UPDATES

സിനിമ

ഫുക്രി: സ്കിറ്റ് ഹാസ്യത്തിന്റെ ഏച്ചുകെട്ടലുകള്‍; സിദ്ദിഖ്, താങ്കളില്‍ നിന്നും ഇത്ര പ്രതീക്ഷിച്ചില്ല

പി ആർ കമ്പനികൾ ആയ മാസികകളും ചാനലുകളും ഓൺലൈൻ മീഡിയ പങ്കാളികളും ഫാൻസ്‌ സംഘടനകളും പാടുന്ന സ്തുതി ഗീതങ്ങൾക്കപ്പുറം പ്രേക്ഷകർ എന്നൊരു വിഭാഗം ഉണ്ടെന്ന് ഓര്‍ക്കുന്നത് നന്ന്

അപര്‍ണ്ണ

അപര്‍ണ്ണ

മലയാള സിനിമയിലെ ഏറ്റവും വിജയിച്ച ജനപ്രിയമായ കൂട്ടുകെട്ടുകളിൽ ഒന്നാണ് സിദ്ദിഖ്-ലാലിന്റേത്. ആ കൂട്ടുകെട്ട് പിരിഞ്ഞതിന് ശേഷവും സിദ്ദിഖ് സിനിമകൾ സ്വീകരിക്കപ്പെട്ടിരുന്നു. വമ്പൻ റീ മേക്കുകൾ വരെ സംഭവിച്ചു. 100 കോടി ക്ലബ്ബിൽ ഇടം നേടിയ സംവിധായകനായി സിദ്ദിഖ് മാറി. സിദ്ദിഖ് -ജയസൂര്യ കോമ്പിനേഷനും വിചിത്രമായ പേരും കുടുംബ കഥയുമെല്ലാമായിരുന്നു ഫുക്രിയെ സംബന്ധിച്ച പ്രേക്ഷക പ്രതീക്ഷകൾ.

സുലൈമാൻ ഫുക്രി (സിദ്ദിഖ്) കാരണവരായ വലിയൊരു തറവാടാണ് ഫുക്രി കുടുംബം. ഇദ്ദേഹത്തിന്റെ മകൻ അലി ഫുക്രി(ലാൽ) കുടുംബ പാരമ്പര്യത്തെ ധിക്കരിച്ചു അന്യമതസ്ഥയായ ഒരു സ്ത്രീയെ വിവാഹം ചെയ്യുന്നു. അച്ഛനും മകനും തമ്മിലും രണ്ടു കുടുംബങ്ങൾ തമ്മിലും പകയും ശത്രുതയും ഉണ്ടാകുന്നു. ഇത് തലമുറകൾ നീളുന്നു. ഇതിനിടക്ക് സുലൈമാന്റെ മറ്റു രണ്ട് പേരക്കുട്ടികളായ നഫ്സിയും (പ്രയാഗ മാർട്ടിൻ) സനയും (ശാലിനി) കോളേജിലെ ചെറിയ ഒരു കുസൃതിയിൽ നിന്ന് രക്ഷപെടാൻ ലക്കിയെയും (ജയസൂര്യ) സംഘത്തെയും പരിചയപ്പെടുന്നു. വീട്ടുകാരിൽ ചിലർ ഇതറിഞ്ഞപ്പോൾ രക്ഷപ്പെടാൻ ഇയാൾ അലി ഫുക്രിയുടെ മകൻ ആണെന്ന് പറയേണ്ടി വന്നു. പിന്നീട് നടക്കുന്ന നാടകീയ സംഭവ വികാസങ്ങൾ ആണ് സിനിമ.

തമാശക്കൊപ്പം തന്നെ പറയുന്ന തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും അന്നത്തെ സാമൂഹ്യാവസ്ഥകളുടെയും കഥകളാണ് സിദ്ദിഖ് ലാൽ സിനിമകളെ ഇത്രയും ജനകീയമാക്കിയത്. കാലം കുറെ കഴിഞ്ഞു രണ്ടു പേരും എടുത്ത എല്ലാ സിനിമകളും പണക്കൊഴുപ്പിന്റെ ധാരാളിത്തമുള്ള ഫ്രെയിമുകളിൽ കുടുങ്ങി കിടന്നു. പലപ്പോഴും കഷ്ടപ്പാട് നിറഞ്ഞ നായകനെ, പ്രധാന കഥാപാത്രങ്ങളെ ഒക്കെ തന്നെ സമ്പന്ന കുടുംബങ്ങളിലേക്ക് സിനിമയുടെ മുക്കാൽ പങ്കും പറിച്ചു നട്ടു. ഫുക്രിയിലും സംഭവിച്ചത് അത് തന്നെയാണ്. മറ്റൊരു മാറ്റം സ്പോട് കോമഡിയിൽ നിന്നും സ്കിറ്റ് കോമഡിയിലേക്കുള്ള പരിണാമം ആണ്. ആ പരിണാമം മലയാള സിനിമക്ക് മൊത്തം സംഭവിച്ച ഒന്നാണ്. അതിന്റെ പ്രതിഫലനങ്ങളും വളരെ വ്യക്തമായി ഈ സിനിമയിൽ ഉണ്ട്. ഹാസ്യത്തിന്റെ ഭാവുകത്വങ്ങൾ ഒരു കാലത്ത് മാറ്റാൻ ധൈര്യം കാണിച്ച സംഘത്തിലെ ഒരംഗം തന്നെ ഇപ്പോഴത്തെ സ്കിറ്റ് ഹാസ്യത്തിന്റെ ഏച്ചുകൂട്ടലുകളിൽ മുഴുകുന്നത് കാണാം.

അല്ലറ ചില്ലറ തട്ടിപ്പുകൾ നടത്തുന്ന നായകൻ കാരണം രണ്ടു കുടുംബങ്ങൾ ഒന്നിക്കുന്ന കഥയ്ക്ക് ചുരുങ്ങിയത് 3 ദശാബ്ദത്തോളം പഴക്കമുണ്ട്. എന്തായാലും കാര്യസ്ഥനും ഉദയപുരം സുൽത്താനും പെരുവണ്ണാപുരത്തെ വിശേഷങ്ങളും പിന്നെ അവിടവിടെയായി ചിതറി കിടക്കുന്ന ഒരുപിടി മലയാള സിനിമകളും ചേർത്ത് കൂട്ടി ഒട്ടിച്ച പോലെയാണ് ഫുക്രിയിലെ കഥാഗതിയുടെ യാത്ര. തമാശകളും പ്രണയവും കലഹവും കുടുംബവും എല്ലാം അത് പോലെ തന്നെ.പശ്ചാത്തല സംഗീതത്തിൽ പോലും അണുവിട വ്യത്യാസമില്ല. സിദ്ദിഖിന്റെ ഫുക്രി എന്ന കാരണവരും കെ പി എ സി ലളിതയുടെ പാട്ടിയുമെല്ലാം മുപ്പത് കൊല്ലമെങ്കിലുമായി ഇവിടെ ഉള്ളവരാണ്. ഇടക്ക് പഴയ സിദ്ദിഖ് ലാൽ സിനിമയുടെ തന്നെ അവർത്തനങ്ങളും ദയനീയമായി പരാജയപ്പെട്ടു കൊണ്ട് സിനിമയിൽ വന്നു പോകുന്നു.

സിദ്ദിഖിന്റെ സിനിമകളിൽ പെണ്‍ കഥാപാത്രങ്ങൾ കൊണ്ടുപോകുന്ന ഉപകഥകളും ഉണ്ടാവാറുണ്ട് (ഫ്രണ്ട്‌സ്, ക്രോണിക്ക് ബാച്ചിലർ, ബോഡി ഗാർഡ്). അത് പ്രധാന കഥയുമായി കൂട്ടി യോജിക്കുന്ന ബിന്ദു ചിലപ്പോളൊക്കെ പുതുമ ഉണ്ടാക്കാറുണ്ട്. ഫുക്രിയിലും അത്തരം ഒരു നരേറ്റിവിന്റെ തുടർച്ചക്കായി അറിഞ്ഞോ അറിയാതെയോ ശ്രമിച്ചിട്ടുണ്ട്. ആലിയ എന്ന അനു സിത്താരയുടെ കഥാപാത്രം അത്തരത്തിൽ നിർമ്മിച്ച ഒന്നാണ്. പക്ഷെ സിനിമയ്ക്കിടയിൽ എപ്പോഴോ ആ കഥാപാത്രത്തിന്റെ തുടർച്ചയും കൈമോശം വന്നു പോയി. രണ്ടാം പകുതിയോടെ ക്രമമില്ലാതെ ഒഴുകുന്ന കുറെ രംഗങ്ങൾ മാത്രമായി സിനിമ മാറുകയും ചെയ്തു. പറഞ്ഞു പഴകി തേഞ്ഞ കഥ ആയതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് യാതൊരു തരത്തിലും കൗതുകമുണ്ടാക്കാൻ പോന്നവ ആയിരുന്നില്ല ട്വിസ്റ്റുകളും ടേണുകളും ഒന്നും. സിദ്ദിഖ് സിനിമയിൽ ഇങ്ങനെ ഒക്കെ ഉണ്ടാവാം എന്ന നിർബന്ധം കൊണ്ട് ചെയ്യും പോലെ യാന്ത്രികമായിരുന്നു അവയെല്ലാം.

കാലത്തിനൊപ്പം നടക്കുക കാലഹരണപ്പെടുക എന്നതൊക്കെ മലയാളത്തിലെ ജനപ്രിയ സിനിമാക്കാർ മനസിലാക്കിയത് എങ്ങനെയാണെന്ന അത്ഭുതം ഉണ്ടാവുന്നുണ്ട്. പഴയ കാലത്തെ വസ്ത്രങ്ങൾ പുതിയ ഫാഷനിൽ മാറ്റുന്നതും പത്താം ക്ലാസും വായ്നോട്ടവും ഉള്ള നായകൻ എഞ്ചിനീയറിങ് കഴിഞ്ഞവൻ ആകുകയും ചെയ്താൽ കാലത്തിനൊപ്പം നടക്കലായോ..? പഴയ കഥകൾ റീ മിക്സ് പാട്ട് പോലെ പുതിയ കുപ്പിയിൽ നിറത്തിൽ എത്തിച്ചാൽ പുതു തലമുറ സംവിധായകൻ ആയോ..? പല പോപ്പുലർ മലയാള സിനിമകളും കണ്ടാൽ മനസ്സിൽ ഈ ചോദ്യം ഉയര്‍ന്നു വരാൻ സാധ്യതയുണ്ട്. പിന്നെ പി ആർ കമ്പനികൾ ആയ മാസികകളും ചാനലുകളും ഓൺലൈൻ മീഡിയ പങ്കാളികളും ഫാൻസ്‌ സംഘടനകളും പാടുന്ന സ്തുതി ഗീതങ്ങൾക്കപ്പുറം പ്രേക്ഷകർ എന്നൊരു വിഭാഗം ഉണ്ടെന്നു ഈ സിനിമകൾ അപൂർവമായേ ഓർക്കാറുള്ളു. ഫുക്രിയും ഏറിയും കുറഞ്ഞും അങ്ങനെയൊക്കെ തന്നെയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍