UPDATES

പകപോക്കല്‍ തുടരുന്നു: പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വീണ്ടും സമരത്തിലേക്ക്

Avatar


അഴിമുഖം പ്രതിനിധി 

ജെ.എന്‍.യുവിന് പിന്നാലെ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വീണ്ടും സമരപാതയിലേക്ക്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിലും ഗവേണിംഗ് കൗണ്‍സിലില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയതിലും പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ നടത്തിയ 139 ദിവസത്തെ സമരം കഴിഞ്ഞ ഒക്‌ടോബര്‍ 28-നാണ് അവസാനിച്ചത്. എന്നാല്‍ സമരസമയത്തുണ്ടായ ചില സംഭവങ്ങളുടെ പേരില്‍ 35 പേര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ് ഇപ്പോള്‍.

 

കഴിഞ്ഞ മാര്‍ച്ച് 14-ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രശാന്ത പത്രാബയെ തടഞ്ഞുവച്ചു എന്ന ആരോപണത്തിന്റെ പേരില്‍ 17 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ 18 പേരെ കൂടി പ്രതിചേര്‍ത്ത പോലീസ് തിങ്കളാഴ്ച കോടതിയില്‍ ഹാജരാകണമെന്ന് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കി. ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരുടേയും കേന്ദ്ര സര്‍ക്കാരിന്റെയും പകപോക്കലാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

 

2008 ബാച്ചിലെ ഡയറക്ഷന്‍ കോഴ്‌സ് വിദ്യാര്‍ഥികളും 2013 ബാച്ചിലെ സ്‌ക്രീന്‍ പ്ലേ കോഴ്‌സ് വിദ്യാര്‍ഥികളും കോഴ്‌സ് പൂര്‍ത്തിയാക്കി ക്യാമ്പസ് വിടാനൊരുങ്ങൂന്ന സമയത്താണ് 18 പേരെ കൂടി പ്രതി ചേര്‍ത്തിരിക്കുന്നത്. ഇതില്‍ 12 പേര്‍ നേരത്തെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. പൂനെ വിട്ടുപോകരുത് എന്നായിരുന്നു കോടതി നിര്‍ദേശം. ഇപ്പോള്‍ കോഴ്‌സ് കഴിഞ്ഞവര്‍ക്ക് ക്യാമ്പസ് വിടുകയും വേണം എന്നാല്‍ പൂനെ വിടാനും സാധ്യമല്ല എന്നാണ് അവസ്ഥയെന്ന് വിദ്യാര്‍ഥി നേതാവ് വികാസ് ഉര്‍സ് ചൂണ്ടിക്കാട്ടി. എഫ്.ടി.ഐ.ഐ പൂനെ വീണ്ടും സമരപാതയിലേക്ക് തിരിയുകയാണെന്നാണ് പുതിയ സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചന. എതിര്‍പ്പുയര്‍ത്തുന്ന ആരേയും കുറ്റക്കാരാക്കുമെന്നതിന്റെ ജെ.എന്‍.യു പതിപ്പാണ് ഇപ്പോള്‍ ഇവിടെയും നടപ്പാക്കാന്‍ ഒരുങ്ങൂന്നതെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍