UPDATES

ഫുള്‍ബ്രൈറ്റ്- നെഹ്രു ഫെല്ലോഷിപ്പില്‍ നിന്നും നെഹ്രുവിന്റെ പേരുവെട്ടി

അഴിമുഖം പ്രതിനിധി

പ്രഗത്ഭരായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ ഉന്നതവിദ്യാഭ്യാസത്തിനായി ഇന്ത്യാ-യുഎസ് സര്‍ക്കാരുകള്‍ സംയുക്തമായി നല്‍കുന്ന ഫുള്‍ബ്രൈറ്റ്- നെഹ്രു ഫെല്ലോഷിപ്പ് ഇനി അറിയപ്പെടുക ഫുള്‍ബ്രൈറ്റ് – ഇന്ത്യ എന്നായിരിക്കും.  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം യുഎസ് സന്ദര്‍ശനത്തിനു ശേഷമാണ് ഫെല്ലോഷിപ്പില്‍ നിന്നും നെഹ്രുവിന്റെ പേര് നീക്കം ചെയ്യപ്പെട്ടത്. മോദിയുടെ സന്ദര്‍ശനത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഈ വിഷയം ശ്രദ്ധയില്‍പ്പെടാതെ പോകുകയായിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് ജീവന്‍ വച്ചുതുടങ്ങിയിരിക്കുകയാണ്. മോദി സര്‍ക്കാര്‍ നെഹ്രുവിനെ കുറിച്ചും മുന്‍ കോണ്‍ഗ്രസ് നേതാക്കന്‍മാരെ കുറിച്ചും ഉള്ള ഓര്‍മ്മകള്‍ ഇന്ത്യയുടെ ചരിത്രത്തില്‍ നിന്നും മായ്ച്ചു കളയാന്‍ നടത്തുന്ന ഇടപെടലുകള്‍ പ്രതിഷേധമേറ്റു വാങ്ങുകയാണ്.

1950 ഫെബ്രുവരി രണ്ടാം തീയതി അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും യുഎസ് അംബാസഡര്‍ ലോയ് ഹെന്‍ഡേഴ്സണും ചേര്‍ന്നാണ് ഈ കരാര്‍ ഒപ്പുവച്ചത്. മുന്‍ യുഎസ് പ്രസിഡന്റ് ജെയിംസ് ഫുള്‍ബ്രൈറ്റ്, നെഹ്‌റു എന്നിവരുടെ പേരിലാണ് ഇതിന്‍പ്രകാരം നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ അറിയപ്പെട്ടിരുന്നത്.  ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും യുഎസ് വിദ്യാര്‍ത്ഥികളും അടക്കം 17000 പേര്‍ക്ക് ഇതുവരെ ഈ കരാറനുസരിച്ച് വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജും യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ കെറിയും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം സെപ്തംബര്‍ 23ന് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചു നടക്കുന്ന പഠനത്തിനായുള്ള  ഫുള്‍ബ്രൈറ്റ്-ഇന്ത്യ ഫെലോഷിപ്പ് പ്രഖ്യാപിക്കുകയുണ്ടായി. പേരില്‍ മാറ്റം വന്നതിനു ശേഷമുള്ള ആദ്യ ഫെലോഷിപ്പ് പ്രഖ്യാപനമായിരുന്നു ഇത്.

ഇത് കൂടാതെ 2009-ല്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിംഗും ഒപ്പുവച്ച ഒബാമ-സിംഗ് ഇരുപത്തൊന്നാം നൂറ്റാണ്ട് നോളജ് ഇനിഷിയേറ്റിവ് എന്ന കരാറില്‍ നിന്നും അവരുടെ പേരുകള്‍ മാറ്റി യുസ്-ഇന്ത്യ എഡ്യൂക്കേഷണല്‍ ഫൗണ്ടേഷന്‍ എന്നാക്കുകയും ചെയ്തു.

സ്വാതന്ത്ര്യസമരസേനാനികളുടെ പേരുകള്‍ തിരുത്തിയെഴുതുന്നത്തിലൂടെ  അവര്‍ മാറ്റാന്‍ ശ്രമിക്കുന്നത് പേരുകള്‍ മാത്രമല്ല, ചരിത്രം കൂടിയാണ് എന്ന്‌ കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് പ്രതികരിച്ചു. ഈ നടപടികള്‍ അത്യന്തം വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ നയതന്ത്രനിയമങ്ങളുടെ ഭാഗമായാണ് ഈ മാറ്റങ്ങള്‍ എന്നാണ് എംബസിയുടെ ഭാഗത്തുനിന്നുള്ള വിശദീകരണം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍