UPDATES

ട്രെന്‍ഡിങ്ങ്

ആര്‍എസ്എസ് മുന്‍ പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍ ഗൌരവകരം; വേണ്ടത് കുറ്റമറ്റ അന്വേഷണം

ദളിത്, പിന്നാക്ക വിഭാഗങ്ങളുടെയും ഈഴവ, ക്രിസ്ത്യന്‍ ഗ്രൂപ്പുകളുടേയും പിന്തുണ നേടാനും അത്തരത്തിലുള്ള സോഷ്യല്‍ എഞ്ചിനിയറിംഗിനുമുളള പരിപാടികള്‍ ഒരുഭാഗത്ത്; മറുഭാഗത്ത് വര്‍ഗീയ ധ്രുവീകരണം.

തന്നെ കൊന്ന് അത് സിപിഎമ്മിന്റേയും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെയും തലയില്‍ കെട്ടി വയ്ക്കാന്‍ ശ്രമിച്ചു, ആറ്റിങ്ങലില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ വേണ്ടി പെന്തകോസ്ത് പള്ളി ആക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കി, ഹിന്ദു – മുസ്ലീം സംഘര്‍ഷമുണ്ടാക്കാന്‍ വേണ്ടി നോമ്പ് കാലത്ത് പോത്തിനെ കൊണ്ടുവന്നു, കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങളില്‍ പങ്കാളികളായവരെ ഒളിപ്പിച്ചു… തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ആര്‍എസ്എസിനെതിരെ മുന്‍പ്രവര്‍ത്തകനും തിരുവനന്തപുരം കരകുളത്തെ ശാരീരിക് ശിക്ഷക് പ്രമുഖുമായിരുന്ന വിഷ്ണു ഉയര്‍ത്തിയിരിക്കുന്നത്. കേരളത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇതിന് വളരെ ഗൗരവമുണ്ട്. അക്രമരാഷ്ട്രീയത്തെ കുറിച്ചും രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചും ഉള്ള ചര്‍ച്ചകളില്‍ ഇതിന് വലിയ പ്രാധാന്യം ലഭിക്കേണ്ടതുണ്ട്.

പരിസ്ഥിതി സംരക്ഷണം, ഭൂസമരം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ഒരു ഭാഗത്ത് ബിജെപി സജീവമാവുകയും കേരളത്തിന്റെ പൊതുസമൂഹത്തിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും സ്വാധീനം ശക്തമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടയില്‍ തന്നെയാണ് ബിജെപിയുടെ മാതൃസംഘടനയെന്ന ആര്‍എസ്എസിന്റെ നേര്‍ക്ക് ഇത്തരം ആരോപനങ്ങളും ഉയര്‍ന്നിട്ടുള്ളത്. ആര്‍എസ്എസ് സ്വന്തം പ്രവര്‍ത്തകരെ കൊന്ന് അത് സിപിഎമ്മിന്റെ തലയില്‍ വയ്ക്കുന്നതായുള്ള ആരോപണം സിപിഎം നേരത്തെയും ഉന്നയിച്ചിട്ടുള്ളതാണ്. ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് വിഷ്ണു പറയുന്നത്. കണ്ണൂരിലെ മുന്‍ ആര്‍എസ്എസ് നേതാവായിരുന്ന സുധീഷ്‌ മിന്നി അടക്കമുള്ളവര്‍ സമാനമായ രീതിയില്‍ ആര്‍എസ്എസിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുകളോട് അനുബന്ധിച്ചും മറ്റും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായ ആരോപണങ്ങള്‍ ഏറെക്കാലമായി സംഘപരിവാറിനെതിരെ പലരും ഉന്നയിച്ചിട്ടുള്ളതാണ്.

കേരളത്തില്‍ ഇത്തരത്തില്‍ വര്‍ഗീയത പടര്‍ത്താനുള്ള മത, ജാതി സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ ജാഗ്രതയോടെ കാണേണ്ടതുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നതിലും മതസ്പര്‍ദ്ധ വളര്‍ത്തുന്നതിലും ഇതരത്തിലുള്ള തീവ്ര മതസംഘടനകള്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. തീവ്ര ഹിന്ദുത്വ സംഘടനകളെ പോലെ ചില തീവ്ര മുസ്ലീം സംഘടനകള്‍ക്ക് നേര്‍ക്കും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതേതെങ്കിലും മത, ജാതി സമുദായങ്ങള്‍ക്ക് എതിരെ അല്ലെന്നും മറിച്ച് കേരളത്തിന്റെ സാമൂഹികാന്തരീക്ഷം തകര്‍ക്കാനുള്ള ഇത്തരം സംഘടനകളുടെ ശ്രമമായി കണ്ടുമുള്ള കര്‍ശനമായ നടപടികളാണ് ആവശ്യം.

രാജ്യത്ത് ഗോസംരക്ഷണവുമായി ബന്ധപ്പെട്ട് നടന്ന കൊലപാതകങ്ങളിലോ ദളിത്‌ പീഡനങ്ങളിലോ ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ നടത്തിയ എഴുത്തുകാരുടെയും യുക്തിവാദികളുടെയും കൊലപാതകങ്ങളിലോ ആര്‍എസ്എസിന് പ്രത്യേക്ഷത്തില്‍ പങ്കുണ്ടായിരുന്നില്ല എന്ന് വാദിക്കാവുന്നതാണ്. എന്നാല്‍ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സംഘപരിവാര്‍ ബന്ധമുണ്ടായിരുന്നു. ഇതരത്തിലുള്ള പല സംഘടനകളാണ് ദശാബ്ദങ്ങളായി രാജ്യത്തെ സാമൂഹികാന്തരീക്ഷം താറുമാറാക്കുന്നത്. അത് കേരളത്തിലും നടപ്പാക്കാന്‍ അനുവദിച്ചുകൂടാ.

ജനകീയ പ്രശ്‌നങ്ങള്‍ ഉന്നയിച്ചും ബിഡിജെഎസ് പോലുള്ള സാമുദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചും ദളിത്, പിന്നാക്ക വിഭാഗങ്ങളുടെയും ഈഴവ, ക്രിസ്ത്യന്‍ ഗ്രൂപ്പുകളുടേയും പിന്തുണയിലൂടെ സോഷ്യല്‍ എഞ്ചിനിയറിംഗിന് ശ്രമിക്കുന്ന പരിപാടികള്‍ ഒരുഭാഗത്ത്; മറുഭാഗത്ത് വര്‍ഗീയ ധ്രുവീകരണം. ഇത്തരത്തിലാണ് കേരളത്തില്‍ സംഘപരിവാര്‍ പദ്ധതികള്‍ മുന്നോട്ട് പോകുന്നത്. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ശക്തമായ സ്വാധീനമുള്ള കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെ പോലെ വര്‍ഗീയ ധ്രുവീകരണം അത്രയെളുപ്പമല്ല. ഒരു മതേതര ജനാധിപത്യ പ്രസ്ഥാനം എന്ന നിലയ്ക്ക് പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിയുകയുമില്ല. അധികാര രാഷ്ട്രീയ ശക്തിയെന്ന നിലയിലേയ്ക്ക് ഉയരാന്‍ അവര്‍ക്ക് മുന്നില്‍ തടസം സൃഷ്ടിക്കുന്നത് ഇതാണ്. എന്നാല്‍ കേരള പൊതുസമൂഹത്തില്‍ മുമ്പത്തേക്കാളുമേറെ വര്‍ഗീയ ധ്രുവീകരണവും മത, ജാതി സ്വാധീനവും വര്‍ദ്ധിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഈ സാഹചര്യത്തില്‍ മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍റേതായി വന്നിട്ടുള്ള വെളിപ്പെടുത്തലുകള്‍ അന്വേഷിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുണ്ട്. കേവലം രാഷ്ട്രീയ തര്‍ക്കം എന്നതിലുപരി മതേതര മൂല്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന, ഒട്ടൊക്കെ സഹവര്‍ത്തിത്തത്തോടെ ജീവിച്ച് പോകുന്ന ഒരു സമൂഹമെന്ന നിലയില്‍ കേരളത്തിലെ അന്തരീക്ഷം മലിനപ്പെടുത്താനുള്ള നീക്കങ്ങളായി വേണം ഇതരത്തിലുള്ള ശ്രമങ്ങളെ കാണാന്‍. രാജ്യത്തെ നീതിന്യായ വ്യവസ്ഥ മുന്നോട്ട് വയ്ക്കുന്ന നടപടികള്‍ ഇക്കാര്യത്തില്‍ ഉറപ്പ് വരുത്തുക എന്നതാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അഭികാമ്യം. ആരോപണങ്ങള്‍ കെട്ടിച്ചമതാണെങ്കില്‍ അക്കാര്യവും ജനം അറിയട്ടെ, പക്ഷേ സുതാര്യമായ അന്വേഷണം ഇക്കാര്യത്തില്‍ കൂടിയേ കഴിയൂ; ഇനിയും നിരപരാധികളുടെ ചോര ഇവിടെ വീഴരുത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍