UPDATES

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി ഗജേന്ദ്ര ചൗഹാന്റെ നിയമനത്തിനെതിരെ പ്രതിഷേധം ശക്തം

പൂനെയിലെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (എഫ്ടിഐഐ) ചെയര്‍മാനായി സീരിയല്‍ നടന്‍ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ഇന്നലെ എഫ്ടിഐ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ഇന്‍സ്റ്റിറ്റ്യൂട്ടിനെ മുന്നോട്ട് നയിക്കാനുതകുന്ന കാഴ്ചപ്പാടുള്ള ആളുകളാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് വരേണ്ടതെന്നും എന്നാല്‍ അത്തരം ഒരാളല്ല ചൗഹാനെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

ബിആര്‍ ചോപ്രയുടെ മഹാഭാരതം സീരിയലില്‍ യുധിഷ്ഠിരന്റെ വേഷം അവതരിപ്പിച്ച വ്യക്തിയാണ് ചൗഹാന്‍. ബിജെപി അംഗമായ അദ്ദേഹത്തിന്റെ നിയമനം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ശ്യാം ബനഗല്‍, ഗിരീഷ് കര്‍ണാട്, സയീദ് മിര്‍സ തുടങ്ങി പ്രഗത്ഭരായ ചലച്ചിത്രകാരന്മാര്‍ ജീവിച്ചിരിക്കെ ചൗഹാനെ പോലെയുള്ള ഒരാള്‍ ചെയര്‍മാനായി വരുന്നത് അംഗീകരിക്കാനാവില്ലെന്ന് സ്റ്റുഡന്‍സ് കൗണ്‍സില്‍ സെക്രട്ടറി അജയന്‍ അഡാട്ട് പറഞ്ഞു.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും രാജ്യത്തെ സാംസ്‌കാരിക സ്ഥാപനങ്ങളിലെല്ലാം ഇത്തരം രാഷ്ട്രീയ നിയമനങ്ങള്‍ നടക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. സാംസ്‌കാരിക സ്ഥാപനങ്ങളില്‍ ഹിന്ദു അജണ്ട അടിച്ചേല്‍പ്പിക്കാനുള്ള ഭരണകക്ഷിയുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നും അവര്‍ പറയുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തന്നെ അത്ഭുതപ്പെടുത്തുന്നതായി ചൗഹാന്‍ പറഞ്ഞു. നിരവധി പ്രമുഖ ചലച്ചിത്രകാരന്മാരോടൊപ്പം പ്രവര്‍ത്തിച്ച അനുഭവം തനിക്കുണ്ടെന്നും പ്രശ്‌നങ്ങള്‍ വൈകാതെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍