UPDATES

k c arun

കാഴ്ചപ്പാട്

k c arun

ന്യൂസ് അപ്ഡേറ്റ്സ്

ഡിസ്കവറി ചാനൽ ആയുധവില്‍പനയ്ക്ക് കുടപിടിക്കുമ്പോള്‍

k c arun

അടുത്ത കാലത്ത് ഡിസ്കവറി ചാനൽ തമിഴിൽ സംപ്രേക്ഷണം ആരംഭിച്ചു. ഡിസ്കവറി ആഗോളതലത്തിൽ എല്ലാ രാജ്യങ്ങളിലും, എല്ലാവരും പ്രശംസിക്കുന്ന വളരെ പ്രധാനപ്പെട്ട പ്രക്ഷേപണനിലയമാണല്ലോ.

മനുഷ്യന്റെ കാലടികൾ എത്തിച്ചേരാത്ത കാടുകളിലെല്ലാം നുഴഞ്ഞ് കയറി അപകടകാരികളായ മൃഗങ്ങളുടെ പ്രവർത്തികളും, പക്ഷികളുടെ ജീവിതവും, ആഴത്തിലുള്ള സമുദ്രാവസ്ഥകളിൽ ചെന്ന് വളരെ മനോഹരമായി ജലജീവികളുടെ ആവാസ ലോകവും അവര്‍ കാണിച്ചു തരാറുണ്ട്. കൂടാതെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികളുടെ ജീ‍വിതരീതികൾ നമുക്ക് വളരെ മനോഹരമായി പരിചയപ്പെടുത്താറുണ്ട് അവർ. (ഈ കാഴ്ചകൾ അതിനായി നിർമ്മിക്കപ്പെട്ട തങ്ങളുടെ സ്റ്റുഡിയോയിൽത്തന്നെ എടുക്കുന്നതാണെന്ന മാധ്യമ സുഹൃത്തുക്കളുടെ വിമർശനങ്ങൾ തൽക്കാലം മാറ്റി വയ്ക്കാം.)എന്നാൽ, ഈ അപൂർവ്വ ജീവികളുടെ അവകാശങ്ങളെപ്പറ്റി (Animal Rights) അവർ ഒരിക്കലും സംസാരിക്കാറില്ല. 

അടുത്തിടെ ഡിസ്കവറി ചാനൽ കാണിക്കുന്ന ‘ഭാവിയിലെ ആയുധങ്ങൾ’ എന്ന പരിപാടി കണ്ട് ഞാൻ അതിശയിച്ചു പോയി. ഭാവിയിലെ യുദ്ധങ്ങൾക്കായി ദീർഘദൃഷ്ടിയോടെ ആ പരിപാടി തുടർന്നു കൊണ്ടിരുന്നു. പരിപാടിയുടെ സാങ്കേതികസൂക്ഷ്മത ഗംഭീരമാണ്. ആളെക്കൊല്ലി ആയുധങ്ങളെ പരിചയപ്പെടുത്തുന്ന നായകന്റെ ആകർഷകമായ അവതരണം, വിശദമായ നിർമ്മാണരീതികൾ, തൊഴിൽ വൈദഗ്ധ്യമുള്ള ആളുകളുമായി തമിഴിൽ മൊഴിമാറ്റം ചെയ്ത സംഭാഷണങ്ങൾ, യഥാർഥമായ യുദ്ധങ്ങൾ എന്നിവയെല്ലാം നാം കാണുന്നു. സരസമായ ദൃശ്യങ്ങൾ ആ ആയുധങ്ങൾക്ക് മേൽ ഒരു തിരിച്ചറിയാനാകാത്ത ആകർഷണവും ഇഷ്ടവും കലർന്ന് കെട്ടിമലർന്ന് കൊണ്ടിരുന്നു.

ഈ പരിപാടിയുടെ എഡിറ്റർ, മാക് മേക്കോവിസ് അമേരിക്കൻ നാവികസേനയിൽ (United States Navy Sea, Air, and Land Forces) നിന്നും വിരമിച്ചയാളാണ്. അദ്ദേഹത്തിന്റെ വിവരണം കേൾക്കുക: 

“അടുത്ത ഘട്ടം ആരംഭിച്ചിരിക്കുന്നു, വളരെ അപകടകരമായ ആളെക്കൊല്ലി ആയുധങ്ങൾ നിങ്ങളെ ലക്ഷ്യമാക്കി വന്നുകൊണ്ടിരിക്കുന്നു…” 

“നാളെയുടെ ആയുധങ്ങൾ എത്ര കൌശലമുള്ളതും അപായകരമായതുമാണെന്ന് അറിയാമോ? ഇപ്പോൾത്തന്നെ 21-ആം നൂറ്റാണ്ടിന്റെ യുദ്ധക്കളങ്ങളിൽ മേൽക്കോയ്മ ചെലുത്തുമളവിൽ ദീർഘദൃഷ്ടിയുള്ള, സമകാലീനമായ, കൌശലമുള്ള, വലിയ അപായങ്ങളുള്ള വൈദഗ്ധ്യങ്ങൾ. ലക്ഷ്യം സ്വയം കണ്ടെത്താനുള്ള കഴിവുള്ള ആയുധങ്ങളുടെ പരിചയപ്പെടുത്തൽ ഇതാ….(Discovery.com/Future Weapons). 

ഇതെല്ലാം ആർക്കു വേണ്ടി? എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി. ‘നാളെയുടെ ആയുധങ്ങൾ’ ശത്രുക്കളുടെ ഭാവനകളേയും ഒളിയിടങ്ങളേയും ലക്ഷ്യങ്ങളേയും, തകർത്തെറിഞ്ഞ് ധൂളിയാക്കാൻ കഴിവുള്ളവയാണ്. യുദ്ധത്തിൽ ആർക്കും തോൽ‌പ്പിക്കാൻ പറ്റാത്തവ. അങ്ങിനെ എന്തൊക്കെ മഹത്വങ്ങളാണ് അവയ്ക്കുള്ളത്.

ഇവർ പറയുന്ന ‘ശത്രു’ എന്നയാൾ ആരാണ്? ഈ മഹത്തരമായ ആയുധത്തിനെ ആർക്ക് വേണമെങ്കിലും വാങ്ങാമെന്നിരിക്കേ ഇവർ പറയുന്ന ശത്രുക്കൾ എന്നത് ഈ ആയുധം ഇല്ലാത്തവർ എന്നാകുന്നു. അങ്ങിനെയാണെങ്കിൽ, ആയുധവിപണിയെ വിശാലമാക്കുകയാണ് ഡിസ്കവറി ചാനൽ. 

ആകാംക്ഷയോടെ ഇതിനെക്കുറിച്ചുള്ള വിഷയങ്ങൾ ഡിസ്കവറി ചാനലിലെ ‘നാളെയുടെ ആയുധങ്ങൾ’ എന്ന വെബ് പേജിൽ ഞാൻ തിരയാൻ തുടങ്ങി. അവിടെ ഒരു വലിയ ആയുധവിജ്ഞാനത്തിലേയ്ക്കുള്ള തുരങ്കമുണ്ടായിരുന്നു. 

http://dsc.discovery.com/tv/future-weapons/weapons/zone2/ എന്ന താളിൽ ‘നാളെയുടെ ആയുധങ്ങളെ’പ്പറ്റിയുള്ള വിവരങ്ങൾ വിദഗ്ധമായി, തങ്ങളുടെ പ്രത്യേക സോഫ്റ്റ്വേറിന്റെ സഹായത്തോടെ, വിശദമായി കാണിക്കുന്നുണ്ട്. എക്സ് റേ പോലുള്ള നിരീക്ഷണ രശ്മികൾ ഉപയോഗിച്ച് ആയുധങ്ങളുടെ ഉള്ളിലുള്ള കമ്പ്യൂട്ടർ സാങ്കേതികതയേയും ഗരിമയേയും നിരത്തുന്നു. അതിന്റെ അളവുകൾ, ഉയരം, ഭാരം എന്നിങ്ങനെയുള്ള വിശദാംശങ്ങളും, പലതരം രൂപപരിണാമങ്ങളും വിശദീകരിക്കുന്നു. 

ആയുധം ഉപയോഗിക്കുന്നതിനെപ്പറ്റിയുള്ള പാഠങ്ങൾ, മിന്നിമറയുന്ന (dissolve) ദൃശ്യങ്ങൾ വഴി, നമ്മൾ മുഴുവനായും പഠിച്ച് കഴിഞ്ഞ്, ഒരു ഒന്നാന്തരം ആയുധധാരിയായി മാറിയത് പോലെ തൃപ്തി മനസ്സിൽ നിറയുന്നു. ഇന്റർനെറ്റിൽ എന്തോ നടക്കട്ടെ; എന്നാൽ വളരെയെളുപ്പത്തിൽ ലഭ്യമാകുന്ന ടെലിവിഷനിൽ നടക്കുന്നതാണ് ആക്ഷേപമുണ്ടാക്കുന്നത്.

വീണ്ടും ആ കാര്യങ്ങളെ മനസ്സിലാക്കണമെന്ന് ആഗ്രഹം എനിക്കുണ്ടായി. അത് മാത്രമല്ലാതെ, ഓരോരുത്തരുടേയും ചെറുപ്രായത്തിൽത്തന്നെ തോക്കിനെപ്പറ്റിയുള്ള അപരിമിതമായ ആഗ്രഹങ്ങൾ നിർമ്മിക്കപ്പെടുന്നില്ലേ? അതിന്റെ വിശദമായ സാങ്കേതികതകൾ കണ്മുന്നിൽ ലഭിക്കുമെന്നുള്ളപ്പോൾ….ഓരോ ആഴ്ചയും അതിനായി കാത്തിരുന്ന് ആവേശത്തോടെ ഡിസ്കവറി ചാനലിൽ ഈ പരിപാടി കാണാൻ തുടങ്ങി.

സാധാരണ ജനങ്ങളുടെ ആഗ്രഹത്തിനേയും, അതുപോലെ യുദ്ധം/കലാപം എന്നിവയെക്കുറിച്ച് പ്രധാനപ്പെട്ട അറിവും ആഗ്രഹവും ഉള്ളവരെ പെട്ടെന്ന് ആകർഷിക്കുന്നതുമായ രീതിയിലാണ് ഈ പരിപാടി മെനഞ്ഞിരിക്കുന്നു. ആ തൊഴിൽ വൈദഗ്ധ്യത്തിന്റെ ഉപയോഗങ്ങളും, പ്രയോജനങ്ങളും വിവരിച്ച് ഇപ്പോഴുള്ള ആയുധങ്ങൾക്കും/യുദ്ധസാമഗ്രികൾക്കും ഭാവിയിലുണ്ടാകാവുന്ന ആയുധങ്ങൾക്കും തമ്മിലുള്ള വ്യത്യാസങ്ങളേയും വ്യക്തമായി എടുത്തു കാണിക്കുന്നുണ്ട് അവർ.

“ആധുനികകാലത്തിലെ യുദ്ധം എന്നത് നിങ്ങളുടെ പ്രദേശത്ത് ഒരാളുമറിയാതെ നുഴഞ്ഞ് കയറുന്നതാണ്. ആർക്കും തോൽ‌പ്പിക്കാൻ കഴിയാത്തവരാകാൻ നിങ്ങൾ ആർക്കും കാണാൻ പറ്റാത്തവരാകണം. Predator എന്ന ഈ നിശ്ശബ്ദമായി, വായുമാർഗം വരുന്ന കൊലയാളി ആകാശങ്ങളെ തന്റേതാക്കിക്കഴിഞ്ഞിരിക്കും.

ഏകദേശം രണ്ട് മൈലുകൾക്കപ്പുറത്ത് നിന്ന് – സ്നൈപ്പറിനെ തോൽ‌പ്പിക്കുന്ന കഴിവുകളുള്ള Barrett M107 കൈകാര്യം ചെയ്യുമ്പോൾ എന്താണ് നടക്കുകയെന്ന് ഊഹിച്ചോളൂ.

Multiple Rocket Launch System എന്നത് ലക്ഷ്യം നോക്കി ശരവർഷം പോലെ പല മിസ്സൈലുകളെ ഒരേ സമയത്ത് ഉഗ്രതയോടും, വേഗത്തോടും അയച്ച് ഒന്നും ബാക്കിയില്ലാത്ത വിധം നാശത്തിന് ശേഷിയുള്ളതാണ്. മുമ്പ് ഒരു സേന നിന്നിരുന്നയിടത്ത് ഇപ്പോൾ ചാമ്പൽ കൂന മാത്രമേ ബാക്കിയുണ്ടാകൂ.

ഒരു മുൻ നാവികസേനാ മേധാവി എന്ന നിലയിൽ, മൈക്ക് മേക്കോവിസിന് കൌശലം നിറഞ്ഞ തൊഴിൽ വൈദഗ്ധ്യത്തിന്റെ ഇരുണ്ട, രഹസ്യലോകത്തിനെപ്പറ്റി എല്ലാ വിവരങ്ങളും അറിയാം. ഇനി വരാൻ പോകുന്ന യുദ്ധങ്ങളിൽ സേനയെ ഉപയോഗിക്കാനുള്ള ആയുധങ്ങൾ അദ്ദേഹം പരിചയപ്പെടുത്തുന്നു. മുമ്പൊരിക്കലും ഇല്ലാത്തയളവിൽ നാശം നിറഞ്ഞ ഈ ആയുധങ്ങൾ കണ്ണു ചിമ്മുന്ന നേരത്തിൽ ഒരു നഗരം മുഴുവനും ഇല്ലാതാക്കാൻ പറ്റിയവയാണ്. EMP Bomb എന്ന പുതിയ തരം ആളെക്കൊല്ലി ആണവായുധം കണ്ണിന് നേരിടാൻ കഴിയാത്ത വൈദ്യുതകാന്തികരശ്മികൾ (electromagnetic pulse) കൊണ്ട് ഒരു നഗരത്തിനെ ഇല്ലാതാക്കി നാഗരികതയെ വീണ്ടും ഇരുണ്ട കാലത്തിലേയ്ക്ക് തള്ളും. (Discovery.com/Future Weapons) 

വ്യക്തികളെ ഏത് ആയുധവും ഉപയോഗിക്കാൻ അനുവദിക്കുന്നത്, അങ്ങിനെ അനുവദിക്കുന്നെങ്കിൽ എങ്ങിനെ, ഏത് അവസരത്തിൽ അവ ഉപയോഗിക്കണം എന്നതിനെപ്പറ്റി പല സംവാദങ്ങൾ ആഗോള നിയമവ്യവസ്ഥകളിലും ക്രിമിനൽ ചട്ടങ്ങളിലും തുടരുന്നുണ്ട്.

തോക്കുകൾ പോലെയുള്ള മനുഷ്യജീവന് ആപത്തായ ആയുധങ്ങളെപ്പറ്റിയും, അതിന്റെ നിബന്ധനകൾ, അവ ഉപയോഗിക്കാനുള്ള നിയമങ്ങളെക്കുറിച്ചും ഇന്റർനെറ്റിൽ ധാരാളം ലേഖനങ്ങൾ കുന്നുകൂടിക്കിടക്കുന്നുണ്ട്. തോക്ക് ഉള്ളവർക്കും തോക്കില്ലാത്തവർക്കും ഇടയിലുള്ള ജീവിതസമസ്യകളെ ആഗോളതലത്തിൽ ധാരാളം ഗവേഷകർ പരിശോധിച്ചിട്ടുണ്ട്. അമേരിക്കയിലെ Martin Killias, J.Vankestern, M.Rindlisbacher എന്നീ മൂന്ന് ഗവേഷകരും 21 രാജ്യങ്ങളിൽ യാത്ര ചെയ്ത്, വിവരങ്ങൾ ശേഖരിച്ച് ഒരു നീണ്ട പ്രബന്ധം പുറത്തിറക്കിയിട്ടുണ്ട്. (Guns, Violence, Crime and Suicide in 21 Countries, Canadian Journal of Criminology,October 2001.) തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങൾ, കൊലകൾ, ആത്മഹത്യകൾ എന്നിവയെല്ലാം തോക്ക് കൈവശമുള്ളവർക്കാണ് തോന്നുന്നതെന്ന് കണ്ടെത്തിയിരിക്കുന്നു ഈ പ്രബന്ധത്തിൽ.

ആധിപത്യം വഴി ഓരോ രാജ്യവും തങ്ങളുടെ ഭൂമിയെ സംരക്ഷിക്കാനും, അഭ്യന്തര രാഷ്ട്രീയം, അഭ്യന്തര പ്രതിഷേധങ്ങൾ, പുരോഗമന കാര്യങ്ങളിൽ നിന്നും തങ്ങളുടെ രാഷ്ട്രീയാധികാരത്തിനെ സംരക്ഷിക്കുന്നതിനും ആയുധങ്ങളെ ഉപയോഗിക്കുന്നു.  നിയന്ത്രണങ്ങളും ഇല്ലാതില്ല. ആഗോള ആയുധ നിബന്ധനകൾ മറികടക്കുന്ന രാജ്യങ്ങളോടും യുദ്ധത്തിൽ തോൽക്കുന്ന രാജ്യങ്ങളോടും ഇനിയും പലതരം ആയുധ നിയമ അവകാശങ്ങളെ മുന്നിൽ നിർത്തി ആഗോള ആയുധ നിരോധനം വിധിക്കപ്പെട്ടിരിക്കുന്നു. എന്നാൽ, ആ നിരോധനങ്ങളും ഉപരോധങ്ങളും ഫലിക്കില്ലെന്നും, തങ്ങളുടെ അധികാരത്തിനനുസരിച്ചേ തങ്ങളുടെ കാര്യങ്ങൾ നീങ്ങൂയെന്ന് നിരോധനം ലഭിച്ച രാജ്യങ്ങൾ യാതൊരു കൂസലുമില്ലാതെ അറിയിക്കുന്നു.

തോക്ക് പോലുള്ള ആയുധങ്ങൾ കൈവശം വയ്ക്കുന്നത് സിവിൽ അവകാശമെന്ന് കരുതുന്ന സിവിൽ അവകാശ സംഘടനകൾ അമേരിക്കയിൽ ധാരാളമുണ്ട്. എന്നാൽ NAACP(National Association for the Advancement of Colored People) എന്ന സംഘടന, ശക്തമായി ആ നിയമങ്ങളെ എതിർക്കുന്നു. ആ സംഘടന 2003ൽ തോക്ക് നിർമ്മാതാക്കൾക്കെതിരായി കേസ് കൊടുത്തിരുന്നു.

‘ഈ നിർമ്മാതാക്കൾ ഉത്തരവാദിത്തമില്ലാതെ കൈത്തോക്കുകളെ വിൽ‌പ്പനയ്ക്ക് വയ്ക്കുന്നത് കാരണം, പൊതുസമാധാനത്തിന് ഭംഗം ഉണ്ടാക്കുന്നെന്നും, കറുത്ത വർഗക്കാർ താമസിക്കുന്ന സ്ഥലങ്ങളിൽ അക്രമണങ്ങൾ ഉണ്ടാക്കുന്നതിനായുള്ള ഉദ്ദേശ്യത്തോടെ വിൽ‌പ്പന നടത്തുന്നെന്നുമാണ് കേസ്. അത് മാത്രമല്ലാതെ, ശനിയാഴ്ചകളിൽ, ‘അസാധാരണ തോക്കുകൾ’ എന്ന പേരിൽ ആകർഷകമായ പരസ്യങ്ങളും സമ്മാനങ്ങളും ഉൾപ്പെട്ട ഒരു അമൂല്യവസ്തുവിനെപ്പോലെ വിൽക്കാനുള്ള ശ്രമം വളരെ മോശമായതും നിഷ്കൃഷ്ടമായതുമാണെന്ന് പറയുന്നു NAACP യുടെ അപ്പോഴത്തെ തലവൻ Kweisi Mfume. 

ബുദ്ധമതനേതാവ് ദലൈ ലാ‍മപോലും ‘ഒരാൾ കൈയ്യിൽ തോക്കുമായി നിന്നെ കൊല്ലാൻ വരുകയാണെങ്കില്‍ നിന്റെ തോക്ക് കൊണ്ട് നീ തിരിച്ച് വെടി വയ്ക്കുന്നത് ന്യായയുക്തമാണ്…’ എന്ന് പറയുന്നു. (2001 മെയ് മാസത്തിൽ മൂന്ന് ദിവസത്തെ യാത്രയ്ക്കായി പോർട്ട്ലാന്റിൽ ചെന്നപ്പോൾ കോളേജ് വിദ്യാർഥികളോടൊപ്പം നടന്ന ചർച്ചയിൽ ഒരു വിദ്യാർഥിയുടെ ചോദ്യത്തിനുത്തരമായാണ് ഇങ്ങനെ പറഞ്ഞത്.  http://www.snopes.com/politics/guns/dalailama.asp)

‘നാളെയുടെ ആയുധങ്ങൾ’ എന്ന പരിപാടിയുടെ അവതാരകനായ മെക്കോവിസ്, ‘ബുദ്ധമതത്തിലെ സെൻ തത്വപുരുഷനായി സ്വയം പരിചയപ്പെടുത്തുന്നു’ എന്നതും ഇതിന്റെ തുടർച്ചയായി വായിക്കാം.

ഈ പരിപാടി പ്രേക്ഷകരായ സാധാരണ ജനങ്ങൾക്ക് എങ്ങിനെ പ്രയോജനപ്പെടുമെന്ന് എനിക്ക് മനസ്സിലായില്ല. രാജ്യങ്ങൾ നിർമ്മിച്ച് ഭരിക്കുന്ന അധികാരികളും, യുദ്ധവീരന്മാരും, സേനാധിപതികളുമല്ലേ ഈ പരിപാടി കാണേണ്ടത്? ആയുധങ്ങളെപ്പറ്റി ഒരു അറിവ് നൽകുന്ന ഉദ്ദേശ്യത്തോടെ ഇത് പ്രക്ഷേപണം ചെയ്യുന്നതായി പരിപാടിയുടെ നിർമ്മാതാക്കൾ ന്യായീകരിക്കുമായിരിക്കും. എന്നാൽ, യുദ്ധത്തിനുള്ള ആയുധങ്ങളെപ്പറ്റിയ അറിവുകൾക്ക് പകരം ഭാവിയെപ്പറ്റിയുടെ ആശങ്കയും വിഷമങ്ങളും ഒരോരുത്തരുടേയും നാഡീഞരമ്പുകളിൽ നിറയ്ക്കുകയാണ് ഈ പരിപാടി ചെയ്യുന്നത്.

ഇതിൽ ഒരു ആയുധം ഉണ്ടാക്കിയ ഒരു പെണ്ണ് തന്നെപ്പറ്റി പറയുമ്പോൾ ‘ഞാൻ ഒരു വിയറ്റ്നാം അഗതിയാണെന്നും, യുദ്ധത്തിന്റെ പല അവസ്ഥകളും അനുഭവിച്ചിട്ടാണ് അതിൽ നിന്നും രക്ഷപ്പെട്ട് വന്നതെന്നും’ പറയുന്നു. അതിനുശേഷം തന്റെ ജീവിതലക്ഷ്യമായിട്ടാണ് ഈ ആയുധങ്ങൾക്ക് രൂപം കൊടുക്കുന്നതെന്നും, ഇപ്പോഴാണ് തന്റെ ജീവിതം ഒരു പൂർണതയടഞ്ഞതെന്നും അഭിമാനത്തോടെ അവർ പറയുന്നു.

യുദ്ധത്തിന്റെ ഓർമ്മകളിൽ നിന്നും കരകയറിയവർ സമാധാനം കാംക്ഷിച്ചും സമാധാനം ലക്ഷ്യമാക്കിയും പോകുന്നതായാണ് ലോക കലാസാഹിത്യങ്ങളും, ജീവിതചരിത്രങ്ങളും പറയുന്നത്. എന്നാൽ, അവരുടെ വെളിപ്പെടുത്തൽ അതിന് വിരുദ്ധമാണ്. സായുധയുദ്ധത്തിന്റെ ചക്രങ്ങളിൽ നിന്നും രക്ഷപ്പെട്ടവരുടെ ശബ്ദമല്ല അവരുടേത്, അത് ആയുധകച്ചവടക്കാരുടെ പ്രതിനിധിയുടെ ശബ്ദമായി തോന്നുന്നു.

ഹിരോഷിമയിലെ ആണവായുധപ്രയോഗത്തിൽ കുടുങ്ങി ജീവൻ തിരിച്ച് കിട്ടിയ യാമകുച്ചി, ആണവായുധത്തിന്റെ അപകടകരമായ രാഷ്ടീയത്തിന്റെ കടുത്ത എതിരാളിയായി മരണം വരെ പ്രവർത്തിച്ചെന്നത് ലോകം മുഴുവൻ അറിയുന്നതാണ്. തന്റെ ഒരു അഭിമുഖത്തിൽ. “…എന്നാൽ ലോകം പാഠം പഠിച്ചില്ലെന്നാണ് തോന്നുന്നത്. 1945 മുതൽ ഇരുപത് നിമിഷങ്ങളിൽ ഒന്നെന്ന രീതിയിൽ ഹിരോഷിമയിൽ തുടർച്ചയായി ബോംബുകൾ വർഷിച്ചിരുന്നെങ്കിൽ, എത്ര ബോംബുകൾ എറിയുന്നുവോ അത്രയും ബോംബുകൾ ഇന്ന് ലോകത്തുണ്ട് എന്നാണെങ്കിൽ അതിന്റെ അർഥം എന്താണ്? ആണവശാലകൾ, റേഡിയേഷൻ ഫാക്ടറികൾ എന്നിങ്ങനെ ഇവർ മനുഷ്യവിനാശകരമായ ശാസ്ത്രത്തിന്റെ, സർക്കാരുകളുടെ അനുമതിയോടെ പരീക്ഷണങ്ങൾ നടത്തുന്നു. സമാധാനത്തിനുള്ള ശാസ്ത്രം നാം മുന്നോട്ട് വയ്ക്കണം. രണ്ട് പ്രാവശ്യം അണുബോംബിനെ കണ്ടുമുട്ടിയവനാണ് ഞാൻ. മൂന്നാമതെന്നൊന്ന് ഉണ്ടാകാൻ പാടില്ല എന്നാണ് എന്റെ പ്രാർഥന…” എന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് ലോകം മുഴുവനും ചെറിയ സംഘങ്ങളായി മാനുഷികമൂല്യങ്ങൾക്കായി പോരാടുന്ന മനുഷ്യാവകാശ പ്രവർത്തകരെ, മാനസികമായി അടുത്ത ഘട്ടം ലക്ഷ്യമാക്കി വഴിതിരിച്ച് വിടാനുള്ള തന്ത്രമാണിത്. വലിയ വലിയ രാജ്യങ്ങൾ മാത്രം യുദ്ധം ചെയ്യുന്ന അവസ്ഥ ആയുധ വിൽ‌പ്പനയെ മന്ദിപ്പിക്കുന്നു. പോരാത്തതിന് UN, ആംനസ്റ്റി ഇന്റർനാഷണൽ, യുദ്ധത്തിന് എതിരായ മനുഷ്യാവകാശ സംഘടനകൾ, ന്യൂറംബർഗ് വിചാരണകൾ, ജനീവ കോൻ ഫറൻസ് മോഡൽ നിയമങ്ങൾ, ഇന്റർ നാഷണൽ ക്രിമിനൽ കോടതി ലൊട്ടുലൊടുക്ക് എന്നിങ്ങനെ ധാരാളം തടസങ്ങളുണ്ട്. ഇവരെ വിശ്വസിച്ചിട്ട് കാര്യമില്ല. ആയുധവിപണിയെ വിശാലമാക്കാൻ വേണ്ടി മൂന്നാം ലോകരാഷ്ട്രങ്ങളിൽ ചെറിയ സംഘങ്ങളെ ഉണ്ടാക്കേണ്ടതുണ്ട്.

ഈ പരിപാടിയിൽ പ്രത്യേകിച്ച് ‘വിയറ്റ്നാം അഗതി’ എന്ന ബിംബത്തിനെ അടിയൊഴുക്കായി ഉപയോഗിച്ചിരിക്കുന്നത് മനസ്സിലാക്കാവുന്നതാണ്. ഇതിന്റെ സൂക്ഷ്മ രാഷ്ട്രീയം വിശദമായി പരിശോധിക്കേണ്ടതുണ്ട്. അമേരിക്കയോടുള്ള എതിർപ്പ് എന്നത് ആഗോളപരമായ എതിർപ്പാണ്. അപ്പോൾ, ബാധിക്കപ്പെട്ട ഒരാളിൽ നിന്നും പൊട്ടിമുളച്ച ഊർജ്ജമാണ് ഈ ആയുധം എന്ന രൂപകത്തിനെ നിർമ്മിക്കുന്നത്.

അത് മാത്രമല്ലാതെ, ‘ഇറാഖ്, അഫ്ഗാനിസ്ഥാൻ പോലുള്ള രാജ്യങ്ങളിൽ തീവ്രവാദികൾ ഒളിഞ്ഞിരിക്കുന്ന ഇടങ്ങൾ കണ്ടെത്തി നശിപ്പിക്കുന്നത്’ എന്ന് പ്രവർത്തിച്ച് കാണിക്കുന്നു. ഇസ്ലാം മതക്കാരെ തീവ്രവാദികളായി ചിത്രീകരിക്കുന്ന ആ തന്ത്രത്തിൽ, വെറുതേ ഒരു ആയുധ കച്ചവടം മാത്രം ലക്ഷ്യമായി കരുതാതെ പതുങ്ങിക്കിടക്കുന്ന ഏകാധിപത്യത്തിന്റെ ക്രൂരമുഖം തല പൊക്കുന്നുണ്ട്.

ബെസ്റ്റ് ഓഫ് അഴിമുഖം 

ഉന്മാദവും ഉന്മാദകലയും
ആഗോള ‘കാര്‍ബണ്‍ ട്രേഡിങ്ങില്‍’ ആദിവാസികളുടെ മൂല്യമെത്ര?
അമേരിക്കന്‍ ദരിദ്രരുടെ ആഡംബര അടുക്കളകള്‍
ദാമ്പത്യത്തില്‍ രണ്ടുകട്ടില്‍ വേണ്ടതിനെക്കുറിച്ച്
കുറ്റം പറയാതെ കളിച്ചു നോക്കൂ!

ഇങ്ങനെ പലതരം കോണുകളിലൂടെ ഈ പരിപാടി കാണേണ്ടിയിരിക്കുന്നു. MOABഎന്ന ആയുധത്തിനെ പരിചയപ്പെടുത്തുന്ന രീതി നോക്കൂ: “അണുബോംബുകളുടെ മാതാവ് എന്ന് കരുതപ്പെടുന്ന MOAB ലോകത്തിലെ തന്നെ ഏറ്റവും വലിയതും 18,000 കിലോ ഭാരമുള്ളതുമാണ്. ഇത് നമ്മുടെയടുത്തുണ്ടെങ്കിൽ ശത്രുക്കൾക്ക് വളരെ വലിയ ക്ഷീണമായിരിക്കും. ഇറാഖ് യുദ്ധത്തിൽ ഇത് ഉപയോഗിക്കുന്നതിന് മുമ്പ്, പരീക്ഷിച്ച് നോക്കിയപ്പോഴേ ഇറാഖ് തകർന്നു പോയി. സദ്ദാം ഹുസൈൻ വീണു…”എന്ന് പറയുന്നത് അവതാരകന്റെ ശബ്ദമല്ല; കാലാകാലങ്ങളായി പേടിപ്പിച്ച് മീൻ പിടിച്ചു കൊണ്ടിരിക്കുന്ന അമേരിക്കൻ ഏകാധിപത്യത്തിന്റെ പ്രഖ്യാപനമാണത്.

ഇത് ഓരോ ആഴ്ചയും കാണിക്കുന്ന തുടർ പരിപാടിയാണ്. ഒരോ ലക്കവും വേറെ വേറെ തരത്തിലുള്ള ആയുധ ഉപകരണങ്ങളെപ്പറ്റി പല കോണുകളിൽ വിശദമായി എടുത്ത് കാണിക്കുന്നു. പരിപാടിയുടെ ലക്കങ്ങൾ സ്വയം രക്ഷയ്ക്കും അക്രമം കലർന്ന സാങ്കേതികവൈദഗ്ധ്യത്തിനും പ്രത്യേകം പരിഗണന കൊടുക്കുന്നുണ്ട്. ആ ആയുധങ്ങളുടെ ഗുണത്തിനെക്കുറിച്ച് വിവരിക്കുമ്പോൾ, ഒരു മികച്ച കവിയുടെ കവിത്വം നിറഞ്ഞ വാക്കുകളോടെ വിരിയുന്ന കാഴ്ചകളാണ് വരുന്നത്. വൈകാരികതയും, ഉള്ളുണർവ്വും തുളുമ്പുന്ന ഭാഷയിൽ, പ്രേക്ഷകരുടെ മനസ്സിൽ കൊള്ളുന്ന വിധമാണ് അവതരണം.

“അഗ്നിബാധ, സമ്മർദ്ദം, ശ്വാസം മുട്ടൽ എന്നിവയുടെ സങ്കലനമായ Thermobaric എന്ന ആളെക്കൊല്ലി ആയുധം, ഗുഹകളുടെ ആഴങ്ങളിലെത്തി എല്ല് ചാരമാക്കുന്ന തരം തീയുണ്ടാക്കി അവിടെയുള്ള എല്ലാം നാശമായി, കത്തിക്കരിഞ്ഞ് നാമാവശേഷമായിരിക്കുന്ന കാഴ്ച…”
“അത്ഭുതം!”
“ഒന്നാന്തരം”
“അപാരം”
“ഇരയെ പിന്തുടരുന്ന ഒരു വേട്ടമൃഗത്തിന്റെ കുതിപ്പ് പോലെ”
“ഈ നൂറ്റാണ്ടിന്റെ ഉറ്റതോഴൻ”

ഇതുപോലെ വശീകരീക്കുന്ന ഭാഷയിൽ സാഹസത്തോടെ ‘നാളെയുടെ ആയുധങ്ങൾ’ കണ്ണിറുക്കുന്നു.

യുദ്ധമില്ലാത്ത സമൂഹത്തിനെ നിർമ്മിക്കണം; ഭാവി തലമുറയെ ആയുധമില്ലാത്ത ഒരു സമാധാനസേനയായി വളർത്തണം എന്ന ആഗോള ജനതയുടെ സ്വപ്നങ്ങളെ ഇത് തവിടുപൊടിയാക്കുന്നു.

ഈ പരിപാടി ലോകമെങ്ങുമുള്ള മാധ്യമങ്ങൾ എങ്ങിനെ കാണുന്നെന്നറിയാൻ ഇന്റർനെറ്റിൽ പരതി നോക്കി. ഒരുമാതിരിപ്പെട്ട പ്രസിദ്ധീകരണങ്ങളും ഈ പരിപാടിയുടെ നിർമ്മാതാവിനെ സൂപ്പൻ മാനായി ചിത്രീകരിച്ചിരിക്കുന്നു. വേറെ ചില പ്രസിദ്ധീകരണങ്ങൾ ‘സെൻ എന്ന നവജീവിത ദർശനം നിറഞ്ഞ തത്വചിന്തയിൽ അദ്ദേഹത്തെ എത്തിച്ചിരിക്കുന്നു’ എന്നാണ് പറയുന്നത്.

മാക് സെൻ സന്യാസിയുടെ പൊതുവായ ബിംബത്തോട് ചേർന്ന് പോകുന്നില്ല. എന്നാൽ, ‘സെന്നിനെപ്പറ്റിയുള്ള പൊതുബിംബം തന്നെ തെറ്റാണെന്ന് പറയുന്നു മാക്. തന്റെ ആളുകളെ പകൽ കിനാവുകളിൽ നിന്നും തുരത്തുന്നതിനായി കൈയ്യിൽ എപ്പോഴും ഒരു വടി കൊണ്ടുനടക്കുന്ന സെൻ മതത്തിന്റെ ഏറ്റവും നല്ല സന്യാസിമാരിൽ ഒരാളായ റിൻസായുടെ കഥ അദ്ദേഹം പറയുന്നു’. പോലീസ് എന്ന മാസികയിലാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്.

Man Institute എന്ന ഒരു സ്ഥാപനം, ഇതിനെപ്പറ്റി എഴുതിയ അഭിപ്രായം: “മനുഷ്യർ എന്ന നിലയിൽ, എന്തെങ്കിലും അടിച്ച് പൊട്ടിക്കണമെന്ന ആവശ്യം നാം പലപ്പോഴും തിരിച്ചറിയാറുണ്ട്. വസ്തുക്കളെ വെട്ടിപ്പൊളിക്കൽ, പൊട്ടിച്ചിതറൽ, വസ്തുക്കൾക്ക് തീ കൊളുത്തുന്നത് പോലെ ഉള്ള പ്രവർത്തികളെല്ലാം ഹീറോയിസം ആണെന്ന് കരുതി ആണുങ്ങൾ കാലങ്ങളായി, തങ്ങളുടെ ജീവിതം മുഴുവൻ ചെയ്ത് വരുന്നതാണ്. ഉറുമ്പുകളെ ഒരു ഭൂതക്കണ്ണാടി കൊണ്ട് ചുട്ടെരിക്കുന്നത്, കളിപ്പാട്ടക്കാറും ചുറ്റികയും വച്ച് ‘കാറപകടം’ കളിക്കുന്നത്, കെട്ടിടം പൊളിക്കുന്ന ജോലിയിൽ, അല്ലെങ്കിൽ വൈമാനിക തൊഴിലിൽ ഏർപ്പെടിന്നത് എന്നിങ്ങനെ എല്ലാത്തിലും എല്ലാ മനുഷ്യരും സ്വാഭാവികമായ നശീകരണവാസനയുള്ളവരാണ്.

മാകിനെപ്പറ്റി വായിക്കുന്നത് തന്നെ നിങ്ങളെ പുളകം കൊള്ളിക്കും. ഓരോ മനുഷ്യനും മാകിന്‍റെ അത്ര ആണത്തമുള്ളയാളാണെങ്കിൽ ലോകം എത്രയോ ഉയരത്തിലെത്തിയിരിക്കും. റിച്ചാർഡ് മാക്കോവിസിനെപ്പോലെയുള്ള സൂപ്പർമാൻ ജീവിതത്തിന്/ലോകത്തിന് ആവശ്യമുള്ള സമതുലനം നൽകുന്നവരാണ്. അഭിനന്ദനങ്ങൾ മാക് ( Man Institute.com).

“ഡിസ്കവറി ചാനലിലെ ‘നാളെയുടെ ആയുധങ്ങൾ’ ഭാവിയിലെ സാങ്കേതിക വൈദഗ്ധ്യത്തിനെ എടുത്ത് കാണിക്കുന്നു” എന്ന് വിശദമായ ഒരു ലേഖനം Associatedcontent.com താളിൽ താരാ എം. ക്ലാപ്പർ എന്നയാൾ എഴുതിയിരിക്കുന്നു.

വേറെ ഏതെങ്കിലും മാധ്യമങ്ങൾ ഇതിനെപ്പറ്റി എതിർപ്പ് ഉയർത്തിയിട്ടുണ്ടോ എന്നറിയില്ല. ഞാൻ അന്വേഷിച്ചതിൽ ഒന്നും കിട്ടിയില്ല.

പുരോഗമന ചിന്താഗതിക്കാരും, മാധ്യമപ്രവർത്തകരും, യുദ്ധവിരോധികളും, സമാധാനപ്പോരാളികളും, മനുഷ്യാവകാശ സംഘടനക്കാരും, കലാസാഹിത്യവാദികളും ഈ ‘നാളെയുടെ ആയുധങ്ങൾ’ എന്ന പരിപാടിയിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന രാഷ്ട്രീയത്തിനെപ്പറ്റി ഒന്നും സംസാരിക്കാത്തതെന്താണ്? ഒരു പക്ഷേ എന്നെപ്പോലുള്ള സാധാരണ ഗ്രാമീണ കാട്ടുജാതിക്കാരന് ഈ പരിപാടിയിലുള്ള ‘അത്ഭുതങ്ങൾ’ മനസ്സിലാകാതെ പോയതായിരിക്കുമോ?

മൊഴിമാറ്റം: എസ് ജയേഷ്

k c arun

k c arun

മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍