന്നത്. 2010-ലെ മണ്ണിടിച്ചില്‍ ഹന്‍സാ നദിയില്‍ തടസ്സമുണ്ടായി ജലം നിറഞ്ഞ് കാരക്കോറം പാതയും സമീപ പ്രദേശങ്ങളും ഒറ്റപ്പെട്ടപ്പോള്‍ അട്ടാബാദ് തടാകത്തിന്റെ തെക്കേ അറ്റത്തു നിന്ന തുടങ്ങി കിലോമീറ്ററുകള്‍ നീളുന്ന നാലു വലിയ തുരങ്കങ്ങള്‍ സ്ഥാപിച്ച് ചൈന പുതിയ പാതയൊരുക്കിയ കാര്യം പ്രദേശവാസിയായ റമാസന്‍ അലി ചൂണ്ടിക്കാട്ടുന്നു.

1970-ല്‍ കാരക്കോറം പാത നിര്‍മ്മിക്കാന്‍ മുന്‍കയ്യെടുത്തത് ചൈനയാണ്. അതിനുമുമ്പ് ചെറിയ ഇനം കുതിരകളെയും കഴുതകളെയുമാണ് പ്രദേശത്ത് വലിയ യാത്രകള്‍ക്കായി ഉപയോഗിച്ചിരുത് ചെമ്മരിയാട് വളര്‍ത്തുന്ന 70 വയസ്സുള്ള അമീര്‍ ഉള്‍ ബാഗ് പറയുന്നു. ചുരമെത്തുന്നതു വരെ മൊബൈല്‍ ഫോണിന് സിഗ്നല്‍ കിട്ടാന്‍ വലിയ പ്രയാസമാണ്. എന്നാല്‍ വാഹനം ഖുജരാബ് ചുരത്തോട് അടുക്കുമ്പോഴേക്കും ചൈനീസ് മൊബൈല്‍ കമ്പനിയുടെ 3ജി സിഗ്നലുകള്‍ പ്രവഹിച്ചു തുടങ്ങും-ഉപഭോക്താക്കള്‍ ചൂിക്കാട്ടുന്നു.

എന്നാല്‍ നിലവിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കുമോയെന്ന് ആശങ്കപ്പെടുന്നവരും പ്രദേശവാസികളുടെ കൂട്ടത്തിലുണ്ട്. മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ ചൈനയുടെ പുതിയ പദ്ധതിയെ സംശയത്തോടെ വീക്ഷിക്കുന്നവരുമുണ്ട്. രാജ്യത്തിന്റെ തെക്കു ഭാഗത്തു നിന്നുള്ള കച്ചവടക്കാരും രാഷ്ട്രീയക്കാരും ചേര്‍ന്ന് ഇവിടത്തെ ധാതു സമ്പത്തും വനസമ്പത്തും കൊള്ളയടിച്ചു കൊണ്ടുപോയ കാര്യം പ്രദേശവാസികളില്‍ ചിലര്‍ ഓര്‍ത്തെടുക്കുന്നു.

“അവര്‍ രത്‌നക്കല്ലുകള്‍ വലിയ കണ്ടെയ്‌നറുകളിലാക്കി അറേബ്യയിലേക്കും ചൈനയിലേക്കും കൊണ്ടു പോയി. അവര്‍ക്ക് അത് അവിടെ പോളിഷ് ചെയ്ത് വില്‍ക്കാനുള്ള സൗകര്യങ്ങളുണ്ടല്ലോ. പക്ഷേ ഞങ്ങള്‍ക്കതിന്റെ യാതൊരു ഗുണവും കിട്ടിയില്ല”. അന്ന് മല തുരന്ന് രത്‌നക്കല്ലുകളെടുക്കാന്‍ സഹായിച്ച പ്രദേശവാസിയായ ഗുലാം ഹസന്‍ പറയുന്നു. 

സില്‍ക്ക് റൂട്ടില്‍ തീവ്രവാദവും വൈദ്യുതിക്ഷാമവും ആണ് പാക്കിസ്ഥാന് തടസ്സങ്ങളെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ചൈനീസ് സില്‍ക്ക് റൂട്ട് പാക്കിസ്ഥാന് സാമ്പത്തിക കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുമോ എന്നതിനെക്കുറിച്ച് തന്നെയാണ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്. പദ്ധതി പാക്കിസ്ഥാന് എത്രത്തോളം പ്രയോജനം ചെയ്യും എന്നതിനെ ചൊല്ലിയാണ് അഭിപ്രായ വ്യത്യാസം. ഒരു പ്രധാനപ്പെട്ട കേന്ദ്രത്തിലെത്താന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടി വരുന്ന പാതയെ സാമ്പത്തിക ഇടനാഴി എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്നാണ് പാക്കിസ്ഥാനിലെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ സാകിബ് ഷെറാനി പറയുന്നത്. പാക്കിസ്ഥാനിലെ വ്യാപാരികള്‍ക്ക് എളുപ്പത്തില്‍ ചൈനീസ് കമ്പോളത്തിലെത്തിച്ചേരാന്‍ കഴിയുമെന്നത് മാത്രമാണ് അദ്ദേഹം പദ്ധതിയിലൂടെ കാണുന്ന പ്രധാന നേട്ടം.

ചൈനയുടെ പദ്ധതി പാക്കിസ്ഥാന് പൂര്‍ണ തോതില്‍ പ്രയോജനപ്പെടണമെങ്കില്‍ അതിന് ആദ്യം വേണ്ടത് രാജ്യത്തു വര്‍ദ്ധിച്ചു വരുന്ന തീവ്രവാദ ഭീക്ഷണികള്‍ക്കും അതുപോലെ വൈദ്യുത പ്രതിസന്ധിക്കും പരിഹാരം കാണുകയാണെന്ന വിലയിരുത്തലാണുള്ളത്. എന്തായാലും പാക്കിസ്ഥാന്റെ വൈദ്യുത പ്രതിസന്ധിക്ക് പരിഹാരമാവുന്ന തരത്തില്‍ ഒട്ടനവധി പദ്ധതികള്‍ ചൈന തന്നെ വിഭാവനം ചെയ്യുന്നുണ്ട്. ഒമ്പത് കല്‍ക്കരി വൈദ്യുത നിലയങ്ങള്‍, അഞ്ച് കാറ്റാടി നിലയങ്ങള്‍, മൂന്ന് ജലവൈദ്യുത നിലയങ്ങള്‍ ഒരു സോളാര്‍ പാര്‍ക്ക് തുടങ്ങി 18 പദ്ധതികളാണ് ചൈന വാഗ്ദാനം ചെയ്തിരിക്കുന്നത്. 16,000 മെഗാവാട്ട് അധിക വൈദ്യുതിയാണ് ഇതിലൂടെ പാക്കിസ്ഥാന്റെ ദേശീയ ഗ്രിഡില്‍ ലഭിക്കാന്‍ പോകുന്നത്. വൈദ്യുത പ്രതിസന്ധിക്ക് പൂര്‍ണ തോതില്‍ പരിഹാരമാകുമെന്നത് മാത്രമല്ല 2018-ഓടെ ലക്ഷ്യം വയ്ക്കുന്ന ഏഴ് ശതമാനം വളര്‍ച്ചാ നിരക്ക് കൈപ്പിടിയില്‍ ഒതുക്കാനും ഇതിലൂടെ സാധിക്കുമെന്ന് പാക്കിസ്ഥാന്‍ പ്രതീക്ഷിക്കുന്നു.

പക്ഷേ തീവ്രവാദ പ്രശ്‌നം അത്ര എളുപ്പം കൈകാര്യം ചെയ്യാവുന്നതല്ലെന്ന് ഇരുകൂട്ടര്‍ക്കും അറിയാം. രണ്ട് രാജ്യങ്ങളും തീവ്രവാദത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നവരാണ്. സിന്‍ജിയാങ്ങ് പ്രവിശ്യയിലെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ഉയിഗ്വ തീവ്രവാദികളെ അടിച്ചമര്‍ത്തുന്ന നടപടികളുമായി ശക്തമായി മുന്നേറുകയാണ് പ്രസിഡന്റ് ജിന്‍പിന്‍. പാക്കിസ്ഥാനിലെ ആദിവാസി ഗോത്ര മേഖലകള്‍ ഉയിഗ്വ തീവ്രവാദികള്‍ക്ക് അഭയമാകുന്നുവെന്ന് ചൈന പലവട്ടം പരാതി ഉന്നയിച്ചിട്ടുമുണ്ട്. അടിച്ചമര്‍ത്തല്‍ നടപടികളിലൂടെ മാത്രം ഉദേശിച്ചത്ര ഫലം ലഭിക്കുന്നില്ലെന്ന തിരിച്ചറിവാണ് പ്രശ്‌നബാധിത മേഖലകളില്‍ വികസനമെത്തിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ചൈനയുടെ പുതിയ നീക്കത്തിനു പിന്നില്‍. സില്‍ക്ക് റൂട്ട് പദ്ധതിയിലൂടെ യുവജനങ്ങള്‍ക്ക് അനേകായിരം തൊഴിലവസരങ്ങള്‍ ലഭിക്കുമ്പോള്‍ തീവ്രവാദികള്‍ക്ക് മുതലെടുപ്പിനുള്ള അവസരം ഇല്ലാതാകുമെന്നാണ് സാമ്പത്തിക വിദഗ്ദരും വിലയിരുത്തുന്നത്. 

പാക്കിസ്ഥാന്‍: ചൈനീസ്, യു.എസ് സമീപനങ്ങളിലെ വ്യത്യാസങ്ങള്‍ 
”അമേരിക്ക വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യാന്‍ വിട്ടു പോയ ഒരു മേഖലയിലാണ് ചൈന ഇപ്പോള്‍ കാലെടുത്തു വച്ചിരിക്കുന്നത്.” ജോണ്‍സ് ഹോപ്പ്കിന്‍സ് സര്‍വകലാശാലയിലെ നവ അന്താരാഷ്ട പഠനവിഭാഗം മേധാവി വാലി ആര്‍ നാസര്‍ വിലയിരുത്തുന്നു. പാക്കിസ്ഥാനുമായി അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ (കൃത്യമായി പറഞ്ഞാല്‍ ശീതയുദ്ധ സമയത്തും അതുപോലെ ലോക വ്യാപാര കേന്ദ്രത്തിലെ ഭീകര ആക്രമണത്തിനു ശേഷവും) നയതന്ത്ര തലത്തില്‍ സഖ്യങ്ങള്‍ ഉണ്ടാക്കിയതല്ലാതെ പാക്കിസ്ഥാന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി നിക്ഷേപം നടത്താന്‍ അമേരിക്ക തയ്യാറായിട്ടില്ല. പാക്കിസ്ഥാനില്‍ പാലങ്ങളോ, അണക്കെട്ടുകളോ, വൈദ്യുത നിലയങ്ങളോ സ്ഥാപിക്കാന്‍ അമേരിക്കക്ക് താല്‍പ്പര്യമില്ല. എന്നാല്‍ തീവ്രവാദികളെ നേരിടുന്നതിനും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഒക്കെയായി പാക്കിസ്ഥാന് കോടിക്കണക്കിന് ഡോളറിന്റെ സഹായം നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ചൈന ഇപ്പോള്‍ അവരുടെ ആവശ്യത്തിന് കൊണ്ടു വരുന്നതാണെങ്കിലും സില്‍ക്ക് റൂട്ട് പദ്ധതിയിലൂടെ പാക്കിസ്ഥാന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും വഴിയൊരുങ്ങുന്നുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നതില്‍ വികസനത്തിന് നിര്‍ണ്ണായക സ്ഥാനമുണ്ട്. പാക്കിസ്ഥാനിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ചൈന എന്തുകൊണ്ട് ശക്തമായി പ്രതികരിക്കുന്നില്ലെന്ന് പല കോണുകളില്‍ നിന്നും ചോദ്യമുയരാറുണ്ട്. ചൈന ഇപ്പോള്‍ അവിടെ നടത്തുന്ന വമ്പന്‍ നിക്ഷേപങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ അത്തരമൊരു ലക്ഷ്യം കൂടിയുണ്ട്. ചൈനയുടെ വാക്കുകളെ അവഗണിക്കാന്‍ ഗുണഭോക്താവായ പാക്കിസ്ഥാന് കഴിയില്ല. മാത്രമല്ല സില്‍ക്ക് റൂട്ട് ആത്യന്തികമായി ചൈനയുടെ പദ്ധതിയാണെന്നത് കൊണ്ടു തന്നെ അതിനു വിഘാതമാകുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ ചെറുക്കേണ്ടത് അവരുടെ ഉത്തരവാദിത്തം കൂടിയാകുന്നു, നാസര്‍ പറയുന്നു.

എന്നാല്‍ പാക്കിസ്ഥാനില്‍ ചൈന നടത്തുന്ന നിക്ഷേപങ്ങളുടെ ഫലപ്രാപ്തി സംബന്ധിച്ച് സംശയം ഉന്നയിക്കുന്നവരാണ് അമേരിക്കന്‍ നിരീക്ഷകര്‍.” ഒരു തീവ്രവാദി ആക്രമണമോ, രാഷ്ട്രീയ പ്രതിസന്ധിയോ കാര്യങ്ങളെ മാറ്റി മറിച്ചേക്കാം. ഇത്രയും നാളത്തെ അമേരിക്കയുടെ പാക്കിസ്ഥാനില്‍ നിന്നുള്ള അനുഭവത്തിന്റെ വെളിച്ചത്തിലാണിത് പറയുന്നത്. നിങ്ങള്‍ നിക്ഷേപം നടത്തുന്ന അളവില്‍ അവിടെ നിന്ന് നിങ്ങള്‍ക്ക് ഫലം ലഭിക്കില്ല”.-വുഡ്രോ വില്‍സണ്‍ സെന്ററിന്റെ ഏഷ്യന്‍ പദ്ധതിയുടെ മുന്‍ ഡയറക്ടര്‍ റോബര്‍ട്ട് ഹാത്ത്വേയുടെ വാക്കുകള്‍.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍