UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിബന്ധന, പി എഫ് പൂര്‍ണമായും പിന്‍വലിക്കാനാകില്ല

അഴിമുഖം പ്രതിനിധി

അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണ വേളയില്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെറ്റ്‌ലി തൊഴിലാളികളുടെ പിഎഫിനുമേല്‍ നികുതി ഏര്‍പ്പെടുത്തുകയും രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നപ്പോള്‍ തിരിച്ചടിയാകും എന്ന് കണ്ട് പിന്നീട് അത് പിന്‍വലിക്കുകയും ചെയ്തിരുന്നു. ആദ്യമായാണ് ഒരു സര്‍ക്കാര്‍ പിഎഫിനുമേല്‍ നികുതി ഏര്‍പ്പെടുത്താന്‍ തുനിഞ്ഞത്. എന്നാല്‍ കഴിഞ്ഞ മാസം 10-ാം തിയതി കേന്ദ്ര തൊഴില്‍ മന്ത്രാലയം കൊണ്ടു വന്ന പുതിയ നിബന്ധന തൊഴിലാളികള്‍ക്ക് തിരിച്ചടിയാകും.

ജോലി നഷ്ടപ്പെട്ട് രണ്ട് മാസം കഴിഞ്ഞ് ഒരാള്‍ പിഎഫ് തുക പിന്‍വലിക്കാന്‍ ഒരുങ്ങിയാല്‍ തുക പൂര്‍ണമായും ലഭിക്കില്ല. അയാള്‍ ജോലി ചെയ്തിരുന്ന കാലത്ത് അയാളുടെ വിഹിതമായി അടച്ചിരുന്ന തുകയും അതിന്റെ പലിശയും മാത്രമേ ലഭിക്കുകയുള്ളൂ. കമ്പനിയുടെ വിഹിതമായി അടച്ച തുകയും പലിശയും 58 വയസ്സു കഴിഞ്ഞാലേ തൊഴിലാളിക്ക് ലഭിക്കുകയുള്ളൂ എന്നാണ് പുതിയ നിബന്ധന.

നേരത്തെ ഒരാള്‍ രണ്ട് മാസമോ അതിലധികമോ തൊഴില്‍ രഹിതനായി നിന്നാല്‍ പിഎഫ് അക്കൗണ്ടിലെ തുക പൂര്‍ണമായും പിന്‍വലിക്കാന്‍ സാധിക്കുമായിരുന്നു. പെന്‍ഷന്‍ ആകുന്നതിന് മുമ്പ് പിഎഫ് തുക പിന്‍വലിച്ച് സ്വന്തം ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ ഇനിയത് നടക്കില്ല.

വനിതകള്‍ക്ക് നിബന്ധനയില്‍ ഇളവുണ്ട്. വിവാഹം, ഗര്‍ഭധാരണം, പ്രസവം എന്നീ കാരണങ്ങളാല്‍ ജോലി രാജി വയ്ക്കുകയാണെങ്കില്‍ പണം പൂര്‍ണമായും പിന്‍വലിക്കാം.

58 വയസ്സുവരെ പിന്‍വലിക്കാന്‍ കഴിയാതെ കിടക്കുന്ന തൊഴില്‍ദാതാവിന്റെ വിഹിതത്തിന് പലിശ ലഭിക്കുമോയെന്ന കാര്യത്തില്‍ പുതിയ വിജ്ഞാപനം നിശബ്ദത പുലര്‍ത്തുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍