UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വര്‍ഗ്ഗീയ കൊലകളുടെ ലളിത സമവാക്യങ്ങള്‍

യാദൃശ്ചികമായി ഒരു സുഹൃത്ത് പങ്കുവച്ച ഒരു വീഡിയോ ആണ് ഈ ലേഖനം എഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. 

മുസ്ലീം ഭീകരതയ്ക്ക് എതിരെയും ഐഎസ് ഐഎസ് എന്ന ഭീകരസംഘടനയെ ഇല്ലായ്മ ചെയ്യാനും ആഹ്വാനം ചെയ്തു കൊണ്ട് ഒരു ഗ്രാമത്തിലെ ഒമ്പത് മുതല്‍ പതിനഞ്ചു വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അഖണ്ഡ ഹിന്ദുസ്ഥാന്‍ മോര്‍ച്ച നല്‍കുന്ന ആയുധ പരിശീലനത്തെ കുറിച്ചുള്ള ഒരു വീഡിയോ ആണിത്. The Wild West of Uttar Pradesh- Rise of the Radicalised Hindu Fringe എന്ന് പേരിട്ടിരിക്കുന്ന ഈ വീഡിയോയില്‍ ഡല്‍ഹിയില്‍ നിന്നും ഒന്നര മണിക്കൂര്‍ അകലെയുള്ള മീററ്റിലെ, രോറി ഗ്രാമത്തിലെ ചില പരിശീലനങ്ങള്‍ ആണ് ഇതില്‍ കാണിച്ചിരിക്കുന്നത്

രണ്ടായിരത്തി ഇരുപതു ആകുമ്പോഴേക്കും ‘മുസ്ലീം’ ഭീകര സംഘടനകള്‍ ഇന്ത്യയെ ആക്രമിക്കും എന്നും അത് തടയാന്‍ ഇന്നേ നമ്മള്‍ ശ്രമിക്കണം എന്നും ആഹ്വാനം ചെയ്താണ് ഈ പരിശീലനങ്ങള്‍ നടത്തുന്നത്. വീഡിയോ കാണുമ്പോള്‍ ഒരു പത്തു വയസ്സുള്ള ആണ്‍കുട്ടിയോട് ഈ പരിശീലനത്തിന് നേതൃത്വം കൊടുക്കുന്ന ചേതന ശര്‍മ (സോണല്‍ ഓഫീസര്‍, അഖണ്ഡ ഹിന്ദുസ്ഥാന്‍ മോര്‍ച്ച) പറയുന്ന വാചകങ്ങള്‍ ഇങ്ങനെ വിവര്‍ത്തനം ചെയ്യാം; ‘നോക്ക് നമ്മുടെ രാജ്യത്തെ സ്ത്രീകളെ മുസ്ലീങ്ങള്‍ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്യുന്നുണ്ട്. അവരെ രക്ഷിക്കാന്‍ അവരുടെ രക്ഷയ്ക്കായാണ് ഈ വാള്‍ പയറ്റ് നീ പഠിക്കുന്നത്. നിന്റെ സഹോദരിമാരുടെ രക്ഷക്ക് നീ ആയുധമെടുക്കുക തന്നെ വേണം.’ അതിനെ തുടര്‍ന്ന് ആ കുട്ടി കാണാപ്പാഠം പറയുന്നതുപോലെ ‘സഹോദരിമാരുടെ സുരക്ഷക്ക് വേണ്ടി ആയുധം എടുക്കുന്നത് ശരിയാണ്’ എന്ന് പറയുന്നു. 

മറ്റൊരു പെണ്‍കുട്ടിയോട് പറയുന്നതിങ്ങനെ’ നോക്ക്, നമുക്ക് ചരിത്രങ്ങള്‍ ആവര്‍ത്തിക്കുക അല്ല വേണ്ടത്, അതിനുവേണ്ടി നീ ആയുധം എടുക്കൂ എന്ന് പറയുന്നു. തുടര്‍ന്ന് ആ കുട്ടിയുമായുള്ള അഭിമുഖത്തില്‍ മുസ്ലീങ്ങള്‍ ഹിന്ദു പെണ്‍കുട്ടികള്‍ കോളേജില്‍ പോകുമ്പോള്‍ അവരെ പ്രേമിച്ചു വശത്താക്കുകയും പിന്നീടു അവരെ വധിക്കുകയും ചെയ്യുന്നു എന്ന് ആ പെണ്‍കുട്ടിയും പണ്ട് പഠിച്ചത് എന്തോ ഓര്‍ത്തെടുക്കുന്ന വിധത്തില്‍ പറയുന്നു. 

ഈ കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ പ്രണയത്തെ, മറ്റൊരു മതസ്ഥനെ ഏതു വിധത്തില്‍ ആയിരിക്കും കാണുക? എന്റെ ഓഫീസ് അനുഭവം പറയട്ടെ; ഞാന്‍ ജോലിചെയ്യുന്ന എന്‍ ജി യോ സ്ഥാപനത്തില്‍ ബിജെപി കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന, ഡല്‍ഹിയിലെ പ്രശസ്തമായ സ്‌കൂളുകളില്‍ പഠിച്ച ഒരു മുപ്പത്തിയഞ്ചുകാരിയുണ്ട്. ഒരിക്കല്‍ സംസാരത്തിനിടയില്‍ അവര്‍ എന്നോട് പറഞ്ഞു: ‘ഹോ.. എനിക്ക് ആ അര്‍ജുന്‍ഘട്ട് ഭാഗത്ത് പോകാനേ പേടിയാണ്. അവിടെയൊക്കെ മുസ്ലീങ്ങളാ…പേടിയാകും ആ വഴി പോകാന്‍, ഞാന്‍ എന്റെ മോനോടും പറഞ്ഞിട്ടുണ്ട് സ്‌കൂളില്‍ മുസ്ലീം കുട്ടികളുമായി അത്ര കമ്പനി ഒന്നും വേണ്ടാ എന്ന്’. ഒരു ശരാശരി ഹിന്ദു മാനസികാവസ്ഥയാണിത്. ഇതേപോലെ ഹിന്ദു ഭൂരിപക്ഷത്തെ ഭയക്കുന്ന ഒരുപാട് മുസ്ലീം ജീവിതങ്ങളും ഉണ്ട്. ഇത് എത്രത്തോളം ഭീകരമായ അന്തരീക്ഷം ആണ് ഓരോ ജനത്തിന്റെയും മനസുകളില്‍ സൃഷ്ടിക്കുന്നത്? ജോലിക്ക് വരുന്ന ആലം ഭയ്യയെയും സോണിയയെയും കുറ്റപ്പെടുത്തുന്നത് വോ തോ മുസ്ലീം ഹെ എന്ന് പറഞ്ഞാണ്. ഇവര്‍ എന്നെ രഹസ്യമായി വോ തോ മദ്രാസി ഹെ എന്ന് പറയുന്നതിനേക്കാള്‍, എത്രയോ ഭീകരമാണ് അവര്‍ പേറുന്ന മതത്തിന്റെ പേരില്‍ അവരെ യാതൊരു മറയും ഇല്ലാതെ അധിക്ഷേപിക്കുന്നത്. ഒരു പക്ഷെ ഇതിന്റെ ഒരു മൂര്‍ത്തരൂപമല്ലേ ഈ വീഡിയോകളില്‍ കാണുന്നത്? 

കഴിഞ്ഞ 22 കൊല്ലങ്ങളായി യു പിയില്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒയുടെ ഭാഗമായ എനിക്ക് ഈ പ്രവര്‍ത്തനങ്ങള്‍ ഒട്ടും അതിശയകരമായി തോന്നിയില്ല. കൊന്നുകളയും എന്ന ഭീഷണിയെ അതിജീവിച്ചു വേണം ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് ഓരോ ദിവസവും ഗ്രാമത്തില്‍ എത്താന്‍. വിശ്വ ഹിന്ദു പരിഷത്തിന്റെ തോക്കിന്‍ മുനയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ജെ കെ ഭയ്യയും ഞങ്ങളുടെ കൂടെ തന്നെയാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ യു പി യിലെ മീററ്റിനടുത്ത് ഒരു ഗ്രാമത്തില്‍ ഇത്തരമൊരു പരിശീലനം നടക്കുന്നു എന്നത് ഒട്ടും അതിശയോക്തിയല്ല എന്ന് നിസംശയം പറയാം.

ഇതേ വീഡിയോവില്‍ ഈ കുട്ടികള്‍ക്ക് ചേതന ശര്‍മ ചരിത്രക്ലാസുകള്‍ എടുക്കാറുണ്ട് എന്ന് പറയുന്നു. വളരെ അപകടകരമായ ഒന്നാണത് എന്ന് ഞാന്‍ കരുതുന്നു. എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്ന ഒന്നാണ് ചരിത്രം. പ്രത്യേകിച്ച് ഇന്ത്യപോലെ വിശാലമായ ഒരു രാജ്യത്തില്‍. ഓരോ നാട് രാജ്യത്തിനും ചരിത്രമുണ്ടായിരുന്ന ഒരു സ്ഥലം. ഇന്ത്യക്ക് പൊതുവായി അവകാശപ്പെടാവുന്ന ഒരു ചരിത്രം എന്നത് തീര്‍ത്തും അബദ്ധമായ ഒരു ധാരണയാണ് എന്ന് പല ചരിത്രകാരന്മാരും പറയുമ്പോള്‍ ആണ് ഇവര്‍ ‘അഖണ്ഡ ഭാരത’ ചരിത്ര പഠനം നടത്തുന്നത്. അതില്‍ പക്ഷെ മുസ്ലീം രാജഭരണവും കടന്നു കയറ്റങ്ങളും, ക്ഷേത്രം കൊള്ളയടിച്ചതും മാത്രമേ കാണുകയുള്ളൂ. സ്വാതന്ത്ര്യസമരത്തില്‍ മാപ്പെഴുതികൊടുത്തു ജയില്‍ മോചിതനായ ആര്‍ എസ് എസ് നേതാക്കളോ, ബ്രിട്ടീഷുകാരെ സഹായിച്ച സംഘി നിലപാടുകളോ, ആര്യന്മാരുടെ കടന്നുവരവോ അവര്‍ ഇന്ത്യയില്‍ ബ്രാഹ്മണനാമത്തില്‍ നടത്തിയ കുരുതികളോ കാണുകയില്ല എന്നത് നിശ്ചയം. ഇതെത്രമാത്രം പക്ഷപാതിത്വം നിറഞ്ഞതും അപകടകരവും ആണ് എന്നു നാം തിരിച്ചറിയണം. 

ഓരോ വീടിനുള്ളിലും ചെന്നു കൃത്യമായി മാതാപിതാക്കള്‍ക്ക് ‘ബോധവത്കരണം’ നടത്തിയാണ് ഓരോ കുട്ടിയേയും അവര്‍ ആയുധ പരിശീലനത്തിനായി ചേര്‍ക്കുന്നത്. കേള്‍ക്കുമ്പോള്‍ വളരെ നിസ്സാരമെന്ന് തോന്നുന്ന ഒന്നാണ് ഈ ‘ബോധവത്കരണം’. പക്ഷെ മതത്തിന്റെ പേരില്‍ നടക്കുന്ന ഇത്തരം സ്വാധീനങ്ങള്‍ എത്രത്തോളം ഭീകരമെന്നും ആഴത്തില്‍ ഉള്ളതെന്നും ഈയിടെ ഉണ്ടായ റജീന എന്ന സ്ത്രീ മദ്രസ്സ അനുഭവങ്ങളെ കുറിച്ച് നടത്തിയ തുറന്നുപറച്ചിലുകളെ സ്വമതത്തില്‍ പെട്ട ‘സഹോദരര്‍’ നേരിട്ടതെങ്ങനെ എന്ന് പരിശോധിച്ചാല്‍ മതിയാകും. 

അഖണ്ഡ ഹിന്ദുസ്ഥാന്‍ മോര്‍ച്ചയുടെയും മറ്റു വലതു വര്‍ഗീയ സംഘടനകളുടെയും അജണ്ട അറിയാവുന്നതിനാല്‍ നാം അവരില്‍ നിന്നും ഇതില്‍ കൂടുതല്‍ ‘സഹിഷ്ണുത’ ഒന്നും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ ആ യൂട്യുബ് ലിങ്കിനു കീഴെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്ന സാധാരണക്കാര്‍ എന്ന് നാം വിളിക്കുന്ന പൊതുജനം ഉണ്ടല്ലോ അവരെയാണ് നാം പേടിക്കേണ്ടത്. ഞങ്ങള്‍ ഹിന്ദുക്കള്‍ ആയുധ പരിശീലനം നടത്തിയാല്‍ നിങ്ങള്‍ക്കെന്താ? വര്‍ഗീയ ശക്തികള്‍ക്കെതിരെ ഹിന്ദുക്കള്‍ ആയുധമെടുക്കണം തുടങ്ങിയ വാദങ്ങള്‍ ആണ് അവിടെ നിരത്തുന്നത്. ശരിയല്ലേ, എന്താ കുഴപ്പം? നാളെ എനിക്ക് അല്ലെങ്കില്‍ ഞാന്‍ എന്ന വ്യക്തിക്ക് നിങ്ങള്‍ എന്ന വ്യക്തിയെ കൊല്ലാനും ഇതേ ന്യായം പറയാം. നിങ്ങള്‍ ‘അന്യ’മതസ്ഥന്‍. കൊല്ലപ്പെടെണ്ടവന്‍. കാരണം നിങ്ങളുടെ മതം ഞങ്ങളുടെ മതക്കാരെ കൊല്ലുന്നു! എത്ര ലളിതമായ ഒരു സമവാക്യമാണിത്? 

എന്റെ ഒരനുഭവം കൂടി. ഞങ്ങളുടെ നാട്ടിലെ അമ്പലത്തില്‍ ഉത്സവത്തോടനുബന്ധിച്ച് ആര്‍ എസ് എസ് പ്രാസംഗിക ശശികല പ്രഭാഷണം നടത്തിയിരുന്നു. പിറ്റേന്ന് രാവിലെ അഭ്യസ്തവിദ്യരായ (ഒരാള്‍ എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയായി വിരമിച്ച വ്യക്തിയും, മറ്റൊരാള്‍ ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്ന ഗവ: ഉദ്യോഗസ്ഥനും) രണ്ടുപേര്‍ പറയുന്ന സംഭാഷണം ആണ് ഞാന്‍ കേട്ടത്. ഒന്നാമന്‍: ഇന്നലെ ശശികല പറയുന്നത് കേട്ടില്യേ, നമ്മള്‍ ഹിന്ദുക്കള്‍ ഒക്കെ ഒരുമിച്ചു നില്‍ക്കണംന്ന്!

രണ്ടാമന്‍: അതേ, ഏടത്തി, വേണം മറ്റെല്ലാ മേത്തന്മാര്‍ക്കും (അഹിന്ദു) ഒരുമയുണ്ട്. നമുക്ക് അതില്ല. ഇനി ഇങ്ങനെ പറ്റില്ല. നമ്മുക്കും ഒരു സംഘടന്യൊക്കെ തുടങ്ങണം. 

ഇത് ഒരു ശരാശരി ഹിന്ദു കുടുംബത്തിലെ ചിന്താഗതിയായി മാറി കഴിഞ്ഞു. ഓരോ സാധാരണ മനുഷ്യന്റെയും മനസ്സില്‍, ആഹാ അവര്‍ക്കാകാമെങ്കില്‍ നമുക്കും ആയിക്കൂടെ എന്ന ചിന്ത ആദ്യമേ ഉണ്ട്. അടുത്ത വീട്ടിലെ കുട്ടി അഞ്ചു കിലോമീറ്റര്‍ ദൂരെയുള്ള സ്‌കൂളില്‍ പോകുമ്പോള്‍ എന്റെ മകള്‍ പത്തുകിലോമീറ്റര്‍ ദൂരത്തുള്ള സ്‌കൂളില്‍, അതിനെ വിമര്‍ശിച്ചാല്‍, അവര്‍ ചെയ്യുന്നുണ്ടല്ലോ അപ്പോ നമുക്കുമാകാം എന്ന നിലപാട് കാണാം. ഒരു വീട് വയ്ക്കുമ്പോള്‍, സ്വര്‍ണം അണിയുമ്പോള്‍, എന്തിന് ട്രാഫിക് സിഗ്‌നല്‍ തെറ്റിക്കുമ്പോള്‍ പോലും, അവര്‍ ചെയ്യുന്നുണ്ടല്ലോ എന്നതാണ് ന്യായം. ഇതേ ലളിത സമവാക്യമാണ് മതഭീകരതയിലും. 

കണ്ണൂര്‍ നിവാസിയായ എന്റെ സുഹൃത്ത് ഈയിടെ അവളുടെ ഗ്രാമത്തില്‍ നിന്ന് മടങ്ങി വന്നു പറഞ്ഞതിങ്ങനെ: ‘ എന്താണെന്നറിയാത്ത ഒരു ഭീതി മുസ്ലീങ്ങള്‍ക്കിടയില്‍ പടര്‍ന്നിട്ടുണ്ട്. കമ്മ്യുണിസ്റ്റ് കുടുംബത്തില്‍ നിന്നുള്ള വയസ്സായവര്‍ വരെ പറയുന്നുണ്ട് നമ്മുടെ നിലനില്‍പ്പും ജീവനും ഭീഷണിയിലാണ് എന്ന്. ആദ്യമൊക്കെ ഒരു അടിപിടി നടന്നാല്‍ അത് സിപിഎം- ബിജിപി സംഘര്‍ഷം ആയിരുന്നു. ഇപ്പോള്‍ അത് ഹിന്ദുവും മുസ്ലീമും എന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. ഏതു നിമിഷവും കേരളത്തില്‍ ഒരു വര്‍ഗീയ കലാപം ഉണ്ടായേക്കാം. ഒരു തീപ്പൊരി മതി അത് ആളിപ്പടരാന്‍’

ഇതേ രൂപത്തില്‍ ഇതേ തീവ്രതയില്‍ തന്നെ ആയുധ പരിശീലനം നടത്തുന്ന; ഇസ്ലാമിന്റെ നാമത്തില്‍ കൊല്ലാം എന്ന് ആഹ്വാനം ചെയ്യുന്ന സംഘടനകളും നിലനില്‍ക്കുന്നുണ്ട് എന്ന് വിസ്മരിച്ചു കൊണ്ടല്ല വലതുപക്ഷ ഭീകരതെയെ കുറിച്ചു പറയുന്നത്.

ഇത്തരം ഭീകരത ഹൈന്ദവ മുസ്ലീം അന്യരൂപമുള്ള മറ്റെന്തു ഭീകരതയും ആകട്ടെ അത് ഒടുവില്‍ കത്തി വയ്ക്കുന്നത് സാധാരണക്കാരന്റെ കഴുത്തില്‍ തന്നെ ആണ്. ഒരാള്‍ എത്ര വേഗമാണ് മറ്റൊരാളെ മതം കൊണ്ട് അടയാളപ്പെടുത്തുന്നത് എന്ന് കാണിക്കുന്ന രാജ്കുമാര്‍ യാദവിന്റെ ബോംബെ മിറര്‍ എന്ന ഡോക്യുമെന്‍ററി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയിരുന്നു. താടി വടിക്കാന്‍ മുന്നിലിരിക്കുന്ന സ്വന്തം കളികൂട്ടുകാരനെ, കടയുടെ പുറത്തു നടന്ന ഹിന്ദു മുസ്ലീം ലഹളയെ തുടന്നു പ്രതികാരം എന്ന നിലയില്‍ രണ്ടു സെക്കന്‍ഡ് കൊണ്ട് തീരുമാനം എടുത്തു, താടി വടിച്ച അതേ കത്തി കൊണ്ട് കഴുറത്തു കൊല്ലുന്ന ഒരു സംഭവം ആണ് അതില്‍ കാണിച്ചിരിക്കുന്നത്. നേരത്തെ പറഞ്ഞപോലെ, തോളില്‍ കയ്യിട്ടു നടന്നവന്‍/അവള്‍ ഹിന്ദുവും മുസ്ലീമും ആയി തിരിച്ചറിയുന്ന അവസ്ഥയെക്കാള്‍ ഭീകരമായ ഒന്നും ഒരു രാജ്യത്ത് നടക്കാന്‍ പോകുന്നില്ല. 

നേരത്തെ സൂചിപ്പിച്ച ആയുധ പരിശീലന വീഡിയോയില്‍ അവര്‍ പറയുന്നുണ്ട്; ഞങ്ങള്‍ക്ക് വാട്‌സാപ്പിലും ഫേസ് ബുക്കിലും ആയി നൂറിലധികം ഗ്രൂപ്പുകള്‍ ഉണ്ട്. അതായത് ഒരു സന്ദേശം ലക്ഷകണക്കിന് ആളുകളില്‍ എത്തിക്കാന്‍ സെക്കന്‍ഡുകള്‍ പോലും വേണ്ടത്രേ. ഇതില്‍ പറയുന്ന സംസ്ഥാനത്തിന് ഇത്തരത്തിലുള്ള സാങ്കേതിക ഇടപെടലുകളും, കൂട്ടായ്മാ പ്രവര്‍ത്തനങ്ങളും ഹിന്ദുവിന്റെ മാനം രക്ഷിക്കാന്‍ വേണ്ടിയാണോ എന്ന ചോദ്യത്തിന് പ്രസക്തി ഏറെയുണ്ട്. കാരണം ആരോഗ്യ സൂചികയുടെ കാര്യത്തില്‍ ഏറെ ദരിദ്രമായ നിലവാരം സൂക്ഷിക്കുന്ന ഒരു പ്രദേശമാണിത്. പ്രസവത്തില്‍ മരിക്കുന്ന കുട്ടികളുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുന്ന പ്രസവത്തിലും അതിനെ തുടര്‍ന്നും മരിക്കുന്ന അമ്മമാരുടെ എണ്ണം ഏറ്റവും കൂടുതല്‍ ഉള്ള ലിംഗാനുപാതം വെറും 842 (1000 ആണ്‍ കുഞ്ഞുങ്ങള്‍ക്കു 842 പെണ്‍കുഞ്ഞുങ്ങള്‍) മാത്രം ഉള്ള ഒരു സ്ഥലത്താണ് ഇനിയും വരാന്‍ ഇരിക്കുന്ന ‘ആക്രമണത്തെ’ ദീര്‍ഘവീക്ഷണത്തോടെ നേരിടാന്‍ തയ്യാറാകുന്നത്. ഒരു നേരത്തെ പോഷകാഹാരത്തിനുപോലും ഗതിയില്ലാത്ത, വിദ്യാഭ്യാസതിനുള്ള അവസരം പോലും നിഷേധിക്കപ്പെടുന്ന ഒരു സ്ഥലത്ത് ഈ കൂട്ടായ്മയും ആവേശവും അവരുടെ പ്രാഥമിക ആവിശ്യങ്ങള്‍ നിറവേറ്റാന്‍ കാണിച്ചിരുന്നെങ്കില്‍ എന്ന് ചിന്തിച്ചുപോകുന്നു. 

എന്റെ എട്ടാംക്ലാസ് ബയോളജി ക്ലാസ്സില്‍ അദ്ധ്യാപിക പറഞ്ഞ ഒരു വാചകം ഇപ്പോഴും കാതില്‍ മുഴങ്ങുന്നു; ‘നിങ്ങള്‍ റോഡരികില്‍ ചോരയൊലിപ്പിച്ചു കിടക്കുമ്പോള്‍, ആശുപത്രിയില്‍ രക്തത്തിനായി ഓടി നടക്കുമ്പോള്‍, സഹായിക്കുന്നത് ഹിന്ദുവോ ക്രിസ്ത്യനോ മുസ്ലീമോ പഴ്‌സിയോ ജൈനനോ ബുദ്ധിസ്റ്റോ എന്ന വേര്‍തിരിവില്‍ അല്ല. ജീവന്റെ പ്രാഥമിക ഘടകമായ കോശങ്ങള്‍ക്കും, രക്തത്തിനും, മജ്ജയ്ക്കും ഒന്നും ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ വ്യത്യാസം ഇല്ലെങ്കില്‍, മറ്റുള്ളതെല്ലാം മനുഷ്യന്‍ ഉണ്ടാക്കിയത് തന്നെ ആണ്.’

മനുഷ്യനെ മനുഷ്യന്‍ ആയി കാണുക, അവര്‍ പേറുന്ന പേരോ, കുലമോ ജാതിയോ നാടോ ആകരുത് അവരെ വിലയിരുത്താന്‍ പ്രയോഗിക്കേണ്ട മാനദണ്ഡങ്ങള്‍. മതങ്ങളും ദൈവങ്ങളും മനുഷ്യന് സമാധാനവും, അത്താണിയും ആണെന്ന് പറയുന്നതിനൊപ്പം; മതങ്ങള്‍ അന്യരോടുള്ള സ്പര്‍ദ്ധയും വിദ്വേഷവും വളര്‍ത്തുകയുമില്ല എന്ന് കൂടി പറയുക. മത നേതാക്കളുടെ വാക്കുകളോ അഭിപ്രായങ്ങളോ നമ്മുടെ അഭിപ്രായങ്ങള്‍ ആകാതിരിക്കട്ടെ; നിങ്ങള്‍ക്ക് ഒരാപത്തു വരുമ്പോള്‍ നിലനില്‍ക്കുന്നുണ്ടോ ഇല്ലയോ എന്നുറപ്പ് പോലും ഇല്ലാത്ത ദൈവത്തിനും; മരണ ശേഷം ലഭിക്കാന്‍ പോകുന്ന സ്വര്‍ഗത്തെ വാഗ്ദാനം ചെയ്യുന്ന മതത്തിനും അല്ല നിങ്ങളെ സഹായിക്കാന്‍ ആവുക; ഒരു പക്ഷെ അടുത്ത വീട്ടിലെ ‘അന്യമതസ്ഥനെന്നു’ നിങ്ങള്‍ മുദ്രകുത്തുന്ന ഒരു സഹജീവിക്കാകും തീര്‍ച്ച.

ഇതെഴുതുമ്പോഴാണ് നൗഷാദിനെ സംബന്ധിച്ച വെള്ളാപ്പള്ളിയുടെ നെറികെട്ട പ്രസ്താവനകള്‍ വരുന്നത് എന്നത് ഖേദപൂര്‍വം കുറിക്കട്ടെ…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

അനശ്വര കൊരട്ടിസ്വരൂപം

അനശ്വര കൊരട്ടിസ്വരൂപം

എഴുത്തുകാരി, ഇപ്പോള്‍ പുസ്തകപ്രസാധന രംഗത്ത് പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍