UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെട്രോളിയം: ജനവിരുദ്ധ നയം ചോദ്യം ചെയ്യാന്‍ ഇവിടെ ആരുമില്ലേ?

Avatar

ജിജി ജോണ്‍ തോമസ്‌

ക്രൂഡ് ഓയിലിന് കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് വില. ഒരു മാസത്തെ ഏറ്റകുറച്ചിലുകളുടെ ശരാശരി വില കണക്കാകുമ്പോള്‍ പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയാണ് നിലവില്‍. ഓയില്‍ നിക്ഷേപ രാജ്യങ്ങളില്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ ശേഖരങ്ങള്‍ കണ്ടെത്തിയതും, അമേരിക്ക ഷെയില്‍ ഗ്യാസ് ഇന്ധനം ഉപയോഗിക്കാന്‍ തുടങ്ങിയതുള്‍പ്പടെയുള്ള കാരണങ്ങളാല്‍ ക്രൂഡ് ഓയിലിന്റെ ആവശ്യം കുറഞ്ഞതും, എണ്ണ ഉത്പാദന രാജ്യങ്ങള്‍ ഉത്പാദനം കുറയ്ക്കാതിരിയ്ക്കുന്നതും ഒപ്പം ഉപരോധം നീങ്ങിയതോടെ ഉത്പാദനം വര്‍ദ്ധിപ്പിച്ച് ഇറാന്‍ രാജ്യാന്തര വിപണിയിലേക്കു കടന്നതും എല്ലാം വിലയിടിവിനു കാരണമായി. അടുത്ത വര്‍ഷം ബാരലിന് 40 ഡോളറില്‍ നിന്ന് 20 ഡോളറായി കൂപ്പു കുത്തിയേക്കാം എന്നു പോലും പ്രവചിക്കപ്പെടുന്നു. വില ഉയര്‍ന്ന കാലഘട്ടങ്ങളിലൊക്കെ അധിക ബാദ്ധ്യത പേറേണ്ടിവന്നിരുന്ന ഉപയോക്താക്കള്‍ക്ക് പക്ഷേ ഇന്നിപ്പോള്‍ ക്രൂഡ് ഓയില്‍ വിലയിടിവിന്റെ ഗുണം ലഭിയ്ക്കുന്നില്ല.

ലോകത്തിലെ മൂന്നാമത്തെ വലിയ പെട്രോളിയം ഉപഭോഗ രാജ്യമായി വളര്‍ന്നിരിയ്ക്കുന്ന ഇന്ത്യയുടെ വിപണി കയ്യടക്കാന്‍ പ്രമുഖ എണ്ണ ഉത്പാദക രാജ്യങ്ങള്‍ വമ്പന്‍ വാഗ്ദാനങ്ങളാണ് നമ്മുടെ പെട്രോളിയം കമ്പനികള്‍ക്ക് ഇപ്പോള്‍ നല്‍കുന്നത്. മുന്‍പ് നമ്മുടെ എണ്ണ കമ്പനികള്‍ക്ക് ക്രൂഡ് ഓയില്‍ കൊണ്ടുവരാന്‍ എണ്ണ ഉത്പാദക രാജ്യത്തേക്ക് കപ്പല്‍ അയക്കേണ്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ എണ്ണ ഉത്പാദകര്‍ തന്നെ നേരിട്ട് ഷിപ്പിങ്ങ് നിരക്കുകളൊന്നും ഈടാക്കാതെ ഇന്ത്യയില്‍ ക്രൂഡ് ഓയില്‍ എത്തിക്കുന്നു. ഇതു കൂടാതെ വിപണി വിഹിതം നിലനിര്‍ത്താനായി എണ്ണ ഉത്പാദകര്‍ നമ്മുടെ കമ്പനികള്‍ക്ക് പ്രത്യേക വിലക്കിഴിവു നല്‍കുകയും ക്രൂഡ് ഓയിലിന്റെ പണം അടയ്ക്കാന്‍ മുന്‍പു 30 ദിവസം നല്‍കിയിരുന്ന സാവകാശം 90 ദിവസം വരെയായി ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. എന്നാല്‍, എണ്ണ കമ്പനികള്‍ക്ക് വമ്പിച്ച സാമ്പത്തിക നേട്ടമുണ്ടാകുന്ന ഇതിന്റെയൊന്നും ഗുണം ഉപയോക്താക്കള്‍ക്ക് നല്‍കാന്‍ പെട്രോളിയം കമ്പനികളോ കേന്ദ്ര സര്‍ക്കാറോ തയ്യാറാകുന്നില്ല.

ഇറക്കുമതി ചെയ്യുകയാണെന്നതിനാല്‍ ക്രൂഡ് ഓയിലിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ ഉയരുന്നതിനനുസരിച്ച് പെട്രോള്‍ – ഡീസല്‍ വില ഉയര്‍ത്തുകയേ നിര്‍വാഹമുള്ളൂ എന്നാണു കഴിഞ്ഞ കുറേകാലങ്ങളായി വിവിധ സര്‍ക്കാരുകള്‍ നമ്മെ പഠിപ്പിച്ചു കൊണ്ടിരുന്നത്. അതിന്റെ ഫലമായി, ഇപ്പറഞ്ഞതു ശരിയാണെന്നു ഏതൊരു ശരാശരി ഇന്ത്യന്‍ പൗരനും ഏറെക്കുറെ സമ്മതിക്കുന്ന ഒരു അവസ്ഥ സൃഷ്ടിക്കാനും അവര്‍ക്കായി. വാസ്തവത്തില്‍, പെട്രോള്‍ – ഡീസല്‍ വിലയായി സാധാരണക്കാരന്‍ നല്‍കുന്നതില്‍ മുന്‍പു തന്നെ മൂന്നിലൊന്നിലേറെയും (ഇപ്പോള്‍ പകുതിയും) കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളൂടെ വിവിധ നികുതികളാണെന്ന യാഥാര്‍ഥ്യം പൊതുജനങ്ങളില്‍ നിന്ന് സമര്‍ഥമായി മറച്ചു പിടിച്ചാണ് വിവിധ സര്‍ക്കാരുകളുടെ സാമ്പത്തിക വിദഗ്ധര്‍ ഈ അവസ്ഥ സൃഷ്ടിച്ചത്. അവസാനം ക്രൂഡ് ഓയില്‍ വിലയ്ക്കനുസൃതമായി പെട്രോള്‍ – ഡീസല്‍ വില നിശ്ചയിക്കാനുള്ള അവകാശം സര്‍ക്കാര്‍ പെട്രോളിയം കമ്പനികള്‍ക്കു നല്‍കുകയും ചെയ്തു.

പെട്രോളിന്റെയും ഡീസലിന്റെയും വിലനിയന്ത്രണം പെട്രോളിയം കമ്പനികള്‍ക്കു നല്‍കുമ്പോഴുണ്ടായിരുന്ന പ്രധാന ആശങ്ക ക്രൂഡ് ഓയില്‍ വിലകുറയുമ്പോള്‍ കമ്പനികള്‍ പെട്രോള്‍- ഡീസല്‍ വില കുറയ്ക്കാതിരിയ്ക്കുമോ എന്നതായിരുന്നു. ഈ ആശങ്കയെ സാധൂകരിക്കുന്നതായിരുന്നു വിലനിയന്ത്രണാവകാശം കൈവരിച്ച ശേഷമുള്ള അവരുടെ നടപടികള്‍. ക്രൂഡ് ഓയിലിന് വിലയിടിയുമ്പോഴൊക്കെ വിലയിരുത്തലുകള്‍ മനപ്പൂര്‍വം വൈകിച്ചു, ഇടയ്ക്കുണ്ടാവുന്ന ചെറിയ കയറ്റങ്ങളുടെ പേരില്‍ അവസാനം വില കുറയ്ക്കുന്നതുപേക്ഷിക്കയും ചെയ്യുകയായിരുന്നു മിക്കപ്പോഴും അവരുടെ പതിവ്. അതും പോരാഞ്ഞ്, ഡോളറുമായുള്ള വിനിമയ നിരക്കു വ്യതിയാനം പറഞ്ഞ് പലവട്ടം വില കുറയ്ക്കാതിരുന്നു.

കഴിഞ്ഞ ഒന്നര വര്‍ഷമായി സ്ഥിതിഗതികള്‍ അതിലുമേറെ ഗുരുതരമായിരിക്കുന്നു. പെട്രോളിയം കമ്പനികള്‍ വില കുറയ്ക്കാനൊരുങ്ങുമ്പോഴേക്കും കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി വര്‍ദ്ധിപ്പിക്കുകയായി! ഒരുതരത്തില്‍ പറഞ്ഞാല്‍ വില നിയന്ത്രണം കേന്ദ്ര സര്‍ക്കാരിന്റെ കൈകളില്‍ തന്നെ! വില നിയന്ത്രണാവകാശം പെട്രോളിയം കമ്പനികള്‍ക്കു നല്‍കിയതിലൂടെ ഫലത്തില്‍ വില കൂടുമ്പോള്‍ അവര്‍ക്ക് യഥേഷ്ടം വില വര്‍ദ്ധിപ്പിക്കുകയുമാകാം, വില കുറയേണ്ട സമയത്ത് കേന്ദ്രസര്‍ക്കാര്‍ അതിനൊട്ടനുവദിക്കുകയും ഇല്ല എന്നതായിരുക്കുന്നു അവസ്ഥ.

പെട്രോള്‍ ഡീസല്‍ വില അടിയ്ക്കടി ഉയര്‍ത്തിക്കൊണ്ടിരുന്നപ്പോഴൊക്കെ ‘അന്താരാഷ്ട്ര വിലയ്ക്കനുസൃതമായി’ എന്നു ന്യായം പറഞ്ഞുകൊണ്ടിരുന്നവര്‍ അതെല്ലാം വിഴുങ്ങി! 2014 ജൂലൈയില്‍ ബാരലിന് 115 ഡോളറായിരുന്ന ക്രൂഡ് ഓയില്‍ വില ഇപ്പോള്‍ 40 ഡോളറായി താഴ്ന്നപ്പോള്‍ ഇതേ കാലയളവില്‍ പെട്രോള്‍ വില 77 രൂപയില്‍ നിന്നു  65 രൂപയായും, ഡീസല്‍ വില 61 രൂപയില്‍ നിന്ന് 51 രൂപയായും മാത്രമാണ് കുറഞ്ഞത്. ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന പല രാജ്യങ്ങളും കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പെട്രോള്‍, ഡീസല്‍ വിലയില്‍ 40 മുതല്‍ 55 ശതമാനം വരെ വില കുറച്ചപ്പോള്‍ നമ്മുടെ രാജ്യത്ത് ഇക്കാലയളവിലുണ്ടായ വിലക്കുറവ് 15 ശതമാനം മാത്രം. ക്രൂഡ് ഓയിലിന്റെ ചരിത്രത്തിലേക്കും വലിയ വിലയിടിവിന്റെ പ്രയോജനം ജനങ്ങള്‍ക്കു കൈമാറാന്‍ ‘അച്ഛാ ദിന്‍’ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ എന്‍.ഡി.എ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി പലവട്ടം വര്‍ദ്ധിപ്പിച്ച് ജനങ്ങള്‍ക്കു പെട്രോളും ഡീസലും കുറഞ്ഞ വിലയ്ക്കു കിട്ടുമായിരുന്ന സാഹചര്യം എന്‍.ഡി.എ സര്‍ക്കാര്‍ അപഹരിച്ചു.

പെട്രോളിയം ഉത്പന്നങ്ങളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇത്രയും ജനവിരുദ്ധനയം തുടരുമ്പോഴും അതിനെതിരെ പ്രതിപക്ഷ കക്ഷികളില്‍ നിന്ന് കടുത്ത പ്രതിഷേധമുയരുന്നില്ല എന്നതാണ് ഏറെ അമ്പരപ്പിക്കുന്നത്. ഇന്നേവരെ നേരിട്ട ഏറ്റവും കനത്ത പരാജയത്തിലും രാജ്യത്തെ 20% ജനങ്ങളുടെ വോട്ടു ലഭിച്ച മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്സ് ജനങ്ങളോടുള്ള അവരുടെ ഉത്തരവാദിത്വം നിര്‍വഹിച്ചില്ല. രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില 65 ശതമാനത്തോളം ഇടിഞ്ഞപ്പോഴും നമ്മുടെ രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കേവലം 15% മാത്രമേ കുറവുവന്നുള്ളൂ എന്നത് രാജ്യവ്യാപകമായ പ്രക്ഷോഭങ്ങള്‍ക്കു തുടക്കമിടാന്‍ തക്കവണ്ണം ഗുരുതരമല്ലേ എന്ന് കോണ്‍ഗ്രസ്സ് ചിന്തിക്കണം. രാഹുലിനെ മുന്നോട്ടു കൊണ്ടുവരുന്നതിനും സോണിയാ കുടുംബത്തിനെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ പ്രതിരോധിക്കാനും ശ്രമിക്കുന്നതിനപ്പുറം കോണ്‍ഗ്രസ്സ് ജനകീയ പ്രശ്‌നങ്ങങ്ങളെപ്പറ്റി ആലോചിക്കാനും ഇടപെടാനും കൂടുതല്‍ സമയം കണ്ടത്തേണ്ടതുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചതിനനുസൃതമായി യു.പി.എ. സര്‍ക്കാറിന്റെ കാലത്തുണ്ടായ പെട്രോള്‍ – ഡീസല്‍ വില വര്‍ദ്ധനയ്‌ക്കെതിരെ നിരവധി തവണ ബന്ദു സംഘടിപ്പിച്ച സി.പി.എം ഉള്‍പ്പെടുന്ന ഇടതു രാഷ്ട്രീയ പാര്‍ട്ടികള്‍, ഇപ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി എന്‍.ഡി.എ. സര്‍ക്കാര്‍ അടിയ്ക്കടി ഉയര്‍ത്തിയതു കാരണം പെട്രോള്‍ – ഡീസല്‍ വില കുറയാതിരിക്കുന്നത് അറിഞ്ഞ ലക്ഷണമില്ല! ക്രൂഡോയില്‍ വിലയിടിവിന് ആനുപാതികമായി കമ്പനികള്‍ പെട്രോള്‍ – ഡീസല്‍ വില കുറയ്ക്കാതിരിയ്ക്കുന്നതിലും അവര്‍ക്കാക്ഷേപമില്ല! ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ബന്ദുകളൊന്നും സംഘടിപ്പിക്കേണ്ടതില്ല, പക്ഷേ ജനാധിപത്യ രീതിയില്‍ ശക്തമായി പ്രതിഷേധിക്കേണ്ട ഉത്തരവാദിത്തം പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്കില്ലേ?

കേന്ദ്രസര്‍ക്കാര്‍ ഓരോതവണ എക്‌സൈസ് നികുതി വര്‍ദ്ധിപ്പിച്ചപ്പോഴും, ‘ഉപയോക്താക്കള്‍ക്കു പക്ഷേ വിലവര്‍ദ്ധനയുണ്ടാകില്ല’, എന്നരീതിയില്‍ വാര്‍ത്ത നല്‍കി കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നടപടിയെ ലഘൂകരിച്ചു കാട്ടിയ പ്രമുഖ ദേശീയമാധ്യമങ്ങളും പത്രധര്‍മ്മമാണോ പരിപാലിച്ചത് എന്നകാര്യത്തില്‍ സന്ദേഹമുണ്ട്. ജനപക്ഷനിലപാടുകളല്ല ഏതായാലും അവര്‍ പ്രതിഫലിപ്പിച്ചത്. ഓരോ തവണയും പെട്രോളിയം കമ്പനികള്‍ പെട്രോള്‍ ഡീസല്‍ വിലയില്‍ വരുത്താനിരുന്ന വിലക്കുറവിന്റെയത്രയും വില അധിക നികുതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നില്ല. എന്നാല്‍ എക്‌സൈസ് നികുതി വര്‍ദ്ധനവിന്റെ മറവില്‍ കമ്പനികള്‍ വിലക്കുറവ് പൂര്‍ണമായി ഉപേക്ഷിച്ചു. ക്രൂഡ് ഓയില്‍ വിലക്കുറവിന്റെ ലാഭം എന്‍.ഡി.എ സര്‍ക്കാരും കമ്പനികളും തമ്മില്‍ അക്ഷരാര്‍ഥത്തില്‍ വീതംവച്ചു. ഇതു തുറന്നുകാട്ടാന്‍ ഫലത്തില്‍ ആരും ഉണ്ടായില്ല. യു.പി.എ. സര്‍ക്കാറിന്റെ കാലത്ത് പെട്രോളിയം കമ്പനികളുടെ ‘കൊള്ളയടി’യെപ്പറ്റി കണക്കുകള്‍ നിരത്തി ഘോരഘോരം ചാനലുകളില്‍ നിറഞ്ഞു നിന്നവരേയും (പാര്‍ട്ടിയുടെ ലോക്‌സഭാ സ്ഥാനാര്‍ഥിയായ ബി.ജെ.പി നേതാവിനേയും) കഴിഞ്ഞ ഒന്നര വര്‍ഷമായി കാണാനില്ല!

കോണ്‍ഗ്രസ്സ് ഉള്‍പ്പെടുന്ന പ്രതിപക്ഷ കക്ഷികളുടെ, ഒപ്പം സാമ്പത്തിക വിദഗ്ദ്ധരെന്ന വിശേഷണം സ്വയം പേറുന്ന കുറെ ദേശീയ മാധ്യമങ്ങളുടേയും, മൃദുസമീപനം ക്രൂഡ് ഓയിലിന്റെ വില താഴുന്നതിനനുസരിച്ച് നികുതി വഴിയോ അല്ലാതെയോ വില ഉയര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായാന്‍ കേന്ദ്ര സര്‍ക്കാറിന് ധൈര്യം പകര്‍ന്നു നല്‍കുകയും ചെയ്യുന്നുണ്ട് എന്നും കരുതേണ്ടി വരുന്നു. ക്രൂഡ് ഓയിലിന്റെ രാജ്യന്തര വില ഇനിയും കുറഞ്ഞാലും നമ്മുടെ പെടോളിന്റെയും ഡീസലിന്റെയും വിലയില്‍ കുറവുണ്ടാവില്ല എന്ന കേന്ദ്ര പെട്രോളിയം മന്ത്രി വര്‍ഷാദ്യം നടത്തിയ പ്രഖ്യാപനം സൂചിപ്പിക്കുന്നത് അതു തന്നെ. എക്‌സൈസ് നികുതി അടിയ്ക്കടി ഉയര്‍ത്തിയതിനു പുറമെ, പെട്രോളിനും ഡീസലിനും ‘സെസ് കൂടി ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍. കോണ്‍ഗ്രസുള്‍പ്പെടുന്ന പ്രതിപക്ഷകക്ഷികള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ക്രൂഡ് ഓയിലിന് എത്ര വിലയിടിഞ്ഞാലും അതിന്റെ ഗുണം ഉപയോക്താക്കളുടെ കയ്യില്‍ എത്തില്ല എന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാടുകള്‍ സൂചിപ്പിക്കുന്നത്. 

പെടോളും ഡീസലും കേവലം ഏതെങ്കിലും രണ്ടു വസ്തുക്കളല്ല; മറിച്ച് അതു ഒട്ടനവധി അവശ്യ വസ്തുക്കളുടെ വില നിര്‍ണയിക്കുന്നതില്‍ പ്രഥമസ്ഥാനത്തു നില്‍ക്കുന്ന രണ്ടു വസ്തുക്കളാണ്. പെട്രോള്‍ – ഡീസല്‍ വില കുറഞ്ഞു നില്‍ക്കേണ്ടതിന്റെ പ്രസക്തിയും അതുതന്നെ. വിലനിയന്ത്രണം സര്‍ക്കാരിന്റെ കയ്യിലായിരുന്ന നാളുകളില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില വര്‍ദ്ധിക്കുമ്പോളും സബ്‌സിഡി നല്‍കി ഇവിടെ പെട്രോള്‍ – ഡീസല്‍ വില പിടിച്ചു നിര്‍ത്തിയിരുന്നു എന്നതോര്‍ക്കുക. വാര്‍ഷിക ബഡ്ജറ്റിലൂടെ മാത്രം പെട്രോള്‍ – ഡീസല്‍ വില ഉയര്‍ത്തപ്പെട്ടിരുന്ന ഒരു ഭൂതകാലവും നമുക്കുണ്ടായിരുന്നു! പെട്രോള്‍ – ഡീസലിന്റെ വിലകുറച്ച് അവശ്യ വസ്തുക്കളുടെ വിലകുറയ്ക്കാമായിരുന്ന കനകാവസരം കരഗതമായിട്ട് അതിനു വഴിതെളിക്കാതെ, ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണിയിലുണ്ടായ കനത്ത വിലയിടിവ്, കേന്ദ്ര സര്‍ക്കാര്‍ വരുമാന വര്‍ദ്ധനവിനുള്ള അവസരമാക്കി മാറ്റിയത് അക്ഷന്ത്യവമായ പിഴവും അങ്ങേയറ്റം ഉത്തരവാദിത്വ രഹിതമായ നടപടിയുമാണ്.

ഒരുതരത്തില്‍ പറഞ്ഞാല്‍,  യന്ത്രയുഗത്തില്‍ മനുഷ്യന് അത്യാവശ്യമായിക്കഴിഞ്ഞ പെട്രോള്‍ – ഡീസല്‍, ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്ത് ജനങ്ങള്‍ക്കു നല്‍കുന്ന ഒരു ഇടനിലക്കാരന്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍. മറ്റു രീതിയില്‍ ജനങ്ങള്‍ക്കു ഇന്ധനം ലഭിക്കാന്‍ അവസരമില്ലെതിരിക്കേ, അതിന് അമിതമായ തോതില്‍ എക്‌സൈസ് നികുതി ഏര്‍പ്പെടുത്തി ജനങ്ങളെ ചൂഷണം ചെയ്യുന്നത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. ഒരു ഉത്പന്നത്തിന്റെ വിലകുറയുമ്പോള്‍ അതിന്റെഗുണം ലഭിക്കേണ്ടത് സ്വാഭാവികമാവും അതിന്റെ ഉപയോക്താക്കള്‍ക്കാണ്; ഇടനിലക്കാരനല്ല. ഒരു സ്വകാര്യ ഇടനിലക്കാരന്‍ / കച്ചവടക്കാരന്‍ പ്രവര്‍ത്തിക്കുന്ന ലാഭവാഞ്ഛയോടെ ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനം ഒരു ദേശീയസര്‍ക്കാര്‍ കൈക്കൊള്ളുന്നത് ഒട്ടുംതന്നെ ഭൂഷണമല്ല.

പെട്രോള്‍ – ഡീസല്‍ വില നിര്‍ണയാധികാരം പെട്രോളിയം കമ്പനികള്‍ക്കു നല്‍കിയതോടെ ക്രൂഡ് ഓയിലിന് ഉയര്‍ന്ന വിലയുള്ളപ്പോള്‍ പെട്രോളിനും ഡീസലിനും ഉയര്‍ന്ന വിലനല്‍കേണ്ടി വരുന്ന ഉപയോക്താക്കള്‍, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് കുറഞ്ഞ വിലയുള്ളപ്പോഴും ഉയര്‍ന്നവിലയ്ക്കു പെട്രോള്‍ ഡീസല്‍ വാങ്ങേണ്ടി വരുന്ന സാഹചര്യം ചോദ്യം ചെയ്യപ്പേടേണ്ടതു തന്നെയാണ്. ക്രൂഡോയിലു വിലയിടിയുമ്പോഴെല്ലാം നികുതി വര്‍ദ്ധിപ്പിക്കയും, വിലയിടിവിനാനുപാതികമായി വിലക്കുറവു വരുത്താതിരിക്കാന്‍ പെട്രോളിയം കമ്പനികളെ അനുവദിക്കുകയും ചെയ്യുന്ന എന്‍.ഡി.എ. സര്‍ക്കാറിന്റെ ഈ കടുത്ത ജനവിരുദ്ധ നയത്തിനെതിരെ കോണ്‍ഗ്രസ്സ് ഉള്‍പ്പെടുന്ന പ്രതിപക്ഷകക്ഷികളൂടെ മൃദുസമീപനം (മൗനസമ്മതം) ഞെട്ടലുളവാക്കുന്നതാണ്.

കേവലം പത്രപ്രസ്താവനയിലും ചാനല്‍ സംവാദങ്ങളിലും ഒതുങ്ങേണ്ടതല്ല ഇക്കാര്യത്തില്‍ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ പ്രതിഷേധങ്ങള്‍. ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാഷ്ട്രത്തില്‍ ഇത്രകൊടിയ ജനവിരുദ്ധ നിലപാടുകള്‍ ഒരു ദേശീയ സര്‍ക്കാര്‍ കൈക്കൊള്ളുമ്പോഴും അതു ചോദ്യം ചെയ്യാന്‍ രാജ്യത്തു ആരും ഇല്ലെന്നു വരുന്നത് അത്യധികം ആപകല്‍ക്കരമാണ്. ജനാധിപത്യത്തിനു തന്നെ ഭീഷണിയാകുന്നതാണ് ഇത്തരം തണുപ്പന്‍ നിലപാടുകള്‍.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍